സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മലബാറിന്‍റെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പ്രധാന പദ്ധതിക്കാണ് ഇന്ന് നാം ഇവിടെ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിട സമുച്ചയം അഭിമാനത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്‍റെ ഐടി മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി ഇതോടെ കോഴിക്കോട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഏകദേശം മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ‘സഹ്യ’ എന്ന് പേരിട്ട കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐടി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്‍റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും ആ നഗരങ്ങളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. അല്‍പ്പം വൈകിയാണെങ്കിലും ആ പട്ടികയിലേക്ക് കോഴിക്കോടും വരികയാണ്. കോഴിക്കോടിന്‍റെ മാത്രമല്ല, ഐടി രംഗത്ത് മലബാറിന്‍റെയാകെ വളര്‍ച്ചക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

മലബാറിന്‍റെ വികസനത്തിന് വലിയ കുതിപ്പ് നല്‍കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വലിപ്പത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യയിലെ നാലാമത്തെയും കേരളത്തിലെ ഒന്നാമത്തെയും വിമാനത്താവളമായിരിക്കും കണ്ണൂരില്‍ ഈ വര്‍ഷം അവസാനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബംഗളൂരു, ചെന്നൈ, കൊച്ചി, ദുബായ് എന്നീ വ്യവസായ നഗരങ്ങളുമായി ഏറെ ബന്ധമുള്ള മലബാറിന്‍റെ ഐടി വളര്‍ച്ചക്ക് വിമാനത്താവളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യാവശ്യമാണ്.

അടുത്ത അഞ്ചുവര്‍ഷത്തിനകം മലബാര്‍ മേഖലയില്‍ മാത്രം പതിനായിരത്തിലധകം ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. തിരുവനന്തപുരം ടെക്നോപാര്‍ക്കിനും കൊച്ചി ഇന്‍ഫോപാര്‍ക്കിനും ശേഷം സര്‍ക്കാര്‍ ആരംഭിച്ച കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ പ്രദേശത്തുണ്ട്. കോഴിക്കോട് ഐഐഎം, എന്‍ഐടി, കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, അന്താരാഷ്ട്ര വിമാനത്താവളം, മെഡിക്കല്‍ കോളേജ് തുടങ്ങിയവയെല്ലാം ഈ മേഖലയുടെ ഐടി വളര്‍ച്ചക്ക് നിര്‍ണായക ഘടകങ്ങളാവും. കോഴിക്കോടിനെ പ്രധാന ഐടി കേന്ദ്രമാക്കി മാറ്റുന്നതിന് ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐടി പാര്‍ക്കുകളെയും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍റെ മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ട്അപ്പുകളെയും സര്‍ക്കാര്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള യുഎല്‍ സൈബര്‍ പാര്‍ക്കില്‍ അഞ്ചുലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐടി കമ്പനികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത്. അവിടെ 24 കമ്പനികള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യത്തില്‍ യുഎല്‍ സൈബര്‍ പാര്‍ക്കും സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു കൂടി അറിയിക്കട്ടെ.

അഞ്ചുവര്‍ഷം കൊണ്ട് ഐടി പാര്‍ക്കുകളില്‍ ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടുതലായി ഒരുക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത്. ഇതിനകം 17 ലക്ഷം ചതുരശ്ര അടി സ്ഥലം കൂടുതലായി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുമെന്നതില്‍ സംശയമില്ല.ഐടി രംഗത്ത് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ ഒരു വര്‍ഷം കൊണ്ട് നമുക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യം എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് അവകാശമാണെന്ന് പ്രഖ്യാപനം നടത്തിയത് കേരളമാണ്. അതിനുള്ള സൗകര്യം ലഭ്യമാക്കാനാണ് കെ-ഫോണ്‍ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. അതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വരികയാണ്. ആയിരം കോടി രൂപ ചെലവുവരുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ഓരോ വര്‍ഷവും ആയിരം പൊതുസ്ഥലങ്ങളില്‍ സൗജന്യ പബ്ലിക് വൈ-ഫൈ ഹോട്ട്സ്പോട്ടും ഒരുക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമ്മുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനും ശ്രമിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ നവീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയി. അതിന്‍റെ ഭാഗമായാണ് അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം എന്ന ബൃഹദ്പദ്ധതി നടപ്പാക്കിയത്. പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ-സ്റ്റാമ്പിങും നിലവില്‍ വന്നു കഴിഞ്ഞു. ഈ രീതിയില്‍ ഡിജിറ്റല്‍ കേരളയിലേക്ക് മുന്നേറാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പുതിയ ആശയങ്ങളുമായി മിടുക്കരും വിദഗ്ധരുമായ ധാരാളം ചെറുപ്പക്കാര്‍ ഐടി സംരംഭങ്ങള്‍ക്ക് മുന്നോട്ടുവരുന്നുണ്ട്. അവര്‍ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നവീന ഉല്‍പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും ഐടിയിലൂടെ പുതിയ സേവന വഴികള്‍ കണ്ടെത്താനും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കും. കോളേജുകളില്‍നിന്ന് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നതിന് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. ഇതിനകം 200ഓളം കോളേജുകളില്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സംരഭകത്വ വികസന സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്.പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലമാണിതെന്ന് പറയേണ്ടതില്ല.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ വ്യാപകമായി വരികയാണ്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമെല്ലാം ഇപ്പോള്‍ പുതിയ പുതിയ ആപ്ലിക്കേഷനുകള്‍ വരികയാണ്. എന്നാല്‍, ആഗോള നിലവാരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നതില്‍ നാം വേണ്ടത്ര മുന്നില്‍ എത്തിയിട്ടില്ല. ഈ കുറവ് പരിഹരിക്കാന്‍ കഴിയുന്ന ഒരു വലിയ സംരംഭം ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സൈബര്‍ പാര്‍ക്കില്‍ തുടങ്ങുകയാണ് എന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇന്‍ര്‍നെറ്റ് രംഗത്തെ വ്യവസായികളുടെ കൂട്ടായ്മയായ ഇന്‍ര്‍നെറ്റ് ആന്‍റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുകയാണ്. സൈബര്‍ പാര്‍ക്കില്‍ അതിനുവേണ്ടി പതിനായിരം ചതുരശ്ര അടി സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക നിലവാരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്നതിന് ഈ ഇന്‍ക്യുബേറ്റര്‍ സെന്‍റര്‍ സഹായിക്കും. പുതിയ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുന്നതിനും വിജയിക്കുന്ന ആപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വിപണിയിലെത്തിക്കുന്നതിനും ഐഎഎംഎഐയുടെ ഇന്‍ക്യൂബേറ്റര്‍ സഹായിക്കും.

കോഴിക്കോട്ടുനിന്ന് ലോകോത്തരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തുവരുന്നതിനാണ് ഇപ്പോള്‍ സാഹചര്യമൊരുങ്ങിയിട്ടുള്ളത്. ഇങ്ങനെയൊരു കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാന്‍ തയ്യാറായ അസോസിയേഷനെ ഞാന്‍ അഭിനന്ദിക്കുന്നു. ഇതിനുവേണ്ട മുന്‍കയ്യെടുക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത ഐടി വകുപ്പും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും അഭിനന്ദനം അര്‍ഹിക്കുന്നു.

ആഗോളതലത്തില്‍ ഐടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കയാണെന്ന് ഈ രംഗം ശ്രദ്ധിക്കുന്നവര്‍ക്ക് അറിയാം. തുടര്‍ച്ചയായ പഠനവും പരിശീലനവും പുനഃപരിശീലനവും ഇല്ലെങ്കില്‍ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ല. പുതിയ ശാഖകളില്‍ വൈദഗ്ധ്യം ആര്‍ജിക്കണം. എഞ്ചിനിയറിങ് കോളേജുകളില്‍നിന്നു മാത്രം ലഭിക്കുന്ന അറിവ് മാറിവരുന്ന സാഹചര്യത്തില്‍ അപര്യാപ്തമാണ്. ഡാറ്റ അനലിറ്റിക്സ്, ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുതലായ പ്രത്യേക ശാഖകളില്‍ പരിശീലനം നേടാന്‍ ഇപ്പോള്‍ ജോലിയിലുള്ളവരും ശ്രമിക്കണം. നമ്മുടെ സാങ്കേതിക സര്‍വകലാശാലയും ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ ചെലവില്ലാതെ പരിശീലനം നേടാനുള്ള സൗകര്യങ്ങള്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ കോഴ്സുകളും ലഭ്യമാണ്. അവ പ്രയോജനപ്പെടുത്താന്‍ ഐടി രംഗത്തെ ചെറുപ്പക്കാര്‍ തയാറാകണം. ഇത്ര പേര്‍ക്ക് ജോലി നല്‍കുക എന്നതല്ല ഐടി കമ്പനികളുടെ നയമെന്ന് നമുക്കറിയാം. ഇന്ന കാര്യങ്ങള്‍, ഇത്ര മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കുക എന്നതാണ്. അതുകൊണ്ട് വൈദഗ്ധ്യവും
പ്രതിഭയും ഉള്ളവര്‍ക്കു മാത്രമേ ഈ രംഗത്ത് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുകയുള്ളു. പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉയരാനുള്ള കഴിവ് നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഉണ്ട്. അവരുടെ കഴിവ് വളര്‍ത്താനുള്ള എല്ലാ പിന്തുണയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റെ പുതിയ കെട്ടിടസമുച്ചയം നാടിന് സമര്‍പ്പിക്കുന്നു.

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.