പുതിയ വായനകള്‍ ചരിത്രത്തെ നേര്‍വഴിയിലേക്ക് നയിക്കും

പുതിയ വായനകള്‍ ചരിത്രത്തെ നേര്‍വഴിയിലേക്ക് നയിക്കുമെന്നും അവ ചരിത്രത്തിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചരിത്രത്തെ പുനര്‍വായിക്കുമ്പോള്‍: ഭൂതകാലവും വര്‍ത്തമാനവും എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാര്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ സാമൂഹ്യ, ദേശീയ ധാരകളെയും ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷമായ ചരിത്രരചനയാണ് നമുക്കാവശ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കള്‍ വിജയികളെക്കുറിച്ച് മാത്രമല്ല, പരാജയപ്പെട്ടവരെക്കുറിച്ചും പഠിക്കണം. തിരസ്‌കരിക്കപ്പെട്ടുപോയവരുടെയും യുദ്ധങ്ങളിലും കലാപങ്ങളിലും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ചരിത്രം എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. രാജഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അതില്‍ ഞെരിഞ്ഞമര്‍ന്നവരെക്കുറിച്ചും സാമ്രാജ്യത്വത്തിന്റെ പടയോട്ടങ്ങളില്‍ സങ്കടപ്പെടുന്ന ജനപദങ്ങളെക്കുറിച്ചും ആരും ചര്‍ച്ച ചെയ്യുന്നില്ല. യുവാക്കള്‍ വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരങ്ങളായ മധു, പ്രിയങ്ക, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്‌ളീഷ് ഡയറക്ടര്‍ ഡോ.ജയശ്രീ, തുടങ്ങിയവര്‍ സംസാരിച്ചു.

യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ അഡ്വ.ആര്‍.ആര്‍.സഞ്ജയ് കുമാര്‍ സ്വാഗതവും ബിജി എ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിക്ക് സെമിനാറിന്റെ ഉപഹാരം മധുവും യുവജന കമ്മീഷന്റെ ഉപഹാരം ചിന്ത ജെറോമും നല്‍കി. ഇന്ന് ദേശീയത: ചരിത്രത്തെ പുനര്‍വായിക്കുമ്പോള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സെമിനാര്‍ നാളെ (മാര്‍ച്ച് 22) സമാപിക്കും.