ഇടമലക്കുടി സമഗ്രവികസനത്തിന് സത്വര നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2012-13, 2013-14 കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഇടമലക്കുടി പാക്കേജ് ലക്ഷ്യം കാണുകയോ, പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. 250 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആകെ 103 വീട് മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. 14 കി.മീ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. പാക്കേജിന്റെ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം നാല് കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.

ഇടമലക്കുടി പഞ്ചായത്തില്‍ തന്നെ പഞ്ചായത്ത് ആസ്ഥാനം പണികഴിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സൊസൈറ്റിക്കടുത്ത് പ്രാദേശിക ആരോഗ്യ കേന്ദ്രവും ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേര്‍സും സ്ഥിരം മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഭവന നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കും. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടി വിദ്യാസമ്പന്നരായ തദ്ദേശീയരായ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരെ ടീച്ചര്‍മാരായി നിയമിക്കും. എം.ആര്‍.എസ് മാതൃകയില്‍ റസിഡന്‍ഷ്യല്‍ പഠന സമ്പ്രദായം ആവിഷ്‌കരിക്കും. കുടിവെളളത്തിന് തദ്ദേശീയമായ ജലസ്രോതസ്സ് ഉപയോഗപ്പെടുത്തിയും ചെക്ക് ഡാം പണിതും പദ്ധതികള്‍ നടപ്പിലാക്കും. കല്ല് പാകിയുളള പാത നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാനുളള നടപടി സ്വീകരിക്കും. പാരമ്പര്യമായ കൃഷി രീതികള്‍ ചെയ്യുന്നതിന് ആവശ്യാമായ പ്രോത്സാഹനം നല്‍കും. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇടത്തട്ട് ചൂഷണം അവസാനിപ്പിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാ കുടിലുകളിലും വൈദ്യുതി എത്തിക്കുന്നതിനുളള നടപടി സ്വീകരിക്കും. റേഷന്‍ സംവിധാനം മെച്ചപ്പെടുത്തും. ദേവികുളം സബ് കളക്ടറെ ഇടമലക്കുടി പാക്കേജിന്റെ പദ്ധതി നിര്‍വഹണത്തിന് നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍, വനം വകുപ്പ് മന്ത്രി കെ. രാജു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എ.ഡി.ജി.പി ബി.സന്ധ്യ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.