നഷ്ടമാകുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണം

മനുഷ്യന് നഷ്ടപ്പെടുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണമെന്നും വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ ക്രിയാത്മകത വര്‍ധിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്‌സവത്തിന്റെ ഉദ്ഘാടനം സെനറ്റ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗാതുരമായ മനസ്സിനെ ചികിത്‌സിക്കാന്‍ ഉത്തമ ഔഷധമാണ് കല. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ അത് സഹായിക്കും. വൈവിധ്യമാണ് കലോത്‌സവങ്ങളുടെ സവിശേഷത. അത് കലയില്‍ മാത്രമല്ല, സമൂഹത്തിലും പ്രസക്തമാണ്. രാജ്യത്തില്‍ ഏകശിലാരൂപത്തിലുള്ള ഏതെങ്കിലും സംവിധാനം അടിച്ചേല്‍പ്പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഇത്തരം കലാമേളകളിലൂടെ യുവജനങ്ങള്‍ക്ക് കഴിയണം. വൈജ്ഞാനിക വികാസം മാത്രമല്ല, കലാ-കായിക കഴിവുകളുടെയും വ്യക്തിത്വത്തിന്റെയും വികാസമാകണം വിദ്യാഭ്യാസം. ഇത്തരം കലാമേളകള്‍ അതിന്റെ അനിവാര്യമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ ആദരിച്ചു. കലാലയങ്ങളിലെ സര്‍ഗാത്കതയ്ക്ക് മൂല്യച്യൂതി സംഭവിക്കാതിരിക്കാന്‍ കലോത്‌സവങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവ കലാകാരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടിയ മണികണ്ഠന്‍, പിന്നണി ഗായകന്‍ സൂരജ് സന്തോഷ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

ചടങ്ങില്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്. ആഷിത അധ്യക്ഷത വഹിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ പ്രതിന്‍ സാജ് കൃഷ്ണ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്‍, എ.എ. റഹീം, യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍. അമല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.