ഹരിത സാങ്കേതിക വിദ്യാ ശില്‍പശാല

ശാസ്ത്ര സാങ്കേതിക മികവ് വികസനത്തിന്‍റെ മാര്‍ഗ്ഗരേഖയായി കണക്കാക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ഏതു രാജ്യത്തിന്‍റെയും പുരോഗതിയുടെ മാനദണ്ഡം അവിടുത്തെ ശാസ്ത്രാവബോധവും മികവുമാണെന്ന് ആധുനികകാലം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ട നമ്മുടെ ശൂന്യാകാശ ദൗത്യങ്ങള്‍ നമ്മുടെ രാജ്യത്തിന്‍റെ യശസ്സ് വാനോളമുയര്‍ത്തുന്നു. അര്‍പ്പണബോധത്തോടെ നമ്മുടെ ശാസ്ത്രജ്ഞര്‍ എത്രയോ കാലമായി പ്രവര്‍ത്തിച്ചതിന്‍റെ നേര്‍ഫലമാണത്. നമുക്കെല്ലാം അതില്‍ അഭിമാനമുണ്ട്.

നമ്മുടെ സംസ്ഥാനവും ശാസ്ത്ര സാങ്കേതിക മികവില്‍ മുന്നിട്ടു നില്‍ക്കുന്നു എന്നതില്‍ നമുക്കഭിമാനിക്കാം. കഴിഞ്ഞ 29 വര്‍ഷമായി തുടര്‍ച്ചയായി മുടങ്ങാതെ ശാസ്ത്ര കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് നമ്മുടേത്. നമ്മുടെ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതുമാണ്.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും അവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ നടത്തി വരുന്നു. ഗവേഷണ വികസന ഫലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും അനുയോജ്യമായ വിദ്യകള്‍ പ്രാവര്‍ത്തികമാക്കുന്നതിനും കൗണ്‍സില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മുമ്പോട്ടുകൊണ്ടുപോകാനാണ് 63 കോടി രൂപ കൗണ്‍സിലിന് ഗ്രാന്‍റ് ഇന്‍ എയ്ഡായി ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. കൗണ്‍സില്‍ ആവശ്യപ്പെട്ടതുതന്നെ നല്‍കി. ഈ മേഖലയോടുള്ള സര്‍ക്കാരിന്‍റെ മനോഭാവം ഇതില്‍ പ്രകടമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്ന കാലത്ത് അവയെ തുരത്താന്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടതുണ്ട്. അതിനു പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. കൗണ്‍സിലും ആ വഴിക്ക് നീങ്ങണം.

അടിയന്തിര പ്രാധാന്യമുള്ള പല വിഷയങ്ങളിലും കൗണ്‍സിലിന്‍റെയും, അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ ഉണ്ടെന്നുള്ളതിന്‍റെ ഉദാഹരണമാണ് ഇന്നിവിടെ സംഘടിപ്പിച്ചിരിക്കുന്ന ഈ ശില്‍പശാല.

അധികാരം ഏറ്റെടുക്കുന്ന സമയത്ത് ഈ സര്‍ക്കാരിന്‍റെ മുന്നിലുണ്ടായിരുന്ന കടുത്ത വെല്ലുവിളിയായിരുന്നു മാലിന്യനിര്‍മാര്‍ജനം. നമുക്കു ചുറ്റും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍, രോഗാതുരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു എന്നു മാത്രമല്ല ടൂറിസം, ആരോഗ്യം, കാലാവസ്ഥ തുടങ്ങിയവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക കൂടി ചെയ്യുന്നു. ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്ന ഇവയ്ക്കെല്ലാം ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ പ്രാവര്‍ത്തികമാക്കുന്നത്.

ഇതിലൂടെ മാലിന്യനിര്‍മാര്‍ജനം മാത്രമല്ല, കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കല്‍ കൂടി ഉദ്ദേശിക്കുന്നു. അതിനായി ഹരിത സാങ്കേതിക വിദ്യകള്‍ കഴിയുന്നത്ര ഉപയോഗിക്കും. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത ഒരു ജനകീയ മുന്നേറ്റമാണ് ഹരിതകേരളം മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ മാലിന്യ നിര്‍മാര്‍ജനത്തിനു പുറമേ ജൈവകൃഷി, വീട്ടുവളപ്പിലെ പച്ചക്കറികൃഷി, ജൈവ കീടനാശിനികളുടെ ഉപയോഗം, വന-ജല സമ്പത്തുക്കളുടെ സംരക്ഷണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റെല്ലാ മേഖലകളിലേയ്ക്കും ഹരിത സാങ്കേതിക വിദ്യകള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

നാമോരോരുത്തരും മനസ്സു വെച്ചാല്‍ ഹരിതകേരളം എന്നത് കേവലം മാസങ്ങള്‍ കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന ഒരു ദൗത്യമാണ്. ഇതിനെ ദുഷ്ക്കരമായ ഏതോ വെല്ലുവിളിയായി കാണേണ്ട കാര്യമില്ല, മറിച്ച് ഒരുമിച്ചുനിന്ന് വളരെ വേഗത്തില്‍ സാധ്യമാക്കാവുന്ന ഒന്നായേ കാണേണ്ടതുള്ളു.

ജനകീയാസൂത്രണം പോലെ ലോകരാജ്യങ്ങള്‍ നാളെ പഠനവിഷയമാക്കേണ്ടതും, അവര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ ഭാവിയില്‍ പ്രേരകമാകേണ്ടതുമായ ഒരു മാതൃകയായി ഇതു മാറണം. അതുപോലെ നാമോരോരുത്തരും ജീവിതത്തിന്‍റെ ഭാഗമായി ഈ ദൗത്യത്തെ ഉള്‍ക്കൊള്ളണം.

കേരളീയരുടെ വ്യക്തിശുചിത്വവും, കാര്‍ഷിക സംസ്കൃതിയുമെല്ലാം തന്നെ നമ്മുടെ ജലസമൃദ്ധിയില്‍ അധിഷ്ഠിതമായിരുന്നു. കൃത്യമായി ലഭിച്ചിരുന്ന മഴയുടെ ലഭ്യതയില്‍ വന്ന വ്യതിയാനവും, ജലാശയങ്ങളുടെ മലിനീകരണവും, മണ്ണില്‍ താഴാതെ പോകുന്ന മഴവെള്ളവും എല്ലാം ചേര്‍ന്ന് കുടിവെള്ളം പോലും വിലയ്ക്കു വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് ഇന്ന് നമ്മള്‍ എത്തിയിരിക്കുന്നു. അതിന്
നാമോരോരുത്തരും ഉത്തരവാദികളാണ്. ഇതിനെല്ലാം വിരാമമിടാനും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കൂട്ടായ്മ.

കൃഷി, വ്യവസായം, വനം, ജലം, പരിസ്ഥിതി തുടങ്ങി വിവിധ വകുപ്പുകളുടേയും, കൗണ്‍സിലിന്‍റെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടേയും, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട് തുടങ്ങിയ ശാസ്ത്ര ഗവേഷണ വികസന കേന്ദ്രങ്ങളുടേയും, ജനങ്ങളുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുടേയും യുക്തിപൂര്‍വ്വമായ ഏകോപനത്തിലൂടെ മാത്രമേ നമുക്കീ ലക്ഷ്യം കൈവരിക്കാനാകൂ.

പഞ്ചായത്തുതലത്തില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഹരിതസാങ്കേതികവിദ്യാ കേന്ദ്രങ്ങള്‍ ഇത്തരത്തിലുള്ള ഏകോപനങ്ങള്‍ക്ക് വേദിയാകും. സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളും വിവിധ വകുപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകും. ഇവയ്ക്കെല്ലാം സംസ്ഥാന തലത്തില്‍ ഹരിതകേരളം മിഷന്‍ നേതൃത്വം നല്‍കുകയും ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും. ഉത്തരവാദിത്വബോധത്തോടും പൗരബോധത്തോടും കൂടി ഓരോരുത്തരും പ്രവര്‍ത്തിക്കണം. നല്ലൊരു നാളേയ്ക്കായി കരുതലോടെ നമുക്കൊരുമിച്ച് മുന്നേറാം.

ഹരിതകേരളം മിഷനുമായി ചേര്‍ന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ ഹരിതസാങ്കേതികവിദ്യാ ശില്‍പശാല ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.
നന്ദി.