കെ.എസ്.ആര്‍.ടി.സി: യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുശീല്‍ഖന്ന കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോര്‍പ്പറേഷനിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കെ.എസ്.ആര്‍.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി തിരിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഓരോ മേഖലയ്ക്കും ഓരോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ടാവും. മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കും. ഹെഡ് ഓഫീസില്‍ ഐ.ടി, ഫിനാന്‍സ്, ടെക്‌നിക്കല്‍ എന്നിവയ്ക്ക് പ്രത്യേകം ജനറല്‍ മാനേജര്‍ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ഹെഡ് ഓഫീസില്‍ തന്നെ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാര്‍ശയുണ്ട്. ബസ് ബോഡി നിര്‍മ്മിക്കാന്‍ 325 മുതല്‍ 385 വരെ മനുഷ്യാദ്ധ്വാന ദിവസങ്ങളാണ് ഇപ്പോള്‍ വേണ്ടിവരുന്നത.് എന്നാല്‍ ദേശീയ ശരാശരി 200-240 ദിവസമാണ്. ദേശീയ ശരാശരിയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ ബോഡി നിര്‍മ്മാണം പുറത്തുനല്‍കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ. ഇന്ധനക്ഷമത ദേശീയ ശരാശരിയിലും കുറവാണ്. അത് മെച്ചപ്പെടുത്തണം. വാഹന ഉപയോഗ നിരക്ക് നമ്മുടേത് 82 ശതമാനമാണെങ്കില്‍ ദേശീയ ശരാശരി 92 ശതമാനമാണ്. അതും മെച്ചപ്പെടുത്തണം. ഒരു ബസിന് കേരളത്തില്‍ 8.7 ജീവനക്കാരാണുളളത്. എന്നാല്‍ ദേശീയ ശരാശരി 5.5 ആണ്. ദേശീയ ശരാശരിയിലേക്ക് നാം എന്നണമെന്നതാണ് കമ്മീഷന്‍ ശുപാര്‍ശ. ഡബ്ബിള്‍ ഡ്യൂട്ടി കുറയ്ക്കുന്നതിന് ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ റൂട്ടുകള്‍ക്ക് ബസ്സുകള്‍ വാടകക്കെടുത്ത് ഓടിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. രാത്രി യാത്രയ്ക്ക് അധിക ചാര്‍ജ്ജ്, കെ.എസ്.ആര്‍.ടി.സി. മാത്രമുളള റൂട്ടുകളില്‍ ഫ്‌ളെക്‌സി ഫെയര്‍ എന്നിവയാണ് മറ്റു ചില നിര്‍ദ്ദേശങ്ങള്‍. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താമെന്നും പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. കമ്മീഷന്‍ ശുപാര്‍ശകളെക്കുറിച്ച് തൊഴിലാളി സംഘടകളില്‍നിന്ന് ക്രിയാത്മകമായ നിര്‍ദ്ദശങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.