കെഎസ്എഫ്ഇ: സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖല ഉദ്ഘാടനം

967ലെ ഇ എം എസ് മന്ത്രിസഭയാണ് കെഎസ്എഫ്ഇ എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.
പ്രൈവറ്റ് ചിട്ടി കമ്പനികള്‍ക്കൊരു ബദല്‍ ജനകീയ സംവിധാനം എന്ന നിലയ്ക്കാണ് കെഎസ്എഫ്ഇ വിഭാവനം ചെയ്തത്. സ്വകാര്യ ചൂഷകരുടെ വലയില്‍പ്പെടാതെ പൊതുജനത്തെ വലിയ ഒരളവില്‍ രക്ഷിച്ചെടുക്കാന്‍ കെഎസ്എഫ്ഇക്കു സാധിച്ചു. ചിട്ടി എന്ന സാമ്പത്തിക ഉല്‍പന്നത്തെ നിയമാനുസൃതവും ആധുനികവുമാക്കി മാറ്റാന്‍ കെഎസ്എഫ്ഇക്ക്
കഴിഞ്ഞു. അങ്ങനെ ഒരു ജനകീയ ധനകാര്യ പൊതുമേഖലാ സ്ഥാപനമായി കെഎസ്എഫ്ഇ ഇന്നു വളര്‍ന്നുനില്‍ക്കുന്നു.

പുതിയ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് വികസനത്തിന്‍റെ വലിയ സാധ്യതകളാണ് കെഎസ്എഫ്ഇക്കു മുന്നില്‍ തുറന്നിട്ടത്. എന്നാല്‍, അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തില്‍ സമീപകാലത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പല നയങ്ങളും കേരളത്തിലെ ഇതര സാമ്പത്തിക സ്ഥാപനങ്ങളെയെന്ന പോലെ കെഎസ്എഫിഇയെയും പ്രതിസന്ധിയിലാക്കുകയുണ്ടായി.
നവംബര്‍ എട്ടിന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച 1000, 500 നോട്ടുകളുടെ പിന്‍വലിക്കല്‍ കെഎസ്എഫ്ഇയെയും ബാധിച്ചു. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഏതാണ്ട് 150-200 കോടിയുടെ കുറവാണ് തിരിച്ചടവിലുണ്ടായത്. വളര്‍ച്ചയുടെ പുതുമേഖലകള്‍ തേടുന്ന ഒരു സ്ഥാപനത്തിന് ഇത് എത്ര വലിയ തിരിച്ചറിയാണുണ്ടാക്കുക? നോട്ട് റദ്ദാക്കല്‍ നടപടികൊണ്ട് ഗുണമേയുള്ളു എന്നു വാദിക്കുന്നവര്‍ ഈ 200 കോടിയുടെ കുറവിനും അതുമൂലം നമ്മുടെ സാമ്പത്തിക സ്ഥാപനത്തിനുണ്ടായ പ്രശ്നങ്ങള്‍ക്കും എന്തു മറുപടി പറയും?

എന്നാല്‍, ഈ പ്രയാസങ്ങള്‍ക്കിടയിലും ഉപഭോക്താക്കളെ സഹായിക്കുക എന്ന കേരള ഗവണ്‍മെന്‍റിന്‍റെ പൊതു നിലപാടിന്‍റെ തണലില്‍ കെഎസ്എഫ്ഇ പ്രവര്‍ത്തിച്ചു. പിഴപ്പലിശകള്‍ ഒഴിവാക്കിക്കൊടുത്തും ചിട്ടിലേല തീയതികള്‍ നീട്ടിവെച്ചും കെഎസ്എഫ്ഇ അതിന്‍റെ ഇടപാടുകാരോടുള്ള പ്രതിജ്ഞാബദ്ധത ഈ പ്രതിസന്ധിഘട്ടത്തിലും തെളിയിക്കുകയുണ്ടായി. പ്രതികൂല ഘടകങ്ങളെയെല്ലാം മറികടന്നുകൊണ്ട് കെഎസ്എഫ്ഇ മുന്നോട്ടുപോയി. ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യവും ഗവണ്‍മെന്‍റിന്‍റെ
അനുകൂല സമീപനവുംമൂലം ചിട്ടിയുടെയും മറ്റു ബിസിനസുകളുടെയും ലക്ഷ്യങ്ങള്‍ നിശ്ചിത തീയതിക്കുമുമ്പു തന്നെ നേടാന്‍ കെഎസ്എഫ്ഇക്ക് അങ്ങനെ സാധിച്ചു.

കഴിഞ്ഞവര്‍ഷം 444 കോടി രൂപയുടെ റെക്കോര്‍ഡ് ചിട്ടി ബിസിനസ് ചെയ്യാന്‍ കെഎസ്എഫ്ഇക്കു കഴിഞ്ഞു എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഊന്നിയ ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകും എന്നതിന്‍റെ തെളിവാണ്. ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുക എന്നതാണ് ഏതൊരു
ബിസിനസിന്‍റെയും ഏറ്റവും വലിയ മുതല്‍ക്കൂട്ട്. അതു സാധിച്ചു. എന്നു മാത്രമല്ല, ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോര്‍ത്താനുദ്ദേശിച്ചുള്ള നടപടികള്‍ക്കെതിരെ, ഈ സ്ഥാപനങ്ങളുടെ പക്ഷത്തുനില്‍ക്കും എന്ന ജനങ്ങളുടെ പ്രഖ്യാപനത്തിന്‍റെ കരുത്തുകൂടി അതില്‍ പ്രതിഫലിച്ചു.

നോട്ട് പിന്‍വലിക്കല്‍ ജനങ്ങളിലുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനായി വലിയ പദ്ധതികള്‍ ഗവണ്‍മെന്‍റിന്‍റെ പിന്തുണയോടെ കെഎസ്എഫ്ഇ നടപ്പിലാക്കി. ഇളവ് 2017 എന്നുപേരിട്ട കുടിശിക നിവാരണ പദ്ധതിയാണ് അതില്‍ എടുത്തുപറയേണ്ടത്. കുടിശികക്കാര്‍ക്ക് സഹായകമാകുംവിധം പിഴപ്പലിശയില്‍ വമ്പന്‍ ഇളവ് നല്‍കിക്കൊണ്ടുള്ള പദ്ധതിയായിരുന്നു അത്. കുടിശികക്കാര്‍ക്കുവേണ്ടി കെഎസ്എഫ്ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവായിരുന്നു ആ പദ്ധതിയിലൂടെ പ്രഖ്യാപിച്ചത്. കേരള സംസ്ഥാനത്തിന്‍റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഇളവുകള്‍ വഴി 250 കോടിയോളം രൂപ പിരിച്ചെടുക്കാന്‍ കഴിഞ്ഞു. പതിനായിരത്തോളം പേര്‍ ഈ ഹ്രസ്വ കാലയളവിനുള്ളില്‍ കടവിമുക്തരായി. ജനങ്ങളുടെ ആവശ്യം മാനിച്ച് പദ്ധതി ഒരുമാസം കൂടി നീട്ടിനല്‍കുകയുമുണ്ടായി. കേരള സര്‍ക്കാരും കെഎസ്എഫ്ഇയും എങ്ങനെ ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് ഇതില്‍നിന്നു വ്യക്തമാവുന്നുണ്ടല്ലൊ. ഇതു മനസ്സിലാക്കിയ ജനം അര്‍ഹമായ നിലയില്‍ സഹകരിക്കുകയും ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആയിരത്തിലധികം പേര്‍ക്ക് പിഎസ്സി വഴി
കെഎസ്എഫ്ഇയില്‍ ജോലി നല്‍കാന്‍ സാധിച്ചിട്ടുണ്ട്. പിഎസ്സി വഴി ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലയളവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും നിയമന നിരോധനത്തിന്‍റെ നീണ്ട ഒരു കാലത്തിന്‍റെ പശ്ചാത്തലത്തില്‍. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് അപ്രഖ്യാപിത നിയമനവിലക്ക് ഉണ്ടായിരുന്നു. ഈ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ എല്ലാ വകുപ്പുകളെ കൊണ്ടും ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യിച്ചു. ആറുമാസത്തിനുള്ളില്‍ പതിനായിരത്തിലധികം തസ്തികകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൂടാതെ സ്കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും പൊലീസിലും എല്ലാം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

സര്‍ക്കാര്‍ തൊഴില്‍ നല്‍കുക മാത്രമല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക കൂടി വേണം. അതിനുതകുന്ന തരത്തിലാണ് നൂതന ആശയങ്ങളെയും സംരംഭകത്വത്തെയും ഒക്കെ പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇന്നത്തെ കാലത്ത് എല്ലാ വ്യവസായങ്ങള്‍ക്കും, അത് പരമ്പരാഗതമാണെങ്കിലും സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയ ആധുനിക വ്യവസായങ്ങളാണെങ്കിലും, കണക്ടിവിറ്റി വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍, ഇന്‍റര്‍നെറ്റ് ലഭ്യത അവകാശമാണെന്ന തത്വം (ൃശഴവേ ീേ ശിലേൃിലേ) ഉള്‍ക്കൊള്ളുന്ന നയം ഇന്ത്യയിലാദ്യമായി കേരളം നടപ്പാക്കിയത്.

അത്തരത്തില്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന നടപടികള്‍ കെഎസ്എഫ്ഇ സ്വീകരിക്കുന്നു എന്നത് ഭാവിയിലേക്കു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ തയ്യാറെടുക്കുന്നു എന്നതിന്‍റെ അടയാളമാണ്. ശ്ലാഘനീയമാണ് ഈ കാല്‍വെയ്പ്പ്. 2006ലെ ഇടതുമന്ത്രിസഭയുടെ കാലത്ത് കോര്‍ സൊല്യൂഷന്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറായ കാസ്ബ (ഇഅടആഅ ഇീൃല അുുഹശരമശേീി ടീളംമേൃല ളീൃ ആൗശെിലൈ അരരീൗിശേിഴ) ഉപയോഗിച്ച് ബ്രാഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവല്‍ക്കരണം തുടങ്ങിവെച്ചെങ്കിലും പിന്നീടുവന്ന സര്‍ക്കാര്‍ അതില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല. 2016 മാര്‍ച്ച് 31 വരെ കോര്‍ സൊല്യൂഷന്‍ ആപ്ലിക്കേഷന്‍ നടപ്പാക്കിയ ശാഖകളുടെ എണ്ണം 136 ആയിരുന്നെങ്കില്‍ ഇന്നിപ്പോള്‍ കെഎസ്എഫ്ഇയുടെ 568 ശാഖകളും പരസ്പരബന്ധിതമായി കഴിഞ്ഞിരിക്കുന്നു. ഇതുവഴി
ഉന്നത സാങ്കേതിക നിലവാരമുള്ള സത്വരസേവനം കെഎസ്എഫ്ഇയുടെ 33 ലക്ഷത്തോളം വരുന്ന ഇടപാടുകാര്‍ക്ക് ലഭ്യമാകും. ഇതാണ് മാറിവരുന്ന കാര്യക്ഷമതയുടെ രീതി.

കിഫ്ബിയുമായി ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന പ്രവാസി ചിട്ടിക്കും ഇതോടെ പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുകയാണ്. പ്രവാസി ചിട്ടി വഴി ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടായിരം കോടി രൂപയെങ്കിലും കിഫ്ബിയിലേക്ക് സമാഹരിക്കാനാകും എന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. പ്രവാസികളുടെ ക്ഷേമവും ഗവണ്‍മെന്‍റിന്‍റെ വികസനപ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയ നവീനമായ ഈ പദ്ധതിയും വിജയിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

വളരെ സന്തോഷത്തോടെ കെഎസ്എഫ്ഇയുടെ ആധുനികവല്‍ക്കരണത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലായ കമ്പ്യൂട്ടര്‍ ശൃംഖലവല്‍ക്കരണത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വഹിച്ചുകൊള്ളുന്നു. നന്ദി.