മന്ത്രിസഭാ തീരുമാനങ്ങള്‍ 23/03/2017

1. എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ അനുവദിച്ചു
എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.

പൂര്‍ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്.

2. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കും
പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ്സഭാ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ നടക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന ഗ്രാമസഭ/വാര്‍ഡ്സഭ എന്നതിനപ്പുറം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വികസന ദൗത്യങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കം കുറിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ പദ്ധതി രൂപീകരണ ഗ്രാമസഭ/വാര്‍ഡ്സഭകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുന്‍ഗണനകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന ദൗത്യങ്ങളും ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ സന്ദര്‍ഭമായി മാറ്റാനാണ് പരിപാടി.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും അവരുടെ സ്വന്തം ഗ്രാമസഭ/വാര്‍ഡ്സഭകളില്‍ പങ്കെടുക്കും. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരും ഗ്രാമസഭ/വാര്‍ഡുസഭകളില്‍ പങ്കെടുക്കുന്നതാണ്. ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥ പ്രമുഖരുടെയും പങ്കാളിത്തം അതാതിടത്തെ ഗ്രാമസഭകളില്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരസ്യപ്രചരണത്തിന് പി.ആര്‍.ഡി.യെ ചുമതലപ്പെടുത്തി.

3. ഇന്ത്യയുടെ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പഠിച്ച പാലക്കാട് ചാത്തന്നൂര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിന് ഡി.എം.ആര്‍.സി-യെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ഈ പ്രവൃത്തിക്ക് അനുവദിച്ചിട്ടുണ്ട്.

4. പഞ്ചായത്ത് വകുപ്പിലെ ജനന-മരണ രജിസ്ട്രേഷന്റെ ചുമതലയുളള ഡെപ്യൂട്ടി ഡയറക്റ്റര്‍ തസ്തിക ജോയിന്റ് ഡയറക്റ്റര്‍ തലത്തിലേക്ക് ഉയര്‍ത്തി, ജനന-മരണ രജിസ്ട്രേഷന്റെ ചീഫ് രജിസ്ട്രറായി നിശ്ചയിച്ചു.

5. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കളളുഷാപ്പുകളുടെ ലൈസന്‍സികള്‍ക്ക് നിലവിലുളള നിരക്കിന്റെ ആനുപാതിക ലൈസന്‍സ് ഫീസ് ഈടാക്കിക്കൊണ്ടും മറ്റ് പൊതുവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും ഏപ്രില്‍ ഒന്നു മുതല്‍ 3 മാസത്തേക്ക് ലൈസന്‍സ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി.

6. സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രകിയയ്ക്ക് വിധേയനായി പത്തനംതിട്ട കോന്നി വാലുപറമ്പില്‍ റോഡ് മീന്‍കുഴി വീട്ടില്‍ പി.കെ. പൊടിമോന്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഓമനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചു.

7. പേപ്പട്ടി കടിച്ച് മരണപ്പെട്ട ഇടുക്കി പീരുമേട് സ്വദേശി തുമ്പരത്തില്‍ വീട്ടില്‍ രാജന്റെ വിധവ സജിനിയ്ക്ക് ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു.

8. കാന്‍സര്‍ ബാധിച്ച് മരിച്ച ഇന്ത്യന്‍ ആര്‍മി സിഗ്നനല്‍മാന്‍ പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുളളി, അരുത്തിക്കോട് മൂപ്പന്‍പുര ഹൗസില്‍ എം. അനൂപിന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

9. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ രണ്ട് അദ്ധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു.

10. നെടുമങ്ങാട് ഗവണ്മെന്റ് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഒരു അദ്ധ്യാപക തസ്തിക സൃഷ്ടിച്ചു.

11. പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള ജീവനക്കാര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.

12. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്ക്കരിക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവിന് അനുവാദം നല്‍കി.

13. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് 26 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.

14. കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍കൊള്ളിച്ചുകൊണ്ട് ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന സമഗ്ര ജലഗതാഗത പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മുഖേന നാറ്റ്പാക്‍ നടത്തിയ സാധ്യതാപഠനം അംഗീകരിച്ചു. പ്രസ്തുത പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) ആയി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനെ ചുമലതപ്പെടുത്തി. വാട്ടര്‍ മെട്രൊയുടെ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിയും ഏകോപിപ്പിക്കുവാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

15. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന് കീഴില്‍ കാട്ടാക്കടയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സാസായെ ഐ.എം.ജി., കില എന്നീ പരിശീലന സ്ഥാപനങ്ങളെപ്പോലെ സ്വതന്ത്ര പദവിയുള്ള സൊസൈറ്റിയായി നിലനിര്‍ത്തുന്നതിന് 1955 ലെ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സയന്‍റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി 7 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (പ്ലാനിംഗ്) സെക്രട്ടറി, എക്സ്പെന്‍ഡിച്ചര്‍ (ധനകാര്യവകുപ്പ്), ഡയറക്റ്റര്‍ ജനറല്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, ഡയറക്റ്റര്‍ സാസാ, ഡയറക്റ്റര്‍ എസ്.ഡി.ആര്‍.റ്റി, ഡയറക്റ്റര്‍, ഐ.എം.ജി. തിരുവനന്തപുരം എന്നിവരാണ് അംഗങ്ങള്‍.

16. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്റ്ററേറ്റ്, കേരള തീരദേശ പരിപാലന അതോറിറ്റി എന്നിവിടങ്ങളിലെ തസ്തികകള്‍ പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.