സ്കൂള്‍ പ്രവേശനോത്സവം

അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ പുതിയ സ്കൂള്‍ അധ്യയന വര്‍ഷത്തില്‍ അക്ഷരമുറ്റത്തേക്ക് കടന്നുവരുന്ന എല്ലാ കുട്ടികളെയും ഞാന്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഇന്ന് ആഘോഷത്തിന്‍റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അറിവിന്‍റെ വെളിച്ചം തേടി കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന ആഘോഷാന്തരീക്ഷത്തേക്കാള്‍ വലുതായി മറ്റെന്താണ് ഉള്ളത്. അങ്ങനെ എത്തുന്നവരെ ഔപചാരികമായി സ്വീകരിക്കാനുള്ള സംവിധാനം കൂടി ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ആര്‍ക്കും ആഹ്ലാദകരമാണിത്.

ഇപ്പോള്‍ സ്കൂളുകളിലേക്കെത്തുന്ന കുഞ്ഞുങ്ങള്‍ പലരും വിശപ്പ് എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടാവില്ല. വീട്ടിലും സ്കൂളിലും ഒരുപോലെ വിശന്ന് ഇരിക്കേണ്ടിവന്നിട്ടുള്ള പല തലമുറകള്‍ ഇതുപോലെയുള്ള സ്കൂളുകളില്‍ പഠിച്ചിട്ടുണ്ട് എന്ന കാര്യം ഓര്‍മിപ്പിക്കുന്നതുകൊണ്ട് ഈ ആഹ്ലാദ അന്തരീക്ഷത്തിന് മങ്ങലേല്‍ക്കില്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം. കഴിക്കാന്‍ ആഹാരമില്ലാതെ പഠിക്കാന്‍ പുസ്തകമില്ലാതെ മാറ്റിയുടുക്കാന്‍ മറ്റൊരുടുപ്പില്ലാതെ വളര്‍ന്നുവന്ന എത്രയോ ആളുകള്‍ പോയ തലമുറകളിലുണ്ട്.

ഇന്ന് പഠിക്കാന്‍ ഒരുപാട് അനുകൂല അന്തരീക്ഷമുണ്ട്. അന്നത്തെ തോതില്‍ കയ്പ്പേറിയ ജീവിതാനുഭവങ്ങളുടെ അന്തരീക്ഷമില്ല. മാറിയ സാഹചര്യത്തില്‍ വളര്‍ന്നുവരുന്നവര്‍ പണ്ട് മറ്റൊരു കാലമുണ്ടായിരുന്നുവെന്ന് ഓര്‍മിക്കുന്നത് അവരുടെ നന്മയ്ക്കേ ഉതകൂ. പാഠപുസ്തകത്തിന്‍റെ കാര്യമിരിക്കട്ടെ. പള്ളിക്കൂടത്തിന്‍റെ പടിവാതില്‍ കടക്കാന്‍ പോലും കഴിയാതിരുന്ന എത്രയോ ആള്‍ക്കാരുണ്ട്. പണമില്ലാത്തതിന്‍റെ പേരില്‍, ജാതിയില്‍ താണവരായിപ്പോയതിന്‍റെ പേരില്‍ ഒക്കെ അക്ഷരംപോലും നിഷേധിക്കപ്പെട്ടവരുടെ പല തലമുറകള്‍ ജീവിച്ചുമരിച്ച മണ്ണാണിത്.അയ്യങ്കാളിയെപ്പോലുള്ള ഒരു സാമൂഹ്യനവോത്ഥാന നായകന്‍ വിപ്ലവകരമായി ഇടപെട്ട ഈ മണ്ണില്‍
വന്നുനിന്നുകൊണ്ട് അതിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ല. എങ്കിലും ഒരുകാര്യം പറയട്ടെ.

അത്തരം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നിശ്ചയദാര്‍ഢ്യത്തോടെ അതിനെയൊക്കെ അതിജീവിച്ച് വളര്‍ന്നുവന്ന മഹാപ്രതിഭകള്‍ ഈ നാട്ടിലുണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കുയര്‍ന്ന കെ ആര്‍ നാരായണനും എ പി ജെ അബ്ദുള്‍കലാമും ഒക്കെ അവരില്‍പ്പെടും. അങ്ങനെയുള്ളവരെ മനസ്സില്‍ മാതൃകയാക്കി വിദ്യാഭ്യാസത്തെ സമീപിക്കണം നിങ്ങള്‍ എന്നാണ് എനിക്കു പറയാനുള്ളത്.

വിദ്യാഭ്യാസം എന്നത് സ്കൂള്‍, കോളേജ് പഠിപ്പുകള്‍ മാത്രമല്ല. ജീവിതത്തെ പഠിക്കലാണ്; സമൂഹത്തെ പഠിക്കലാണ്. അതിന്‍റെ അഭാവത്തില്‍ ഔപചാരിക വിദ്യാഭ്യാസം അര്‍ത്ഥമില്ലാത്തതായിപ്പോവും. മറ്റെല്ലാ ബുദ്ധിയുമുണ്ട്, സാമാന്യബുദ്ധിയില്ല എന്നുവന്നാല്‍ എന്തു പ്രയോജനം? അതുകൊണ്ട് സാമാന്യബുദ്ധിയോടെ സമൂഹത്തെ നിരീക്ഷിക്കാന്‍ കഴിയണം.

ജീവിതത്തെ നിരീക്ഷിക്കാന്‍ കഴിയണം. അതിന് ആദ്യം നിങ്ങള്‍ നിങ്ങളുടെ നാട്ടിന്‍പുറത്ത് കാണുന്ന ചെടികളെയും പൂക്കളെയും ഒക്കെ സ്നേഹിക്കാന്‍ പഠിക്കണം. അങ്ങനെ പ്രകൃതിയോട് തോന്നുന്ന സ്നേഹമാണ് കൂടെ പഠിക്കുന്നവരോട് ആകെയുള്ള സ്നേഹമായി മാറേണ്ടത്. അത്തരം സ്നേഹത്തിന്‍റേതായ ഒരു അന്തരീക്ഷത്തില്‍ ഈ സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികള്‍ വളര്‍ന്നുവരുന്നു എന്നുറപ്പാക്കാന്‍ രക്ഷകര്‍ത്താക്കളും ശ്രദ്ധവെക്കണം.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലില്ലാത്ത സവിശേഷമായ പരിപാടിയാണ് പ്രവേശനോത്സവം. വിദ്യാരംഭം പണ്ടുമുതലേ കേരളക്കരയില്‍ പ്രാധാന്യമുള്ള ചടങ്ങാണ്. അതിനുശേഷമുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ചടങ്ങാണ് പ്രവേശനോത്സവം. അതിലേക്കു ചുവടുവയ്ക്കുന്ന കുട്ടികളെ കേരളം വരവേല്‍ക്കുകയാണിന്ന്. ഇത് നാടിന്‍റെ ഉത്സവമായിമാറുകയാണ്. സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെ ആയിരക്കണക്കിന് ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും രക്ഷിതാക്കളും ഇന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വരവേല്‍ക്കും. ഗംഭീരമായ ഈ വരവേല്‍പ്പ് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.

ചരിത്രമുറങ്ങുന്ന ഊരൂട്ടമ്പലത്ത് ഇന്നു നടക്കുന്ന ഈ പ്രവേശനോത്സവത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. അധഃസ്ഥിതര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച സാമൂഹിക തിന്മയെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ മഹാനായ അയ്യങ്കാളി പ്രായോഗിക സമരരൂപം ആവിഷ്കരിച്ചത് ഇവിടെയാണ്. സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഒരു സമുദായത്തില്‍പ്പെട്ട പഞ്ചമി എന്ന കുഞ്ഞിനെ കൂട്ടി സ്കൂളിലേക്കു കടന്നുചെന്നതിലൂടെ അധഃസ്ഥിത വിഭാഗങ്ങളുടെ മാത്രമല്ല പെണ്‍കുട്ടികളുടെയും പഠനം അവകാശമാണെന്നു പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തെ തങ്ങളുടെ കൈപ്പിടിയില്‍ നിര്‍ത്താനുള്ള സവര്‍ണ ജാതിശക്തികളുടെ ശ്രമത്തെ ജനങ്ങളുടെ ഇച്ഛാശക്തിയിലൂടെ അടിയറവു പറയിക്കുകയാണ് അദ്ദേഹം ചെയ്തത്. അതുണ്ടാക്കിയ സാമൂഹ്യമായ ചലനങ്ങള്‍ എത്രയെന്നത് ഞാന്‍ വിശദീകരിക്കേണ്ടതില്ല. സവര്‍ണ ജാതിശക്തികള്‍ വിദ്യാലയത്തിന് തീവെച്ചു എന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെ ജനായത്തവല്‍ക്കരണം അവസാനിച്ചില്ല എന്നത് ചരിത്രമാണ്. അതിന്‍റെ സാക്ഷ്യമാണ് പാതി അഗ്നിക്കിരയായ ബെഞ്ച്. ഈ ബെഞ്ച് ചരിത്രസ്മാരകമായി സര്‍ക്കാര്‍ ഈ അവസരത്തില്‍ പ്രഖ്യാപിക്കുകയാണ്. വരേണ്യവിദ്യാഭ്യാസത്തിനെതിരായ പ്രതിരോധത്തിന്‍റെ ജ്വലിക്കുന്ന പ്രതീകമാണ് ഈ ബെഞ്ച്.

പൊതുവിദ്യാഭ്യാസം കെട്ടിപ്പടുക്കുന്നതിന് സാമൂഹിക നവോത്ഥാന നായകര്‍ നല്‍കിയ ഊര്‍ജം ചെറുതല്ല. ദീര്‍ഘവീക്ഷണത്തോടു കൂടി അവര്‍ കൈക്കൊണ്ട ധീരമായ നിലപാടുകളും കര്‍മപരിപാടികളും കൂടിയാണ് ജനാധിപത്യ മതേതര കേരളത്തെ രൂപപ്പെടുത്തിയത്. ഇന്നേക്ക് 116 വര്‍ഷം മുമ്പ് പഞ്ചമിയെന്ന കൊച്ചു ബാലികയ്ക്ക് അയിത്തം കല്‍പ്പിച്ച് അക്ഷരം നിഷേധിച്ചതിനെതിരായ പ്രതിഷേധത്തിലൂടെ വളര്‍ന്നുവന്നതാണ് കേരളത്തിന്‍റെ മതേതര വിദ്യാഭ്യാസം. വിദ്യാലയങ്ങള്‍ എല്ലാ വിഭാഗത്തിലുള്ള ജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തതിലൂടെ വിദ്യാഭ്യാസത്തിന്‍റെ ഒന്നാംതലമുറ പ്രശ്നങ്ങള്‍ക്കാണ് കേരളം പരിഹാരം കണ്ടത്.

ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള 1957ലെ സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ നിയമത്തിലൂടെ വിദ്യാലയ വ്യാപനത്തിനും സാര്‍വത്രിക സ്കൂള്‍ പ്രവേശനത്തിനുമുള്ള അവസരമൊരുക്കി. അഖിലേന്ത്യാ തലത്തില്‍ ഇന്നും പരിഹരിക്കാനാവാത്ത, വിദ്യാഭ്യാസത്തിന്‍റെ രണ്ടാംതലമുറ പ്രശ്നത്തിനാണ് അന്ന് നാം ഇവിടെ പരിഹാരം കണ്ടത്.പഞ്ചമിയുടെ കുടുംബത്തിലെ അഞ്ചാംതലമുറക്കാരിയായ ആതിര ഇന്നിവിടെ ഒന്നാം ക്ലാസില്‍ പഠനം ആരംഭിക്കുമ്പോള്‍ ‘ജനകീയ വിദ്യാഭ്യാസ മാതൃക’യ്ക്ക് നാം ഔപചാരികമായ തുടക്കം കുറിക്കുകയാണ്. ഇതിലൂടെ വിദ്യാഭ്യാസത്തിന്‍റെ മൂന്നാം തലമുറ പ്രശ്നത്തിനു പരിഹാരം തേടുകയാണ് നമ്മള്‍.

കുടുംബ പശ്ചാത്തലവും സാമൂഹികാവസ്ഥയും തടസ്സമാകാത്ത വിധം എല്ലാ കുട്ടികള്‍ക്കും തുല്യപരിഗണനയും പ്രാധാന്യവും നല്‍കുന്ന പഠനസംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കാണു നാം മുന്നേറുന്നത്. ഒരേ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയങ്ങളെ ഒരുമിച്ചുകണ്ട് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ ഉറപ്പാക്കുക. അതിലൂടെ അവയെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുക. ഇതാണുദ്ദേശം. ഇതിനുള്ള ജനകീയ വിദ്യാഭ്യാസ മാതൃകയുടെ മാര്‍ഗരേഖ ഇന്നിവിടെ പ്രകാശനം ചെയ്യുകയാണ്.

നവകേരള നിര്‍മാണം ലക്ഷ്യമിട്ടുള്ള മിഷനുകളുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കേരളം നീങ്ങുകയാണ്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതതു ക്ലാസില്‍ അവര്‍ ആര്‍ജിക്കേണ്ട അറിവുകളും നൈപുണ്യങ്ങളും അതതു ക്ലാസില്‍തന്നെ ഉറപ്പാക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതിനായി പഠനവിഷയങ്ങളില്‍ ആശയദൃഢത കൈവരിക്കുന്നതിനും പാഠ്യേതര വിഷയങ്ങളില്‍ വൈദഗ്ദ്ധ്യവും ആര്‍ജവവും നേടുന്നതിനും പ്രാമുഖ്യം കല്‍പിക്കുന്നു. സാമൂഹ്യബോധമുള്ള പൗരന്മാരായി കുട്ടികളെ വളര്‍ത്താനുള്ള വഴികള്‍ കണ്ടെത്തുകയാണ്. കുട്ടികള്‍ ഭാഷാജ്ഞാനത്തിലും ആശയവിനിമയത്തിലും വൈദഗ്ദ്ധ്യം കൈവരിക്കേണ്ടതുമുണ്ട്.

കഴിഞ്ഞ വര്‍ഷം സര്‍വശിക്ഷാ അഭിയാന്‍റെ ഭാഗമായ ‘മലയാളത്തിളക്കം’ എന്ന സവിശേഷമായ പരിപാടിയിലൂടെ ഇതിനൊരു പ്രായോഗിക പരിഹാരം കണ്ടെത്തി. ഈ വര്‍ഷം കൂടുതല്‍ ക്ലാസുകളില്‍ അത് നടപ്പിലാക്കും. ഇംഗ്ലീഷിലുള്ള ആശയവിനിമയശേഷി വികസിപ്പിക്കാന്‍ ‘ഹലോ ഇംഗ്ലീഷ്’, ഗണിതപഠനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ‘ഗണിതവിജയം’ തുടങ്ങി നിരവധി നൂതന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ്മുറികളും ലൈബ്രറികളും ലബോറട്ടറികളും ജൈവ വൈവിധ്യ ഉദ്യാനങ്ങളും ക്യാമ്പസ് തന്നെ പാഠപുസ്കമായി മാറുന്ന അനുഭവങ്ങളും ഒരുക്കുന്നുണ്ട്. ഇതിന് ആവശ്യമായ അടിസ്ഥാന ധാരണകള്‍ പിടിഎക്കും അധ്യാപകര്‍ക്കും നല്‍കാന്‍ ആദ്യഘട്ടത്തില്‍ തയ്യാറാക്കി സ്കൂളുകളിലെത്തിച്ച മാര്‍ഗരേഖയിലൂടെ സാധിച്ചിട്ടുണ്ട്.

അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വിദ്യാലയവും തങ്ങളുടെ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി അതിനനുസൃതമായ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്നത് 200 പ്രവൃത്തി ദിനങ്ങളും 1000 പ്രവൃത്തി മണിക്കൂറുകളും ഉപയോഗപ്പെടുത്തി പഠനബോധന പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നാണ്. ഇതിന്‍റെ ആസൂത്രണത്തെയും നിര്‍വഹണത്തെയും സഹായിക്കുന്നതിനുള്ളതാണ് ഇന്ന് ഇവിടെ പ്രകാശനം ചെയ്യുന്ന ജനകീയ വിദ്യാഭ്യാസ മാതൃകയുടെ മാര്‍ഗരേഖ.

ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അധ്യയന വര്‍ഷത്തിലെ സ്കൂള്‍തല പ്രവര്‍ത്തനങ്ങളെ സമഗ്രതയോടെ കണ്ട് ഓരോ ക്ലാസിലെയും ഓരോ വിഷയത്തിന്‍റെയും പഠനബോധന പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തിലും ക്ലാസ്തലത്തിലും ആസൂത്രണം ചെയ്യണം. വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിക്കും കണ്ടുംകേട്ടും പ്രവര്‍ത്തിച്ചും പഠിക്കുന്നതിനുള്ള അവസരവും അവനവന്‍റെ കഴിവിന്‍റെ പരമാവധിയിലെത്തുന്നതിനാവശ്യമായ സാഹചര്യവും ഒരുക്കാന്‍ ശ്രമം വേണം. ഓരോ കുട്ടിയും ഓരോ ക്ലാസിലും കൈവരിക്കേണ്ട പഠന നേട്ടങ്ങള്‍ക്കനുസരിച്ച് സിലബസ് മുന്‍നിര്‍ത്തി സമഗ്രാസൂത്രണവും സൂക്ഷ്മതല പാഠാസൂത്രണവും ടഇഋഞഠ തയ്യാറാക്കണം. അവ ‘ഐടി അറ്റ് സ്കൂള്‍’ തയ്യാറാക്കിയിട്ടുള്ള സമഗ്ര പോര്‍ട്ടല്‍ വഴി സ്കൂളിലെത്തിക്കുകയും വേണം.

ഇതുമായി സംയോജിപ്പിച്ചുവേണം ടടഅയും ഞങടഅയും പൊതുവിദ്യാഭ്യാസ വകുപ്പും പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കേണ്ടത്.
ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളായല്ല മറിച്ച് ‘സമഗ്ര വിദ്യാലയ വികസന പ്ലാന്‍’ എന്ന നിലയ്ക്കുവേണം ഇനി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടത്. ഇതില്‍ അധ്യാപക, രക്ഷാകര്‍തൃ സമിതി, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പ്രാദേശികമായി കിട്ടാവുന്ന വിദഗ്ദ്ധര്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ പ്രയോജനപ്പെടുത്തുകയും വേണം. ഈ പ്രവര്‍ത്തനങ്ങളാകെത്തന്നെ സ്കൂള്‍ കലണ്ടറില്‍
ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും.

ഓരോ കുട്ടിയുടെയും സാംസ്ക്കാരിക പശ്ചാത്തലവും സവിശേഷതകളും തിരിച്ചറിഞ്ഞുള്ള പഠനബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള
ഹൈടെക് ക്ലാസ്മുറികളുടെ പ്രാധാന്യം ഇവിടെയാണ്. പഠനബോധനങ്ങള്‍ക്ക് ക്യാമ്പസ് തന്നെ പാഠപുസ്തകമാവുന്നതിനൊപ്പം ലോകത്തെവിടെയുമുള്ള നൂതന പഠനസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും അധ്യാപകര്‍ക്ക് ക്ലാസ്മുറികളില്‍ അവസരമുണ്ടാകണം. വേഗതയുള്ള ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും വൈഫൈ ക്യാമ്പസും ഇന്‍ററാക്ടീവ് ഡിജിറ്റല്‍ ഫ്ളാറ്റ്പാനല്‍ സൗകര്യമുള്ള ക്ലാസ്മുറികളും മികച്ച ലാബുകളും ലൈബ്രറികളുമൊക്കെ ഈ അക്കാദമികവര്‍ഷം അവസാനിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കുന്നുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തണം.

ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടത് പ്രാദേശിക സമൂഹത്തില്‍ നിന്നും അതത് വിദ്യാലയങ്ങളില്‍ നിന്നുമാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം സര്‍ക്കാരുമുണ്ടാവും. എയ്ഡഡ് വിദ്യാലയങ്ങളിലും സമഗ്ര വിദ്യാലയ വികസന പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ സമാഹരിക്കുന്ന തുകയ്ക്ക് ഒപ്പമുള്ള ഒരു തുക, പരമാവധി ഒരുകോടി രൂപവരെ ഇങ്ങനെ നല്‍കാന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ വിദ്യാലയവും മികവിന്‍റെ കേന്ദ്രമാകുന്നത്
മികച്ച ഭൗതിക സൗകര്യങ്ങളുള്ളതുകൊണ്ടോ സാങ്കേതികവിദ്യകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ടോ മാത്രമല്ല, അവിടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ മികവ്, ആത്മാര്‍ത്ഥത, കുട്ടികളോടുള്ള മനോഭാവം എന്നിവ കൊണ്ടുകൂടിയാണ്. ഓരോ വിദ്യാലയത്തിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ അവിടെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും പ്രൈമറി, സെക്കന്‍ററി, ഹയര്‍സെക്കന്‍ററി വ്യത്യാസമില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. ഒരു പ്രദേശത്തെ ജനങ്ങളുടെ പൊതുഇടമെന്ന നിലയിലേക്ക് പൊതുവിദ്യാലയത്തെ ഉയര്‍ത്താന്‍ കഴിയണം. അതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാര്‍ത്ഥമായ ഇടപെടലുകളുണ്ടാവണം. അധ്യാപകരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സര്‍ക്കാരിന്‍റെ പിന്തുണയും സഹായവും ഒപ്പമുണ്ടാകും. ഇതെല്ലാം ചേരുമ്പോഴാണ് കേരളത്തിന് പൊതുവിദ്യാലയങ്ങളിലൂടെ ഒരു പുതിയ ‘ജനകീയ വിദ്യാഭ്യാസ മാതൃക’ രൂപപ്പെടുത്താന്‍ കഴിയുക.

സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ആരോഗ്യ സൂചികകളിലെ മുന്നേറ്റത്തിലൂടെയും കേരളം സൃഷ്ടിച്ച വികസനമാതൃകയുടെ തുടര്‍ച്ചയായാണ് ഈ ജനകീയ വിദ്യാഭ്യാസ മാതൃകയെ നാം ഇന്ത്യയ്ക്കുമുമ്പില്‍ വെക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇതു കേരളത്തിന്‍റെ ഉത്തരവാദിത്തമാണ് എന്നതില്‍ സംശയമില്ല. വീണ്ടും ഒരിക്കല്‍ക്കൂടി ലോകം കേരളത്തെ ഉറ്റുനോക്കുന്ന ഒരു ഘട്ടം രൂപപ്പെട്ടുവരുകയാണ് എന്നതില്‍ സംശയമില്ല.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകവും യൂണിഫോമും വിദ്യാലയത്തിലെത്തിക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി വര്‍ധിച്ച ആവേശത്തോടെ രക്ഷിതാക്കളും പിടിഎയും പൂര്‍വ വിദ്യാര്‍ത്ഥികളും എന്നുവേണ്ട നാടു മുഴുവന്‍ ഓരോ വിദ്യാലയത്തിലും ഒത്തുകൂടി
അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പാക്കിക്കൊണ്ട് പുതുതായി സ്കൂളിലെത്തുന്ന ഓരോ കുട്ടിയേയും വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ആഹ്ലാദത്തിന്‍റേതാണ് ഈ പ്രവേശനോത്സവം. പഞ്ചായത്തുകളും നിയമസഭാ സാമാജികരും പാര്‍ലമെന്‍റംഗങ്ങളും വിദ്യാലയ വികസന സമിതി അംഗങ്ങളും പൂര്‍വ വിദ്യാര്‍ത്ഥികളുമെല്ലാം കുട്ടികള്‍ക്കുവേണ്ടി കൈകോര്‍ക്കുകയാണ്. അണ്‍ എയ്ഡഡ് മേഖലയിലുള്ള കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് രക്ഷിതാക്കള്‍ സന്നദ്ധരാകുന്നത് നാം കാണാതെ പോകരുത്.
വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്തുക എന്നതും പ്രതിലോമ വിദ്യാഭ്യാസ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ് എന്നത് നാം മറക്കരുത്.

അസാധാരണമായ ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയെയും അതിന്‍റെ പ്രവര്‍ത്തനത്തില്‍ അഹോരാത്രം മുഴുകുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മള്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിന്, ഈ ‘ജനകീയ വിദ്യാഭ്യാസ മാതൃക’ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും എല്ലാമായി സമര്‍പ്പിക്കുന്നു. ഒരു നവകേരള സൃഷ്ടിക്കായി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം.

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍.