സി കെ വിനീതിനെ തിരിച്ചെടുക്കണം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമായ സി കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഹാജര്‍ കുറഞ്ഞു എന്ന പേരിലാണ് ഫുട്‌ബോള്‍ താരത്തെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിന് വിനീത് ഉണ്ടാക്കുന്ന നേട്ടം പരിഗണിച്ച് ഹാജര്‍ കുറവ് നികത്താവുന്നതേയുള്ളു. അണ്ടര്‍ 17 ഫിഫ ലോക കപ്പിന് അടുത്ത ഒക്‌ടോബറില്‍ കേരളം വേദിയാകുന്ന വേളയിലുള്ള ഈ നടപടി ദൗര്‍ഭാഗ്യകരമാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിനീതിനെ ഏജീസ് ഓഫീസില്‍ നിയമിച്ചത് കളിക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.