ബധിര-മൂക വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

ജഗതി സര്‍ക്കാര്‍ ബധിര വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി ബധിര-മൂക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച ആദ്യ വിദ്യാലയമായ ജഗതി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേള്‍വിയും സംസാര ശേഷിയുമില്ലാത്ത ഏകദേശം നാലായിരം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് സാധാരണ കുട്ടികളെപ്പോലെ വിദ്യാഭ്യാസം ചെയ്യാനും വളരാനും ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അന്ധ വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പരിഗണന അനുവദിക്കുന്ന പദ്ധതി ബധിര മൂക വിദ്യാലയങ്ങള്‍ക്കും അനുവദിക്കാനാവുമോയെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കേള്‍വിപ്രശ്‌നമുണ്ടെന്നു ബോധ്യമായാല്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷം നിരന്തരമായ സംസാരപരിശീലനവും ശ്രവണ പരിശീലനവും നല്‍കി സംസാര ശേഷി വര്‍ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കുഞ്ഞുങ്ങള്‍ ഭിന്നശേഷിയുള്ളവരാണെന്നറിയുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് കടുത്ത മാനസിക പിരിമുറുക്കവും നൈരാശ്യവും ബാധിക്കുക സ്വാഭാവികമാണ്. ഇത് കുടുംബാന്തരീക്ഷത്തില്‍ത്തന്നെ പ്രത്യേകമായ സ്ഥിതിവിശേഷം ഉയര്‍ന്നു വരാനിടയാക്കും. രക്ഷകര്‍ത്താക്കളുടെ മാനസിക പിരിമുറുക്കത്തിന് അയവുവരുത്താനും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സാധിക്കണം. ഇതിനാവശ്യമായ മാനസിക പിന്തുണയും അവബോധവും നല്‍കാന്‍ സമൂഹം തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കു മാത്രമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരും ആവശ്യമായ പഠന, ബോധന തന്ത്രങ്ങളും ആവശ്യമായ ദൃശ്യ, ശ്രാവ്യ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയാണ് ബധിര വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദഗ്ധ പരിശീലനവും മാര്‍ഗ നിര്‍ദേശവും ലഭ്യമാകുന്ന വിഭവ കേന്ദ്രമായി ഇത്തരം സ്ഥാപനങ്ങള്‍ മാറണം. കുട്ടികളുടെ ചെറിയ കഴിവുകള്‍പോലും കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.

പുതിയ ഐടി നയത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്കു പ്രയോജനപ്രദമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ബജറ്റില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചു ശതമാനവും തൊഴില്‍മേഖലയില്‍ നാലുശതമാനവും സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകല്യം തളര്‍ത്താത്ത മനസ്സുമായി മുന്നേറുക എന്നതാണ് പ്രധാനം. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കളും കുഞ്ഞുങ്ങളുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാഖി വി.ആര്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ കെ. മോഹനന്‍ ആമുഖ വിവരണം നടത്തി. കരമന ഹരി, ആര്‍ ശ്രീകുമാരന്‍ നായര്‍, എം. മൊയ്തീന്‍, കടയ്ക്കല്‍ രമേഷ്, ഉണ്ണികൃഷ്ണന്‍, മധുസൂദനന്‍ നായര്‍, ആനി മാത്യു കണ്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.