പ്രീ പ്രൈമറി രംഗത്ത് ഏകീകരണം കൊണ്ടുവരും

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവര്‍ത്തനപുസ്തകങ്ങളും അധ്യാപക സഹായികളും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പലതലങ്ങളിലായി ചിതറിക്കിടക്കുന്ന പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ഏകീകൃത ശൈലിയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പ്രവര്‍ത്തനപുസ്തകങ്ങളുടെയും അധ്യാപക സഹായികളുടെയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ കഴിവുകള്‍ എല്ലാ മികവോടെയും വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് ഏകീകൃത രീതി കൊണ്ടുവരുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് കൂട്ടുകൂടാനും കളിച്ചുവളരാനുമുള്ള അവസരമാണ് പ്രീപ്രൈമറി എന്നാല്‍ കേരളത്തില്‍ പ്രീ പ്രൈമറി പ്രവേശനത്തിന് അഞ്ചുലക്ഷം രൂപ വരെ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇത് വിഷമത്തോടെ കാണേണ്ട കാര്യമാണ്. അങ്കണ വാടികള്‍, സ്‌കൂളുകളോടു ചേര്‍ന്നുള്ള നഴ്‌സറികള്‍, സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്ലേസ്‌കൂളുകള്‍ എന്നിങ്ങനെ ചിതറിക്കിടക്കുകയാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗം. ഇതിനെല്ലാം ഒരു ഏകീകൃത രൂപമുണ്ടാക്കാനാണ് എസ്.സി.ഇ.ആര്‍.ടി ഇപ്പോള്‍ ശ്രമിക്കുന്നത്.

കുട്ടികള്‍ മികവാര്‍ന്നവരാകാന്‍ ചിട്ടയായ ശിശു വിദ്യാഭ്യാസം അനിവാര്യമാണ് എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. അതിനിണങ്ങുന്ന പാഠ്യപദ്ധതിയാണ് എസ്.സിഇ.ആര്‍.ടി തയ്യാറാക്കിയിരിക്കുന്നത്. കാലാനുസൃത മാറ്റങ്ങള്‍ അധ്യാപക സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. അധ്യാപകര്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ശാസ്ത്രീയമായ പരിശീലനത്തിന് ഗുണം ചെയ്യും. ഏഴുമുതല്‍ പതിനാറു വയസ്സുവരെ പ്രായമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യത്താദ്യമായി ഒരു പാഠ്യപദ്ധതിയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസരംഗം ആധുനികവത്കരിക്കപ്പെടുമ്പോള്‍ പലമേഖലയിലും പാര്‍ശ്വവത്കരണം സാധാരണമാണെന്നും അങ്ങനെ സംഭവിക്കാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പഠിക്കാനുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടില്ല. രാജ്യത്താദ്യമായി സവിശേഷ വിദ്യാലയങ്ങള്‍ക്കായി പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്നും ഏഴുകോടി രൂപ ചെലവില്‍ എല്ലാ നിയോജകമണ്ഡലത്തിലും ഒരു ഓട്ടിസം പാര്‍ക്കു വീതം സ്ഥാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

താളത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ നല്‍കാവുന്ന കളികളുടെയും പ്രവര്‍ത്തനങ്ങളുടെയും സമാഹാരമായ വീടും കൂടും, പോംപോം വണ്ടി, കാക്കേം പൂച്ചേം, വിരുന്നുണ്ണാം, ആഘോഷങ്ങള്‍, തേന്‍തുള്ളി, മഞ്ചാടി, കളിച്ചെപ്പ് തുടങ്ങിയ എട്ട് പുസസ്തകങ്ങളും അധ്യാപകര്‍ക്കായി എട്ട് കൈപ്പുസ്തകങ്ങളും കളിപ്പാട്ടം എന്ന അധ്യാപക സഹായിയുമടക്കം പതിനേഴ് പുസ്തകങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനു നല്‍കി പ്രകാശനം ചെയ്തത്.

എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജെ.പ്രസാദ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) ഡോ. പി.പി. പ്രകാശന്‍, ആര്‍എംഎസ്എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ രാഹുല്‍ ആര്‍, എസ്എസ്എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ. പി.എ. ഫാത്തിമ, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി. അബുരാജ്, കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി.ഷീജ തുടങ്ങിയവര്‍ സംബന്ധിച്ചു