വരള്‍ച്ച: മാനദണ്ഡങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാനം നല്‍കിയ വിവരങ്ങളും നേരിട്ട് കണ്ട സ്ഥിതിഗതികളും പരിഗണിച്ചശേഷം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വരള്‍ച്ചാദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ തലവന്‍ കേന്ദ്രകൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍ പറഞ്ഞു. അശ്വനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

സന്ദര്‍ശനശേഷം കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി ലഭ്യമായാല്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. രണ്ടുസംഘങ്ങളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചശേഷമാണ് അശ്വിനികുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. നിതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് രണ്ടാമത്തെ സംഘം.

സംസ്ഥാനത്തെ കൃഷിയുടെയും നദികളുടെയും ഡാമുകളുടെയും അവസ്ഥ സന്ദര്‍ശനത്തിനിടെ വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ കര്‍ഷകരുമായും ആശയവിനിമയം നടത്താനായി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസംഘത്തിന് സമര്‍പ്പിച്ച വരള്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം സംസ്ഥാനത്തുടനീളം തങ്ങള്‍ നേരിട്ട് മനസിലാക്കിയ വരള്‍ച്ചാ പ്രശ്‌നങ്ങളും കൂടി കണക്കിലെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദേശീയതല സമിതി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രി ചെയര്‍മാനും കൃഷിമന്ത്രിയും ധനമന്ത്രിയും അംഗങ്ങളുമായ ഉന്നതതല സമിതിക്ക് സമര്‍പ്പിക്കും.

ചില മേഖലകളില്‍ 50 ശതമാനത്തിലധികം കൃഷിനാശം ഉള്ളതായി സന്ദര്‍ശനത്തില്‍ മനസ്സിലായിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കൃഷി, കുടിവെള്ളം, മൃഗസംരക്ഷണം ഉള്‍പ്പെടെ പ്രധാനമേഖലകള്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രസംഘവുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. തോട്ടവിളകള്‍ കൂടുതലുള്ള കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി വരള്‍ച്ചയുടെ ആഘാതം ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്. കുടിവെള്ളപ്രശ്‌നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണമേഖലയിലും വരള്‍ച്ച ഇത്തവണ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കുടിവെള്ളം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നത്. ഇടുക്കിയിലടക്കം സംഭരണിയില്‍ ജലം ലഭ്യമാക്കാന്‍ കൃത്രിമമഴയുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. വരള്‍ച്ചാബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടാണ് കേന്ദ്രത്തെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചര്‍ച്ചയില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവര്‍ സംബന്ധിച്ചു.