സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവതീയുവാക്കള്‍ക്കായി വര്‍ഷംതോറും സ്വാമി വിവേകാനന്ദന്‍റെ നാമധേയത്തിലുള്ള പുരസ്കാരങ്ങള്‍ നല്‍കിവരുന്നു. ആ പരമ്പരയിലെ നാലാമത്തെ സംസ്ഥാനതല യുവപ്രതിഭാ അവാര്‍ഡാണ് ഇന്ന് ഇവിടെവെച്ച് നല്‍കുന്നത്. ചെറുപ്പത്തില്‍ ലഭിക്കുന്ന അംഗീകാരം കൂടുതല്‍ കര്‍മനിരതരാവാന്‍ വേണ്ട
കരുത്തും പ്രചോദനവും നല്‍കും. ആ നിലയ്ക്കാവട്ടെ ഈ പുരസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുന്നത് എന്നു സ്നേഹപൂര്‍വം ഞാന്‍ ആശംസിക്കുന്നു.

കൃഷി, സാമൂഹ്യപ്രവര്‍ത്തനം, കല, കായികം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രതിഭകളായിട്ടുള്ളവരാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. ഓരോ മേഖലകളിലും കഴിവ് തെളിയിച്ച ജൂറിയാണ് ഇവരെ തെരഞ്ഞെടുത്തിട്ടുള്ളത്. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമാണ് ഓരോ മേഖലയിലേയും അവാര്‍ഡിലുള്ളത്. ഇതുകൂടാതെ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപയുടെ അവാര്‍ഡും നല്‍കിവരുന്നു. യുവതലമുറയെക്കുറിച്ചുള്ള കരുതലിന്‍റെ പ്രതിഫലനമാണ് ഈ അവാര്‍ഡുകളിലുള്ളത്. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ കഴിവ് തെളിയിക്കുന്നവര്‍ക്കായി അവാര്‍ഡ് നല്‍കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളുമുണ്ട്.

എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്തമായി ഈ യുവപ്രതിഭാ അവാര്‍ഡിന് വലിയ ഒരു പ്രത്യേകതയുണ്ട്. അത് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ യുവതീയുവാക്കളെ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്‍റെ പേരിലുള്ളതാണ് എന്നതാണ്. കര്‍മ്മരാഹിത്യത്തില്‍നിന്നു കര്‍മോത്സുകതയിലേക്കുയരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതസന്ദേശം. ലക്ഷ്യത്തിലെത്തും വരെ വിശ്രമം വേണ്ട എന്ന് അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ഈ സന്ദേശം ഉള്‍ക്കൊണ്ട് പുതിയ കാലത്തെയും പുതിയ ലോകത്തെയും സൃഷ്ടിക്കേണ്ടവരാണ് യുവാക്കള്‍. ഈ സന്ദേശമാണ് വിവേകാനന്ദ യുവപ്രതിഭാ അവാര്‍ഡ് അത് ഏറ്റുവാങ്ങുന്നവര്‍ക്കും അവരിലൂടെ യുവസമൂഹത്തിനാകെത്തന്നെയും നല്‍കുന്നത്.

എന്തായിരിക്കണം ലക്ഷ്യം? നാടിന്‍റെ ഉല്‍ക്കര്‍ഷം, ജനമനസ്സുകളുടെ ഒരുമ- ഇതൊക്കെയായിരിക്കണം ലക്ഷ്യം. ഇതു സാധ്യമാക്കണമെങ്കിലോ; ഭിന്നതകളും വൈരുദ്ധ്യങ്ങളുമുണ്ടെങ്കില്‍ അതുപോലും മറന്ന് മനസ്സുകൊണ്ട് ഒന്നിക്കണം. അതു ചെയ്യുന്നതിനുപകരം ഇല്ലാത്ത വൈരുധ്യങ്ങള്‍പോലും കുത്തിപ്പൊക്കി ഭിന്നതയുണ്ടാക്കാനും വിദ്വേഷം പടര്‍ത്താനും അങ്ങനെ സമൂഹത്തെ കലുഷമാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താനും വര്‍ഗീയ ഛിദ്രശക്തികള്‍ ശ്രമിക്കുന്നു. ഇതിനെതിരായി ജാഗ്രത പാലിക്കുകയും ജനങ്ങളെ ചേരിതിരിച്ച് അകറ്റുന്ന വര്‍ഗീയ വിധ്വംസക ശക്തികളെ ചെറുക്കുകയും ചെയ്യുക എന്നതാണ് ഈ കാലത്തിന്‍റെ ആവശ്യം. ഈ ആവശ്യത്തിനൊത്ത് യുവാക്കള്‍ ഉണരണം.

സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് അര്‍ഹരായവരെ കണ്ടെത്തി അവാര്‍ഡ് നല്‍കുമ്പോള്‍, അതില്‍ ചെയ്ത കാര്യങ്ങള്‍ക്കുള്ള അംഗീകാരം മാത്രമല്ല ഇനി ചെയ്യേണ്ടതു സംബന്ധിച്ച അഭ്യര്‍ത്ഥന കൂടിയുണ്ട്. നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കണമെന്നതാണ് ആ അഭ്യര്‍ത്ഥന.

സിനിമയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിനുള്ള പ്രാധാന്യം തന്നെയാണ് യുവപ്രതിഭകള്‍ക്കായി യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന അവാര്‍ഡിനും ഞങ്ങള്‍ നല്‍കുന്നത്. യുവാക്കളാണ് സമൂഹത്തിന്‍റെ ഏറ്റവും ചൈതന്യവത്തായ ഘടകം. നമ്മുടെ രാജ്യത്ത് 50 ശതമാനത്തിലധികം യുവജനങ്ങളാണ്. അതുകൊണ്ടുതന്നെ യുവജനങ്ങളുടെ പരമാവധി ഊര്‍ജം നാടിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതും മാതൃകയാക്കേണ്ടതുമായ യുവ വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ അതിനു സഹായകരമാകും. ഏറ്റവും ഉചിതമായ പേരാണ് യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിനുള്ളത്.

വിവേകാനന്ദ യുവ പ്രതിഭാ അവാര്‍ഡ്. വിവേകാനന്ദന്‍റെ ജډദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്. യുവത്വത്തിന്‍റെ ശക്തിയിലും സര്‍ഗ്ഗാത്മകതയിലും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ധീരതയുടെയും സാഹസികതയുടെയും വഴിയേ യുവത്വം സഞ്ചരിക്കണമെന്ന് വിവേകാനന്ദന്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്‍റെ സാഫല്യത്തിനുവേണ്ടിയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടത്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിന് പ്രത്യേക പ്രസക്തിയുണ്ട്. രാജ്യത്തെ നാട്ടിന്‍പുറങ്ങളിലെ മുതല്‍ സര്‍വ്വകലാശാലകളിലെ വരെ അസ്വസ്ഥതകളെക്കുറിച്ച് ആലോചിക്കുക. ജാതീയതയും വര്‍ഗീയതയും ഭീകരമാംവിധം ജനമനസ്സിന്‍റെ ഒരുമയെ ഛിദ്രീകരിക്കുന്നു. ഒറ്റക്കെട്ടായി നില്‍ക്കേണ്ട യുവതലമുറയെ ജാതി പറഞ്ഞും മതം പറഞ്ഞും ഭിന്നിപ്പിക്കുന്നു. തൊഴിലില്ലായ്മ, ദാരിദ്രം, പട്ടിണി തുടങ്ങിയ അടിസ്ഥാന ജീവിതപ്രശ്നങ്ങളില്‍ പ്രതികരിക്കേണ്ട യുവത്വത്തെ അതില്‍ ശ്രദ്ധപതിയാത്ത വിധം മറ്റു പലതിലേക്കും വഴിതിരിച്ചുവിടുന്നു. മദ്യവും മയക്കുമരുന്നും നല്‍കി മയക്കിക്കിടത്താന്‍ നോക്കുന്നു.

അതല്ലെങ്കില്‍ ജാതി-വര്‍ഗീയ വിദ്വേഷം പടര്‍ത്തി തമ്മില്‍ തമ്മില്‍ പൊരുതി നശിക്കാന്‍ പോരുംവിധം വഴിതിരിച്ചുവിടുന്നു. ഇവിടെയാണ് സാഹസികരാകുവാനുള്ള വിവേകാനന്ദ സൂക്തത്തിനു പ്രസക്തി വര്‍ധിക്കുന്നത്.

‘ഓരോ ജീവിയിലും ഈശ്വരനുണ്ട്. ആ ഈശ്വരനെ കാണാന്‍ കഴിയാത്ത നിങ്ങള്‍ ഈശ്വരനെ എവിടെയാണു തേടുന്നത്’ എന്ന് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ചോദിച്ചു. മഹാകവി ഉള്ളൂര്‍ ഒരു കവിതയില്‍ ഇതേ ആശയം പകര്‍ന്നുവെച്ചിട്ടുണ്ട്.

‘അടുത്തു നില്‍പ്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോന് അരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം?’ എന്ന്. സഹജീവികളെ സ്നേഹിക്കാത്തവര്‍ ഈശ്വരനെ തേടിയിറങ്ങിയിട്ടെന്തു കാര്യം എന്നു സാരം. ഈശ്വരന്‍റെ പേരില്‍ മനുഷ്യരെ കുരുതികൊടുക്കുന്ന കാലത്ത് വിവേകാനന്ദ സൂക്തത്തിന് എങ്ങനെ പ്രസക്തി വര്‍ദ്ധിക്കാതിരിക്കും. കപട ആത്മീയതയുടെ വര്‍ഗീയ വിദ്വേഷകാലത്ത് സ്വാമി വിവേകാനന്ദന്‍റെ സ്നേഹസന്ദേശം കൂടുതല്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

വിവിധ മതങ്ങള്‍ പഠിച്ചാല്‍ അതിന്‍റെയെല്ലാം സത്ത ഒന്നാണ് എന്നു കാണാനാവും എന്നു പഠിപ്പിച്ച വിവേകാനന്ദന്‍റെ പൈതൃകം വര്‍ഗീയ വിധ്വംസക ശക്തികള്‍ക്ക് അവകാശപ്പെട്ടതല്ല, മറിച്ച് സാമൂഹ്യ പുരോഗതിയുടെയും സൗഹാര്‍ദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.

ഭഅി്യവേശിഴ വേമേ ാമസലെ ്യീൗ ംലമസ ശിലേഹഹലരൗമേഹഹ്യ, ൃലഷലരേ ശേ മെ ുീശീി’െ എന്നതാണ് ഒരു വിവേകാനന്ദ സൂക്തം. ബൗദ്ധികമായി നിങ്ങളെ ദുര്‍ബലപ്പെടുത്തുന്നതെന്തോ അതിനെ വിഷം പോലെ വര്‍ജിക്കണം എന്നര്‍ത്ഥം. വര്‍ഗീയതയോട് കൈക്കൊള്ളേണ്ട സമീപനം ഇതിലുണ്ട്. വിഷംപോലെ അതിനെ വര്‍ജിക്കണം.

ധനികരെ കൂടുതല്‍ ധനികരും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരുമാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചിലര്‍. ശാസ്ത്രീയതയിലും മതേതരത്വത്തിലും മാനവികതയിലും പടുത്തുയര്‍ത്തിയ നമ്മുടെ
സാമൂഹ്യജീവിതത്തിന്‍റെ അടിത്തറ തകര്‍ക്കുകയാണ് ചിലര്‍. ദളിതനും ന്യൂനപക്ഷത്തിനുമിടമില്ലാത്ത സവര്‍ണ്ണരാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. അതുകൊണ്ടാണ് മതനിരപേക്ഷതയും ശാസ്ത്രബോധവും ജനാധിപത്യമൂല്യങ്ങളും പ്രചരിപ്പിച്ച നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഡോ. എം എം കല്‍ബുര്‍ഗി എന്നിവരെയെല്ലാം ക്രൂരമായി കൊല ചെയ്തത്. അതുകൊണ്ടാണ് അമീര്‍ഖാനും, ഷാരൂഖാനും, എം ടി വാസുദേവന്‍നായരും, കമലും, രജനീകാന്തും, പെരുമാള്‍ മുരുകനും എം എം ബഷീറുമെല്ലാം ഭീഷണികള്‍ നേരിടുന്നത്.

ചിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ പറ്റിയും സര്‍വ്വമത ചിന്തകള്‍ക്ക് അംഗീകാരം നല്‍കിയ തന്‍റെ നാടിനെപ്പറ്റിയും വിവേകാനന്ദന്‍ വിശദീകരിച്ചു. മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ രൂക്ഷമായി എതിര്‍ത്തു. സങ്കുചിതമായ ദേശീയബോധത്തെ വിമര്‍ശിച്ചു.

ഇന്ത്യക്കാര്‍ക്ക് ഉടന്‍ വേണ്ടത് മതമല്ല; ആഹാരമാണ്چഎന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്‍റെ ഈ നിലപാട് സംഘപരിവാറിന് എങ്ങനെ സ്വീകാര്യമാവാന്‍! ഇന്ത്യന്‍ ദേശീയത ആധുനിക കാലത്ത് രൂപപ്പെട്ട മൂല്യമാണ്. അതിനു കാരണമായത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാമ്രാജ്യത്വവിരുദ്ധ ദേശീയ സമരമാണ്. ആ സമരം രൂപപ്പെട്ടു വരുംവരെ പ്രവിശ്യകള്‍, നാട്ടുരാജ്യങ്ങള്‍ എന്നിവയ്ക്കപ്പുറം ദേശീയത എന്ന ഇന്നത്തെപ്പോലെയുള്ള ഒരു സങ്കല്‍പം വികസിച്ചുവന്നിരുന്നില്ല എന്നതായിരുന്നു സത്യം. എല്ലാ മതത്തിലുംപെട്ടവരും ഒരു മതത്തിലും പെടാത്തവരും ഒരുമിച്ച് നടത്തിയ മഹാസമരമാണത്. ഇന്ത്യന്‍ ദേശീയത എന്നത് നാനാത്വത്തിലെ ഏകത്വമാണ്. നാനാത്വം എന്നത് ജാതി, മത, ഭാഷാ, സാംസ്കാരിക മൂല്യങ്ങളുടെ വൈവിധ്യമാണ്.

വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ നമ്മളൊന്ന് എന്ന് ചിന്തിക്കാന്‍ നമുക്ക് കഴിയണം. ആ ചിന്തയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ കഴിയണം. ആ പോരാട്ടത്തില്‍ മുമ്പില്‍ നില്‍ക്കേണ്ടവര്‍ യുവാക്കളാണ്.

വൈവിധ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഉണ്ടാക്കുന്ന ഏകത്വം വേണ്ട. ദേശീയതയുടെ കുത്തകാവകാശമെടുത്ത മട്ടില്‍ ഏകശിലാ രൂപത്തിലുള്ള മതാധിഷ്ഠിത സംസ്കാരം ഉണ്ടാക്കാന്‍ ചിലര്‍ രംഗത്തുണ്ട്. തങ്ങള്‍ക്കിഷ്ടമല്ലാത്തവരെയെല്ലാം അവര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. പെട്രോളിന് വില കൂട്ടിയാല്‍ പ്രതികരിക്കാന്‍ പാടില്ല, പാചകവാതകത്തിന് വിലകൂട്ടിയാല്‍ പ്രതികരിക്കാന്‍ പാടില്ല, കറന്‍സി നിരോധിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയാല്‍ പ്രതികരിക്കാന്‍ പാടില്ല, കേന്ദ്ര സര്‍ക്കാരിനെതിരായി ശബ്ദിക്കാന്‍ പാടില്ല.

ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിച്ചാല്‍ ‘ദേശീയത’ മറയാക്കി രാജ്യദ്രോഹിയായി മുദ്രയടിക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്‍റെ മകള്‍ പറഞ്ഞു എന്‍റെ പിതാവിനെ കൊന്നത് പാകിസ്ഥാനല്ല, യുദ്ധമാണ്. എത്ര വിശാലമായ കാഴ്ചപാടാണത്. അതെ, നമുക്ക് പാകിസ്ഥാനെയല്ല ഇല്ലാതാക്കേണ്ടത്. മനുഷ്യരാശിയെ കെടുതിയിലാഴ്ത്തുന്ന യുദ്ധങ്ങളെയാണ് ഇല്ലാതാക്കേണ്ടത്. ആ പെണ്‍കുട്ടിയെ വരെ സംഘപരിവാര്‍ രാജ്യദ്രോഹിയായി ചിത്രീകരിച്ചു. അവള്‍ക്കെതിരെ വ്യാജപ്രചരണം നടത്തി. രാജ്യദ്രോഹത്തിനുള്ള ഭരണഘടനാ നിര്‍വചനത്തെ സംഘപരിവാറിന്‍റെ നിര്‍വചനം കൊണ്ടു പകരംവെക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല.

അമിത രാജ്യസ്നേഹം പറയുന്നവരുടെ പാരമ്പര്യത്തെക്കുറിച്ചുകൂടി ഒന്ന് ആലോചിക്കണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിനല്‍കി സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണത്.

‘ഗവണ്‍മെന്‍റ് അതിന്‍റെ നാനാവിധമായ ഔദാര്യത്താലും കൃപയാലും എന്നെ മോചിപ്പിച്ചാല്‍ ഞാന്‍ എന്നും ഇംഗ്ലീഷ് ഭരണത്തോട് കൂറുള്ളവനായിരിക്കും’ എന്ന് എഴുതിക്കൊടുത്ത ആളായിരുന്നു ഹിന്ദു മഹാസഭയുടെ നേതാവ്. അന്ന് ബ്രിട്ടീഷുകാരന് വിധേയനായി പ്രവര്‍ത്തിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍, ഇന്ന് ദേശീയതയുടെ അപ്പോസ്തലډാരായി നടിക്കുന്നു.

വര്‍ഗീയവാദികള്‍ രാജ്യത്തിന്‍റെ ഐക്യത്തെ ചോദ്യം ചെയ്യുകയാണ്. വര്‍ഗീയതയും തീവ്രവാദവും രാജ്യത്തിന് ഭീഷണിയാണ്. അത്
നډയ്ക്ക് എതിരാണ്, സമാധാനത്തിന് എതിരാണ്, മനുഷ്യത്വത്തിന് എതിരാണ്, വികസനത്തിന് എതിരാണ്. അത് സാമ്പത്തിക ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിയിടുകയും അതിനെതിരായ ശബ്ദത്തെ വര്‍ഗീയമായ ഭിന്നിപ്പിലൂടെ ഇല്ലാതാക്കുകയും ചെയ്യും.

യുവാക്കളുടെ സംഘശക്തി ഈ വിപത്തിനെ ചോദ്യം ചെയ്യണം. ഒരുതരത്തിലുള്ള വര്‍ഗീയവാദികള്‍ക്കും നമ്മുടെ രാജ്യത്തെ വിട്ടുകൊടുക്കില്ലായെന്ന് ഓരോ ചെറുപ്പക്കാരനും ഉറക്കെയുറക്കെ പറയണം. ഒരു വര്‍ഗീയവാദിയുടെയും ഭീഷണിക്കും ആയുധങ്ങള്‍ക്കും മുമ്പില്‍ തങ്ങള്‍ തോറ്റുകൊടുക്കില്ലായെന്ന് ഓരോ യുവാവും ഉറക്കെ പറയണം. രാജ്യം മതനിരപേക്ഷതയുടെ രക്ഷയ്ക്കായി യുവാക്കളില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്.

കേരളത്തിലെ യുവജനങ്ങള്‍ എക്കാലത്തും രാജ്യത്തിന് മാതൃകയാണ്. നവോത്ഥാനവും മതസഹിഷ്ണുതയും സാക്ഷരതയും സമഗ്രവികസനവും ജനകീയ വിദ്യാഭ്യാസവുമെല്ലാം കേരളത്തിന്‍റെ സവിശേഷതയാണ്. യുവത്വത്തിന് കേരളത്തിന്‍റെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. സുസ്ഥിരമായ വികസനം, പരിസ്ഥിതി സംരക്ഷണം, ജനകീയ വിദ്യാഭ്യാസ സംരക്ഷണം, സാമൂഹ്യക്ഷേമം, അഴിമതിരഹിത സമൂഹം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുരോഗതി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ യുവാക്കളുടെ അനിഷേധ്യമായ പങ്കാളിത്തം വേണം. കേരളത്തിലെ പ്രബുദ്ധമായ യുവജനത അത് ഉറപ്പുവരുത്തുമെന്ന് എനിക്ക് നിശ്ചയമുണ്ട്.

അവാര്‍ഡിനര്‍ഹരായ മുഴുവന്‍ പ്രതിഭകളെയും ഒരിക്കല്‍കൂടി അനുമോദിക്കുന്നു. അവര്‍ക്ക് എന്നും നാടിന്‍റെയും നാട്ടുകാരുടെയും ഒപ്പം, മതേതരത്വമടക്കമുള്ള ഭരണഘടനാ മൂല്യങ്ങളുടെയൊപ്പം നില്‍ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.