സ്വദേശാഭിമാനി-കേസരി അവാര്‍ഡ് 2017

മാധ്യമമേഖലയില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യവും നിര്‍ഭയത്വത്തിന്‍റെ അനിവാര്യതയും എത്ര പ്രധാനമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ രണ്ടു ത്യാഗധനരായിരുന്നു സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും കേസരി എ ബാലകൃഷ്ണപിള്ളയും. ആദര്‍ശശുദ്ധിയുടെ മാത്രമല്ല, ചില മൂല്യങ്ങളോടുള്ള അര്‍പ്പണബോധത്തിന്‍റെയും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെയും പ്രതിരൂപങ്ങള്‍ കൂടിയായിരുന്നു ഇരുവരും.

പത്രപ്രവര്‍ത്തനം എന്നും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. സ്വദേശാഭിമാനിയെ നാടുകടത്തുകയാണുണ്ടായതെങ്കില്‍ പില്‍ക്കാല പത്രപ്രവര്‍ത്തകരെ നേരിന്‍റെയും സത്യത്തിന്‍റെയും മാര്‍ഗത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ അനുനയം മുതല്‍ ഭീഷണി വരെ ഉണ്ടായി. പലയിടത്തും അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടത് അവിടങ്ങളില്‍ പലര്‍ക്കും പലതും മറച്ചുവെയ്ക്കാനുണ്ടായിരുന്നതു കൊണ്ടാണ്.
എന്നാല്‍, ആ മറ സ്ഥായിയല്ലെന്ന് ഇതുവരെയുള്ള മാധ്യമചരിത്രം തെളിയിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ വ്യക്തമാക്കാന്‍ പോകുന്നതും അതുതന്നെയാണ്. ഏതു ഭീഷണി എവിടെ നിന്നുണ്ടായാലും മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാന്‍ എന്നും ജനങ്ങളുണ്ടാവും. സ്വദേശാഭിമാനിയുടെ നിര്‍ഭയത്വമാര്‍ന്ന വ്യക്തിത്വം അതിനുള്ള പ്രചോദനത്തിന്‍റെ കേന്ദ്രമായി തുടരുകയും ചെയ്യും.

ലോകസാഹിത്യത്തിലെ നൂതനപ്രവണതകള്‍ മലയാളിക്കു പരിചയപ്പെടുത്തിയ കേസരി നവോത്ഥാനത്തിന്‍റെ പാതയിലേക്കു നമ്മെ നയിച്ച സമൂഹസ്നേഹിയും സൂക്ഷ്മദൃക്കായ ഗവേഷകനും കൂടിയായിരുന്നു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും കാലത്തെ സൗകര്യങ്ങളും സാഹചര്യങ്ങളുമല്ല ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. അന്ന് അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാധ്യമലോകത്തെ സാങ്കേതികമായ ഔന്നത്യങ്ങളിലെത്തിച്ചിരിക്കുന്നു. എന്നാല്‍, മാധ്യമ മൂല്യങ്ങളുടെ കാര്യമെടുത്താലോ? ആ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോ? ആ ചോദ്യം ഞാന്‍ നിങ്ങള്‍ക്കു വിടുന്നു.
‘ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’ എന്നും ‘ഈശ്വരന്‍ തെറ്റുചെയ്താലും ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്യും’ എന്നും ഒക്കെ പ്രഖ്യാപിച്ചുകൊണ്ട് പത്രരംഗത്തേക്ക് കടന്നുവന്ന മഹത്തുക്കളുടെ പാരമ്പര്യമുള്ള നാടാണ് കേരളം. അങ്ങനെയുള്ള ദീപ്തവ്യക്തിത്വങ്ങളുടെ സ്മരണ സ്പന്ദിച്ചുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഈ പുരസ്കാരം മലയാള മനോരമ ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ. തോമസ് ജേക്കബിന് സമര്‍പ്പിക്കുന്നത്. സ്വദേശാഭിമാനിയുടെയും കേസരിയുടെയും ഓര്‍മകള്‍ ചേര്‍ന്നുനില്‍ക്കുന്ന പുരസ്കാരമായതുകൊണ്ടാണ് ഈ അന്തരീക്ഷത്തില്‍ അവരുടെ സ്മരണകള്‍ തുടിച്ചുനില്‍ക്കുന്നു എന്നു ഞാന്‍ പറയുന്നത്.

മാധ്യമരംഗത്ത് സ്വാതന്ത്ര്യത്തിനുശേഷമുള്ള ഘട്ടത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ വന്നു. മാധ്യമ നടത്തിപ്പ് ദേശസേവനമായിരുന്നത് ബിസിനസ് എന്ന നിലയിലേക്കു മാറി. പത്രപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനമായിരുന്ന ഘട്ടത്തില്‍നിന്ന് ഒരു പ്രൊഫഷനായോ കരിയറായോ മാറി. പത്ര അച്ചടി കല്ലച്ചില്‍നിന്ന് ഫാക്സിമിലി സമ്പ്രദായത്തിലേക്കു മാറി.

ഇങ്ങനെയൊക്കെയുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടായ കാലത്തും പത്രപ്രവര്‍ത്തനത്തെ മഹനീയമായ ഒരു സേവനരംഗമായി കരുതുന്നവരുണ്ട്. അതിനുവേണ്ടി ജീവിതം ഏതാണ്ട് അപ്പാടെ നീക്കിവെച്ചവരുണ്ട്. സ്വന്തം പ്രയത്നത്തിലൂടെ സ്വന്തം പത്രത്തെയും നാടിനെയും പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്.

അങ്ങനെയുള്ളവരെ കണ്ടെത്തി ആദരിക്കുന്നതിനുവേണ്ടിയാണ് കേരള സര്‍ക്കാര്‍ സ്വദേശാഭിമാനി-കേസരി പുരസ്കാരം ഏര്‍പ്പെടുത്തിയത്. പത്രപ്രവര്‍ത്തനരംഗത്തെ ഉന്നതമായ മൂല്യങ്ങളെ അംഗീകരിക്കുന്നതിന് ഇത് എളിയ തോതിലെങ്കിലും പ്രയോജനപ്പെടട്ടെ.

പത്രാധിപډാരുടെ താല്‍പര്യവും പത്ര ഉടമകളുടെ താല്‍പര്യവും തമ്മില്‍ വൈരുദ്ധ്യമുണ്ടാകാതെ വരുമ്പോള്‍ മാത്രമേ മാതൃകാപരമായ പത്രപ്രവര്‍ത്തനം സാധ്യമാകൂ. ഒരു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉണ്ടാകണമെങ്കില്‍ നിര്‍ഭയമായും നിഷ്പക്ഷമായും സ്വതന്ത്രമായും പത്രപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കുന്ന ഒരു വക്കം മൗലവി ഉണ്ടാകണം. വക്കം മൗലവിയുടെ അഭാവത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഇല്ല. ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ടാണ് മാധ്യമരംഗത്ത് സഹകരണാത്മകമായ കൂട്ടായ്മകള്‍ കൂടുതലായി ഉണ്ടായിവരുന്നത്. മൂലധനവും പത്രധര്‍മ്മവും തമ്മിലുള്ള സംഘര്‍ഷം താരതമ്യേന കുറയ്ക്കുന്നതിന് സഹകരണ അടിസ്ഥാനത്തിലുള്ള പത്ര മാധ്യമ സംരംഭങ്ങളുടെ ഉദയം തീര്‍ച്ചയായും പ്രയോജനപ്പെടും.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇന്ന് കാണുന്നത് മാധ്യമരംഗത്തെ ചെറുഗ്രൂപ്പുകള്‍ പോലും അപ്രത്യക്ഷമാകുന്നതും വന്‍കിട കോര്‍പ്പറേറ്റുകള്‍ മാധ്യമമേഖലയെ ആകെ കൈയ്യടക്കുന്നതുമാണ്. പുതിയ കേന്ദ്ര ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ തികയുന്നതിനു മുമ്പാണ് പതിനെട്ടോളം പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ ഈ രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയായ മുകേഷ് അംബാനിയുടെ കോര്‍പ്പറേറ്റ് ഉടമസ്ഥതയ്ക്ക് കീഴിലായത്. തനതു ഭാഷാ സാംസ്കാരിക സ്വഭാവങ്ങളുള്ളവയാണ് ഇങ്ങനെ കോര്‍പ്പറേറ്റ്വല്‍ക്കരിക്കപ്പെട്ടത്
എന്നത് ഓര്‍മിക്കണം. ഓരോ സംസ്ഥാനത്തിന്‍റെയും സാംസ്ക്കാരിക തനിമ പോലും ഇല്ലായ്മ ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇത്തരം പ്രവണതകള്‍ കൊണ്ട് ഉണ്ടാകുന്നത്. സാംസ്കാരികതയ്ക്കെതിരായ ഇത്തരം കോര്‍പ്പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം എന്ന് അഭ്യര്‍ഥിക്കട്ടെ.

കേരളത്തില്‍ നൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള പത്രമാധ്യമങ്ങള്‍ ഉണ്ട് എന്നത് നമ്മളുടെ അഭിമാനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്‍റെയും തനതു സ്വഭാവങ്ങള്‍ പരിരക്ഷിച്ച് ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധവെക്കണമെന്നു കൂടി പറയുവാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

സോഷ്യല്‍ മീഡിയയുടെ വലിയ മലവെള്ളപ്പാച്ചില്‍ തന്നെയുള്ള ഒരു കാലമാണിത്. ഇങ്ങനെയൊരു കാലത്ത് പത്രപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാവുന്നുണ്ട്.

സോഷ്യല്‍ മീഡിയയ്ക്ക് ഒരു എഡിറ്ററില്ല. പ്രത്യേകിച്ച് ആര്‍ക്കെങ്കിലും ഉത്തരവാദിത്വവുമില്ല. വളരെ സെന്‍സേഷണലായി കാര്യങ്ങളെ കൊണ്ടുപോകാം. രണ്ടാമതൊന്ന് പരിശോധിക്കാതെ ഏതു വാര്‍ത്തയും കൊടുക്കാം. ഇങ്ങനെയുള്ള സോഷ്യല്‍ മീഡിയയോടാണ് ആധുനിക കാലത്ത് പത്രങ്ങള്‍ക്ക് മത്സരിക്കേണ്ടിവരുന്നത്. ഈ മത്സരം ഏല്‍പിക്കുന്ന കടുത്ത സമ്മര്‍ദമുണ്ട്. ആ സമ്മര്‍ദ്ദത്തെ അതിജീവിച്ചുവേണം പത്രങ്ങള്‍ക്ക് മുമ്പോട്ടുപോകാന്‍.

സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ എന്തുകൊണ്ട് പ്രിന്‍റ് മീഡിയയിലില്ല എന്ന ചോദ്യം വരും. സോഷ്യല്‍ മീഡിയയിലുള്ള സെന്‍സേഷണല്‍ വിശദാംശങ്ങളിലില്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യം വരും. ഇവയ്ക്കൊക്കെ പ്രിന്‍റ് മീഡിയയുടെ പത്രാധിപര്‍ ഉത്തരം കണ്ടെത്തണം. അത് എളുപ്പമുള്ള കാര്യമല്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമെടുത്ത് ജനങ്ങള്‍ക്ക് വീതിച്ചുനല്‍കിക്കൂടേ എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ക്ക് ചോദിക്കാം. അങ്ങനെ ചോദിച്ചെന്നു കരുതി സോഷ്യല്‍ മീഡിയയോട് ആരും കയര്‍ക്കില്ല. എന്നാല്‍, ഉത്തരവാദിത്വമുള്ള ഒരു പത്രത്തിന് അങ്ങനെ ചോദിക്കാന്‍ പറ്റുമോ? ഇല്ല. അതേസമയം സോഷ്യല്‍ മീഡിയ മുമ്പോട്ടുവെച്ച പുതിയ ഈ ആശയം പോലൊന്ന് നിങ്ങള്‍ എന്തുകൊണ്ട് മുന്നോട്ടുവെക്കുന്നില്ല എന്ന ചോദ്യം പത്രത്തിന്‍റെ പത്രാധിപര്‍ക്ക് നേരിടേണ്ടിവരികയും ചെയ്യും. ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മത്സരത്തിന്‍റെ സ്വഭാവം.

സോഷ്യല്‍ മീഡിയക്ക് ഒരു അജ്ഞാതകര്‍തൃത്വ സ്വഭാവമുണ്ട്. എഴുതിയത് ആരാണെന്ന്, പറഞ്ഞ കാര്യത്തിന്‍റെ ഉത്തരവാദിത്വമാര്‍ക്കാണെന്ന് വ്യക്തമാക്കിക്കൊള്ളണമെന്നില്ല. എന്നാല്‍, പത്രത്തിന്‍റെ കാര്യം അതല്ല. എഴുതിയതിന്‍റെ ഉത്തരവാദിത്വം
വഹിച്ചേ പറ്റൂ. ഈ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുതന്നെ ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലാത്ത സോഷ്യല്‍ മീഡിയയോട് മത്സരിക്കണം. അങ്ങനെ മത്സരിച്ചുനില്‍ക്കുന്നതിന് മലയാള പത്രപ്രവര്‍ത്തനരംഗത്തെ പ്രാപ്തമാക്കിയ പ്രമുഖരിലൊരാളാണ് ശ്രീ. തോമസ് ജേക്കബ്. അദ്ദേഹം പത്രരംഗത്ത് പല നൂതന പ്രവണതകളും കൊണ്ടുവന്നു. ആധുനിക മലയാള പത്രത്തിന്‍റെ രൂപവും ഭാവവും എന്താവണമെന്നു നിശ്ചയിക്കുന്ന വിധത്തിലുള്ള വലിയ സ്വാധീനശക്തിയാവാന്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു. ഗൗരവമുള്ള ലേഖനങ്ങള്‍ക്കിടയില്‍ ലളിത വായനയ്ക്കുള്ള മിഡില്‍ പീസ് കൊടുക്കല്‍, പ്രത്യേക സ്വഭാവത്തിലുള്ള വാരാന്ത്യപ്പതിപ്പ്, പ്രത്യേക വിഷയം മുന്‍നിര്‍ത്തിയുള്ള പുള്‍ ഔട്ടുകള്‍, സാംസ്കാരിക നായകരെക്കൊണ്ട് സമകാലിക വിഷയത്തില്‍ പംക്തി എഴുതിക്കല്‍, കൗതുകമുള്ള ഉദ്ധരണികളോടെ ‘വാചകമേള’ പോലുള്ള പ്രത്യേക കോളങ്ങള്‍ ഉള്‍പ്പെടുത്തല്‍ അങ്ങനെ എന്തെല്ലാമെന്തെല്ലാം.

തോമസ് ജേക്കബ് ആവിഷ്കരിച്ചതു പലതും മറ്റു പത്രങ്ങള്‍ അനുകരിക്കുക പോലും ചെയ്തു എന്നതാണു സത്യം. പൂര്‍ണമായ അര്‍പ്പണബോധത്തോടെ, ഒപ്പം മൗലികമായ ഗവേഷണബുദ്ധിയോടെ നീങ്ങിയാല്‍ മാത്രമേ ഇങ്ങനെ പുതുപുത്തന്‍ ആശയങ്ങള്‍ കണ്ടെത്താനും അവ പ്രാവര്‍ത്തികമാക്കി പത്രത്തെ മത്സരസജ്ജമാക്കാനും കഴിയൂ. അത് സാധിച്ചു എന്നിടത്താണ് ശ്രീ. തോമസ് ജേക്കബിന്‍റെ വിജയം.

അരനൂറ്റാണ്ടിലേറെയായി മലയാള മനോരമയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്‍റെ ചുക്കാന്‍ പിടിക്കുകയാണദ്ദേഹം. പത്രങ്ങള്‍ക്ക് വ്യത്യസ്ത നിലപാടുകളുണ്ടാവും. രാഷ്ട്രീയ നിലപാടുകളുണ്ടാവും. എങ്കില്‍പോലും അതിന്‍റെ അതിര്‍വരമ്പുകളെ മറികടന്ന് പത്രത്തിലേക്ക് സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സ്വീകാര്യത ഒഴുക്കിയെടുക്കുന്നതില്‍ അദ്ദേഹം വലിയതോതില്‍ മാതൃകാപരമായ പങ്കുവഹിച്ചു. സ്വന്തം രാഷ്ട്രീയ നിലപാട് നിലനിര്‍ത്തിക്കൊണ്ടു തന്നെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്നു തങ്ങളുടെ പത്രം എന്ന പ്രതീതി സ്ഥാപിച്ചെടുക്കുന്ന വിധത്തിലായി അത്. ശ്രീ. തോമസ് ജേക്കബിന്‍റെ മൗലികമായ ഒരു പ്രവര്‍ത്തനരീതിയുടെ
ഫലമാണിത് എന്നു പറയണം.

അദ്ദേഹത്തിന്‍റെ കീഴില്‍ പരിശീലനം കഴിഞ്ഞിറങ്ങിയ എത്രയോ പേരുണ്ട്. പത്ര നവീകരണത്തിന് പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിലും പുതിയ പുതിയ വീക്ഷണകോണുകളില്‍ വാര്‍ത്തകളെ അവതരിപ്പിക്കുന്നതിലും പുതുതായി ഒരു സംഭവമുണ്ടായാലുടന്‍ അതിന്‍റെ പഴയ സാദൃശ്യങ്ങളെയും സമാനതകളെയും കണ്ടെത്തി അവതരിപ്പിക്കുന്നതിലും ഒക്കെ മികവുള്ളവരെ അദ്ദേഹം വാര്‍ത്തെടുത്തു. മനോരമയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടാത്തവര്‍ക്കുപോലും മനോരമയെ ഒഴിവാക്കാനാവില്ല എന്ന അവസ്ഥയിലേക്ക് അതിന്‍റെ സ്വീകാര്യത ഉയര്‍ത്തിയെടുക്കുന്നതില്‍ ശ്രീ. തോമസ് ജേക്കബ് സ്വന്തം ശൈലികൊണ്ടും സ്വന്തം നേതൃത്വത്തിലുള്ള പരിശീലന രീതികള്‍കൊണ്ടും വഹിച്ച പങ്ക് പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ സൂക്ഷ്മമായി പഠിക്കേണ്ടതാണ്.

മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും ഉള്‍പ്പെടുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാരം ശ്രീ. തോമസ് ജേക്കബിനു നല്‍കുന്നത്. കാര്‍ട്ടൂണിസ്റ്റാകാന്‍ വന്ന് പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ കഥയാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ 56 വര്‍ഷം തികയ്ക്കുന്ന ശ്രീ. തോമസ് ജേക്കബിന്‍റേത്. അദ്ദേഹം മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ പുരോഗതിക്കു നല്‍കിയ സംഭാവന വളരെ വിലയേറിയതാണ്. ഈ മേഖലയെ അന്തര്‍ദ്ദേശീയ നിലവാരത്തിലെത്തിച്ചവരില്‍ പ്രമുഖനായ അദ്ദേഹം മലയാളപത്രങ്ങള്‍ക്ക് സാങ്കേതികത്തികവുണ്ടാക്കുന്നതില്‍ നല്‍കിയ സംഭാവന നിസ്തുലമാണ്.

ശ്രീ. തോമസ് ജേക്കബിന്‍റെ പ്രൊഫഷണലിസം മനോരമയ്ക്കു മാത്രമല്ല മലയാള പത്രലോകത്തിനാകെ വിലപ്പെട്ടതായി. സ്വദേശാഭിമാനിയുടെയും കേസരിയുടെയും പേരിലുള്ള പുരസ്കാരത്തിന് തികച്ചും അര്‍ഹനാണ് അദ്ദേഹം. ഭൂതകാലത്തിന്‍റെ നډകള്‍ സ്വാംശീകരിച്ച് വര്‍ത്തമാനകാലത്തെ നവീകരിക്കുന്ന രീതിയാണദ്ദേഹത്തിന്‍റെത്. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള തോമസ് ജേക്കബ്ബിന്‍റെ ‘കഥക്കൂട്ട്’ എന്ന പംക്തി ഏറെ രസകരവും വിജ്ഞാനപ്രദവുമാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെ 2015ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം ശ്രീ. തോമസ് ജേക്കബിനു സന്തോഷപൂര്‍വം സമ്മാനിക്കുന്നു.