സാര്‍വ്വദേശീയ വനിതാദിനം

‘മാറ്റത്തിനുവേണ്ടി ധീരതയോടെ’ എന്നതാണ് ഇത്തവണ സാര്‍വ്വദേശീയ വനിതാദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യം. 1975ലാണല്ലോ മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്. സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെയാണ് മാര്‍ച്ച് 8 ഓര്‍മിപ്പിക്കുന്നത്. 1908ല്‍ തുണിവ്യവസായ
മേഖലയിലെ തൊഴിലാളികളായ സ്ത്രീകള്‍ മെച്ചപ്പെട്ട കൂലിക്കും വോട്ടവകാശത്തിനുംവേണ്ടി സമരം ചെയ്തു. അതിന്‍റെ സ്മരണാര്‍ത്ഥം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 1909 ഫെബ്രുവരി 28 വനിതാദിനമായി തീരുമാനിക്കുകയുണ്ടായി.

1910ല്‍ ലോകത്ത് ആദ്യമായി സാര്‍വ്വദേശീയ വനിതാസമ്മേളനം ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്നു. അക്കാലത്ത് സോഷ്യലിസ്റ്റും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുനേതാവുമായി മാറിയ ക്ലാരാസെത്കിന്‍ ആ സമ്മേളനത്തില്‍ സാര്‍വ്വദേശീയ വനിതാദിനമെന്ന ആശയം മുന്നോട്ടുവച്ചു. സ്ത്രീകള്‍ക്ക് തുല്യതയും വോട്ടവകാശവും എന്ന മുദ്രാവാക്യം ലോകവ്യാപകമായി ഏറ്റെടുക്കപ്പെട്ടു. ആസ്ട്രിയ, ഡെډാര്‍ക്ക്, ജര്‍മനി, സ്വിറ്റസര്‍ലന്‍റ് എന്നീ രാജ്യങ്ങള്‍ ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് 1911ല്‍
വനിതാദിനം ആചരിക്കുകയും ചെയ്തു. 1913ല്‍ റഷ്യയില്‍ വനിതാദിനം ആചരിച്ചു. 1914 മുതല്‍ മാര്‍ച്ച് 8 വനിതാദിനമായി കൂടുതല്‍ രാജ്യങ്ങള്‍ ആചരിക്കാന്‍ തുടങ്ങി. 1917ലെ ഒക്ടോബര്‍ വിപ്ലവത്തെത്തുടര്‍ന്ന് സോവിയറ്റ് യൂണിയനില്‍ വനിതാദിനം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ വിവിധ മുദ്രാവാക്യങ്ങളുമായി സാര്‍വ്വദേശീയദിനം ആചരിച്ചുവരുന്നു. ഓരോന്നും സ്ത്രീകളുടെ അവകാശവും വിമോചനവും ശാക്തീകരണവും ആയി ബന്ധപ്പെട്ടവയാണ്.

അതേസമയം, സാര്‍വ്വദേശീയതലത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകളെ ശാക്തീകരിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കണമെന്നതിലും വികസനപ്രക്രിയയില്‍ പങ്കാളിയാവാനുള്ള തുല്യഅവസരം നല്‍കണമെന്നതിലും ആരും വിയോജിക്കുന്നില്ല. എന്നാല്‍, സ്വാതന്ത്ര്യം അനുഭവിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല. അതാവട്ടെ, അടിച്ചമര്‍ത്തപ്പെട്ടവരെ സൃഷ്ടിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയുടെ സ്വഭാവമാണ്. എല്ലാത്തരം അസമത്വങ്ങളും വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ ആ വ്യവസ്ഥയ്ക്ക് മുന്നോട്ടുപോകാനാവൂ. ആകര്‍ഷകവും സ്വീകാര്യവുമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും പ്രായോഗികനയങ്ങളില്‍ മനുഷ്യാവകാശലംഘനവും മനുഷ്യത്വരാഹിത്യവും പുലര്‍ത്തുകയുമാണ് അതിന്‍റെ രീതി. അതാണ് മുതലാളിത്തം. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതിയ സ്ത്രീകളുടെ ചരിത്രമാണ്സാ ര്‍വ്വദേശീയവനിതാദിനം ഓര്‍മ്മിപ്പിക്കുന്നത്.

എന്നാല്‍, മുതലാളിത്തം യുദ്ധത്തെയും ഫാസിസത്തെയും വളര്‍ത്തുന്ന നയങ്ങളാണ് സ്വീകരിക്കുക. അതുകൊണ്ടുതന്നെ സ്ത്രീകളുടെ സമരചരിത്രം ചരിത്രമായിമാത്രം നിലനില്‍ക്കേണ്ടതല്ല. മറിച്ച്, അത് കൂടുതല്‍ ശക്തമായി വര്‍ത്തമാനകാലത്തേക്ക് വ്യാപിക്കേണ്ടതുണ്ട്. മുതലാളിത്തത്തിനെതിരായ പോരാട്ടമായി അത് സാര്‍വ്വദേശീയതലത്തില്‍ ശക്തി പ്രാപിക്കേണ്ടതുണ്ട്. അതാവട്ടെ മുതലാളിത്തത്തനെതിരായി നടക്കുന്ന തൊഴിലാളിവര്‍ഗപോരാട്ടവുമായി ഐക്യപ്പെടേണ്ടതുമുണ്ട്. കാരണം അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ മുഴുവന്‍ ജനവിഭാഗത്തിന്‍റെയും മോചനത്തിലൂടെ മാത്രമേ സ്ത്രീ വിമോചനം സാധ്യമാവൂ. അതേസമയം, തൊഴിലാളിവര്‍ഗത്തിന്‍റെ വിമോചനം, സ്ത്രീകളുള്‍പ്പെടെയുള്ള ചൂഷിതജനവിഭാഗത്തിന്‍റെ മോചനത്തോടെയേ യാഥാര്‍ത്ഥ്യമാവൂ. തൊഴിലാളിവര്‍ഗ പോരാട്ടവും സ്ത്രീവിമോചന ശ്രമങ്ങളും പരസ്പരപൂരകമാണ് എന്നര്‍ത്ഥം.

ലിംഗസമത്വം പൗരാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു ലിഖിതഭരണഘടന നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, വോട്ടവകാശത്തിലൊഴികെ മറ്റൊരു സാഹചര്യത്തിലും തുല്യത അനുഭവിക്കാന്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടു പിന്നിടുമ്പോഴും രാജ്യത്തെ സ്ത്രീ സാക്ഷരത 65.46 ശതമാനം മാത്രമാണ്. ആവശ്യമായ പരിചരണം കിട്ടാതെയും ആരോഗ്യപ്രശ്നങ്ങള്‍ കാരണവും പ്രസവിച്ചാലുടനെ മരണപ്പെട്ടുപോകുന്ന അമ്മമാരുടെ എണ്ണം നമ്മുടെ രാജ്യത്ത് ഒരുലക്ഷത്തിന് 212 ആണ്. 2011ലെ സെന്‍സസ് അനുസരിച്ച് ആണ്‍പെണ്‍ അനുപാതം 1000 പുരുഷډാര്‍ക്ക് 933 സ്ത്രീകള്‍ എന്നതാണ്. പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരുവര്‍ഷം 10,000 പെണ്‍കുട്ടികള്‍ പിറക്കാതെപോകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്താകെ നടക്കുന്ന ബാലവിവാഹത്തിന്‍റെ 40 ശതമാനവും നമ്മുടെ രാജ്യത്താണ്. രാജ്യത്തിന്‍റെ പൊതുസ്ഥിതി സ്ത്രീകള്‍ക്കനുകൂലമല്ല എന്നര്‍ത്ഥം.

അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. വീട്, തെരുവ്, തൊഴില്‍സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി ഒരിടത്തും സ്ത്രീക്ക് സുരക്ഷിതത്വമില്ല. സാഹചര്യം ഇത്രമാത്രം പ്രതികൂലമായിരിക്കുമ്പോഴും ഭരണഘടന പറയുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനല്ല, മറിച്ച് ഭരണഘടനയെ മാറ്റി സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടനയാവേണ്ടത് എന്ന് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധികള്‍ പരസ്യമായി പ്രസ്താവിക്കുകയാണ്. സ്ത്രീയെ മനുഷ്യവ്യക്തിയായി അംഗീകരിക്കാത്ത ഗ്രന്ഥമാണല്ലോ മനുസ്മൃതി.

പിതാവും ഭര്‍ത്താവും മകനും സംരക്ഷിക്കേണ്ട സ്ത്രീ എക്കാലത്തും സംരക്ഷണയില്‍ കഴിയേണ്ടവളാണെന്നും സ്വാതന്ത്ര്യം അനുഭവിക്കേണ്ടവളല്ലെന്നും മനുസ്മൃതി വ്യക്തമായി പറയുന്നുണ്ടല്ലോ. ഈ മനുസ്മൃതി ഭരണഘടനയായാല്‍ എന്താവും സംഭവിക്കുക? സതി തുടങ്ങിയ അനാചാരങ്ങള്‍ മടങ്ങിവരുന്ന അവസ്ഥയുണ്ടാവും. ദുരഭിമാനഹത്യയും ഖാപ് പഞ്ചായത്തുകളുടെ ശിക്ഷാവിധികളും നിലനില്‍ക്കുന്ന രാജ്യത്ത് ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് സ്ത്രീയുടെ പൗരാവകാശം സ്ഥാപിച്ചെടുക്കേണ്ട കടമ ഓരോ വ്യക്തിക്കുമുണ്ട്.

വര്‍ഗീയത രാജ്യത്ത് സ്ത്രീയുടെ ശത്രുവായി വളരുകയാണ്. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആത്യന്തികമായി സ്ത്രീ ജീവിതത്തെയും സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. മതചിഹ്നങ്ങള്‍ സ്ത്രീകളുടെമേല്‍ വ്യാപകമായി അടിച്ചേല്‍പിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മതത്തിന്‍റെ സ്വത്വം സ്ഥാപിച്ചെടുക്കാനായി സ്ത്രീയെ ഉപയോഗിക്കുകയാണ്. സ്ത്രീകള്‍ എത്ര തവണ പ്രസവിക്കണമെന്നും എപ്പോള്‍ മുലയൂട്ടണമെന്നും ഉള്‍പ്പെടെ തീരുമാനിക്കുന്നത് മതതീവ്രവാദികളാകുന്ന സ്ഥിതി ജനാധിപത്യസംവിധാനത്തിനു ചേര്‍ന്നതല്ല. സ്ത്രീയുടെ സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. അത് മനുഷ്യാവകാശമാണ്. അത് തിരിച്ചറിഞ്ഞുകൊണ്ടുവേണം സ്ത്രീശാക്തീകരണ-സ്ത്രീവിമോചനശ്രമങ്ങള്‍ നടക്കേണ്ടത്.

രാജ്യത്തിന്‍റെ പൊതുഅവസ്ഥയില്‍നിന്ന് വ്യത്യസ്തമാണ് കേരളം. സ്ത്രീസാക്ഷരതയിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സ്ത്രീകളുടെ ആരോഗ്യത്തിലും രാജ്യത്തിനു മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്ത് സ്ത്രീസാക്ഷരത 65.46 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 91.98 ശതമാനമാണ്. മാതൃമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനവും കേരളമാണ്. ഇവിടെ, പുരുഷډാരുടെ ആയുര്‍ദൈര്‍ഘ്യം 72 ആയിരിക്കുമ്പോള്‍ സ്ത്രീകളുടേത് 77 ആണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ജീവിതാവസ്ഥയില്‍ മെച്ചപ്പെട്ടനില പുലര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞത് സ്ത്രീകളുള്‍പ്പെടെ നടത്തിയ അവകാശസമരങ്ങളുടെകൂടി ഫലമായിട്ടാണ്.

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ ശ്രമം നടന്ന നവോത്ഥാനത്തിന്‍റെ നാടാണ് കേരളം. അധഃസ്ഥിതരുടെയും സ്ത്രീകളുടേയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ കൂടി ഫലമാണ് ആധുനിക കേരളം. നവോത്ഥാനകാലത്ത് തുടങ്ങിവച്ച ആ പോരാട്ടങ്ങളുടെ അന്തസത്ത തിരിച്ചറിഞ്ഞ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റാണ് പാവങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും കുടികിടപ്പവകാശത്തിനും അവസരമൊരുക്കിയത്. ആ നയങ്ങള്‍ കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചു. സ്വാഭാവികമായും സ്ത്രീകളുടെ ജീവിതാവസ്ഥയും മെച്ചപ്പെട്ടു. സ്ത്രീകളെ സവിശേഷമായി പരിഗണിക്കുന്ന നയസമീപനങ്ങള്‍ എക്കാലത്തും ഇടതുപക്ഷസര്‍ക്കാരുകള്‍ തുടര്‍ന്നുവന്നു. സ്ത്രീശാക്തീകരണവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമാക്കി രൂപീകരിച്ചതും ലോകത്തിനു മാതൃകയായി മാറിയതുമായ കുടുംബശ്രീ പ്രസ്ഥാനം ഒരുദാഹരണമാണ്.

സ്ത്രീകളുടെ പൊതുജീവിതാവസ്ഥ മെച്ചപ്പെട്ടതാണെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. രണ്ടാംതരം പൗരരായി സ്ത്രീകളെ കാണുന്ന അവസ്ഥ മാറണം. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിയണം. സുരക്ഷിതവും സമാധാനപരവുമായ ജീവിതം നയിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. അത് സ്ത്രീകളുടെ അവകാശമാണെന്ന ബോധം പൊതുസമൂഹത്തിന് ഉണ്ടാവണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് മുന്നോട്ടുപോകുന്നത്.

സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു രൂപീകരണം അന്തിമഘട്ടത്തിലാണ്. ലൈംഗിക കുറ്റവാളികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇവരുടെ വിവരങ്ങളടങ്ങുന്ന രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മൊത്തം പൊലീസ് സേനയില്‍ ആദ്യഘട്ടമായി സ്ത്രീകളുടെ പ്രാതിനിധ്യം 15 ശതമാനമാക്കി ഉയര്‍ത്തും. സ്ത്രീകളുടേതു മാത്രമുള്ള ഒരു ബറ്റാലിയന്‍ രൂപീകരിക്കുകയും ചെയ്യും. ഇവയടക്കം
സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.സ്ത്രീകളുടെ ജീവിതാവസ്ഥയും സാമൂഹ്യപദവിയും മെച്ചപ്പെടുത്തി, അവര്‍ക്ക് വികസനപ്രക്രിയയിലെ തുല്യപങ്കാളികളെന്ന അംഗീകാരം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, തെറ്റായ സാമ്പത്തികനയങ്ങളിലൂടെ ജനജീവിതത്തെ പൊതുവിലും അതിന്‍റെ ഭാഗമായി സ്ത്രീജീവിതത്തെ വിശേഷിച്ചും ദുരിതത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പാചകവാതകവില വര്‍ദ്ധനവുള്‍പ്പെടെ ആത്യന്തികമായി ബാധിക്കുന്നത് സ്ത്രീജീവിതത്തെയാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരായി പൊതുജനങ്ങളോടൊപ്പം സ്ത്രീകളും അണിനിരക്കണം. നവോത്ഥാനകാലത്തുനിന്നും ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട് കേരളം.

എന്നാല്‍, നവോത്ഥാനമൂല്യങ്ങളെ അട്ടിമറിക്കാനാണ് വര്‍ഗീയ-ജാതി-വിഭാഗീയ ചിന്താഗതിക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ ഇക്കാര്യത്തെ ഗൗരവത്തോടെ കാണണം. ജാഗ്രത പാലിക്കണം. നവകേരളമാവണം ലക്ഷ്യം. അതിന് നേതൃത്വപരമായ പങ്കുവഹിക്കാന്‍ സ്ത്രീകള്‍ക്കു കഴിയും. ഇക്കൊല്ലത്തെ സാര്‍വ്വദേശീയവനിതാദിനത്തിലെ ഐക്യരാഷ്ട്രസഭയുടെ മുദ്രാവാക്യമായ ‘മാറ്റത്തിനുവേണ്ടി ധീരതയോടെ’ എന്നത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു സാധിക്കണം.