ദേശീയ ജൈവവൈവിധ്യ സമ്മേളനം

മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്. തികച്ചും കാലികവും പ്രസക്തവുമായ ഒരു വിഷയത്തിലാണ് ഈ വര്ഷം സമ്മേളനം നടക്കുന്നത്. ‘ജൈവ വൈവിധ്യവും സുസ്ഥിര വികസനവും’ എന്ന വിഷയം ഗൗരവമായ ചർച്ച അർഹിക്കുന്ന ഒന്നുതന്നെയാണ്.

ജൈവവൈവിധ്യം ഒരു രാജ്യത്തിൻറെ ജീവനാഡിയാണ്. ആ നാഡീസ്പന്ദനം നിലനിർത്തികൊണ്ട് പോകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വവുമാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ ജൈവവൈവിധ്യം സുസ്ഥിര വികസനത്തിനായി ഉപയോഗപ്പെടുത്തിയാല് മാത്രമേ കരുത്തുറ്റ ഒരു സമ്പദ്വ്യവസ്ഥ പടുത്തുയര്ത്താന് സാധിക്കൂ. എന്നാല്, രാജ്യത്തെ ജൈവവൈവിധ്യ പരിപാലനം വേണ്ടവിധം നടത്തി നമ്മുടെ ജൈവസമ്പന്നത പ്രയോജനപ്പെടുത്താന് കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്?

ജൈവവൈവിധ്യം ആവോളമുണ്ടെങ്കിലും, ദാരിദ്ര്യം വിട്ടൊഴിയാത്ത രാജ്യമാണ് നമ്മുടേതെന്ന് പറയേണ്ടിവരുന്നു. അപ്പോള് എവിടേയോ ചില ഏറ്റക്കുറച്ചിലുകള് ഉണ്ടായിരിക്കുന്നു. ഇതിന് പരിഹാരം കണ്ടെത്താനുള്ള ഒരു യത്നമായിട്ടാണ് ജൈവവൈവിധ്യ ബോര്ഡിന്റെ മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനത്തെ ഞാന് നോക്കിക്കാണുന്നത്.

സാമ്പത്തികം, സാമൂഹികം, പരിസ്ഥിതി എന്നീ മൂന്നുതലങ്ങള് ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് മുന്നേറ്റം ഉണ്ടാക്കാന് കഴിഞ്ഞാല് അതിലൂടെ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയും, ആഹാര- പോഷക സുരക്ഷയും ഉറപ്പാക്കാന് കഴിയും. ഇതായിരിക്കണം നമ്മുടെ വികസനതന്ത്രം.

ഇതുമായി ബന്ധപ്പെട്ട് 2015ല് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില് നടത്തിയ ഉച്ചകോടിനിങ്ങള് ഓര്ക്കുന്നുണ്ടാകും.
അതിനോടനുബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയില്, ഭൂമിയുടെ പരിരക്ഷ നിലനിര്ത്തിക്കൊണ്ട് ജൈവ വൈവിധ്യാധിഷ്ഠിത വികസനപ്രവര്ത്തനങ്ങളിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള കര്മ്മ പരിപാടികള് രൂപീകരിക്കുന്നതിനാണു മുന്തൂക്കം നല്കിയത്.

ലോകത്താകെയുള്ള സ്ഥലവിസ്തൃതിയുടെ 2.4 ശതമാനം മാത്രമാണ് നമ്മുടെ ഭൂവിസ്തൃതിയെങ്കിലും ജൈവവൈവിധ്യത്തിന്റെ കാര്യത്തില് നാം അതിസമ്പന്നരാണ്. ലോകത്താകെയുള്ള ജൈവ ജാതികളില് 7-8 ശതമാനവും നമ്മുടെ രാജ്യത്താണ്. ജനിതക വൈവിധ്യത്തിലും, ജൈവജാതി വൈവിധ്യത്തിലും, ആവാസവ്യവസ്ഥാ വൈവിധ്യത്തിലും ഇന്ത്യക്ക് നിരവധി സവിശേഷതകളുണ്ട്. കടലോരങ്ങളും, കായലോരങ്ങളും, മരുഭൂമികളും, മലനിരകളും, മഴക്കാടുകളും, സമതലങ്ങളും നമ്മുടെ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്.

ജൈവ വൈവിധ്യാധിഷ്ഠിത സുസ്ഥിര വികസനപാതയിലേയ്ക്കുള്ള പ്രയാണത്തില് സഹജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ചുമതലയും നമുക്കുണ്ട്. ജൈവവൈവിധ്യത്തിന് ദീര്ഘകാല ശോഷണം ഉണ്ടാകാതെ അതിന്റെ തനിമയും, സമ്പന്നതയും നിലനിര്ത്തികൊണ്ടു വേണം ജൈവവൈവിധ്യാധിഷ്ഠിത വികസന പ്രവര്ത്തനങ്ങള് ആവിഷ്ക്കരിക്കാന്. ജൈവവൈവിധ്യ സംരക്ഷണത്തിനായി പുറത്തുവന്ന ഗാഡ്ഗില്, കസ്തൂരിരംഗന് റിപ്പോര്ട്ടുകളെക്കുറിച്ച് നിരവധി ചര്ച്ചകള് നടന്നു കഴിഞ്ഞു. ഞാനതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഒരു കാര്യം ഈ അവസരത്തില് സൂചിപ്പിക്കാന് ഞാന് ആഗ്രഹിക്കുന്നു. ജനപങ്കാളിത്തത്തോടെ, ജനസുരക്ഷ മുന്നിര്ത്തിക്കൊണ്ടുള്ള ജൈവവൈവിധ്യ സംരക്ഷണത്തിനും, ജൈവവൈവിധ്യാധിഷ്ഠിത വികസനപ്രവര്ത്തനങ്ങള്ക്കുമാവും സര്ക്കാര് ലക്ഷ്യമിടുന്നത്.

പശ്ചിമഘട്ട ജൈവവൈവിധ്യത്തിന്റെ ഒരു സമഗ്ര ചിത്രം കേരളത്തിലും കാണാന് കഴിയും. തിങ്ങിവിങ്ങി മരതക കാന്തി ചൊരിയുന്ന മലരണിക്കാടുകളെന്നും, പച്ചയാം വിരിപ്പിട്ട സഹ്യനില് തലചായ്ച്ച് കിടക്കുന്ന നാടെന്നുമൊക്കെ കേരളം അറിയപ്പെടാന് കാരണം ഈ പ്രകൃതിഭംഗിതന്നെ. ഇന്ത്യയില് വടക്കു-കിഴക്കന് പ്രദേശങ്ങളില് കാണുന്നപോലെയുള്ള ജൈവവൈവിധ്യം നമുക്ക് സ്വന്തമാണ്. ഔഷധസസ്യങ്ങളിലെ വൈവിധ്യമാണ് മറ്റൊരു പ്രത്യേകത. അതോടൊപ്പം ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറേ കാട്ടറിവുകളും, കടലറിവുകളും, നാട്ടറിവുകളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നാട്ടറിവുകള് നാടിന്റെ നന്മയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ആലോചിക്കേണ്ട വിഷയമാണ്.

കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുകയും സുസ്ഥിര വികസനപ്രക്രിയയില് അതിന്റെ യഥായോഗ്യമായുള്ള ഉപയോഗത്തെക്കുറിച്ച് ജനങ്ങളില് അവബോധം സൃഷ്ടിക്കുകയും ചെയ്യാനുള്ള ചുമതല സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിനാണ്. ആ ചുമതല നിങ്ങള് നല്ലരീതിയില് നടത്തുന്നുവെന്നുതന്നെയാണ് ഞാന് മനസ്സിലാക്കുന്നത്.

പ്രാദേശികതലത്തില് ജൈവവൈവിധ്യ സംരക്ഷണത്തിന് വേണ്ടി എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ പരിപാലന സമിതികള് നിലവില് വന്നിട്ടുണ്ട്. എന്നാല്, അതിന്റെ പ്രവര്ത്തനങ്ങള് കൂടുതല് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ സമിതികളുടെ ശാക്തീകരണത്തിന് വേണ്ട സഹായം സര്ക്കാര് നല്കുമെന്ന് ഉറപ്പുനല്കുന്നു.

മറ്റൊരു പ്രധാന വിഷയം ജൈവവൈവിധ്യ രജിസ്റ്ററിനെക്കുറിച്ചാണ്. മിക്കവാറും എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോര്പ്പറേഷനുകളിലും ഇത് പൂര്ത്തീകരിച്ചിട്ടുണ്ട്. എന്നാല് ഇതില് രേഖപ്പെടുത്തിയിട്ടുള്ള നാട്ടറിവുകളെ എങ്ങനെ സംരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്നതിനെപ്പറ്റി കൂടുതല് ചര്ച്ചകള് ആവശ്യമുണ്ട്. അതിനുവേണ്ട പ്രവര്ത്തനങ്ങള് ബോര്ഡ് ചെയ്യുമെന്നു ഞാന് കരുതുന്നു. അതിനൊക്കെ ഉതകുന്ന പദ്ധതികള് തയ്യാറാക്കി കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്ക്ക് നല്കാനും കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടാന് പാകത്തിലുള്ള കര്മ്മപദ്ധതികള് ആവിഷ്കരിച്ചു നടപ്പിലാക്കാനും ബോര്ഡ് തയ്യാറാകണം എന്ന് പറഞ്ഞുകൊണ്ടു ഈ സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി.