സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗം

സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിവോടെയായിരിക്കണം സ്ത്രീ വിമോചനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര വനിതാ ദിനാചരണവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വോട്ടവകാശത്തിനുള്ള തുല്യത മറ്റ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം സംരക്ഷിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീയുടെ പൗരാവകാശം സ്ഥാപിച്ചെടുക്കേണ്ട കടമ ഓരോ വ്യക്തിക്കുമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വര്‍ഗീയത തങ്ങളുടെ ശത്രുവാണെന്ന് സ്ത്രീകള്‍ തിരിച്ചറിയണം. സമൂഹത്തിന് സ്ത്രീകളോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടാവേണ്ടതുണ്ട്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം സ്ത്രീയുടെ അവകാശമാണെന്ന ബോധം സമൂഹത്തിനുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക രംഗത്ത് നല്‍കിയ സംഭാവനയ്ക്ക് സൊലെസ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഷീബ അമീര്‍(അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്), മോഹിനിയാട്ടത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നര്‍ത്തകി കെ.എസ് ക്ഷേമാവതി (മൃണാളിനി സാരാഭായ് അവാര്‍ഡ്), നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ പ്രശസ്തയായ കെ ആര്‍ മീര(കമലാസുരയ്യാ അവാര്‍ഡ്), വൈദ്യ ശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയ ഡോ.സൈറു ഫിലിപ്പ്(മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്), ഫോറന്‍സിക് രംഗത്ത് മികച്ച സേവനം നല്‍കിയ ഡോ ഷേര്‍ളി വാസു(ജസ്റ്റിസ് ഫാത്തിമാ ബീവി അവാര്‍ഡ്), മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലീലാമേനോന്‍(ആനി തയ്യില്‍ അവാര്‍ഡ്), സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപകയുമായ എം പത്മിനി(ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്) എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിതാരത്‌നം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. വി എസ് ശിവകുമാര്‍ എം എല്‍ എ, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി. അനുപമ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ എസ് ഹരികിഷോര്‍, സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ എസ് സലീഖ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാമൂഹ്യനീതി വകുപ്പ് പുതുതായി പ്രസിദ്ധീകരിക്കുന്ന ത്രൈമാസ വാര്‍ത്താപത്രികയായ സുനീതി, സത്രീ ശാക്തീകരണം വിഷയമാക്കി പ്രശസ്ത സിനിമാ പിന്നണി ഗായിക സിതാര നിര്‍മ്മിച്ച എന്റെ ആകാശം എന്ന മ്യൂസിക്കല്‍ വീഡിയോ, കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ യാത്രാ വിവരണ പുസ്തകം എന്നിവയുടെ പ്രകാശനം ആരോഗ്യ-സാമൂഹ്യ നീതി മന്ത്രി നിര്‍വഹിച്ചു.