സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍.സ്ഥാപനത്തിന്റെ വാണിജ്യ താത്പര്യം മാത്രമല്ല അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. പുതിയതായി രംഗത്തെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്നവര്‍ ഇത് മനസ്സിലാക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിച്ച 500ല്‍പരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് ബുക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

പലപ്പോഴും വിവാദപരമായ കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്താണെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് എന്നു പറയുന്നത് തെറ്റാണ്. മാധ്യമ പ്രവര്‍ത്തനമെന്ന പേരില്‍ അധാര്‍മികവും നീതിരഹിതവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് എതിര്‍പ്പ് ഏറുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ മാത്രമല്ല, മാധ്യമ രംഗത്തുള്ളവര്‍ പോലും മാധ്യമ രംഗത്തെ തെറ്റായ പ്രവണതകളെ തുറന്നുകാണിക്കുന്നുണ്ട്. മാധ്യമ ചര്‍ച്ചകളില്‍ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ആ വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവരെ മാത്രം ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം.

ലിപി സാങ്കേതികരംഗത്ത് യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതിലെ തടസം നീക്കാന്‍ അലങ്കാര ഫോണ്ടുകളും പേജിനേഷന്‍ സോഫ്റ്റവെയറുകളും ലഭ്യമാക്കാന്‍ ബജറ്റില്‍ അമ്പതു ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതല്‍ പണം ലഭ്യമാക്കാന്‍ ശ്രമിക്കും. ഇന്റര്‍നെറ്റ് സൗകര്യം എല്ലാ വീടുകളിലുമെത്തിക്കാന്‍ ഊന്നല്‍ നല്‍കുന്ന ഒരു ഐടി നയമാണ് സര്‍ക്കാരിനുള്ളത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആധുനികവത്കരിക്കാനും കേസരി സ്മാരക ട്രസ്റ്റ് ഡിജിറ്റല്‍ ലൈബ്രറി വികസിപ്പിക്കാനും കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും സര്‍ക്കാര്‍ പണം നീക്കി വച്ചത് മാധ്യമ വിദ്യാര്‍ത്ഥികളുടെ മികവ് ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെയാണ്. പത്രപ്രവര്‍ത്തകരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ എണ്ണായിരം രൂപയായിരുന്നത് പതിനായിരം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധിപേരുടെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പല കാരണങ്ങളാല്‍ കെട്ടിക്കിടന്നതിനാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. അഞ്ഞൂറിലേറെ പേര്‍ക്ക് പുതുതായി പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നല്‍കുകയാണ്.

മറ്റെല്ലാ രംഗത്തെയും പുരസ്‌കാരങ്ങള്‍ വലിയ വിവാദങ്ങളുണ്ടാക്കുമ്പോഴും മാധ്യമ പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ ഇതേവരെ വിവാദങ്ങളുണ്ടായിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയ ശേഷം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഈ രംഗത്തെ മുതിര്‍ന്ന പ്രതിഭകളെക്കൊണ്ട് വിലയിരുത്തിയ ശേഷമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. അവാര്‍ഡു നിര്‍ണയത്തില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും നടത്താതിരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നല്ല മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താക്കള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

വ്യാജവാര്‍ത്തകള്‍ ഇല്ലാതാക്കുന്നത് വാര്‍ത്തയുടെ നൈതികതയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമധര്‍മം തമസ്‌കരിക്കാനുള്ള പ്രവണത വ്യാപകമാവുകയാണ്. സെന്‍സര്‍ഷിപ്പല്ല, സ്വയം നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്കാവശ്യം. സെന്‍സേഷണലിസം മാധ്യമങ്ങള്‍ക്ക് കളങ്കം ചാര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ മാധ്യമപുരസ്‌കാരങ്ങളെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച നേര്‍ക്കാഴ്ച എന്ന പുസ്തകം സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.

ജനറല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ രഞ്ജിത് ജോണ്‍ (ദീപിക), വികസനോന്മുഖ റിപ്പോര്‍ട്ടിംഗ് ടി.സോമന്‍ (മാതൃഭൂമി), ന്യൂസ് ഫോട്ടോഗ്രാഫി റസല്‍ ഷാഹുല്‍ (മലയാള മനോരമ), കാര്‍ട്ടൂണ്‍ ടി.കെ. സുജിത് (കേരള കൗമുദി), ടി.വി റിപ്പോര്‍ട്ടിംഗ് ബിജു പങ്കജ്(മാതൃഭൂമി ന്യൂസ്), ടി.വി ന്യൂസ് എഡിറ്റിംഗ് ബിനീഷ് ബേബി (മനോരമ ന്യൂസ്), ടി.വി ന്യൂസ് ക്യാമറ ബിനു തോമസ് (മാതൃഭൂമി ന്യൂസ്), ന്യൂസ് ക്യാമറ പ്രത്യേക പരാമര്‍ശം സജീവ് .വി (മനോരമ ന്യൂസ്) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, കെ.യു. ഡബ്ലിയു.ജെ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, പ്രസിഡന്റ് പി. എ അബ്ദുള്‍ ഗഫൂര്‍, പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിളള, കേസരി സ്മാരക ട്രസ്റ്റ് സെക്രട്ടറി സി. റഹീം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിനുശേഷം ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ ബാന്റായ ഇന്‍ഡിവ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.