കിഫ്ബി’ക്ക് കരുത്താകാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണം

കെ.എസ്.എഫ്.ഇ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണം ഉദ്ഘാടനം ചെയ്തു ‘കിഫ്ബി’ക്ക് കരുത്താകാനും സഹായിക്കാനും കഴിയുന്ന രീതിയില്‍ മാറാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുള്ള എല്ലാശ്രമങ്ങളും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കെ.എസ്.എഫ്.ഇ യുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണത്തിലേക്ക് മാറിയത് എല്ലാത്തരത്തിലും അഭിനന്ദനീയാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ചിട്ടി ജൂണോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പ്രവാസികളുടെ സമ്പാദ്യം കെ.എസ്.എഫ്.ഇയില്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കും. ‘നിങ്ങളുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ ചിട്ടികളിലൂടെയുള്ള നിക്ഷേപം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

സമ്പൂര്‍ണ കോര്‍ ബാങ്കിംഗ് വന്നതോടെ ഇടപാടുകാര്‍ക്ക് എതു ബ്രാഞ്ചില്‍ ചെന്നാലും ചിട്ടിപ്പണമുള്‍പ്പെടെ അടയ്ക്കാനാകും. കെ.എസ്.എഫ്.ഇയുടെ ലാഭവും കൂടും. പണത്തിന്റെ ആവശ്യം ഓണ്‍ലൈനായി അപ്പപ്പോള്‍ അറിയാവുന്നതിനാല്‍ ബ്രാഞ്ചുകളില്‍ പണം കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കും മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അഡ്വ: വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് സ്വാഗതവും എം.ഡി എ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

എല്ലാ ശാഖകളെയും ഓഫീസുകളെയും കമ്പ്യൂട്ടര്‍ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന കോര്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറായ ‘കാസ്ബ’യാണ് കെ.എസ്.എഫ്.ഇ ഉപയോഗിക്കുന്നത്. കിഫ്ബിയുമായി ചേര്‍ന്ന് ആരംഭിക്കുന്ന പ്രവാസി ചിട്ടിക്കും ഇതോടെ സ്ഥാപനത്തില്‍ അടിസ്ഥാന പശ്ചാത്തലമായിട്ടുണ്ട്.