പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

കേരളത്തിന് മഹത്തായ ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ല്‍ തന്നെ നമ്മുടെ നവോത്ഥാന നായകന്‍മാരുടെ ചിന്തകളില്‍ കേരളസമൂഹം അറിവ് ആര്‍ജ്ജിക്കേണ്ടതിന്‍റെ പ്രാധാന്യം നിറഞ്ഞുനിന്നിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ചതും ജാതി വിവേചനങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞു നിന്നതുമായ ഒരു പ്രദേശത്തെ ജനങ്ങളെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ കേവലം സാമുദായിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല എന്നവര്‍ മനസിലാക്കി. ശ്രീനാരായണഗുരു അറിവിന്‍റെ ആവശ്യകതയെക്കുറിച്ച് കാവ്യങ്ങളില്‍ തന്നെ എഴുതുകയും ശിവഗിരിയില്‍ പാഠശാല തുടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പിന്നോക്കാവസ്ഥയിലുള്ള ജനങ്ങള്‍ക്കായി വിദ്യാലയം ആരംഭിച്ചുകൊണ്ട് അയ്യങ്കാളി ഒരു വിപ്ലവത്തിന് തിരികൊളുത്തി. അങ്ങനെ എത്രയോ മുന്നേറ്റങ്ങള്‍.

സ്വാതിതിരുനാളിന്‍റെ കാലത്ത് ആരംഭിച്ച വിദ്യാലയം ഒരു പൊതുവിദ്യാലയമായിരുന്നു. ഈ രംഗത്തെ മിഷണറിമാരുടെ സംഭാവനകളും എടുത്തുപറയേണ്ടതുണ്ട്. ഇതിന്‍റെ സാര്‍ത്ഥകമായ തുടര്‍ച്ചയായിട്ടാണ് 1957 ലെ ഒന്നാം കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൈകൊണ്ട നടപടികളെ കാണേണ്ടത്. ആദ്യ കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പണ്ഡിതനായ ജോസഫ് മുണ്ടശ്ശേരി ആയിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കൊണ്ടുവന്ന വിദ്യാഭ്യാസബില്ല് ആധുനിക കേരളത്തില്‍ വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചക്ക് അടിസ്ഥാന കാരണമായി. മലബാര്‍ പ്രദേശത്ത് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വ്യാപകമായി സ്കൂളുകള്‍ തുറന്നതും ആ കാലത്താണ്.

സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി ഏകദേശം 13,197 വിദ്യാലയങ്ങളുണ്ട്. സ്വകാര്യമേഖലയില്‍ 1200 ലധികവും, കൂടാതെ ഇആടഋ, കഇടഋ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവയില്‍ താരതമ്യേന പൊതുവിദ്യാലയങ്ങള്‍ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ജാതി – മത-സാമ്പത്തിക വേര്‍തിരിവില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം നല്‍കുന്നു എന്നതാണ് പൊതുവിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേരളവികസനമാതൃകയുടെ മുഖ്യഘടകമാണ് നമ്മുടെ പൊതുവിദ്യാലയങ്ങള്‍. നമ്മുടെ സമൂഹത്തെ മതേതരവും ജനാധിപത്യപരവുമായി പുനസംഘടിപ്പിക്കുന്നതില്‍ അവ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. വിവിധ ജാതി-മത വിഭാഗങ്ങള്‍ ഇടകലര്‍ന്ന് പരസ്പര സഹിഷ്ണുതയോടെയും സ്നേഹത്തോടെയും കഴിയുന്ന അവസ്ഥയ്ക്കു തുടക്കം കുറിച്ചു. ജാതിക്കതീതമായി ഒരുമിക്കുന്നതിന്‍റെ പാഠങ്ങള്‍ അങ്ങനെ നമ്മുടെ കുട്ടികള്‍ പഠിച്ചു. അക്കാദമിക വളര്‍ച്ചയ്ക്കൊപ്പം ഇത്തരം സാമൂഹ്യപാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത്. പുരോഗമന സ്വഭാവമുള്ള, അറിവും വിവേകവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായം വഹിച്ച പങ്ക് ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ വിദ്യാഭ്യാസരംഗത്ത്, അതിന്‍റെ ഉള്ളടക്കത്തിലും നടപ്പാക്കലിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന അവസരങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയും വിധം അക്കാദമിക ഉള്ളടക്കം മെച്ചപ്പെടേണ്ടതായി വന്നു. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം വളരെയധികം ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും അത് പൂര്‍ണമായ അര്‍ത്ഥത്തിലെത്തിയില്ല എന്നുവേണം കരുതാന്‍. ഉണ്ടായ പുരോഗതികള്‍പോലും വിദ്യാഭ്യാസത്തെ സമഗ്രമായി ഉയര്‍ത്തുന്ന വിധത്തിലായതുമില്ല. പലവിദ്യാലയങ്ങളും വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പിന്തള്ളപ്പെട്ടുപോയി. ഇത് വേദനിപ്പിക്കുന്ന കാര്യമാണ്. വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാടും പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കാന്‍ സാധിക്കാതിരുന്നത് ഈ പോരായ്മയുടെ പ്രധാന കാരണമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഇതിന് ഇപ്പോള്‍ പരിഹാരം ആവുകയാണ്.

ഗുണമേന്‍മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥിയുടെ അവകാശമാണ്. അത് ഉറപ്പാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ യജ്ഞം ഊന്നല്‍ നല്‍കുന്നത്. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ലോകത്തിലെ ഏതു വികസിതരാജ്യത്തെ സമാനപ്രായക്കാരുടെയും നിലവാരത്തിലേക്ക് അറിവിന്‍റെയും ശേഷികളുടെയും ആത്മവിശ്വാസത്തിന്‍റെയും കാര്യത്തില്‍ നമ്മുടെ കുട്ടികളെ ഉയര്‍ത്തുക എന്നതാണ്. വികസിത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് തുല്യമോ അതിനുമുകളിലോ നില്‍ക്കുംവിധം നമ്മുടെ കുഞ്ഞുങ്ങളെ മാറ്റുന്ന വിദ്യാഭ്യാസം എന്നതാണ് ഇതുകൊണ്ടു ദ്ദേശിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ആശയവിനിമയം നടത്താനുള്ള കഴിവ് ഇതില്‍ പ്രാധാനമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യസംസ്കാരം ഉള്‍ക്കൊള്ളുന്ന നന്മയുള്ളവരായി നമ്മുടെ കുട്ടികളെ മാറ്റിതീര്‍ക്കുക എന്നതാണ്. നല്ല ശീലങ്ങളുള്ള, നല്ല ആരോഗ്യമുള്ള, കായികവും കലാപരവുമായ സര്‍ഗ്ഗശേഷികള്‍ ലോകനിലവാരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശേഷിയുള്ള പൗരന്‍മാരായി ഭാവി തലമുറയെ മാറ്റി തീര്‍ക്കുക എന്നതാണ്. പ്രകൃതിയെ അറിയുന്ന, സ്നേഹിക്കുന്ന, പരിസ്ഥിതി നാശത്തിനെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, കാര്‍ഷികസംസ്കാരത്തോടാഭിമുഖ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകു എന്നതുമാണ്.

ഈ പദ്ധതി പ്രകാരം പ്രീപ്രൈമറിതലം പോലെ അവഗണിക്കപ്പെട്ടുകിടന്ന മേഖലകളെ മുതല്‍ നമ്മള്‍ പരിഗണിക്കുന്നു. പ്രീസ്കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ററി വരെ സമഗ്രമായി പരിഷ്കരിക്കും. നാല്‍പതിനായിരം ക്ലാസ് മുറികളെ ഹൈടെക് ആക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ്ണ ഡിജിറ്റൈസ്ഡ് വിദ്യാഭ്യാസ മേഖല എന്ന സ്വപ്നതുല്യമായ നേട്ടത്തിലേക്ക് നാം ചുവടുവയ്ക്കുകയാണ്. ആയിരം സ്കൂളുകളെയെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ ഉപയോഗിക്കുന്നതിനുള്ള ഡിജിറ്റല്‍ ഉള്ളടക്കം വികസിപ്പിച്ചെടുക്കുക എന്നതും സുപ്രധാനമാണ്. അതിനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ഐ.ടി അറ്റ് സ്കൂള്‍ ‘കളിപ്പെട്ടി’ എന്ന പേരില്‍ പഠനസഹായികള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഒന്‍പത്, പത്ത് ക്ലാസുകളിലെ സയന്‍സ്, മാത്സ് പാഠഭാഗങ്ങളെ ആസ്പദമാക്കി നൂറിലധികം വീഡിയോകളും അനിമേഷന്‍ ചിത്രങ്ങളും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ട്. എസ്.എസ്.എയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനുള്ള ‘ഹലോ ഇംഗ്ലീഷ്’ പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. ഞങടഅ സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് എല്ലാ ജില്ലകളിലും പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

പാഠപുസ്തകങ്ങളില്ലാതെ പഠനം പൂര്‍ത്തിയാക്കേണ്ടിവരുന്ന ഒരു സാഹചര്യം കേരളത്തിലുണ്ടായിരുന്നു. അത് പഴങ്കഥയായി മാറി. അടുത്ത അധ്യായനവര്‍ഷത്തെക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. അടഞ്ഞുകിടക്കുന്ന ലാബോറട്ടറികളും ലൈബ്രറികളും ഇനി ഉണ്ടാവില്ല. സ്കൂള്‍ കാമ്പസിനെ ജൈവ ഉദ്യാനങ്ങളാക്കി മാറ്റി പഠനത്തെ പ്രകൃതിയുടെ പശ്ചാത്തലത്തിലാക്കും. പട്ടികജാതി പട്ടിക വര്‍ഗ ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക ഊന്നല്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

കലാകായിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് നമുക്കറിയാം. കായിക വിദ്യാഭ്യാസത്തിന് ഭൗതികസാഹചര്യങ്ങളുള്ള വിദ്യാലയങ്ങളില്‍ അവ കൂടുതല്‍ മെച്ചപ്പെടുത്തും. കളിസ്ഥലങ്ങള്‍ ഇല്ലാത്തിടങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ഓരോ സ്കൂളിനും സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇത് യാഥാര്‍ത്ഥ്യമാക്കി സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന ഈ മഹായജ്ഞം ഒരു വഴിപാടു പരിപാടിയായി ചുരുങ്ങില്ല. സമൂഹത്തിന്‍റെ മുഴുവന്‍ പിന്‍തുണയോടെയാവും ഇത് പ്രാവര്‍ത്തികമാക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപക – രക്ഷകര്‍തൃസംഘടന, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന, വിദ്യാഭ്യാസ തല്‍പരരായ മറ്റാളുകള്‍ എന്നിങ്ങനെയുള്ളവരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം. മാസ്റ്റര്‍ പ്ലാനിലെ ഘടകങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും പൊതുസമൂഹത്തിന്‍റെ സഹകരണം ഉറപ്പാക്കുന്നതിനും ഇതു കൂടിയേ തീരൂ. ബാങ്കുകള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഇത്തരത്തില്‍ സഹായം നല്‍കാന്‍ പ്രേരിപ്പിക്കണം. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എല്‍.പി സ്കൂളുകളില്‍ ഡിജിറ്റല്‍ ക്ലാസ്സ് മുറി സജ്ജീകരിക്കാന്‍ കേരളത്തിലെ പ്രമുഖ സഹകരണസ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മുന്നോട്ടുവന്നിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഈ മാതൃക മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകട്ടെ.

സ്കൂളുകളുമായി സമൂഹം നിരന്തരബന്ധം വച്ചുപുലര്‍ത്തണം. പണ്ടൊക്കെ നമ്മുടെ നാട്ടിലെ പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്നു സ്കൂളുകള്‍. ഇപ്പോള്‍ സ്കൂളുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറി. ഈ സ്ഥിതി മാറി സാമൂഹ്യമാറ്റത്തിന്‍റെയും സാംസ്കാരിക വളര്‍ച്ചയുടെയും കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ മാറണം. അധ്യാപകരാണ് ഇതില്‍ നിര്‍ണായക പങ്കുവഹിക്കേണ്ടത്.

അധ്യാപകവൃത്തി വെറും ഒരു തൊഴിലല്ല. അത് ഒരു തലമുറയെ സൃഷ്ടിക്കലാണ്. മികച്ച പൗരന്‍മാരെ വാര്‍ത്തെടുക്കലാണ്. നന്മയുള്ള മനുഷ്യരെ സൃഷ്ടിക്കലാണ്. ഇതിനായി അധ്യാപക പരിശീലനം കാലോചിതമായി പരിഷ്കരിക്കും. ഓരോ ഘട്ടത്തിലും ഒരു കുട്ടി ആര്‍ജ്ജിക്കേണ്ടുന്ന അറിവുകളും കഴിവുകളും മുന്‍കൂട്ടി പ്രഖ്യാപിക്കും. അത് കുട്ടി ആര്‍ജ്ജിച്ചോ എന്ന് വിലയിരുത്തും. ഇന്ന് പരക്കെ നിലവിലുള്ള ഒരു ആക്ഷേപം പത്താം ക്ലാസ്സ് പാസായി പുറത്തുവരുന്ന ചിലര്‍ക്കെങ്കിലും വേണ്ടത്ര അറിവോ ആശയവിനിമയശേഷിയോ ഇല്ലായെന്നുള്ളതാണ്. വര്‍ദ്ധിച്ചുവരുന്ന വിജയശതമാനത്തെപ്പോലും പരിഹസിക്കാന്‍ ഇത്തരം ഒറ്റപ്പെട്ട ഉദാഹരണങ്ങളിലൂടെ സാധിക്കുന്നു. ഇക്കാര്യത്തിലെ വിമര്‍ശനങ്ങള്‍ കുറെയെങ്കിലും ശരിയാണ് എന്ന് അംഗീകരിക്കേണ്ടതുണ്ട്. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകാത്ത ഒരു പഠന – വിലയിരുത്തല്‍ പ്രക്രിയ സാധ്യമാക്കി തീര്‍ക്കും. സോഷ്യല്‍ ഓഡിറ്റിംഗ് അഥവാ സാമൂഹ്യ വിലയിരുത്തലിലൂടെ സ്കൂളുകളുടെ ഉന്നത നിലവാരം ഉറപ്പാക്കും.

വിദ്യാഭ്യാസം ഒരു ജനതയുടെ വര്‍ത്തമാനത്തെയും ഭാവിയെയും നിര്‍ണ്ണിയിക്കുന്ന സുപ്രധാന ഘടകമാണെന്ന് നാം മനസിലാക്കണം. സ്കൂളുകള്‍ നന്നായാല്‍ സമൂഹം നന്നാകും. ഇത് മനസിലാക്കി ഒറ്റക്കെട്ടായി നമുക്ക് ഈ യജ്ഞത്തില്‍ പങ്കുചേരാം.