മിത്ര 181 വനിതാ ഹെല്‍പ്പ്ലൈന്‍

ലോകത്തിന്‍റെ തന്നെ ശ്രദ്ധയാര്‍ജിച്ച കേരള വികസന മാതൃകയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള സ്ത്രീകളുടെ ഉന്നത നിലവാരമാണ്. സാക്ഷരത, സ്ത്രീ പുരുഷ അനുപാതം, ആയുര്‍ ദൈര്‍ഘ്യം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കേരളത്തിന് വികസിത രാജ്യങ്ങളോടൊപ്പമെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് അഭിമാനകരമായ കാര്യമാണ്. സ്ത്രീകളെ പിന്നിലേക്ക് തള്ളിയിട്ട് പുരുഷസമൂഹത്തിനു മാത്രമായി പുരോഗതി ഉണ്ടാക്കിയെടുക്കുകയായിരുന്നില്ല കേരളം എന്നത് അതിനേക്കാള്‍ അഭിമാനകരമായ കാര്യമാണ്. 2011ലെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 67 വയസ്സാണെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 77 വയസ്സാണ്. ശിശുമരണനിരക്കും മാതൃ മരണനിരക്കും ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനവുമാണ് കേരളം.

എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്തീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്നതായിക്കാണുന്നുണ്ട്. സ്വയം തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണമെടുത്താല്‍ കേരളത്തിന്‍റെ ശരാശരി ദേശീയ ശരാശരിയെ അപേക്ഷിച്ച് വളരെ താഴ്ന്നതാണ്. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ കേരളത്തിന്‍റെ പ്രത്യേകതയാണ്. ഇതിനുപുറമേ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങങ്ങള്‍ വര്‍ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകവുമാണ്. വീട്ടിലും പുറത്തും പ്രായഭേദമെന്യേ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളും പീഡനങ്ങളും ഉണ്ടാകുന്നു. സദാചാര പൊലീസിങ്ങും ദുരഭിമാനഹത്യയും ഉള്‍പ്പെടെ മത, സാമുദായിക, വര്‍ഗീയ ശക്തികള്‍ വെല്ലുവിളികളുയര്‍ത്തുന്നു. ഇതെല്ലാം കേരള സമൂഹത്തില്‍ സ്ത്രീകള്‍ കൈവരിച്ചിരുന്ന പുരോഗതിയെയും പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിധ്യത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സ്ത്രീവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. പ്രതിലോമകരമായ പ്രവണതകളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ടിവി പരസ്യങ്ങളും സീരിയലുകളും വര്‍ധിക്കുന്നു. ഇവയൊക്കെത്തന്നെ നാം കൈവരിച്ചിരുന്ന സാമൂഹ്യ പുരോഗതിയെ തകര്‍ക്കുന്നതും സ്ത്രീകളുടെ ഉന്നതമായ സാമൂഹ്യപദവിക്ക് കോട്ടം വരുത്തുന്നതുമാണ് എന്നതൊരു വസ്തുതയാണ്. കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി പരിശോധിക്കുകയും അവ എങ്ങനെ മറികടക്കാമെന്ന് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ല്‍ അതിന്‍റെ പ്രകടന പത്രികയില്‍ വനിതാ വികസനവുമായി ബന്ധപ്പെട്ട നയങ്ങള്‍ ഉള്‍പ്പെടുത്തിയത്. സ്ത്രീ സുരക്ഷയുടെയും ശാക്തീകരണത്തിന്‍റേയും കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തയ്യാറല്ലാ എന്ന് തെളിയിച്ചു കൊണ്ട് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയതു പോലെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകമായൊരു ഭരണ വകുപ്പ്, അവര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നൈപുണ്യ പരിശീലന പരിപാടികള്‍, പൊലീസ് സേനയില്‍ സ്ത്രീപ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തല്‍, സ്ത്രീകളുടെ സുരക്ഷയ്ക്ക് പിങ്ക് പൊലീസ്, സ്ത്രീകള്‍ക്കു മാത്രമായി ഒരു ബറ്റാലിയന്‍ തുടങ്ങിയവ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. വനിതാ വികസന കോര്‍പ്പറേഷനു നല്‍കുന്ന പ്രത്യേക പരിഗണനയും സര്‍ക്കാരിന്‍റെ ഈ പൊതുമനോഭാവത്തിന്‍റെ ഭാഗമായുള്ളതു തന്നെയാണ്.

സംസ്ഥാനത്തെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയെ ആസൂത്രിതമായ പദ്ധതികളിലൂടെ മാറ്റിയെടുക്കുന്നതിനും കേരള വനിതകളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനും വേണ്ടി 1988ല്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്വത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതിന് വേണ്ടിയാണ് അത് സ്ഥാപിച്ചത്. പ്രമുഖമായ 3 കേന്ദ്ര ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സംസ്ഥാന ചാനലൈസിങ് ഏജന്‍സിയായ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തന്നെയാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാണെങ്കിലും ടെക്നിക്കല്‍, മാനേജീരിയല്‍, മാര്‍ക്കറ്റിങ് രംഗത്ത് അവരുടെ സാന്നിധ്യം പരിമിതമാണ്. അവര്‍ക്കാവശ്യമായ സ്കില്‍ ട്രെയിനിങ്ങും സ്വയം സംരംഭകത്വ പരിശീലനവും കോര്‍പ്പറേഷന്‍ നല്‍കുന്നുണ്ട് എന്നു കാണുന്നത് സന്തോഷകരമാണ്. ഇവയ്ക്കു പുറമേ വനിതകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടി സംരംഭകത്വശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ വായ്പാ പദ്ധതികളും പ്രധാനമാണ്.സ്ത്രീകള്‍ക്ക് വീടിനു പുറത്ത് ജോലി ചെയ്യുന്നതിനും സ്വന്തമായി പണം സമ്പാദിക്കുന്നതിനും വേണ്ട സാഹചര്യങ്ങള്‍ കമ്മീഷന്‍ ഒരുക്കേണ്ടതുണ്ട്. അവസരങ്ങളൊരുക്കുന്നതിനും അതിലേക്ക് കടക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വനിതാ വികസനകോര്‍പ്പറേഷന്‍ മുന്‍കൈയെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷീ-ടോയ്ലറ്റുകള്‍, സംരംഭകത്വ പരിശീലനം, ലിംഗാവബോധ പരിശീലനം എന്നിവ കോര്‍പ്പറേഷന്‍ നടത്തുന്നതുകൊണ്ട് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട്.

നാളിതുവരെ സ്ത്രീ ശാക്തീകരണ രംഗത്ത് മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന വനിതാ വികസന കോര്‍പ്പറേഷന്‍ ഇന്നു മുതല്‍ സ്ത്രീ സുരക്ഷയുടെ കര്‍മ്മ മേഖലയിലേക്കു കൂടി കടക്കുകയാണ്. വര്‍ത്തമാനകാല കേരളത്തില്‍ അതീവ പ്രാധാന്യമുള്ള, വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം ഏറ്റവും അത്യന്താപേക്ഷിതമായ ഒരു മേഖലയാണിത്. സംസ്ഥാനത്ത് ഇപ്രകാരം വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംയോജിത പ്രവര്‍ത്തനം സ്ത്രീ സുരക്ഷയ്ക്കു വേണ്ടി രൂപപ്പെടുത്തുമ്പോള്‍, അതിലേറ്റവും ആദ്യത്തെ കണ്ണിയായി പ്രവര്‍ത്തിക്കേണ്ടതാണ് 181 വനിതാ ഹെല്‍പ്പ് ലൈന്‍. യോഗത്തിന്‍റെ അധ്യക്ഷയായ ബഹു. ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി സൂചിപ്പിച്ച പോലെ, മിത്ര 181 എന്ന പേരില്‍ അറിയപ്പെടുന്ന വനിതാ ഹെല്‍പ്പ് ലൈന്‍ പദ്ധതി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രായലത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്. അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും വനിതകള്‍ക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്ന, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമായിരിക്കും മിത്ര. ഈ ഏകീകൃത ശൃംഖലയുടെ ഭാഗമാകുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം.

ലാന്‍റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും 181ലേക്ക് വിളിക്കാവുന്നതാണ്. 181 എന്ന നമ്പറിലേക്ക് വിളിക്കുന്നവര്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രി, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയുടെ സേവനങ്ങള്‍ ലഭിക്കും. ഇവയ്ക്കു പുറമേ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരേതര ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും 181 ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കും. ഇത്തരം സൗകര്യങ്ങളുള്ള കാര്യം സ്ത്രീകള്‍ അറിയേണ്ടേ. അത് അവരെ അറിയിക്കാന്‍ ശ്രമിക്കണം. തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലാണ് മിത്ര 181 കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. കണ്‍ട്രോള്‍ റൂമിന്‍റെ സുഗമമായ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഒരു വനിതാ മാനേജരും അവര്‍ക്ക് കീഴില്‍ പന്ത്രണ്ടോളം വനിതാ ഉദ്യോഗസ്ഥരും വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യും. മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്. സഹായമോ വിവരമോ ആവശ്യപ്പെട്ടു ലഭിക്കുന്ന ഓരോ വിളിക്കും വ്യക്തവും ഫലപ്രദവുമായ പ്രതികരണം മാനേജര്‍ ഉറപ്പാക്കും. ഓരോ കേസും പ്രത്യേകം വിലയിരുത്തുകയും ഫലപ്രദമായ പര്യവസാനത്തിലെത്തിക്കുകയും പരാതിക്കാരിക്കു വേണ്ടി ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന രീതിയിലാണ് ഹെല്‍പ്പ് ലൈന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശ്രയിക്കാവുന്ന സൗജന്യ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ എന്ന നിലയിലേക്ക് മിത്രയ്ക്ക് ഉയരുന്നതിനും സുരക്ഷിത സ്ത്രീ ജീവിതത്തിന് ഏതു സമയത്തും ആശ്രയിക്കാവുന്ന സഹായ കേന്ദ്രമായി ഇതിനെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. ഈ ഉദ്യമം വിജയിക്കേണ്ടത് കേരള സമൂഹത്തിന്‍റെ തന്നെ ആവശ്യമാണെന്ന് ഒരിക്കല്‍ കൂടി നിങ്ങളേവരെയും ഓര്‍മപ്പെടുത്തിക്കൊണ്ടും ഈ സംരംഭത്തിന് നേതൃത്വം വഹിക്കുന്ന സാമൂഹ്യ നീതി വകുപ്പിനെ അഭിനന്ദിച്ചുകൊണ്ടും മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു.നേതൃത്വം വഹിക്കുന്ന സാമൂഹ്യ നീതി വകുപ്പിനെ അഭിനന്ദിച്ചുകൊണ്ടും മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു.