മന്ത്രിസഭാ തീരുമാനങ്ങള്‍ 11/04/2017

നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

പട്ടികജാതി വികസനവകുപ്പ് ഡയറക്റ്റര്‍ അലി അസ്ഗര്‍ പാഷയ്ക്ക് സിവില്‍ സപ്ലൈസ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കി.

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം.

സബ്ബ് കലക്റ്റര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ നിശ്ചയിച്ചു
സബ്കലക്റ്റര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ നിശ്ചയിച്ചു. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ (എസ്.സി.എസ്.പി.)/റ്റ്രൈബല്‍ സബ്‌പ്ലാന്‍ (റ്റി.എസ്.പി) എന്നീ പദ്ധതികളുടെ ആസൂത്രണവും മേല്‍നോട്ടവും, എസ്.സി.എസ്.പി/റ്റി.എസ്.പി എന്നിവയ്ക്ക് കീഴിലുള്ള ബൃഹദ് പദ്ധതികളുടെ നിര്‍വ്വഹണം, ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട് (എന്‍.എഫ്.എസ്.എ) നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം എന്നിവ ഇവരുടെ ചുമതലയില്‍പ്പെടും.

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികളുടെ ആസൂത്രണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നതിന് ഇവരെ ജില്ലാ ആസൂത്രണ കമ്മിറ്റികളില്‍ പ്രത്യേക ക്ഷണിതാക്കളാക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലുമുള്ള മേല്‍നോട്ടവും ഇവരുടെ ചുമതലകളില്‍പ്പെടും.

മൂന്ന് ഓര്‍ഡിനന്‍സുകളും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

സഹകരണ നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍
ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിലവില്‍ മറ്റു സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വമുണ്ട്. പുതിയ നിയമപ്രകാരം അത് ഉണ്ടാവില്ല.

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹകരണ റജിസ്റ്റ്രാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.

ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70 ശതമാനവും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെതാണ്. വായ്പയില്‍ സിംഹഭാഗവും നല്‍കുന്നതും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കാണ്. അതുകൊണ്ടാണ് കാര്‍ഷിക മേഖലയെ കൂടുതല്‍ സഹായിക്കാന്‍ സഹകരണ മേഖലക്ക് കഴിയുന്നത്. കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തേക്കാള്‍ കൂടുതലായും ഫലപ്രദമായും സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടും. ഭേദഗതിയുടെ മുഖ്യ ഉദ്ദേശ്യവും അതാണ്.

കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള മറ്റു സൊസൈറ്റികള്‍ക്ക് ജില്ലാ ബാങ്കില്‍ നോമിനല്‍ അംഗത്വം നല്‍കും. അവര്‍ക്ക് വായ് ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും. വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ പങ്കെടുക്കാതിരുന്നാലോ സംഘം നല്‍കുന്ന സേവനങ്ങള്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രയോജനപ്പെടുത്താതിരുന്നാലോ ബന്ധപ്പെട്ട സംഘത്തിന് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ടായിരുന്നു. ഈ വ്യവസ്ഥക്കെതിരെ ധാരാളം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. അതുസംബന്ധിച്ച് കേസുകളും വന്നു. ഈ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഒഴിവാക്കി.

ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ ഇല്ലാതായി. ബാങ്കുകളിലെ ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്റ്റ്രേറ്റിവ് കമ്മിറ്റിയെയോ അഡ്മിനിസ്റ്റ്രേറ്ററെയോ നിയമിക്കാന്‍ ഓര്‍ഡിനന്‍സ് സഹകരണ റജിസ്റ്റ്രാര്‍ക്ക് അധികാരം നല്‍കുന്നു. അഡ്മിനിസ്റ്റ്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. അതിന് മുമ്പ് നിയമാനുസരണം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണം.

മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്
എല്ലാ മെഡിക്കല്‍ പ്രവേശനത്തിനും ഈ വര്‍ഷം മുതല്‍ നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഫീസ് ഏകീകരിക്കണമെന്ന കോടതി നിര്‍ദേശം കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഇതുസംന്ധിച്ച് ചേര്‍ന്ന രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗത്തിലും സ്വാശ്രയ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.

സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനം, ഫീസ്, പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുമുള്ള സംവരണം, എന്നിവ നിയന്ത്രിക്കുന്നതിനാണ് കേരള മെഡിക്കല്‍ എജ്യുക്കേഷന്‍ (റഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് അഡ്മിഷന്‍ റ്റു പ്രൈവറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കിയത്.

സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി ചെയര്‍മാനായി അഡ്മിഷന്‍ ആന്‍ഡ് ഫീ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. കമ്മിറ്റിയില്‍ സര്‍ക്കാരിന്റെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ ഉണ്ടായിരിക്കും. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്വകാര്യ മാനേജ്മെന്റുകളുമായി ഇതുസംബന്ധിച്ച് കരാറില്‍ ഏര്‍പ്പെടാനും നിയമം അധികാരം നല്‍കുന്നു. ഫീസ് നിശ്ചയിച്ചാല്‍ വിദ്യാര്‍ഥിയുടെ കോഴ്സ് കഴിയുംവരെ അത് ബാധകമായിരിക്കും. ഒരു അക്കാദമിക്‍ വര്‍ഷം ആ വര്‍ഷത്തേക്കുള്ള ഫീ മാത്രമേ ഈടാക്കാന്‍ പാടുള്ളു. കൂടുതല്‍ ഈടാക്കുന്നത് കാപ്പിറ്റേഷന്‍ ഫീ വാങ്ങുന്നതായി കണക്കാക്കി നടപടിയെടുക്കും. പ്രവേശനം, ഫീ എന്നീ കാര്യങ്ങളില്‍ പരാതിയുണ്ടായാല്‍ അന്വേഷണം നടത്തുന്നതിന് കമ്മിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥാപനത്തിന് പത്തു ലക്ഷം രൂപവരെ പിഴ ചുമത്താം. പ്രവേശനം അസാധുവാക്കുകയും ചെയ്യാം. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരിച്ചുകൊടുക്കാന്‍ കമ്മിററിക്ക് ഉത്തരവിടാം.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകള്‍ക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നായിരിക്കും പ്രവേശനം. മറ്റു മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയായിരിക്കും ബാധകം. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങളിലും പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംവരണം ഉറപ്പാക്കും.

ദാരിദ്ര്യ രേഖയ്ക്ക് താഴെവരുന്ന ചുരുങ്ങിയത് 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഫീസ് സബ്സിഡി മനേജ്മെന്റ് നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സീറ്റിലെ ഫീസിന് തുല്യമായ ഫീസിന് വിദ്യാര്‍ഥിക്ക് പഠിക്കാന്‍ കഴിയും വിധം സബ്സിഡി നല്‍കണമെന്ന് നിയമം നിര്‍ദേശിക്കുന്നു.

പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധം; ഓര്‍ഡിനന്‍സ് പുറത്തിറങ്ങി
സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിയമം അടുത്ത അധ്യയന വര്‍ഷം തന്നെ നിലവില്‍ വരും.

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. നിയമത്തില്‍ പറയാത്ത വല്ല സിലബസുകളിലും അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിര്‍ബന്ധമായിരിക്കും. ഹയര്‍ സെക്കന്‍ഡറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പത്താം തരെ വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ പാടില്ല. മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണമോ പാടില്ലെന്ന നിയമം നിര്‍ദേശിക്കുന്നു.

സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങളുടെ എന്‍ഒസി റദ്ദാക്കും.

കേരള വിദ്യാഭ്യാസ നിയമ പ്രകാരം അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമായിരിക്കും. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് അയ്യായിരം രൂപ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കാം.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ വന്ന് പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ലാസുകളിലെ പാഠ്യപദ്ധതി പ്രകാരം മലയാളം പഠിക്കാന്‍ സാധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ഥികളെ പത്താം തരം മലയാള ഭാഷാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അതിനാവശ്യമായ സൗകര്യം ചെയ്തുകൊടുക്കും.