ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു

നൂതന ആശയാവിഷ്‌കാരത്തിനുള്ള അവാര്‍ഡുകളും ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാസേവനങ്ങളും വരുംവര്‍ഷങ്ങളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്‍മാരിലെത്തിക്കും. 2015ലെ പൊതുസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും 2014-15ലെ സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകളും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരുടേയും കൈയിലുള്ള മൊബൈല്‍ ഫോണ്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. വലിയതോതില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും, അടിസ്ഥാനപരമായ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഐ.ടി രംഗത്ത് മൗലികമായി ചിന്തിച്ച് മുന്നോട്ടുപോയി അവ സമൂഹത്തിന് പ്രയോജനപ്പെടുംവിധം പ്രയോഗിച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അവാര്‍ഡുകള്‍ ലഭിച്ച പദ്ധതികള്‍ അര്‍ഥവത്തായ പൊതുജനസേവന പദ്ധതികളാക്കി വികസിപ്പിക്കാന്‍ ശ്രമിക്കണം. പുതുഅറിവുകള്‍ ഉണ്ടായിട്ടുമാത്രം കാര്യമില്ല, അവ ജനജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കപ്പെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നൂതന ആശയാവിഷ്‌കാരങ്ങളും ഇ-ഗവേണന്‍സും സംബന്ധിച്ച ലഘുപുസ്തകങ്ങളും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നേടിയ സംരംഭങ്ങളുടെ റിപ്പോര്‍ട്ട് അവതരണം ഐ.എം.ജി അഡീ. സെക്രട്ടറി ആന്റ് അസോസിയേറ്റ് ഫെലോ എസ്. രാജശേഖര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എസ്. സജീവ് എന്നിവര്‍ നിര്‍വഹിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഐ.ടി സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജീത് രാജന്‍ സ്വാഗതവും വിവരസാങ്കേതികവകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ നന്ദിയും പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പൊതു ജനസേവന മികവിന് നാല് വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ നവീനസംരംഭക പുരസ്‌കാരങ്ങളാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. പേഴ്‌സണല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററും പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മഹിളാ സമഖ്യ സൊസൈറ്റിയും പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ കേരള ശുചിത്വ മിഷനും പ്രൊസിജ്വറല്‍ ഇന്റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് കേരള സെന്ററും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സ്റ്റാഫ് റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനും നടത്തിയ പ്രയത്‌നങ്ങള്‍ക്കാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് അവാര്‍ഡ്. മാലിന്യ നിര്‍മാര്‍ജനത്തിനായി നടത്തിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന ആശയവും സേവനവും ശുചിത്വ മിഷനും സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള തിരഞ്ഞെടുത്ത അംഗന്‍വാടികളുടെ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കിയത് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിനും അവാര്‍ഡ് നേടിക്കൊടുത്തു.

അവാര്‍ഡ് ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ബഹുമതി പത്രവും ലഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. കെ.എം. എബ്രഹാം, പോള്‍ ആന്റണി, റ്റി.കെ. ജോസ് (പ്രിന്‍സിപ്പല്‍ സെക്രട്ടറി), ഡോ. കെ.പി. കണ്ണന്‍, (മുന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്) സത്യജീത് രാജന്‍ (ഡയറക്ടര്‍ ജനറല്‍, ഐ.എം.ജി) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

ഇ-ഗവേണന്‍സ് രംഗത്തെ അനുകരണീയമായ മാതൃകകളെ പ്രോത്സാഹിപ്പിക്കാനുളള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകള്‍ ഇ-ഗവേണന്‍സ് ലീഡര്‍, ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി, ഇ ഗവേണന്‍സ്, ഇ-ലേണിംഗ്, ലോക്കല്‍ ലാംഗ്വേജ് കണ്ടന്റ് ഡവലപ്‌മെന്റ്, മികച്ച വെബ്‌സൈറ്റ്, അക്ഷയ കേന്ദ്രങ്ങള്‍, ഇ-ഗവേണന്‍സ് ജില്ല എന്നീ വിഭാഗങ്ങളിലാണ് നല്‍കിയത്.

ഇ-ലേണിംഗില്‍ എജ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍, കോഴിക്കോട് ഒന്നാം സ്ഥാനവും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് രണ്ടാം സ്ഥാനവും നേടി. സോഷ്യല്‍ മീഡിയ ആന്റ് ഇ-ഗവേണന്‍സില്‍ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഏറ്റുവാങ്ങി. ഇ-ഗവേണന്‍സ് ലീഡര്‍ അവാര്‍ഡില്‍ ഐ.ടി @ സ്‌കൂളിലെ കെ.പി. നൗഫലിന് രണ്ടാം സ്ഥാനവും സുജിത് കുമാര്‍, എം.എസ്. മനു (ഹാര്‍ബര്‍ എന്‍ജിനീയറിംഗ്) എന്നിവര്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു.

ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ പോലീസും സര്‍വശിക്ഷാ അഭിയാനും ഒന്നാം സ്ഥാനം പങ്കിട്ടു. കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ജലവിഭവ വകുപ്പ് എന്നിവര്‍ക്കാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം വനം, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍, സപ്ലൈകോ എന്നിവര്‍ പങ്കിട്ടു. മികച്ച അക്ഷയ സെന്ററിനുള്ള പുരസ്‌കാരം അക്ഷയ പടുപ്പ്, കാസര്‍ഗോഡിനാണ്. രണ്ടാം സ്ഥാനം അക്ഷയ ഇ-സെന്റര്‍, കണമല, കോട്ടയം, ഏഴംകുളം ഗ്രാമപഞ്ചായത്ത്, പറക്കോട്, പത്തനംതിട്ട, അക്ഷയ സെന്റര്‍, വണ്ണപ്പുറം, ഇടുക്കി എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനം അക്ഷയ സെന്റര്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, പത്തനംതിട്ട, അക്ഷയ 2-കേന്ദ്ര, രാമന്‍കുളങ്ങര എന്നിവര്‍ക്കാണ്. മികച്ച വെബ്‌സൈറ്റിനുള്ള ഒന്നാം സ്ഥാനം സാംസ്‌കാരിക വകുപ്പിനും രണ്ടാം സ്ഥാനം മ്യൂസിയം, മൃഗശാല വകുപ്പിനുമാണ്.