ചിതറിക്കിടക്കുന്ന ആയുര്‍വേദ അറിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വേണം

പലയിടത്തായി ചിതറിക്കിടക്കുന്ന ആയുര്‍വേദത്തിന്റെ അറിവുകള്‍ കണ്ടെത്താനും ഉള്‍ക്കൊള്ളാനും ഗൗരവമായ ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമാഹരിക്കാനായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരരുന്നു മുഖ്യമന്ത്രി.

പ്രത്യക്ഷത്തില്‍ കാണുന്ന വിദഗ്ധരെക്കാളേറെ സമൂഹത്തിലുണ്ട്. അവരില്‍നിന്ന് അറിയാനും മനസിലാക്കാനും പൂര്‍ണമായി ഉള്‍ക്കൊള്ളാനും അത് ഭാവിയിലേക്ക് ഉപയോഗിക്കാനും തുറന്ന മനസ്സുണ്ടാകണം. വൈദഗ്ധ്യം തേടി നാം പോകണം. രേഖപ്പെടുത്താത്ത പല പരമ്പരാഗത അറിവുകളും നശിച്ചുപോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തിന്റെ പലരേഖകളും സംസ്‌കൃതത്തിലും പഴയ തമിഴിലുമായി കിടക്കുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നരീതിയിലുള്ള ഭാഷയിലേക്ക് മാറ്റണം. ഔഷധച്ചെടികളും മരുന്നുകളും മറ്റും ജനങ്ങള്‍ക്ക് അറിയാനും സൗകര്യമുണ്ടാകണം. കളരി, യോഗ എന്നിവ ചേര്‍ത്ത് ‘കളരിയോഗ’ എന്ന പുതിയ സമ്പ്രദായം ആവിഷ്‌കരിച്ചെടുക്കാനും പേറ്റന്റ് എടുക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.

ശതാബ്ദങ്ങളായുള്ള ഔഷധക്കൂട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നത് ആയുര്‍വേദത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്. അന്താരാഷ്ട്ര ആയുര്‍വേദ കേന്ദ്രം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഏതെല്ലാം തലത്തില്‍ ഉയര്‍ന്നുവരണം എന്നത് സംബന്ധിച്ച് കൂടുതല്‍ ആശയങ്ങള്‍ സ്വീകരിച്ച് നല്ലനിലവാരമുള്ള സ്ഥാപനം പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. ചികിത്‌സക്കായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ആളുകള്‍ എത്തുന്ന നിലയില്‍ ഒരു ബ്രാന്റ് ആണ് ഇപ്പോള്‍ത്തന്നെ കേരളത്തില്‍ ആയുര്‍വേദം. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സംവിധാനം സര്‍ക്കാര്‍ ഒരുക്കും. കേന്ദ്ര സര്‍ക്കാരും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

പുതിയ കേന്ദ്രം ആയുര്‍വേദത്തെ ലോക നിലവാരത്തിലെത്തിക്കും. കൂടാതെ, ഇതിന്റെ ശാഖകള്‍ മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നില വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ലോകത്തിന് മാതൃകയാകുന്ന സ്ഥാപനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗവേഷണത്തിനും, ചികില്‍സക്കും ഔഷധസസ്യം വളര്‍ത്താനുമൊക്കെയായി അനന്തമായ സാധ്യതകളാണ് കേന്ദ്രത്തിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ആരോഗ്യശാസ്ത്ര സര്‍വകലാശാല മുന്‍ വി.സി ഡോ.കെ. മോഹന്‍ദാസ്, സര്‍വകലാശാല പ്രൊ വി.സി ഡോ. എ. നളിനാക്ഷന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആയുഷ് സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും നാഷണല്‍ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ ഇന്ന് (മാര്‍ച്ച് 30) സമാപിക്കും.

ആയുര്‍വേദത്തില്‍ ആധുനിക ശാസ്ത്രസങ്കേതങ്ങള്‍ ഉപയോഗിച്ച് വിപുലമായ ഗവേഷണങ്ങള്‍ നടത്താന്‍ കണ്ണൂരില്‍ അന്താരാഷ്ട്രനിലവാരമുള്ള കേന്ദ്രം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.