അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകണം

അഭിഭാഷക സമൂഹവും മാധ്യമ സമൂഹവും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്ലാതിരിക്കുന്നതുകൊണ്ട് ആര്‍ക്കാണു ഗുണമുണ്ടാവുക എന്നു നാം ചിന്തിക്കണം. വാര്‍ത്തകള്‍ മറച്ചുവയ്ക്കുന്ന അവസ്ഥ വരുമ്പോള്‍ അത് ചില വാര്‍ത്തകള്‍ പുറത്തു വരരുത് എന്നു ചിന്തിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി സംഘടിപ്പിച്ച വര്‍ധിപ്പിച്ച അഭിഭാഷക ക്ഷേമനിധിയുടെയും ചികിത്സാ സഹായത്തിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടില്‍ നീതിയും ന്യായവും ഉറപ്പു വരുത്താന്‍ വലിയ പങ്കാണ് അഭിഭാഷകര്‍ നിര്‍വഹിക്കുന്നത്. പ്രത്യേകിച്ച് പാവപ്പെട്ടവരും സാധാരണക്കാരും നീതിക്കുവേണ്ടിയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും നടത്തുന്ന ശ്രമങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് അഭിഭാഷകരെയാണ്. അതു മനസ്സിലാക്കി പൊതുതാത്പര്യപ്രകാരമുള്ള വിഷയങ്ങളില്‍ സ്വമേധയാ പ്രതിഫലേച്ഛയില്ലാതെ ഇടപെടുന്ന ധാരാളം അഭിഭാഷകര്‍ നമ്മുടെ നാട്ടിലുണ്ട്.

സമൂഹത്തില്‍ നിന്ന് മാധ്യമലോകത്തെ അകറ്റിനിര്‍ത്തുന്ന നിലപാട് അത്ര സന്തോഷകരമല്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് പറയാനുള്ളത് അവര്‍ പറയട്ടെ. നമുക്ക് പറയാനുള്ളത് നാം പറയുക, നമുക്ക് എതിര്‍ക്കാനുള്ളതിനെ നാം എതിര്‍ക്കുക. അങ്ങനെയല്ലാതെ എതിരഭിപ്രായമുള്ളവരുടെ സാന്നിധ്യമുണ്ടാകാത്ത രീതിയിലുള്ള ഇടപെടല്‍ പൊതു സമൂഹത്തിന് അഭിലഷണീയമല്ല. എല്ലാറ്റിലും സഹിഷ്ണുതയാണ് വേണ്ടത്. അസഹിഷ്ണുതയോടെ പെരുമാറുന്നവരുണ്ടാവാം. ചില പ്രശ്‌നങ്ങളില്‍ തെറ്റായ നിലപാടുകള്‍ സ്വീകരിക്കുന്നവരുണ്ടാവാം. തെറ്റായ നിലപാടുകളെ എതിര്‍ക്കുന്ന അവസ്ഥയും സ്വാഭാവികമാണ്. അത് ചില പ്രത്യേകഘട്ടങ്ങളില്‍ സംഘര്‍ഷാവസ്ഥകള്‍ ഉണ്ടാക്കിയെന്നും വരാം. പക്ഷേ, അതുകൊണ്ട് ലോകാവസാനം വരെ അവരുമായി ഒരു ബന്ധവുമുണ്ടാവില്ല എന്ന നിലപാട് ശരിയല്ല. ഏതു സംഘര്‍ഷത്തിനും ശമനമുണ്ടാകണം. ആ കാര്യത്തില്‍ ഒരു പുനര്‍ചിന്തനത്തിനു കാലമായി എന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

56 വര്‍ഷത്തെ സേവനത്തിനുശേഷം അഭിഭാഷകവൃത്തിയില്‍നിന്നു വിരമിക്കുന്ന അഡ്വ. കോട്ടൂര്‍ ഗോപാലകൃഷ്ണപിള്ളയ്ക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് നല്‍കി മുഖ്യമന്ത്രി ക്ഷേമനിധി വിതരണം ഉദ്ഘാടനം ചെയ്തു. അര്‍ച്ചന ആര്‍.പിള്ള, തോമസ് ടി. വള്ളിക്കുന്നില്‍, പിജെ.ജോസഫ്, അച്ചാമ്മ സെബാസ്റ്റ്യന്‍, എന്‍.എന്‍ രവീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് ആനുകൂല്യം ഏറ്റുവാങ്ങി.

അഭിഭാഷ വൃത്തിയിലേര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ സാമൂഹ്യ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അഭിഭാഷക ക്ഷേമനിധി ആനുകൂല്യം അഞ്ചുലക്ഷത്തില്‍ നിന്ന് പത്തു ലക്ഷം രൂപയായി ഈ സര്‍ക്കാര്‍ ഉയര്‍ത്തി. അയ്യായിരം രൂപ മാത്രമുണ്ടായിരുന്ന ചികിത്സാ സഹായം ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ജൂനിയര്‍ അഭിഭാഷകര്‍ക്ക് ഇന്ത്യയിലാദ്യമായി സ്റ്റൈപ്പന്റ് ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. കോടതികളില്‍ പൊതുജനങ്ങള്‍ക്കും വ്യവഹാരികള്‍ക്കും പൊതു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചു.സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. അഭിഭാഷകര്‍ക്ക് തുടര്‍പഠനത്തിന് ജുഡീഷ്യല്‍ അക്കാഡമി സ്ഥാപിക്കുമെന്നും നിയമമന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എംഎല്‍എ, അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് തോന്നയ്ക്കല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, ജില്ലാ ഗവ. പ്ലീഡര്‍ പരണിയം ദേവകുമാര്‍, അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി സെക്രട്ടറി കെ. അജയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.