സംയോജിത ധനമാനേജ്മെന്‍റ് ട്രഷറി

സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ കരുപ്പിടിപ്പിച്ച നിദ്ദേശപ്രകാരം നടപ്പാക്കിയ കോര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള സംയോജിത ധനമാനേജ്മെന്‍റ് സംവിധാനത്തിന്‍റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.

ആധുനികമായ എല്ലാ സാദ്ധ്യതകളും ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചു നടപ്പാക്കിയിരിക്കുന്നതെന്നാണു ഞാന്‍ മനസിലാക്കുന്നത്. അക്കൗണ്ടന്‍റ് ജനറല്‍, റിസര്‍വ്വ് ബാങ്ക്, ഏജന്‍സി ബാങ്ക് തുടങ്ങിയവയെല്ലാമായും ട്രഷറികളെ ബന്ധിപ്പിച്ച് ധനപരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. സംസ്ഥാനത്തിന്‍റെ സാമ്പത്തികയിടപാടുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാവരുംഈ സമഗ്രസംവിധാനതിന്‍റെ കീഴില്‍ വരികയാണ്.

സങ്കീര്‍ണ്ണമായിരുന്ന ഒട്ടനവധി നടപടിക്രമങ്ങള്‍ ഇതിലൂടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ട്രഷറികളുടെ ഗുണഭോക്താക്കളെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ കാര്യം. ഇടപാടുകളെല്ലാം ഇതോടെ സുഗമവും സുതാര്യവുമാകും. ധനസ്ഥിതിയെയും ധനകാര്യയിടപാടുകളെയും സംബന്ധിച്ചു സര്‍ക്കാരിനും അപ്പപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കഴിയും. ലോകത്ത് എവിടെനിന്നും 24 മണിക്കുറും സര്‍ക്കാരിലേക്ക് പണം സ്വീകരിക്കാന്‍ ഇനിമുതല്‍ സാധിക്കും. ഇടപാടുകളെല്ലാം കറന്‍സിരഹിതം ആയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ കണ്ടതുപോലെ വിവിധ നിധികളിലേക്കൊക്കെ സംഭാവന നല്‍കാന്‍ ഇനി ബുദ്ധിമുട്ടുകളില്ല.

ബജറ്റിന്‍റെ മുന്നൊരുക്കങ്ങളും ബജറ്റ് തയ്യാറാക്കലും ഈ പുതിയ സംവിധാനത്തിലൂടെ സാദ്ധ്യമാകും. സര്‍ക്കാരിന്‍റെ ധനവിനിയോഗമാനേജ്മെന്‍റ് കാര്യക്ഷമമാക്കാനും സംതുലിതമായി നടക്കുന്നു എന്ന് ഉറപ്പാക്കാനും കഴിയുന്നു എന്നതാണു മറ്റൊരു നേട്ടം. ബജറ്റ് വിഹിതം ഇനിമുതല്‍ ഓണ്‍ലൈനായി വിതരണം ചെയ്യാനും കഴിയും. റിസര്‍വ്വ് ബാങ്കിന്‍റെ ഇ-കുബേര്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചതിലൂടെ ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്കു പണം ഇലക്ട്രോണിക്കായി മാറ്റാനുള്ള സൗകര്യവും കൈവന്നിരിക്കുന്നു. ജീവനക്കാരുടെ സേവനവേതനവിവരങ്ങളുടെ സമഗ്രവിവരശേഖരം സ്പാര്‍ക്കിലൂടെ സാദ്ധ്യമായതിനുപുറമെ, സര്‍ക്കാര്‍ വകുപ്പുകളുടെ മറ്റെല്ലാത്തരം ബില്ലും തയ്യാറാക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യവും സംയോജിത ധനമാനേജ്മെന്‍റ് സംവിധാനത്തില്‍ ഉണ്ട്. പെന്‍ഷന്‍കാരുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ പോര്‍ട്ടലും ജീവന്‍ പ്രമാണ്‍ എന്ന ഓണ്‍ലൈന്‍ മസ്റ്ററിങ് സംവിധാനവും ഒരുക്കി സംസ്ഥാനസര്‍ക്കാരിനു കീഴിലെ മുഴുവന്‍ പെന്‍ഷന്‍കാരെയും കേന്ദ്രീകൃത സംവിധാനത്തില്‍ കൊണ്ടുവരികയാണ്. ഇത്അ വരെസംബന്ധിച്ച് വലിയ ആശ്വാസമാകും.

കോര്‍ ബാങ്കിങ് യാഥാര്‍ത്ഥ്യമായതോടെ, സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ അക്കൗണ്ടുള്ള ഒരാള്‍ക്ക് മറ്റ് ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാം. ഏതു ട്രഷറി മുഖേനയും ടി.എസ്.ബി. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും കഴിയും. ഏത് അക്കൗണ്ടിലേക്കും ഇലക്ട്രോണിക്കായി പണം കൈമാറാനും വിവിധ സേവനസംവിധാനങ്ങളിലെ ബില്ലുകളും മറ്റും ട്രഷറി അക്കൗണ്ടുകളില്‍നിന്ന് നേരിട്ടടയ്ക്കാനുമുള്ള സൗകര്യവും ഇതോടെ കൈവന്നിരിക്കുന്നു. ഇത് എവിടെയിരുന്നുകൊണ്ടും ചെയ്യാന്‍ കഴിയണം.

ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ പുതിയ ഒരു പരിപാടി ആരംഭിച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്കു വളരെ സൗകര്യപ്രദമായ ഒന്നാണത്. മുഴുവന്‍ ജീവനക്കാരും ഓരോ ട്രഷറി സേവിങ്ങ്സ് അക്കൗണ്ട് തുടങ്ങുകയേ വേണ്ടൂ. ഓരോമാസവും ചില നിശ്ചിത ദിവസങ്ങളിലാണല്ലോ നിങ്ങളുടെ പല അടവുകളും നടത്തേണ്ടത്. ഭവനവായ്പ അടയ്ക്കേണ്ടത് ഒരുദിവസം. വാഹനവായ്പ മറ്റൊരുദിവസം. ഇത്തരം ഓരോ തുകയും അതത് ആവശ്യത്തിനായി അടയ്ക്കേണ്ട ബാങ്കുകളിലേക്ക് ഓരോരുത്തരും മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍ ട്രഷറിതന്നെ മാറ്റിനല്‍കും. ഓരോ ദിവസവും നിങ്ങള്‍ മെനക്കെടേണ്ടതില്ല. ഒരുതവണ ഈ വിവരങ്ങള്‍ കൊടുത്താല്‍മതി, എല്ലാ മാസവും അതനുസരിച്ചു കാര്യങ്ങള്‍ നടന്നുകൊള്ളും. പ്രതിമാസ സ്ഥിരം ചെലവുകള്‍ കഴിഞ്ഞുള്ള തുക നിങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റണമെങ്കില്‍ അതും ആകാം. ഇനി ചിലര്‍ക്ക് ശമ്പളം പൂര്‍ണ്ണമായി അവര്‍ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് ആവശ്യപ്പെടുന്ന ദിവസം മറ്റണമെങ്കില്‍ അതിനും അവസരമുണ്ട്. ജീവനക്കാരുടെ ബദ്ധപ്പാടു കുറയുകയും ജീവനക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും പണം ലഭ്യമാകുകയും ചെയ്യുന്നതോടൊപ്പം പരമാവധി ട്രഷറി ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യാന്‍ ഇതുവഴി കഴിയും.

ഇനിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു പ്രദാനം ചെയ്യാന്‍ ട്രഷറിസംവിധാനത്തി കഴിയണം. സഹകരണമേഖലയിലും സര്‍ക്കാരുടമയിലുമുള്ള സ്റ്റോറുകളിലും ആശുപത്രികള്‍ പോലുള്ള സ്ഥാപനങ്ങളിലുംനിന്ന് സാധനങ്ങളും സേവനങ്ങളും ട്രഷറി അക്കൗണ്ടുകളില്‍നിന്നു പണം നല്‍കി വാങ്ങാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളുടെ സാദ്ധ്യതയും പരിശോധിക്കണം. സാധനങ്ങളും സേവനങ്ങളും സ്വകാര്യമേഖലയില്‍നിന്ന് അടക്കം ഇത്തരത്തില്‍ വാങ്ങാന്‍ കഴിയുമെന്നുവന്നാല്‍, വാണിജ്യ ബാങ്കുകള്‍ക്കുപകരം ട്രഷറികളിലേക്കു നിക്ഷേപങ്ങള്‍ മാറ്റാന്‍ ജനങ്ങള്‍ക്കു താല്‍പര്യം ഉണ്ടാകും. ആകര്‍ഷകമായ പലിശകൂടി നല്‍കാന്‍ കഴിയുമെന്നുവന്നാല്‍, നമ്മുടെ ട്രഷറികള്‍ ശക്തിപ്പെടുകയും സംസ്ഥാനത്തിന്‍റെ വികസനത്തിനും ക്ഷേമകാര്യങ്ങള്‍ക്കും അതു മുതല്‍ക്കൂട്ടാകുകയും ചെയ്യും. ഇതിനകം ലഭ്യമാക്കിയ സേവനങ്ങളുടെ പ്രയോഗത്തെയും ഇനിയും ആവശ്യമായ പരിഷ്ക്കാരങ്ങളെയും പറ്റി നിരന്തര നിരീക്ഷണം ആവശ്യമാണ്. ഒട്ടും പിന്നാക്കം പോകാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകണം. ഈ വരുന്ന സാമ്പത്തികവര്‍ഷത്തിനുശേഷം വീണ്ടും ട്രഷറികളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തി കൂടുതല്‍ നവീകരണപരിപാടികള്‍ ആവിഷ്ക്കരിച്ചു നടത്തും എന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

സര്‍ക്കാരിന്‍റെ പണപ്പെട്ടിയാണല്ലോ ട്രഷറി. വികസനത്തിനായാലും ക്ഷേമത്തിനായാലും മറ്റാവശ്യങ്ങള്‍ക്കായാലും ധനം നല്‍കുന്നത് ട്രഷറിയില്‍നിന്നാണ്. സംസ്ഥാനത്തിന്‍റെ എല്ലാ വരുമാനവും എത്തിച്ചേരുന്ന സ്ഥലവും ട്രഷറിയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും തദ്ദേശഭരണകൂടങ്ങളും ജീവനക്കാരും പെന്‍ഷന്‍കാരും കരാറുകാരും വെന്‍ഡര്‍മാരും ഉള്‍പ്പെടെ വലിയൊരുനിര ഗുണഭോക്താക്കള്‍ നമ്മുടെ ട്രഷറിസംവിധാനത്തിനുണ്ട്. ഇതെല്ലാംകൊണ്ട് ട്രഷറിസംവിധാനം ശക്തിപ്പെടുത്തുന്നതിനു പ്രത്യേകപ്രാധാന്യമുണ്ട്.

മറ്റു സംസ്ഥാനട്രഷറികള്‍ പോലെയല്ല കേരളത്തിലേത്. എല്ലാ സംസ്ഥാനത്തും ട്രഷറികള്‍ ഉണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളിലേ സേവിങ്ങ്സ് ബാങ്ക് ഉള്ളൂ. അതില്‍ത്തന്നെ കേരളത്തിലാണ് വിപുലവും ഫലപ്രദവുമായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കേരളസംസ്ഥാനത്തിലേക്കു തിരുവിതാംകൂര്‍ ലയിക്കുന്നവേളയില്‍ ഉണ്ടാക്കിയ ഒരു വ്യവസ്ഥ കാരണമാണ് നമ്മുടെ ട്രഷറിയില്‍ മാത്രം ഇങ്ങനെയൊരു സംഗതി ഉണ്ടായത്. അതു നിര്‍ത്തലാക്കാന്‍ കേന്ദ്രഗവര്‍മെന്‍റ് പലതവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും നടന്നില്ല.

ഈ സേവിംഗ്ബാങ്ക് അക്കൗണ്ടിന്‍റെ പ്രത്യേകത, അതില്‍ കിടക്കുന്ന തുക എങ്ങനെ വിനിയോഗിക്കണം എന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനുണ്ട് എന്നതാണ്. കാലാകാലങ്ങളായി വികസനത്തിനു മാത്രമല്ല നിത്യനിദാന ചെലവിനുപോലും കടം വാങ്ങേണ്ടിവരുന്ന സംസ്ഥാനമാണു കേരളം എന്നു നമുക്കറിയാം. കടപത്രങ്ങളിലൂടെ നിശ്ചിത ശതമാനംവരെ സമാഹരിക്കാനുള്ള അനുവാദത്തിനുപുറമെ, പോസ്റ്റാഫീസ് ചെറുകിടസമ്പാദ്യത്തിന്‍റെ നാലില്‍മൂന്നു ഭാഗംവരെ മുമ്പു കടം വാങ്ങാമായിരുന്നു. ഒരു കാലത്ത് വികാസ് പത്രയിലൊക്കെ പണമിടാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. അത് ഇതുകൊണ്ടാണ്. എന്നാല്‍, ധന ഉത്തരവാദ നിയമം നിര്‍ബ്ബന്ധമാക്കിയതുമുതല്‍ കേന്ദ്രം മുന്‍കൂട്ടി തീരുമാനിക്കുന്ന തുകയേ സംസ്ഥാനങ്ങള്‍ക്കു കടം വാങ്ങാനാകൂ. എന്നുമാത്രമല്ല, ചെറുകിട സമ്പാദ്യപദ്ധതികളില്‍നിന്നുള്ള കടം നിര്‍ത്തുകയും ചെയ്തു.

ഈ സാഹചര്യത്തില്‍, വികസന, ക്ഷേമ ആവശ്യങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാതെ പണം വിനിയോഗിക്കാന്‍ സര്‍ക്കാരിനു സഹായകമായിരുന്നത് ട്രഷറിയില്‍ സമ്പാദ്യനിക്ഷേപങ്ങളില്‍ അവശേഷിച്ചിരുന്ന പണം ആയിരുന്നു. നിക്ഷേപങ്ങളുടേ 99 ശതമാനവും
അന്നും ഇന്നും ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളൊ ശമ്പളമിച്ചമോ ആണ്. അതുകൊണ്ട്, ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുറമെ, പൊതുജനങ്ങള്‍ അടക്കം കൂടുതല്‍ പേരെ ഇത്തരം നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കാനും ഈ നിക്ഷേപങ്ങളില്‍ പരമാവധി പണം സമാഹരിക്കാനും നിലനിര്‍ത്താനും അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുകയുണ്ടായി.

സ്ഥിരനിക്ഷേപങ്ങളും ട്രഷറി സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള വിപുലമായ പരിശ്രമമാണ് 2006-11 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്ന പലിശ നല്‍കി നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിച്ചു. സംസ്ഥാനട്രഷറികള്‍ നവീകരിക്കുകയും പൂര്‍ണ്ണതോതില്‍ നെറ്റ്വര്‍ക്കിങ് നടത്തി എടിഎം സ്ഥാപിക്കുകയും ചെയ്യാന്‍ ശ്രമിച്ചു. ട്രഷറി എറ്റിഎമ്മുകള്‍ കൂടാതെ, മറ്റു ബാങ്കുകളുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ട് അവരുടെ എറ്റിഎമ്മുകള്‍കൂടി ട്രഷറിയിടപാടുകള്‍ക്ക് ഉപയോഗിക്കാനും സര്‍ക്കാര്‍ ഉദ്ദേശിച്ചു. ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുകയായിരുന്നു.

എന്നാല്‍ മറ്റ് ബാങ്ക് എറ്റിഎമ്മുകളുമായി ബന്ധപ്പെടുത്തുന്നതിന് റിസര്‍വ്വ് ബാങ്ക് എതിരായിരുന്നു. അതിനാല്‍ സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധിപ്പിച്ച് ട്രഷറി എറ്റിഎമ്മുകള്‍ സ്ഥാപിക്കാനുള്ള പരിശ്രമം നടത്തി.അതിനിടയിലാണു ഭരണമാറ്റം ഉണ്ടായത്. ട്രഷറി സംവിധാനം ശക്തിപ്പെടുത്തേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തമതാല്‍പര്യത്തിന് അനിവാര്യമായിരുന്നിട്ടും, ഭരണമാറ്റത്തെ തുടര്‍ന്നുവന്ന ധനവകുപ്പ് ചെയ്തത് ഈ ശ്രമങ്ങള്‍ ഏകപക്ഷീയമായി അവസാനിപ്പിക്കാനും ശമ്പളം പെന്‍ഷന്‍ എന്നിവ പൂര്‍ണ്ണമായും ബാങ്ക് വഴി വിതരണം ചെയ്യാനുമുള്ള തീരുമാനം എടുക്കുകയായിരുന്നു.

നേരത്തെ പെന്‍ഷന്‍ മാത്രമെ ബാങ്കുവഴി വാങ്ങാന്‍ അവസരം ഉണ്ടായിരുന്നുള്ളു. ആദ്യമൊക്കെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമാണു ബാങ്കുകള്‍ തെരഞ്ഞെടുത്തത്. പക്ഷെ ബാങ്ക് എടിഎമ്മുകള്‍ വ്യാപകമായതോടേ കൂടുതല്‍ പെന്‍ഷന്‍കാര്‍ ബാങ്കുകളിലേക്കു മാറാന്‍തുടങ്ങി. എന്നിട്ടും 80 ശതമാനം പേരും ട്രഷറിതന്നെ മതി എന്നു തീരുമാനിച്ചതായാണു കണ്ടത്. അഞ്ചരലക്ഷത്തോളം പേരുടെ പെന്‍ഷന്‍ ട്രഷറിയില്‍ പ്രോസസ് ചെയ്യുന്നുണ്ട്. പഴയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കാണാനും മാസത്തില്‍ ഒരുദിവസം ഒന്നു പുറത്തിറങ്ങാനും ഒരു സിനിമ കാണാനും ഇഷ്ടപ്പെട്ട ഭക്ഷണം പുറത്തുനിന്നു കഴിക്കാനും ഒക്കെയുള്ള അവസരമായാണു പലരും പെന്‍ഷന്‍ വാങ്ങലിനെ കാണുന്നത്.

ഒന്നാം തീയതി പെന്‍ഷന്‍ ഒന്നിച്ചു വാങ്ങുന്ന രീതിക്കു പകരം, ആളു വന്നില്ലെങ്കിലും അതതു മാസത്തെ പെന്‍ഷന്‍ തുക പ്രത്യേക പെന്‍ഷന്‍ സേവിങ്ങ്സ് അക്കൗണ്ടിലേക്ക് ഒന്നാം തീയതിതന്നെ മാറ്റുന്ന നില വന്നു. അതില്‍നിന്ന് ആവശ്യമുള്ള തുക ആവശ്യമുള്ളപ്പോള്‍ ചെക്ക് വഴി നേരിട്ടോ മൂന്നാമതൊരാള്‍ വഴിയോ വാങ്ങാം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ട്രഷറി നെറ്റ്വര്‍ക്കിങ്ങ്
ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കോര്‍ ബാങ്കിംഗ് നടപ്പിലായതോടെ ഏതു ട്രഷറിയില്‍നിന്നും ചെക്കുവഴി എത്ര തുക വേണമെങ്കിലും പിന്‍വലിക്കാവുന്ന സൗകര്യവുമായി ശമ്പളം മാറുന്ന കാര്യത്തിലും ഉണ്ടായീ മാറ്റങ്ങള്‍. ഇപ്പോള്‍ ഒരു സവിശേഷ സോഫ്റ്റ്വെയര്‍ വഴി കേന്ദ്രീകരിച്ചാണല്ലോ ശമ്പളബില്ലുകള്‍ തയ്യാറാക്കുന്നത്. അങ്ങനെ ജനറേറ്റ് ചെയ്യുന്ന ബില്ലുകള്‍ മാസാദ്യം നിശ്ചിതദിവസംതന്നെ ട്രഷറി പാസ്സാക്കി നല്‍കുന്നതനുസരിച്ച് ശമ്പളം ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തും. അത് ട്രഷറി അക്കൗണ്ടോ ബാങ്ക് അക്കൗണ്ടോ ഏത് ആയാലും മതി. ബാങ്കുകള്‍ അതിനു സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ വാശിയോടെ ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പത്തുശതമാനത്തോളം ജീവനക്കാര്‍ക്ക് ഇപ്പോഴും ട്രഷറി വഴിയാണു വിതരണം. 125 വകുപ്പുകളിലുള്ള അഞ്ചരലക്ഷത്തോളം ജീവനക്കാര്‍ ശമ്പളം ട്രഷറി വഴി പ്രോസസ് ചെയ്യുന്നുണ്ട്. അവരില്‍ പലരും പണ്ടേ ബില്ലുകള്‍ക്കു പകരം ചെക്ക് വഴി ശമ്പളം നല്‍കുന്നവരോ താല്ക്കാലിക തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവരോ ആണ്. പണ്ടൊക്കെ ഓരോ സ്ഥാപനത്തിലും ബില്ലെഴുതി ട്രഷറിയില്‍ നല്‍കിയായിരുന്നു ശമ്പളം വാങ്ങിയിരുന്നത്. ആ ബില്ലുകള്‍ പാസ്സാക്കി പിഒസി ബാങ്കില്‍ നല്‍കിയാല്‍ ആ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ശമ്പളം ക്രഡിറ്റ് ചെയ്യപ്പെടും.

ഇപ്പോഴാകട്ടെ ബില്ലുകള്‍ എല്ലാം പൂര്‍ണ്ണമായി ഇലക്ട്രോണിക് ആയി മാറ്റിയിര്‍ക്കുകയാണ്. ശമ്പളബില്ലുമായി ട്രഷറിയില്‍ പോകുകപോലും വേണ്ട. എല്ലാം ഇന്‍റര്‍നെറ്റ് വഴി ആക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ, ട്രഷറികളില്‍ നല്ല അന്തരീക്ഷവും സേവനവും സൗകര്യങ്ങളും ഉറപ്പാക്കാനുള്ള നടപടിയും ഫലം കണ്ടിരിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെകാലത്ത് ട്രഷറികളും അവിടത്തെ സേവനവും മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ഇന്നുള്ള ബുദ്ധിമുട്ടുകളും ഉപഭോക്താക്കളുടെ പരാതികളും മനസിലാക്കാനുമായി ട്രഷറികളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുകയുണ്ടായി. സര്‍ക്കാര്‍ വകുപ്പുകളില്‍ത്തന്നെ പുതിയ തുടക്കമായിരുന്നു അത്.

അന്നു കേരളത്തിലെ ഓരോ ട്രഷറിയും പ്രത്യേകം പ്രത്യേകം പൗരാവകാശരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അതിനുശേഷം ആറു മാസം കഴിഞ്ഞ് ജനങ്ങളില്‍നിന്നു പരാതി ശേഖരിച്ചു. കിട്ടിയ പരാതികള്‍ക്ക് ഓരോന്നിനും മറുപടി രേഖയായി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ രേഖ ചര്‍ച്ചചെയ്യാനായി പരാതിക്കാരെയും മറ്റ് ഇടപാടുകാരെയും അതതു ട്രഷറികളിലേക്കു ക്ഷണിച്ചു. ഈ സോഷ്യല്‍ ഓഡിറ്റുകളില്‍ 75,000-ല്‍പ്പരം ആളുകള്‍ പങ്കെടുത്തു എന്നാണു ഞാന്‍ മനസിലാക്കുന്നത്. ജീവനക്കാരുടെ വിശദീകരണത്തില്‍ ഇടപാടുകാര്‍ സംതൃപ്തരല്ലെങ്കില്‍ തീരുമാനം എടുക്കാനായി നാലും അഞ്ചും പൗരപ്രമുഖരുടെ ജൂറിയും ഓരോ സ്ഥലത്തും ഉണ്ടായിരുന്നു. പരാതികള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ ട്രഷറിയില്‍ എന്തൊക്കെ ചെയ്യണമെന്നത് ജൂറി റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

സംസ്ഥാനതലത്തില്‍ ആയിരത്തില്‍പ്പരം ജൂറി അംഗങ്ങള്‍ പങ്കെടുത്ത് തൃശ്ശൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഈ റിപ്പോര്‍ട്ട് ക്രോഡീകരിക്കുകയും അതു പരിശോധിച്ച് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കുകയും ചെയ്തു. ട്രഷറികള്‍ ഉപഭോക്തൃസൗഹൃദമായി പുനഃക്രമീകരിക്കുക, ട്രഷറി കമ്പ്യൂട്ടറൈസേഷന്‍ ഊര്‍ജ്ജിതമാക്കുക, കോര്‍ ബാങ്കിങ്ങിലേക്ക് പോകുക, പകുതിയോളം ട്രഷറിക്കെട്ടിടങ്ങള്‍ ജൂറി റിപ്പോര്‍ട്ട് പ്രകാരമുള്ള ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയുക, തുടങ്ങിയ കാര്യങ്ങളെല്ലാം അന്ന് അങ്ങനെ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ മറ്റൊരു എല്‍ഡിഎഫ് സര്‍ക്കാര്‍ വരേണ്ടിവന്നു.

നമ്മുടെ ട്രഷറികള്‍ നല്ല സേവനാന്തരീക്ഷവും തൊഴില്‍സംസ്ക്കാരവുമുള്ള ഓഫീസുകളായി മാറിയിട്ടുണ്ടെങ്കില്‍ അത് ഈ മുന്‍കൈകളുടെ ഫലമാണ്. അടുത്തിടെ ഇവിടെ അടുത്തുതന്നെയുള്ള വെള്ളയമ്പലം സബ്ട്രഷറിയില്‍ നടക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി പത്രത്തില്‍ വായിക്കുകയുണ്ടായി. ട്രഷറിയോഫീസര്‍ അടക്കമുള്ള ജീവനക്കാര്‍ എല്ലാ മാസവും തറയും ചുമരും ഫാനും വരെ തുടച്ചുവൃത്തിയാക്കുന്നതായാണു കണ്ടത്. ഉപഭോക്താക്കളായി വരുന്നവര്‍ക്ക് ആവശ്യത്തിനു കസേരയും കാണാന്‍ റ്റിവിയും വായിക്കാന്‍ പത്രങ്ങളും ആനുകാലികങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്റ്റാന്‍റും ആധുനികതരം ഇന്‍റീരിയര്‍ സംവിധാനവും നല്ല പെരുമാറ്റമുള്ള ജീവനക്കാരും ഒക്കെ ഉള്ള ഓഫീസെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. ഔദ്യോഗികകാര്യങ്ങളുമായി ബന്ധപ്പെട്ട റഫറന്‍സ് പുസ്തകങ്ങള്‍ മുതല്‍ ജീവനക്കാര്‍ വീട്ടില്‍നിന്നു സംഭാവന ചെയ്ത പുസ്തകങ്ങള്‍വരെ ഉള്ള ഒരു ചെറു ലൈബ്രറിപോലും ഉണ്ടത്രേ. ഇതൊരു പുതിയ തൊഴില്‍ സംസ്ക്കാരമാണ്.കോര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള സംയോജിത ധനമാനേജ്മെന്‍റ് സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചവരെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.