മന്ത്രിസഭ 60-ാം വാര്‍ഷികം അധ്യക്ഷ പ്രസംഗം

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ നിലവില്‍ വന്നതിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ ആഘോഷിച്ചത്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നത് ഓരോ മലയാളിയുടെയും സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. 57ല്‍ തെരഞ്ഞെടുപ്പിലൂടെ ഇ എം എസ് മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യരാഷ്ട്രീയാനുഭവമായിരുന്നു.

കേവലം 28 മാസമേ ഇ എം എസ് മന്ത്രിസഭ അധികാരത്തിലിരുന്നുള്ളു. ചുരുങ്ങിയ ഘട്ടത്തിലേ നിലനിന്നുള്ളുവെങ്കിലെന്ത്. ആധുനിക കേരളത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അടിത്തറ ഒരുക്കാന്‍ അതിനു കഴിഞ്ഞു. കുടികിടപ്പുകാരെ
കൈവശഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നതു നിരോധിച്ചുകൊണ്ട് അധികാരത്തില്‍ എത്തിയതിന്‍റെ ആറാം ദിവസം തന്നെ ഇറക്കിയ ഓര്‍ഡിനന്‍സ്, കാര്‍ഷികബന്ധ ബില്‍, വിദ്യാഭ്യാസനിയമം, തൊഴില്‍സമരങ്ങളില്‍ മുതലാളിമാര്‍ക്കുവേണ്ടി പൊലീസ് ഇടപെടുന്നത് അവസാനിപ്പിക്കല്‍, ഭൂപരിഷ്ക്കരണം, പിഎസ്സി സ്ഥാപിക്കല്‍, ന്യൂനപക്ഷ സമുദായങ്ങളുടെ ദേവാലയ നിര്‍മാണത്തിനുള്ള വിലക്ക് നീക്കല്‍, കര്‍ഷകത്തൊഴിലാളിക്ക് മിനിമം കൂലി, 900 ചെറുകിട ജലസേചന പദ്ധതികള്‍, 1613ല്‍നിന്ന് 2128 ആയി ഫാക്ടറികള്‍ വര്‍ധിക്കുന്ന സ്ഥിതി, അധികാര വികേന്ദ്രീകരണം തുടങ്ങിയ ശ്രദ്ധേയമായ എത്രയോ നടപടികള്‍! ജന്മിത്വത്തിനെതിരായ വീറുറ്റ പേരാട്ടങ്ങളുടെ വഴികളിലൂടെയാണ് കമ്യൂണിസ്റ്റുകാര്‍ ജനമനസ്സുകളിലും ഭരണാധികാരത്തിലും കടന്നുചെന്നത്.

ഭൂപരിഷ്ക്കരണം കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയില്‍ അവകാശം സ്ഥാപിച്ചുകൊടുത്തു. കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചു. കൊടിയ ചൂഷണത്തിന്‍റെ കുത്തകപ്പാട്ട വ്യവസ്ഥ നിര്‍ത്തിച്ചു. ഭൂ-ഉടമാബന്ധവും കാര്‍ഷികബന്ധവും അഴിച്ചുപണിതു. ഭൂബന്ധങ്ങള്‍ അഴിച്ചുപണിതതു കേരളത്തിലെ ജാതിഘടനയ്ക്കു കനത്ത പ്രഹരമേല്‍പ്പിക്കല്‍ കൂടിയായി. ആത്മാഭിമാനമുള്ള ഒരു പുതിയ പൗരന്‍ അങ്ങനെ പിറന്നു.സമഭാവനയുടേതായ ഒരു അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുത്തുന്നതില്‍ അതു വലിയ പങ്കാണു വഹിച്ചത്.

ഇതൊക്കെ കൂടി ആയതോടെയാണ് ആ സര്‍ക്കാരിനെതിരായി സമുദായശക്തികളും മറ്റും തെരുവിലിറങ്ങിയത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തോടെ അണിയറയിലേക്കു പിന്‍വാങ്ങിയ ജാതിവര്‍ഗീയ ശക്തികള്‍ പിന്നീട് രാഷ്ട്രീയത്തിന്‍റെ
മുന്‍നിരയിലേക്കു വരുന്നത് ആ ഘട്ടത്തിലാണ് എന്നത് ചരിത്രസത്യമാണ്. സാമുദായിക വര്‍ഗീയശക്തികളുടെ രാഷ്ട്രീയ രക്ഷാകര്‍തൃത്വമേറ്റെടുക്കുന്ന നടപടി ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ടികളില്‍ ചിലരില്‍നിന്ന് അന്ന് ഉണ്ടായില്ലായിരുന്നെങ്കില്‍ ഈ വിപത്ത് ഇങ്ങനെ ഇവിടെ ശക്തിപ്പെടുമായിരുന്നില്ല എന്നതു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്ന പ്രക്രിയയ്ക്കിടയില്‍ പുറത്താക്കപ്പെട്ട സര്‍ക്കാരാണത്. എന്നിട്ടും പ്രകടനപത്രികയിലെ 94 ഇനങ്ങളില്‍ 72 എണ്ണവും ആ ഹ്രസ്വകാലയളവില്‍ തന്നെ നടപ്പാക്കി എന്നത് എടുത്തുപറയണം.57ലെ മന്ത്രിസഭ പുറത്താക്കപ്പെട്ടത് ഭൂരിപക്ഷമില്ലാതിരുന്നിട്ടോ ജനവിശ്വാസം നഷ്ടപ്പെട്ടിട്ടോ കാലുമാറ്റമുണ്ടായിട്ടോ അല്ല എന്നോര്‍ക്കണം. ചിലരുടെ അധികാരദുരയും സാമുദായിക രാഷ്ട്രീയവും ഫ്യൂഡല്‍ ജന്മി മാടമ്പിത്തവും ഒരുമിച്ചുചേര്‍ന്ന് അട്ടിമറി നടത്തുകയായിരുന്നു.

കമ്യൂണിസ്റ്റുകാരെ സഹിക്കാന്‍ വയ്യാത്ത അമേരിക്കന്‍ സാമ്രാജ്യത്വം സിഐഎ വഴി അട്ടിമറിക്കുള്ള ഭൗതിക സാഹചര്യങ്ങളൊരുക്കിക്കൊടുത്തു. ജാതിവര്‍ഗീയ സമ്മര്‍ദങ്ങളില്‍നിന്നു രാഷ്ട്രീയത്തെ മോചിപ്പിച്ചെടുക്കേണ്ടതിന്‍റെ ആവശ്യകതയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഒരു പുനശ്ചിന്തനം നടത്തണം- വിമോചനസമരവും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയ നടപടിയും ശരിയായോ എന്ന്.

ചരിത്രം സൃഷ്ടിച്ച ആ മന്ത്രിസഭയുടെ പൈതൃകം നേരായും അര്‍ഹതപ്പെട്ട സര്‍ക്കാരാണിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതായി കേരളത്തില്‍ അധികാരത്തിലുള്ളത്. ഇപ്പോള്‍ നടപ്പാക്കിവരുന്ന നാലു മിഷനുകളിലടക്കം ഇതു പ്രതിഫലിച്ചുകാണാം. നാളിതുവരെ നടന്നിട്ടുള്ള വികസന പദ്ധതികളിലേക്കു കടന്നുചെല്ലാന്‍ കഴിയാതെപോയ ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇനിയും അവര്‍ കാത്തിരിക്കേണ്ട എന്ന സന്ദേശമാണ് ഈ മിഷനുകളിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.

ശുചിത്വവും, മാലിന്യ സംസ്ക്കരണവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ജലം സംരക്ഷിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്തവര്‍, ആദിവാസി, ദളിത് വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കൊക്കെ സ്വൈരജീവിതമുറപ്പാക്കാന്‍ കഴിയണം. വെള്ളവും വെളിച്ചവും ഒക്കെയുള്ള അന്തസ്സുള്ള പാര്‍പ്പിടങ്ങള്‍ നല്‍കാന്‍ കഴിയണം. ലൈഫ് മിഷനിലൂടെ കേരളത്തെ പൂര്‍ണമായും ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി തീര്‍ക്കുവാന്‍ സാധിക്കും. പാര്‍പ്പിടം നല്‍കല്‍ മാത്രമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്;
ജീവിതോപാധി നല്‍കുക കൂടിയാണ്. ഇത്തരം ഒരു പദ്ധതി കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നമ്മുടെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തലും ഒപ്പം ഇവിടുത്തെ വിദ്യാര്‍ഥികളെ ലോകത്തെവിടെയുമുള്ള സമപ്രായക്കാരായ കുട്ടികളോടു മത്സരിക്കാന്‍ പ്രാപ്തരാക്കലുമാണ് ലഭ്യമാക്കുന്നത്.

പൊതുആരോഗ്യ സംവിധാനത്തിന്‍റെ രോഗാവസ്ഥ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് പാവപ്പെട്ടവരെത്തന്നെയാണ്. അതുകൊണ്ടുതന്നെ ആരോഗ്യരംഗത്ത് മികവാര്‍ന്ന സര്‍ക്കാര്‍ സേവനങ്ങള്‍ ജനസൗഹൃദപരമാക്കാനാണ് ആര്‍ദ്രം മിഷനിലൂടെ ഉദ്ദേശിക്കുന്നത്.

നാടിന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. ധനശേഷി ആര്‍ജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കൂടുതല്‍ അധികാരം നല്‍കി പുനഃസംഘടിപ്പിച്ചത്.

1957ലെ മന്ത്രിസഭയുടെ പ്രചോദനമാണ് ഈ വിധത്തിലുള്ള ദ്വിമുഖ പരിപാടികളുമായി ആത്മവിശ്വാസത്തോടെ മുമ്പോട്ടുനീങ്ങാന്‍ വേണ്ട കരുത്ത് നല്‍കുന്നത്. 1957 ഞങ്ങള്‍ക്ക് എക്കാലവും ഒരു പ്രകാശഗോപുരമായിരിക്കും. അതു നീട്ടിത്തരുന്ന വെളിച്ചത്തിലൂടെ തന്നെ പുതിയ കാലത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്ത് മുമ്പോട്ടുപോകുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഉപസംഹരിക്കുന്നു.