എ കെ ജി സ്മാരക സ്കൂള്‍

എ കെ ജിയുടെ സ്മരണ സ്പന്ദിച്ചുനില്‍ക്കുന്ന വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ എ കെ ജി ഈ സ്കൂളിനെ മുന്‍നിര്‍ത്തി പണ്ടൊരിക്കല്‍ കുറിച്ച വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു തുടങ്ങാം. എ കെ ജിയുടെ വാക്കുകള്‍ ഇതാണ്: “പെരളശേരിയില്‍ ഒരു പുതിയ ഹൈസ്കൂളിന് അംഗീകരണം കിട്ടി പ്രവൃത്തിച്ചുവരുന്നതായി നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലൊ… പുതിയ കെട്ടിടങ്ങള്‍ മുതലായവ
ഉണ്ടാക്കേണ്ടതിലേക്കും മറ്റു പല ബാധ്യതകളും നിറവേറ്റേണ്ടതിലേക്കും വലിയ സംഖ്യ ആവശ്യമായി വന്നിരിക്കുന്നു.. നിങ്ങളുടെ പരിപൂര്‍ണസഹായം ഈ കാര്യത്തില്‍ സ്കൂള്‍ കമ്മിറ്റിക്കുണ്ടാകുമെന്ന് വിശ്വസിക്കുകയും അതിനായി വിനീതമായി അഭ്യര്‍ഥിക്കുകയും ചെയ്യുന്നു”.

1956ല്‍ എംപിയായിരിക്കെ എ കെ ജി എഴുതിയ കത്തിലെ വരികളാണിവ. എ കെ ജിയുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് ഈ സ്കൂള്‍ എന്ന് നമുക്കെല്ലാവര്‍ക്കുമറിയാമല്ലോ. അദ്ദേഹത്തിന്‍റെ മരണശേഷം എ കെ ജി സ്മാരകമായി മാറിയ സ്കൂള്‍ പുതിയ കൂട്ടായ്മയ്ക്കു സാക്ഷ്യമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സ്കൂളിനുവേണ്ടി പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ‘ഓര്‍മയുടെ പൂക്കാല’മായി ഒത്തുചേരുകയാണ്. പുതുചരിത്രം കുറിക്കുകയാണ് നമ്മളിവിടെ.

ഒരു കാലത്ത് വിദ്യാഭ്യാസം ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമാണ് ലഭിച്ചിരുന്നത്. പൊതുവിദ്യാലയങ്ങള്‍ വന്നതോടെ വിവിധ ജാതിമതസ്തര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമായി. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍, മിഷണറി പ്രവര്‍ത്തനങ്ങള്‍, ഭരണ ഇടപെടലുകള്‍, ജനകീയ പ്രസ്ഥാനങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായിട്ടുണ്ട്. കേരളം ആര്‍ജ്ജിച്ചിട്ടുള്ള പുരോഗമന മതനിരപേക്ഷ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ് എന്നു ചുരുക്കം.

സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി പതിമൂവായിരത്തിലധികം വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. അണ്‍ എയ്ഡഡ് സ്വകാര്യ സ്കൂളുകളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ ഇവയില്‍ പലതും കുട്ടികളെ കിട്ടാതെ വിഷമാവസ്ഥയിലായി. വേണ്ടത്ര കുട്ടികളില്ലാതെ വന്നതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. പുരോഗമന സ്വഭാവമുള്ള ഒരു ജനതയ്ക്കും അവരെ പ്രതിനിധാനം ചെയ്യുന്ന ഒരു ഗവണ്‍മെന്‍റിനും മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്‍റെ കൂടി പാഠങ്ങള്‍ പകരുന്ന വിദ്യാലയങ്ങളെ ദയാവധത്തിന് വിട്ടുകൊടുക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന മലാപ്പറമ്പ്, മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നീ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.

പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. എന്തിനാണ് നാം കുട്ടികളെ സ്കൂളുകളിലേക്കയക്കുന്നത്? അവര്‍ മിടുമിടുക്കന്‍മാരായി തീരാനാണ്. അവര്‍ക്ക് അക്കാദമിക് മികവുണ്ടാകണം. അവര്‍ നല്ല സ്വഭാവമുള്ളവരായി വളരണം. അവര്‍ മതേതര ജനാധിപത്യ ബോധമുള്ള സ്നേഹവും സഹിഷ്ണുതയുമുള്ളവരായി മാറണം. അവര്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്നത നിലവാരം വേണം. ഇത് സ്കൂള്‍ വഴി സാധിക്കുമെന്ന് ഉറപ്പാക്കണം. അതിനാണ് പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തുനിയുന്നത്. ഈ പദ്ധതി പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ക്ലാസ് മുറികളില്‍ പ്രൊജക്ടറും സ്ക്രീനും വയ്ക്കല്‍ മാത്രമല്ല. സ്മാര്‍ട്ട് ക്ലാസ്സുകള്‍ പദ്ധതിയിലെ ഒരു ഘടകം മാത്രമാണ്. ഏതാനും കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തലുമല്ല. അതും പ്രധാനപ്പെട്ട ഘടകമാണ് എന്നേയുള്ളൂ.

ആയിരം സ്കൂളുകളെയെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അപ്പോഴുള്ള ചോദ്യം എന്താണീ അന്താരാഷ്ട്ര നിലവാരം എന്നതാണ്. അന്താരാഷ്ട്ര നിലവാരമെന്നാല്‍ ഇത്രമാത്രം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി അതേ പ്രായത്തിലുള്ള ലോകത്തിലെ ഏതു രാജ്യത്തെ കുട്ടിയുമായും അറിവിന്‍റെയും ആത്മവിശ്വാസത്തിന്‍റേയും ശേഷിയുടെയും കാര്യത്തില്‍
തുല്യനായിരിക്കണം. ഇതിന് പരമ്പരാഗതമായ പഠന രീതികള്‍ പോരാ. അതിനാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സഹായം തേടുന്നത് സ്മാര്‍ട്ട് ക്ലാസുകള്‍ വരുന്നത്. ആ നിലവാരത്തിലെത്താന്‍ നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ പോര. അതിനാണ് മികച്ച കെട്ടിടങ്ങളടക്കമുള്ള ഭൗതിക സൗകര്യങ്ങള്‍ വരുന്നത്.

പ്രകൃതിയെ അറിയാത്ത ഒരു തലമുറ എത്ര നന്നായി പാഠഭാഗങ്ങള്‍ പഠിച്ചിട്ടും കാര്യമില്ല. അതിനാണ് ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ സ്കൂളിന്‍റെ ഭാഗമായി കൊണ്ടുവരുന്നത്. ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ എന്നു പറഞ്ഞാല്‍ പണം മുടക്കി നല്ല ഒരു ഗാര്‍ഡന്‍ ഉണ്ടാക്കലല്ല. മുല്ലയും മുക്കുറ്റിയും കൈയോന്നിയും താന്നിയും, ചെമ്പരത്തിയും, നീലക്കൊടുവേലിയും തുടങ്ങി പരമാവധി തരം ചെടികള്‍ വച്ചുപിടിപ്പിക്കലാണ്. അങ്ങനെ സസ്യവൈവിധ്യത്തെ മനസിലാക്കാന്‍ കുട്ടിക്ക് അവസരം നല്‍കലാണ്.

കാമ്പസ് തന്നെ പാഠപുസ്തകമായി തീരും. പൂക്കളെയും ചെടികളെയും സ്നേഹിച്ച് കുട്ടികള്‍ വളരട്ടെ. ആ സ്നേഹത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് സമൂഹത്തിനോടുള്ള സ്നേഹം അവരില്‍ നിറയേണ്ടത്.

കായികക്ഷമതയില്ലാത്ത, ആരോഗ്യമില്ലാത്ത തലമുറയ്ക്ക് സ്വയം വളരാനോ സമൂഹത്തിന് സംഭാവനകള്‍ നല്‍കാനോ സാധ്യമല്ല. അതിനാണ് കായിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുന്നത്. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ്. അതാവണം ലക്ഷ്യം. സ്കൂള്‍ ലൈബ്രറികള്‍ പൂട്ടികിടക്കുന്ന നില ഇനി ഉണ്ടാകില്ല. കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുന്ന അവസ്ഥയുണ്ടാകും. ലൈബ്രറികള്‍ മാത്രമല്ല ലാബുകളും നവീകരിക്കും. പരീക്ഷണങ്ങള്‍ പുസ്തകങ്ങളില്‍ വായിച്ച് ഭാവനയില്‍ ചെയ്യുന്ന അവസ്ഥ മാറും. എല്ലാ ലാബുകളും മികച്ചതാവും. വരും വര്‍ഷം നാല് സ്ഥലങ്ങളില്‍ 50 ലക്ഷം രൂപ വീതം ചെലവഴിച്ച് അത്യുന്നത നിലവാരത്തിലുള്ള ഐഡിയല്‍ ലാബുകള്‍ സ്ഥാപിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

45000 ക്ലാസ് മുറികളാണ് ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററി തലത്തില്‍ ഹൈടെക് ആക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 500 കോടിയിലധികം രൂപ ഇതിനായി ചെലവഴിക്കും. 1000 കുട്ടികളിലധികം പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലെയും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 500 കോടി രൂപ നിക്ഷേപിക്കും. ഒരു സ്കൂളിന് പരമാവധി 3 കോടി രൂപ. സംസ്ഥാന ബജറ്റിന്‍റെ പൊതുവിദ്യാഭ്യാസ അടങ്കല്‍ തുകയില്‍ 216 കോടി രൂപ പശ്ചാത്തല സൗകര്യവികസനത്തിന് മാറ്റിവച്ചിരിക്കുന്നു. എയ്ഡഡ് സ്കൂളുകള്‍ക്കും
സഹായങ്ങള്‍ ലഭിക്കും. മാനേജ്മെന്‍റ് അല്ലെങ്കില്‍ സ്കൂള്‍ സംരക്ഷണസമിതി കണ്ടെത്തുന്ന തുകയ്ക്ക് തുല്യമായി ഗവണ്‍മെന്‍റ് നിക്ഷേപം നടത്തും. ഇതിന്‍റെ പരമാവധി തുക ഒരു കോടി ആയിരിക്കും.

ഓരോ വിദ്യാലയത്തിനും വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. പ്ലാന്‍ തയ്യാറാക്കി അംഗീകരിക്കാന്‍ കിറ്റ്കോയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇത് ഒരു ജനകീയ യജ്ഞമാണ്. സര്‍ക്കാരിനൊപ്പം വിവിധ മേഖലകളിലുള്ള ജനങ്ങള്‍ കൂടി കൈ കോര്‍ക്കുകയാണ്. വിവിധ സാമ്പത്തിക സ്രോതസുകളെ ഏകോപിപ്പിക്കണം. അതിനാണ് ഇവിടെ കൂടിയിരിക്കുന്ന നമ്മളോരോരുത്തരുടെയും സംഭാവന ഉണ്ടാകേണ്ടത്. പിടിഎ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സ്കൂള്‍ അഭ്യൂദയകാംക്ഷികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെയെല്ലാം ഏകോപനം സാധ്യമാക്കി കൂടുതല്‍ ഫണ്ട് കണ്ടെത്താവുന്നതാണ്.

ജനകീയ യജ്ഞം എന്നത് ഒരു ചെറിയവാക്കല്ല. മുമ്പും പലതരം യജ്ഞങ്ങള്‍ വിജയിപ്പിച്ചവരാണ് നാം. സാക്ഷരതാ യജ്ഞം തന്നെ മികച്ച ഉദാഹരണം. ജനകീയാസൂത്രണം മറ്റൊരു വലിയ മാതൃകയാണ്. ഇപ്പോള്‍ നടത്തുന്ന യജ്ഞങ്ങളും ഇവയെക്കാളെല്ലാം വിജയമാക്കി തീര്‍ക്കണം. പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് അധ്യാപകര്‍ക്കും വിദ്യാഭ്യാസ ഭരണകര്‍ത്താക്കള്‍ക്കും
രക്ഷാകര്‍ത്താക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏറ്റെടുക്കാനുള്ളത്.

ഇത് കേവലം സ്കൂള്‍ സംരക്ഷണമല്ല. തലമുറകള്‍ക്കുവേണ്ടി നടത്തുന്ന നിക്ഷേപമാണ്. വിദ്യാഭ്യാസത്തിലെ നഷ്ടപ്പെട്ടുപോയ എല്ലാ ഘടകങ്ങളെയും തിരിച്ചുപിടിക്കലാണ്. വിവിധ ഭാഷകളിലുള്ള പരിജ്ഞാനം വര്‍ധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കണം. എസ്എസ്എയുടെ നേതൃത്വത്തിലുള്ള ‘ഹലോ ഇംഗ്ലീഷ്’ പോലുള്ള പദ്ധതികള്‍ മാതൃകാപരമാണ്. അതേസമയം ഇംഗ്ലീഷ് പഠനം മലയാള പഠനം ഇല്ലാതാക്കിക്കൊണ്ടാവരുത്. മലയാളം നിര്‍ബന്ധമായും പഠിച്ചേ പറ്റൂ. മാതൃഭാഷ ഉറപ്പിച്ചുകൊണ്ടുതന്നെ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടണം.

അത്തരമൊരു സമീപനത്തിന്‍റെ ഭാഗമായാണ് സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താംതരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ പാടില്ല എന്നുമാത്രമല്ല മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന നിര്‍ദേശവും നല്‍കാന്‍ പാടില്ല എന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിയമം ലംഘിക്കുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

സ്കൂള്‍ പിടിഎ ഭാരവാഹികള്‍ അല്ലെങ്കില്‍ സ്കൂള്‍ മാനേജുമെന്‍റ് കമ്മറ്റി ഭാരവാഹികള്‍ തങ്ങളുടെ പദവികള്‍ കേവലം അലങ്കാരമായി കൊണ്ടുനടക്കരുത്. അവരുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുണ്ടാവണം. അതേസമയം അധ്യയന കാര്യങ്ങളില്‍, അക്കാദമിക് വിഷയങ്ങളില്‍ അധ്യാപകരുടെ പ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുക മാത്രമേ വേണ്ടൂ. അക്കാദമിക് കാര്യങ്ങളില്‍ കയറി ഇടപെടരുത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇടപെടും. കൂട്ടായ ചര്‍ച്ചകള്‍ ആകാം. അതോടൊപ്പം അധ്യാപകര്‍ തങ്ങള്‍ പഠിപ്പിക്കുക മാത്രമെ ചെയ്യൂ എന്ന് ചിന്തിക്കരുത്. കുട്ടികള്‍ ഇന്ന് പലതരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വൈകാരിക പ്രശ്നങ്ങളടക്കം. തങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അത് പറയാന്‍ കഴിയുന്ന ഇടമായി സ്കൂള്‍ മാറണം. എനിക്കൊരു പ്രശ്നമുണ്ടായാല്‍ എന്‍റെ ടീച്ചര്‍ ഒപ്പമുണ്ട് എന്ന് കുട്ടിക്ക് തോന്നണം. ആ കരുതല്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതു തിരിച്ചുപിടിക്കണം.

അതുപോലെ സ്കൂള്‍ ഒരു പ്രതിസന്ധിയെ നേരിട്ടാല്‍ രക്ഷകര്‍തൃസമൂഹം ഒപ്പം നില്‍ക്കണം. ഈയൊരു കൂട്ടായ്മ ഉണ്ടായാല്‍ പൊതുവിദ്യാഭ്യാസ യജ്ഞം വന്‍ വിജയമായി തീരും എന്നതില്‍ സംശയമില്ല. ലോകം ഇനി കേരളത്തിലേക്ക് ഉറ്റുനോക്കി അത്ഭുതപ്പെടും. ഈ കൊച്ചു സംസ്ഥാനം എങ്ങനെ ഇത്ര വികസിച്ചു എന്ന് ലോകം ചോദിക്കുമ്പോള്‍ അതിനുള്ള നമ്മുടെ ഉത്തരം ജനങ്ങളുടെ കൂട്ടായ്മ
എന്നതാവണം. അത്തരത്തിലുളള ഒരു ജനകീയ കൂട്ടായ്മയാണ് ഇന്നിവിടെ നടക്കുന്നത് എന്നെനിക്കുറപ്പുണ്ട്.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി മാറിയ പെരളശേരി സ്കൂള്‍ ഹൈടെക്കാവുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മള്‍ തുടക്കം കുറിക്കുന്നത്. 2600 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 60 ഹൈടെക് ക്ലാസ് മുറികള്‍, 15 ലാബുകള്‍, നാല് സ്റ്റാഫ് റൂമുകള്‍, 500 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാള്‍, അത്യാധുനിക സംവിധാനമുള്ള അടുക്കള, ആര്‍ട് ആന്‍ഡ് മ്യൂസിക് റൂം, വിശാലമായ ലൈബ്രറി, സന്നദ്ധസംഘടനകള്‍ക്ക് പ്രത്യേകം മുറി, കളിസ്ഥലം, പൂന്തോട്ടം എന്നിവയടക്കം 30 കോടി രൂപയുടെ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിനായുള്ള സ്ഥലമേറ്റെടുപ്പും ഇതില്‍ ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ 12 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഈ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ നമ്മുടെ ഓരോരുത്തരുടെയും പൂര്‍ണ സഹകരണം ഉണ്ടാവണം. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടും അധ്യാപകര്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളോടും ഈ സ്കൂളിന്‍റെ ഭാവിയെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ കഴിയണം. ഇരൂ കൂട്ടര്‍ക്കും ഈ സ്കൂള്‍ കാത്തിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കാനും സാധിക്കട്ടെ
എന്നാശംസിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.

ആറുപതിറ്റാണ്ടു മുമ്പ് എ കെ ജി കുറിച്ച വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണല്ലോ ഞാന്‍ സംസാരിച്ചു തുടങ്ങിയത്. ആ കത്തില്‍ എ കെ ജി ഊന്നിപ്പറഞ്ഞ ‘പരിപൂര്‍ണ സഹായം’ എന്ന വാക്കുണ്ടല്ലൊ. അത് ഏറ്റവും പ്രസക്തമായ ഘട്ടമാണിത്. ആ സഹായം ഓരോരുത്തരില്‍നിന്നും ഉണ്ടാവണം. അതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിനാകെ മാതൃകയാവുന്ന മികവിന്‍റെ വിദ്യാലയമാക്കി നമുക്കിതിനെ മാറ്റാന്‍ കഴിയണം. അത് എ കെ ജിയോടുള്ള ഉചിതമായ ആദരാഞ്ജലി കൂടിയാവും.

കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്ലാവരും ഇവിടെ രൂപീകരിക്കപ്പെടുന്ന കമ്മിറ്റിയില്‍ ഭാഗഭാക്കാകണം എന്നോര്‍മിപ്പിച്ചുകൊണ്ട് ഈ സംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊളളുന്നു. നമുക്കെല്ലാവര്‍ക്കുമൊരുമിച്ച് ഓര്‍മകളുടെ പൂക്കാലം വിരിയിക്കുവാന്‍ സാധിക്കട്ടെ. എല്ലാവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.