ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

സംസ്ഥനത്തെ ആദിവാസി സമൂഹത്തിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളോടുള്ള അകല്‍ച്ച കുറയ്ക്കുകയും അതുവഴി കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്യാനായി ആവിഷ്‌കരിച്ച ഗോത്രബന്ധു പദ്ധതിക്കും ഈ വിഭാഗത്തില്‍പെട്ടവരുടെ ജീവനോപാധി ഉറപ്പാക്കുന്നതിനുള്ള ഗോത്രജീവിക പദ്ധതിക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ഒപ്പം പത്തുവിഭാഗം പ്രഫഷണല്‍ കോഴ്‌സുകളില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന പരിപാടിക്കും ഗോത്രവിഭാഗക്കാര്‍ ഉള്‍പ്പെട്ട കുടുംബശ്രീകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഗോത്രബന്ധുപദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അവര്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാവുകയും വിദ്യാലയങ്ങള്‍ ഗോത്രസൗഹൃദമാവുകയും ചെയ്യുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മെന്റര്‍ ടീച്ചര്‍മാര്‍ക്ക് ഊരുകളെയും വിദ്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കാനാവും. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ ഒരാള്‍ പോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഗോത്രജീവിക പദ്ധതിയുമായി നീങ്ങുന്നത്.

മറ്റുമേഖലകളിലെല്ലാം വലിയ നേട്ടങ്ങള്‍ കൊയ്ത കേരളത്തിന്റെ സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ ഒരു തുരുത്തായി ഇന്നും അവര്‍ നിലനില്‍ക്കുന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചെലവഴിക്കുന്ന തുക ഈ സമൂഹത്തിന് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്. ഇതിനകം 440 കോടി രൂപയാണ് അവരുടെ പുനരധിവാസത്തിനായി അനുവദിച്ചത്. 4500 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം അനുവദിച്ചു. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കായി സ്ഥാപിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഇനിയും വര്‍ധിപ്പിക്കും. പാലക്കാട്ട് കായിക മികവ് പുലര്‍ത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങും.

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പട്ടികവര്‍ഗ ഉപപദ്ധതിക്കായി (റ്റി.എസ്.പി) വകയിരുത്തുന്നത് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്നും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിന്റെ പകുതി പോലും വകയിരുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇവിടെ ജനസംഖ്യാനുപാതത്തെക്കാള്‍ എത്രയോ കൂടുതലാണ് പട്ടിക വര്‍ഗ വികസനത്തിന് തുക അനുവദിക്കുന്നത്. വനാവകാശ നിയമം നടപ്പാക്കിയതോടെ ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാനാവുമായിരുന്നെങ്കിലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗോത്രബന്ധുപദ്ധതിപ്രകാരം ഇന്ന് (ജൂണ്‍ അഞ്ച്) മുതല്‍ സ്‌കൂളുകളിലെത്തുന്ന 241 മെന്റര്‍ ടീച്ചര്‍മാര്‍ക്ക് നിയമനോത്തരവ് മുഖ്യമന്ത്രി നല്‍കി. രാജന്‍ എം.എം., അനിതാ.കെ.കെ.എന്നിവര്‍ ആദ്യ നിയമനോത്തരവ് കൈപ്പറ്റി. ഗോത്ര ജീവിക പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ശശി കൊടുങ്കയം കോളനി, സരസ്വതി അയനിക്കണ്ടി കോളനി എന്നിവര്‍ ലോഗോ ഏറ്റുവാങ്ങി. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് രണ്ടാം വര്‍ഷം പഠിക്കുന്ന 223 പേര്‍ക്ക് ലാപ് ടോപ് നല്‍കുന്ന പദ്ധതിയില്‍ ചെമ്പോട്ടി കോളനിയിലെ ലിബിന്‍ സി.ബി. ആദ്യ ലാപ്‌ടോപ് കൈപ്പറ്റി. ഗോത്ര വര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീക്കാര്‍ക്കുള്ള ഒരു കോടി രൂപയുടെ റിവോള്‍വിങ് ഫണ്ട് മുഖ്യമന്ത്രി കൈമാറി.

കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പട്ടിക വിഭാഗ ക്ഷേമവകുപ്പുമന്ത്രി എ.കെ.ബാലന്‍ ആധ്യക്ഷ്യം വഹിച്ചു.രണ്ടുവര്‍ഷത്തിനകം വീടില്ലാത്ത എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും വീടും സ്ഥലമില്ലാത്തവര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 12000 ആദിവാസികള്‍ക്ക് സ്വന്തമായി സ്ഥലമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗക്കായുള്ള 248 ഹോസ്‌ററലുകളില്‍ രുചികരമായ ഭക്ഷണം നല്‍കും. ഹോസ്റ്റലുകളില്‍ ജനപ്രതിനിധികള്‍ അടങ്ങുന്ന ഉപദേശക സമിതി രൂപവത്കരിക്കും. തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

എം.ഐ.ഷാനവാസ് എം.പി., എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, എ.ഡി.എം. കെ.എം. രാജു, പട്ടികജാതി-വര്‍ഗവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുഗഴേന്തി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ വാണിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.