ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കപ്പെടണം

ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിപ്പ് സംബന്ധിച്ച് എം.എല്‍.എമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കായി നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെടുത്താനായി എം.എല്‍.എമാര്‍ മണ്ഡലത്തിലെ ഓരോ സ്‌കൂളും, സര്‍ക്കാര്‍ ബജറ്റിലൂടെ ആദ്യഘട്ടത്തില്‍ 217 സ്‌കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ മാത്രമല്ല, ശോച്യാവസ്ഥയിലുള്ള പ്രൈമറിതലം മുതലുള്ള എല്ലാ സ്‌കൂളുകളും നവീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണം. എന്നാലേ, പൊതുവിദ്യാഭ്യാസ രംഗമാകെ സംരക്ഷിക്കപ്പെടൂ. അക്കാദമിക കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികളുമായുണ്ടാകും. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങേണ്ടതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ആദ്യഘട്ടത്തില്‍ ബജറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പദ്ധതി കിഫ്ബിയില്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളുടെ രീതിയും ശൈലിയും മാറിയ കാലഘട്ടത്തില്‍ വിദ്യാര്‍ഥികേന്ദ്രീകൃതമായ വിദ്യാഭ്യാസപദ്ധതിക്ക് പൊതുവിദ്യാഭ്യാസ യജ്ഞം സഹായകമാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും സംസാരിച്ചു.

തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് സംബന്ധിച്ച് എം.എല്‍.എമാരുടേയും ഹെഡ്മാസ്റ്റര്‍മാരുടേയും പി.ടി.എ ഭാരവാഹികളുടെയും സംശയങ്ങള്‍ക്ക് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി.