കേരള സര്‍വകലാശാലാ യുവജനോത്സവം 2017

മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹ്യ വ്യവസ്ഥാമാറ്റങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളത് എന്നതിനു ലോകചരിത്രത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങളാണുള്ളത്. ഉത്സവങ്ങള്‍ യുവജനങ്ങളുടേതാകുമ്പോള്‍ അതിന് കൂടുതല്‍ ഓജസ്സും ഊര്‍ജസ്വലതയും കൈവരുന്നു. ആ നിലയ്ക്ക് സര്‍വകലാശാലാ യുവജനോത്സവങ്ങള്‍ കൂടുതല്‍ ശ്രദ്ധേയവും സര്‍ഗാത്മകവുമാകുന്നു.

നിങ്ങളുടെ ജീവിതത്തിലുടനീളം മിന്നിത്തിളങ്ങി നില്‍ക്കുന്ന ഓര്‍മകളാവും ഈ യുവജനോത്സവത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ എന്നതു തീര്‍ച്ചയാണ്. അങ്ങനെ നോക്കുമ്പോള്‍ കലോത്സവം നടക്കുന്ന ഈ നാലഞ്ചു ദിവസങ്ങളില്‍ മാത്രമല്ല, ജീവിതത്തിലുടനീളം ഇതിന്‍റെ ചൈതന്യം നിങ്ങളുടെ കൂടെ വരും. ഈ തിരിച്ചറിവോടെ നന്മയുടെയും സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നിമിഷങ്ങളാക്കി ഈ കലോത്സവത്തിന്‍റെ ദിവസങ്ങളെ നിങ്ങള്‍ക്കു മാറ്റാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

‘യുവജനഹൃദയം സ്വതന്ത്രമാണ്,
അവരുടെ കാമ്യപരിഗ്രഹേച്ഛയില്‍’
എന്നെഴുതിയിട്ടുള്ളത് മഹാകവി കുമാരനാശാനാണ്. ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് യുവാക്കള്‍ ഇച്ഛിക്കുന്നത്. ആ ആഗ്രഹങ്ങളുടെ സര്‍ഗാത്മകമായ പ്രതിഫലനമാകും ഇനി ഇവിടെ നടക്കാന്‍ പോകുന്ന കലാ ആവിഷ്കാരങ്ങള്‍ എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ കലോത്സവം ശ്രദ്ധേയമാകാന്‍ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന് മുഖമുദ്രയെങ്കില്‍ അത് എത്ര വിരസമായിരിക്കും.

ഇത് കലയുടെ കാര്യത്തില്‍ മാത്രമല്ല സമൂഹത്തിന്‍റെ കാര്യത്തില്‍ ആകെത്തന്നെ പ്രസക്തമാണ്. നമ്മുടെ സമൂഹം പല ഭാഷകള്‍ കൊണ്ടും സംസ്കാരങ്ങള്‍ കൊണ്ടും കലാരൂപങ്ങള്‍ കൊണ്ടും ജീവിതചര്യകള്‍ കൊണ്ടും വൈവിധ്യസമൃദ്ധമാണ്. ഈ വൈവിധ്യത്തെ അപ്പാടെ ഇല്ലാതാക്കി ഏതെങ്കിലും ഒരു രീതി മാത്രം അടിച്ചേല്‍പിക്കുന്നു എന്നു വെക്കുക. വിരസം മാത്രമല്ല ആപല്‍കരം കൂടിയാകും അത്. അങ്ങനെ ഏകശിലാരൂപത്തിലുള്ള ഏതെങ്കിലും സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പാലിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരം കലാമേളകളില്‍ കൂടി നമ്മളുടെ യുവജനങ്ങള്‍ക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.

അഞ്ചുദിവസങ്ങളിലായി നടക്കാന്‍ പോകുന്ന ഈ കലോത്സവത്തില്‍ നിരവധി പ്രതിഭകള്‍ മാറ്റുരയ്ക്കും. ഒരു തലമുറയുടെ മുഴുവന്‍ സര്‍ഗവൈഭവവുമാണ്ഇവിടെ മാറ്റുരയ്ക്കപ്പെടുന്നതു എന്നു നിസ്സംശയം പറയാം. മനുഷ്യന്‍ ഇതുവരെ ആര്‍ജിച്ച എല്ലാതരം കലാവൈഭവങ്ങളുടേയും വിചിത്രവും മായികവുമായ ഒരു ലോകം നിങ്ങള്‍ക്കിവിടെ ദര്‍ശിക്കാനാകും. ക്ലാസിക്കല്‍ കലകള്‍ക്കൊപ്പം അന്യംനിന്നു പോവുന്ന ഒട്ടേറെ നാടന്‍കലകളും അനുഷ്ഠാനകലകളും ഇതിലൂടെ പുനര്‍ജനിക്കുന്നു എന്നത് ശുഭകരമായ കാര്യം തന്നെയാണ്. നാട്ടിന്‍പുറങ്ങളിലെ അനേകം കലാചാര്യന്മാരാണ് ഇതുവഴി പരോക്ഷമായി മാനിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത്. അവരുള്ളതു കൊണ്ടാണല്ലൊ, അവരുടെ ശിഷ്യഗണങ്ങള്‍ക്ക് ഈ കഴിവും മികവും പകര്‍ന്നുകിട്ടിയത്. വിദ്യാര്‍ഥികള്‍ മികവിലേക്കുയരുമ്പോള്‍ അവരെ പ്രാപ്തരാക്കിയ ഗുരുജനങ്ങള്‍ കൂടി ആദരിക്കപ്പെടുകയാണ്. ഒരുപാടു പേരുടെ ജീവസന്ധാരണ മാര്‍ഗമായി കല പുതിയ ഒരു തലം തേടുകയുമാണ്.

പഠനപ്രക്രിയയ്ക്ക് പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് വിദ്യാര്‍ഥിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്‍റെ തന്നെയും സര്‍വ്വതല സ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യമായ ഭാഗമാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അതിന്‍റെ മൂര്‍ത്തീഭാവമായ ഇത്തരം മേളകളും.

ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയയാവണം വിദ്യാഭ്യാസം. എല്ലാ വിദ്യാര്‍ത്ഥികളും അതുല്യ പ്രതിഭകളായ കലാ പ്രവര്‍ത്തകരാകണമെന്നില്ല. എന്നിരിക്കിലും ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാപരമായ കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ കൂടി വിദ്യാഭ്യാസത്തിനു കഴിയണം. കലാപരമായ ശേഷികള്‍ മാത്രമല്ല, നന്മ കൂടി പ്രകാശിപ്പിച്ചെടുക്കാന്‍ കഴിയണം. ചുരുക്കത്തില്‍ ഒരു മനുഷ്യന്‍റെ പൂര്‍ണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം അത്.

രോഗാതുരമാവുന്ന മനുഷ്യമനസ്സിനെ ചികിത്സിക്കാന്‍ ഏറ്റവും ഉത്തമമായ ഔഷധം കലയാണ്. മനുഷ്യരാശിക്കു നഷ്ടപ്പെടുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാനാവും. വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകവഴി വ്യക്തികളിലെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മനുഷ്യരിലെ ഉപരിപ്ലവമായ വികാരങ്ങളെ ഉദ്ദീപിപ്പിക്കലല്ല കലയുടെ ലക്ഷ്യം. വ്യക്തികളിലെ നന്മകള്‍ വളര്‍ത്തി അവരെ കൂടുതല്‍ മനുഷ്യോന്മുഖരാക്കുകയാണ് കലയും സാഹിത്യവും ചെയ്യേണ്ടത്. മാനുഷികമായ സമസ്ത നന്മകള്‍ക്കും വേണ്ടി വെമ്പല്‍ കൊള്ളാനായി ആസ്വാദകരെ പ്രചോദിപ്പിക്കാന്‍ കലയ്ക്കും സാഹിത്യത്തിനും കഴിയും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കിയെടുക്കാന്‍ അതു സഹായിക്കും.

നല്ല കലാരൂപങ്ങളും അതിന്‍റെ സൃഷ്ടാക്കളും പല കാലത്തും ആക്രമണത്തിനു വിധേയമായിട്ടുണ്ട് എന്നതും നാം കാണണം. ഇതിനു വേണ്ടുവോളം ഉദാഹരണങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥക്കെതിരെ ആഞ്ഞടിച്ച തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ നടന്ന അധികാരത്തിന്‍റെ ഭീകരതകള്‍ വിവരണാതീതമാണ്. അടിയന്തിരാവസ്ഥക്കാലത്ത് നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിച്ചിട്ടും കലാകാരന്‍മാര്‍ പ്രതികരിച്ചു. കഥാപ്രസംഗരംഗത്തെ കുലപതി വി സാംബശിവന്‍ മുതല്‍ അടിയന്തരാവസ്ഥക്കാലത്ത് മുഴുവന്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന അന്തരിച്ച കവി എം കൃഷ്ണന്‍കുട്ടി വരെയുള്ളവര്‍ അന്നനുഭവിച്ച പീഡനങ്ങള്‍ നാം മനസ്സിലാക്കേണ്ടതാണ്. ഞാനിതു പറയുന്നത് കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായതോ ത്യാഗമാവശ്യമില്ലാത്തതോ അല്ല എന്നു സൂചിപ്പിക്കാനാണ്. പ്രതികൂല സാഹചര്യങ്ങളില്‍ മനസ്സു തളരാതെ അതിജീവിക്കാന്‍ വേണ്ട മനസ്സിന്‍റെ ബലം കൂടി കലാരംഗത്തേക്കു കടക്കുന്നവര്‍ ആര്‍ജിക്കണം എന്നു സൂചിപ്പിക്കാനാണ്.

അധികാരത്തിനു മാത്രമല്ല ജാതി-മത സംഘടനകള്‍ക്കും ഫാസിസ്റ്റുകള്‍ക്കും സാഹിത്യത്തിന്‍റെ സ്വാതന്ത്ര്യവാഞ്ഛ അംഗീകരിക്കാനാവില്ല. കെ ടി മുഹമ്മദിന്‍റെ ‘ഇതു ഭൂമിയാണ്’, കണിയാപുരം രാമചന്ദ്രന്‍റെ ‘ഭഗവാന്‍ കാലുമാറുന്നു’ എന്നീ നാടകങ്ങള്‍ക്കു സംഭവിച്ചത് ഇതിന്‍റെ തെളിവാണ്. തെരുവു നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് മഹാനായ കലാകാരന്‍ സഫ്ദര്‍ ഹശ്മി പൈശാചികമായി കൊല ചെയ്യപ്പെട്ടത്. ഞാനതിന്‍റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കലയുടെ വഴി കല്ലും മുള്ളുമില്ലാത്തതല്ല; ഒരുപക്ഷെ ക്ലേശകരം തന്നെയാണുതാനും.

സാഹിത്യകാരന്മാര്‍ മാത്രമല്ല, പുരോഗമനപക്ഷത്തു നില്‍ക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ ആകെത്തന്നെ ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇന്നു രാജ്യത്തു നിലനില്‍ക്കുന്നു. പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തി. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവര്‍ ഹീനമായി കൊലചെയ്യപ്പെട്ടു. എം ടിയും കമലും അധിക്ഷേപത്തിനുവിധേയരായി. ഇതൊക്കെ മനസ്സിലാക്കി അസഹിഷ്ണുതയെ കലയില്‍ നിന്നെങ്കിലും വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കലാകാരന്മാര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ഥിക്കട്ടെ.

ഞങ്ങള്‍ പറയുന്നതു മാത്രം കേട്ടുകൊള്ളണം, ഞങ്ങളെ പ്രകീര്‍ത്തിച്ചു മാത്രം എഴുതണം, ഞങ്ങള്‍ ചരിത്രം വളച്ചൊടിക്കുമ്പോള്‍ കൈയ്യടിക്കണം എന്നു കല്‍പിക്കുന്ന നിലയിലേക്കു രാജ്യത്തെ അധികാരമേഖല മാറിക്കഴിഞ്ഞു. ഓരോ വിഷയത്തിലും പ്രതികരിക്കുന്നവരുടെ ജാതിയും മതവും നോക്കി ആക്ഷേപിക്കുകയാണ്. എഴുത്തുകാരന്‍ എഴുതിയാല്‍ മാത്രം മതി, കലാകാരന്‍ കലാപ്രവര്‍ത്തനം മാത്രം നടത്തിയതാല്‍ മതി, ഒരു വിഷയത്തിലും അഭിപ്രായം പറയേണ്ടതില്ല എന്ന നിലയ്ക്കുള്ള ബാലിശമായ പരാമര്‍ശങ്ങള്‍ പ്രബുദ്ധ കേരളത്തില്‍പോലും മുഴങ്ങിക്കേള്‍ക്കുന്നതു ലജ്ജാകരമാണ്.

നോട്ട് റദ്ദാക്കലിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ എം ടിയുടെ നേര്‍ക്കുണ്ടായ ആക്രോശങ്ങള്‍ നിങ്ങളുടെ ഓര്‍മയില്‍ ഉണ്ടാകുമല്ലൊ. ഇതൊക്കെ കേട്ട് കേരളത്തിലെ കലാസാഹിത്യപ്രവര്‍ത്തനം അവസാനിക്കുമെന്നും സാംസ്ക്കാരിക പ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടുമെന്നുമൊക്കെയാണു പലരും ധരിക്കുന്നത്. കേരളത്തിന്‍റെ സാംസ്ക്കാരിക മനസ്സിനെ തകര്‍ക്കാനുള്ള ഒരു ശ്രമവും ഇവിടെ വിലപ്പോകില്ല. കലാസാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നറിയിക്കട്ടെ.

കാമ്പസുകള്‍ സര്‍ഗ്ഗാത്മകവും മതനിരപേക്ഷവും ആകുന്നതിനെതിരെയുള്ള നീക്കങ്ങള്‍ നാം കണ്ടതാണ്. ജെഎന്‍യു അടക്കമുള്ള കാമ്പസുകളില്‍ മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ വര്‍ഗീയശക്തികള്‍ കടന്നുകയറ്റം നടത്തുന്നു. കാമ്പസുകളാണ് നാളത്തെ രാഷ്ട്രീയത്തെ വാര്‍ത്തെടുക്കുന്നത് എന്ന തിരിച്ചറിവോടെ മതനിരപേക്ഷതയെ മുച്ചൂടും ഇല്ലാതാക്കാന്‍ വര്‍ഗീയശക്തികള്‍ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിക്കുന്നു. ജെഎന്‍യുവില്‍ മാത്രമല്ല, ഹൈദ്രബാദ് സര്‍വകലാശാലയിലും അലഹബാദ് സര്‍വകലാശാലയിലും ഇപ്പോള്‍ ഇതാ ഡെല്‍ഹി സര്‍വകലാശാലയിലും ഒക്കെ ഇതുതന്നെ നടക്കുന്നു.

ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ അടുത്തയിടെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് ഒരു സെമിനാര്‍ നടത്തി. ആ സെമിനാര്‍ ഹാള്‍ തന്നെ ചിലര്‍ അടിച്ചുതകര്‍ത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകള്‍ ഗുല്‍മെഹര്‍ അഭിപ്രായസ്വാതന്ത്ര്യം വേണമെന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. അങ്ങനെ പോസ്റ്റിട്ടതിന് ഗുല്‍മെഹറെ ബലാല്‍സംഗം ചെയ്യുമെന്നു പരസ്യ ഭീഷണി ഉണ്ടായി വര്‍ഗീയശക്തികളില്‍നിന്ന്. വര്‍ഗീയതയ്ക്കെതിരെ സംസാരിച്ചാല്‍ ബലാല്‍സംഗം ചെയ്യുമെന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതും രാജ്യത്തിനുവേണ്ടി പൊരുതിമരിച്ച സൈനികന്‍റെ മകളെ. ഇത്ര നികൃഷ്ടമായി പെരുമാറുന്ന വര്‍ഗീയശക്തികള്‍ക്ക് ദേശാഭിമാനത്തെക്കുറിച്ച് പറയാന്‍ എന്താണധികാരം? ആ സര്‍വകലാശാലകളിലൊക്കെ നടക്കുന്ന വര്‍ഗീയ ഭീകര വാഴ്ചകള്‍ ഇവിടെ ഉണ്ടാവരുത്. അതിനുള്ള ജാഗ്രത വിദ്യാര്‍ഥികളിലും അധ്യാപകരിലും സമൂഹത്തിലാകെയും ഉണ്ടാവണം. അത്തരമൊരു ബോധം വളര്‍ത്താനും, ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അടങ്ങിയ ഇതുപോലെയുള്ള കലോത്സവങ്ങള്‍ക്കു സാധിക്കും.

ഇത്തരം കലോത്സവങ്ങളില്‍ വിജയികളാവുന്നവര്‍ തന്നെയാണ് പില്‍ക്കാലത്ത് ഈ രംഗത്തെ പ്രഗത്ഭ കലാകാരന്‍മാരും കലാകാരികളുമായി മാറുന്നത്. നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാട്ടാനുണ്ട്. സമയക്കുറവുമൂലം ഞാനതിലേക്ക് കടക്കുന്നില്ല. എന്നാല്‍, ഒരു കാര്യം സൂചിപ്പിക്കാതിരിക്കാനാവില്ല. വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. നമ്മുടെ പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും കണക്കെടുത്താല്‍ ഇത് നിങ്ങള്‍ക്ക് ബോധ്യമാകും. കലാലയ വിദ്യാഭ്യാസം അവസാനിക്കുന്നതോടുകൂടി അവസാനിക്കുന്നതാവരുത് കലാജീവിതം. പ്രതിഭകള്‍ക്ക് കലയുടെ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയുകയും അതിലൂടെ തന്നെ ഭൗതികജീവിത ഭദ്രത ഉറപ്പുവരുത്താന്‍ കഴിയുകയും ചെയ്യുന്ന ഒരു സാമൂഹ്യാവസ്ഥ രൂപപ്പെടുത്തണം. ഈ വിഷയം ഗൗവരമായി കലാകേരളം ചര്‍ച്ച ചെയ്യണം. അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഈ സര്‍ക്കാരിനുണ്ടെന്ന് അറിയിക്കട്ടെ.

ഇത്തരമൊരു കലോത്സവം ഒരുക്കിയ കേരള സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളെ അഭിനന്ദിക്കുന്നു. ഈ മേളയ്ക്കെത്തിയ എല്ലാ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഈ മേളയുടെ നിറസാന്നിധ്യമായ ജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ട് വളരെ സന്തോഷപൂര്‍വ്വം ഈ കലോത്സവം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.