സാംസ്കാരികരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച

ബഹുമാന്യരേ,

ആദ്യംതന്നെ നിങ്ങളോരോരുത്തരെയും ഞാന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നാടിന്റെ പ്രശ്നങ്ങളും വികസനവും രാഷ്ട്രീയവും ഒക്കെയായി ബന്ധപ്പെട്ട വ്യക്തമായ നിലപാടുകളുള്ളവരും ആ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്നവരും ശക്തമായിത്തന്നെ പ്രതികരിക്കുന്നവരുമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍. നിരന്തരമായ വായനയിലൂടെയും ആശയവിനിമയത്തിലൂടെയും പൊതുപ്രവര്‍ത്തനങ്ങളിലൂടെയും നാടിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവരും അതില്‍ പലതിനെ പറ്റിയും ഉല്‍ക്കണ്ഠപ്പെടുന്നവരുമാണ് നിങ്ങള്‍ ഓരോരുത്തരും.

ഞങ്ങളെപ്പോലെയുള്ളവര്‍ക്കു തെറ്റുകള്‍ പറ്റുമ്പോള്‍ അവ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം എടുക്കുന്നവരുമാണ് നിങ്ങള്‍. പല കാര്യത്തിലും ആധികാരികമായ അറിവുള്ള നിങ്ങളോരോരുത്തര്‍ക്കും അത്തരം കാര്യങ്ങളില്‍ പുതിയ ആശയങ്ങളും അനുഭവങ്ങളും മാതൃകകളും ഒക്കെ മുമ്പോട്ടുവെക്കാന്‍ ഉണ്ടാകും എന്നും അറിയാം. പതിവുരീതികള്‍ക്കപ്പുറം പുതിയ കീഴ്വഴക്കങ്ങളും പുതിയ ചിന്തകളും സമീപനങ്ങളുമൊക്കെ ആവശ്യപ്പെടുന്നതാണല്ലോ പുതിയ കാലഘട്ടം. അതുകൊണ്ട്, തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം ഉണ്ട്.

മന്ത്രിസഭ ഒരു വര്‍ഷം പിന്നിട്ട് രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന വേളയിലാണ് ഈ യോഗം ചേരുന്നത്. ജനതയുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചായിരിക്കണം ഭരണം എന്നു നിര്‍ബന്ധമുള്ളതിനാല്‍ ആ ആശയാഭിലാഷങ്ങള്‍ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമാറ് വിപുലമായ ഒരു പ്രക്രിയയിലൂടെയാണ് എല്‍ഡിഎഫ് അതിന്റെ പ്രകടനപത്രിക തയ്യാറാക്കിയതുതന്നെ. ഓരോ മേഖലയെയും പറ്റിയുള്ള സെമിനാറുകള്‍, രാജ്യാന്തര കേരളപഠന കോണ്‍ഗ്രസ് എന്നുതുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അതിനായി നടത്തി. വിവിധ രംഗങ്ങളിലെ അതിപ്രഗല്‍ഭരായ നിരവധി പേര്‍ അവയിലൊക്കെ പങ്കെടുത്ത് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെച്ചു. ഇതിനൊക്കെ പുറമെ ഓരോ നിയോജകമണ്ഡലത്തിലെയും ജനങ്ങളില്‍നിന്ന് അവരുടെ ആവശ്യങ്ങള്‍ ശേഖരിക്കുക കൂടി ചെയ്തു എന്നതോര്‍ക്കണം.

ലോകത്തുതന്നെ ഇങ്ങനെയൊരു നടപടിക്രമം വേറെ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ഈ വര്‍ഷം ഞങ്ങള്‍ ഒരു പടികൂടി മുന്നോട്ടു പോയി. ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ഇതില്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍ നിറവേറ്റി; മറ്റുള്ളവ നിറവേറ്റാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്ന് സ്വയംവിമര്‍ശനത്തോടെ വിലയിരുത്തുകയും അതു ജനങ്ങള്‍ക്കു മുന്നില്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടായി വെയ്ക്കുകയും ചെയ്തിരിക്കുകയാണ്. അത് ഒരു പൊതുരേഖയായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ആര്‍ക്കും എപ്പോഴും വിലയിരുത്താന്‍ തക്കവിധം ഒരുതരം സോഷ്യല്‍ ഓഡിറ്റിനുതന്നെ അവസരം ഒരുക്കിയിരിക്കുകയുമാണ്. ജനങ്ങള്‍ക്ക് അതൊക്കെ സംബന്ധിച്ച് അഭിപ്രായനിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും അവിടെ സൗകര്യമുണ്ട്. ഈ രേഖ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. ഈ സമ്പ്രദായവും ലോകത്ത് വേറെ എവിടെയെങ്കിലുമുള്ളതായി അറിയില്ല.

ജനാധിപത്യത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണവും കാര്യക്ഷമവും ആക്കാനുള്ള ഒരു നടപടിയാണിത്. ഭരണം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ വെയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുക കൂടിയാണ്. നിങ്ങളൊക്കെ അതു വിലയിരുത്തണം. കുറവുകളുണ്ടെങ്കില്‍ പറയണം. മാറ്റം വേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടണം. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അതു നല്‍കണം. അതൊക്കെ ഗൗരവപൂര്‍വ്വം പരിഗണിച്ചും അതിനനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും മുന്നോട്ടുപോകാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ, വളരെ അപകടകരമായ ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മുടെ രാജ്യം കടന്നുപോകുന്നത്. കല, സാഹിത്യം, ചരിത്രം, സംസ്കാരം തുടങ്ങിയ അടിസ്ഥാനമേഖലകളില്‍ നടക്കുന്ന അപകടകരമായ ഇടപെടലുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും വീണ്ടെടുക്കാനാവാത്ത തരം നഷ്ടങ്ങളും ഉണ്ടാക്കുന്നവയാണ്.

ചരിത്രത്തിലും പാഠപുസ്തകത്തിലുമൊക്കെ പ്രതിലോമകരമായ തിരുത്തലുകള്‍ നടക്കുന്നു. രാഷ്ട്രപിതാവിനെ പോലും അവഗണിച്ചും അദ്ദേഹത്തിന്റെ കൊലയാളികളെ വാഴ്ത്തിയും ചിലര്‍ നീങ്ങുന്നു. ഈ അവസ്ഥ നമ്മുടെ രാഷ്ട്രത്തിന്റെ മതേതര സാംസ്കാരിക ഭാവിയെ ത്തന്നെ അപകടത്തിലാക്കുന്നു. ആവിഷ്ക്കാരസ്വാതന്ത്ര്യം നിരന്തരം ഹനിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ കേരളത്തിന്റെ രാജ്യാന്തര ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയ മൂന്നു ചിത്രങ്ങള്‍ക്കു പ്രദര്‍ശനാനുമതി നിഷേധിച്ചതു വരെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ആദരണീയനായ എം ടി വാസുദേവന്‍നായരെപ്പോലും സ്വതന്ത്രമായി തന്റെ അഭിപ്രായം പറഞ്ഞതിന്റെപേരില്‍ കടന്നാക്രമിച്ചതും നാം കണ്ടു. ഏതു ജാതിയെന്നോ മതമെന്നോ നാം അന്വേഷിച്ചിട്ടില്ലാത്ത ചലച്ചിത്രകാരന്‍ കമലിനെതിരെ മതം പറഞ്ഞു നടത്തിയ അവഹേളനവും അതുപോലുള്ള എത്രയോ സംഭവങ്ങളും നിരന്തരം ഉണ്ടാകുന്നു!

സ്വതന്ത്രാഭിപ്രായം പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ച് സംഘടിതമായി ഫോണ്‍ വിളിപ്പിച്ച് അശ്ലീലവും അസഭ്യവും പറയുന്ന സംഭവങ്ങള്‍ കേരളത്തില്‍ത്തന്നെ പലകുറി ആവര്‍ത്തിച്ചിരിക്കുന്നു. ഇടതുപക്ഷത്തെയും ഈ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി വിമര്‍ശിക്കാറുണ്ട്. പക്ഷേ, അതിന് അക്രമമോ അസഭ്യമോകൊണ്ടു മറുപടി പറയുന്ന സംസ്കാരമല്ല ഞങ്ങളാരും പിന്തുടരുന്നത്. ഇതൊക്കെ കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ കാര്യങ്ങളാണ്.

അത്രയൊന്നും അകലെയല്ലാത്ത സംസ്ഥാനങ്ങളില്‍ എല്ലാ അതിരുകളും ലംഘിക്കുന്ന അതിക്രമങ്ങളാണു നാം കണ്ടത്. സ്വതന്ത്രചിന്തകരും സമാരാധ്യരായ എഴുത്തുകാരും ആയിരുന്ന നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും എം എം കല്‍ബുര്‍ഗിയെയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ആസൂത്രിതമായി കൊലചെയ്തത് മതേതര ഇന്ത്യയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഗാന്ധിവധത്തിനുശേഷം 1989ല്‍ സഫ്ദര്‍ ഹഷ്മിയുടെ കൊലപാതകമാണ് അത്തരത്തില്‍ മുമ്പ് ഉണ്ടായിട്ടുള്ള ഏക സംഭവം എന്നാണ് ഓര്‍മ്മ. ആ അസഹിഷ്ണുത പക്ഷേ, വര്‍ഗീയശക്തികളുടെ ഭാഗത്തുനിന്നായിരുന്നില്ല.

എന്തായാലും നാടക കലാകാരനായ സഫ്ദര്‍ ഹഷ്മിയുടെ കൊലപാതകത്തിനെതിരെ ദേശവ്യാപകമായി അന്നുയര്‍ന്ന പ്രതിഷേധം, സമാനമായ സംഭവം പിന്നീട് ഉണ്ടാകാതിരിക്കാന്‍ നല്ലയളവില്‍ സഹായിച്ചിരുന്നു.

എന്നാല്‍, കാല്‍ നൂറ്റാണ്ടിനുശേഷം ഒന്നിനുപിറകെ ഒന്നായി മൂന്നു പ്രമുഖര്‍ അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍ക്ക് ഇരയായപ്പോള്‍ 89ലേതിനു സമാനമായ പ്രതിഷേധംപോലും രാജ്യത്ത് ഉയര്‍ന്നില്ല എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വസ്തുത. ഈ കൊലപാതകങ്ങള്‍ മൂന്നും വര്‍ഗീയശക്തികളുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് ഓര്‍ക്കണം. മതനിരപേക്ഷശക്തികള്‍ക്കേ വര്‍ഗീയതയെ ചെറുക്കാനാകൂ. ആ നിലയ്ക്കുള്ള ചെറുത്തുനില്‍പ്പ് വളര്‍ന്നുവന്നാലേ എഴുത്തുകാരടക്കമുള്ള കലാകാരികളുയെും കലാകാരന്മാരുടെയും ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടു.

എന്തു ചിന്തിക്കണം, എന്ത് എഴുതണം, എന്തു വായിക്കണം, എന്തു പറയണം, എന്തു ഭക്ഷിക്കണം, ഏതു വസ്ത്രം ധരിക്കണം, എവിടെ ഇരിക്കണം, ആരുടെയൊക്കെക്കൂടെ ഇരിക്കണം എന്നുവേണ്ടാ എന്തിലുമേതിലും ഇടപെടുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അനുസരിക്കാത്തവരെ കായികമായും സാമൂഹികമായും ആക്രമിക്കുകയും ഒക്കെ ചെയ്യുന്ന ഭീഷണമായ സാഹചര്യം രാജ്യത്തു വളര്‍ന്നുവരികയാണ്.

ഇതിനെ ഒട്ടോക്കെ പ്രതിരോധിക്കാന്‍ കഴിയുന്നതു കേരളത്തിനാണ്. സവിശേഷമായ മതനിരപേക്ഷ പുരോഗമന സ്വഭാവമാണ് കേരളത്തിന്റെ ശക്തി. എന്നിട്ടും നമുക്കു പരിചിതമല്ലാത്ത പലതും ഇവിടെയും സംഭവിക്കുന്നു. ഇതു തുടക്കത്തിലേ ശക്തമായി ചെറുത്താലേ കേരളത്തെ കേരളമായി നിലനിര്‍ത്താനാകൂ. അത്തരമൊരു മാതൃക സൃഷ്ടിച്ചുകൊണ്ടേ രാജ്യത്താകെയുള്ള സമാനമായ പോരാട്ടങ്ങള്‍ക്കു ശക്തി പകരാനും ദേശവ്യാപകമായ പ്രതിരോധം കെട്ടിപ്പടുക്കാനും കഴിയൂ.

ഇക്കാര്യത്തില്‍ രാജ്യമാകെ ഉറ്റുനോക്കുന്നത് കേരളത്തെയാണ് എന്നതു നാം കാണണം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ശക്തമായ സാസ്കാരികപ്രതിരോധം ഉയര്‍ത്താനും നമ്മുടെ സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നു ഞാന്‍ കരുതുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ശക്തമായ നിലപാടു തന്നെയാണുള്ളത്. അതിന് എല്ലാവരുടെയും പിന്തുണ വേണം.

നമ്മുടെ സംസ്കാരവും ഭാഷയും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട ചില പ്രധാനനടപടികളെക്കുറിച്ച് ഒന്ന് ഓര്‍മിപ്പിക്കട്ടെ. ഭരണം മാതൃഭാഷയിലാക്കാനും പൊതുവിദ്യാഭ്യാസത്തില്‍ മലയാളം നിര്‍ബ്ബന്ധമാക്കാനും നടപടി സ്വീകരിച്ചു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ളത്. സാംസ്കാരിക പ്രവര്‍ത്തകരുടെയും ഭാഷാസ്നേഹികളുടെയും എത്രയോ കാലമായുള്ള ആവശ്യങ്ങളായിരുന്നു രണ്ടും. ഇവ രണ്ടും സമ്പൂര്‍ണമായി നടപ്പിലാക്കി ഉത്തരവു പുറപ്പെടുവിച്ചു എന്നു മാത്രമല്ല, അവ കര്‍ശനമായിത്തന്നെ നടപ്പാക്കുകയുമാണ്.

സ്വയംഭരണ സ്ഥാപനങ്ങളില്‍ പോലും ഭരണഭാഷ മലയാളം ആക്കാനുള്ള നടപടി നന്നായി പുരോഗമിക്കുകയാണ്. ആ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ഔദ്യോഗികഭാഷാവകുപ്പ് പ്രത്യേക വെബ്സൈറ്റും സി-ഡിറ്റ് മൊബൈല്‍ ആപ്ലിക്കേഷനുമൊക്കെ ആവിഷ്കരിച്ചു കഴിഞ്ഞു. ആവശ്യമായ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി പരിശീലന ശില്‍പശാലകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്കൂളിലും മലയാളം നിര്‍ബ്ബന്ധമാക്കിയതും ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളത്തെ കൂടുതല്‍ പ്രയോഗക്ഷമവും സമ്പന്നവുമാക്കാനുള്ള നടപടികളും ആലോചനയിലാണ്. ഇക്കാര്യത്തിലും നിങ്ങളുടെയെല്ലാം വിലയേറിയ നിര്‍ദ്ദേശാഭിപ്രായങ്ങള്‍ ഉണ്ടാകണം.

ആശയപ്രകാശനത്തിന്റെയും ആശയവിനിമയത്തിന്റെയും ആധുനികമേഖലകളായ കമ്പ്യൂട്ടറിലും ഫോണിലും മറ്റ് ആധുനിക ഉപകരണങ്ങളിലും നവമാധ്യമങ്ങളിലും ഒക്കെ മലയാളം കൂടുതല്‍ കാര്യക്ഷമമായി പ്രയോഗിക്കാനുള്ള ഭാഷാക്കമ്പ്യൂട്ടിങ് രംഗത്ത് പ്രത്യേകശ്രദ്ധ പുലര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രസാധനരംഗത്തും സാര്‍വലൗകിക ലിപിസഞ്ചയമായ യൂണിക്കോഡ് വ്യാപകമാക്കാനും അതിനു വേണ്ട ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. സര്‍ക്കാരിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും വിവരസഞ്ചയവും ആശയവിനിമയവും ഉത്തരവുകളും എല്ലാം എത്രയും വേഗം യൂണിക്കോഡില്‍ ആക്കും.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാഹിത്യ അക്കാദമി, മലയാളം സര്‍വകലാശാല, സര്‍വവിജ്ഞാനകോശം, ലെക്സിക്കണ്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മികച്ച ദിശാബോധം നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നു. സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ക്ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, ആര്‍ക്കൈവ്, ആര്‍ക്കിയോളജി വകുപ്പ് തുടങ്ങിയുള്ള എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഭാഷയും കലയും സാഹിത്യവും ശാസ്ത്രവും ചരിത്രവും സംസ്കാരവും മതനിരപേക്ഷത അടക്കമുള്ള സകലമൂല്യങ്ങളും പ്രതിലോമപരമായ ഇടപെടലുകളില്‍നിന്നു സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ രക്ഷാകവചവും പ്രതിരോധവുമായി അവയെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിനു വലിയ യത്നം ആവശ്യമാണെന്നത് ഒരിക്കല്‍ക്കൂടി അനുസ്മരിക്കുകയാണ്. ഇതിനെല്ലാം നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വേണം; പിന്തുണ വേണം; ഇടപെടലുകള്‍ വേണം; വിമര്‍ശനം വേണം; സര്‍വ്വോപരി സര്‍ക്കാരിനൊപ്പം ഉണ്ടാകണം. സര്‍ക്കാരും ഒപ്പം ഉണ്ടാകും.

ഇന്ന് സാംസ്കാരികരംഗം ഒരു പരിധിവരെ ആഗോളീകരണത്തിന്റെ ദുഃസ്വാധീനത്തില്‍ വീണിരിക്കുകയാണ്. ആഗോളമൂലധനത്തിന്റെ, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ അജണ്ടയ്ക്കനുസരിച്ചുള്ള കലയും സാഹിത്യവും വിനോദവും ഒക്കെയാണ് വന്നുമറിയുന്നത്. പുതുതലമുറയെ മാനസികമായി അടിമപ്പെടുത്തുകയും അവരുടെ ബുദ്ധി മന്ദിപ്പിക്കുകയും അവരെ അലസരും ഒറ്റപ്പെട്ടവരും ആക്കുകയും ചെയ്യുന്ന ഉല്‍പന്നങ്ങളാണ് ആഗോള വിനോദ വ്യവസായം കൊണ്ടുവന്നുതള്ളുന്നത്. അവയുടെ ചതിക്കുഴി മനസിലാക്കാതെ, അതാണു ശരിയും മഹത്തും എന്നുകരുതി നമ്മുടെ ആളുകള്‍ തന്നെ ക്ഷുദ്രമായ അത്തരം ഉല്‍പന്നങ്ങളുടെ മൂന്നാംകിട അനുകരണങ്ങള്‍ തന്നെ ഇവിടെ സൃഷ്ടിക്കുന്നു. ഇതുകൊണ്ട് നമുക്ക് നമ്മുടേതായ കലയും സാഹിത്യവും ഉണ്ടാകാതെ വരുന്നു.

കലയും സാഹിത്യവുമെല്ലാം ആത്യന്തികമായി വിനോദത്തിനുള്ളതാണ്; അതുമാത്രമാണ് എന്ന വികലമായ കാഴ്ചപ്പാടു വളര്‍ന്നുവന്നിരിക്കുന്നു. കഥയും നോവലും കവിതയും കഥകളിയും ക്ലാസിക്കല്‍ കലകളും നാടകവും കഥാപ്രസംഗവും നല്ല സിനിമകളും നാടന്‍ കലകളും ഒക്കെയായി സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുള്ളവരാണ് നമ്മള്‍. എന്നാല്‍, അതൊക്കെ വിസ്മരിക്കുകയും കോമഡി ഷോകള്‍ മാത്രം ആസ്വദിക്കുകയും ചെയ്യുന്നവരായി പുതിയ തലമുറ മാറുന്ന അവസ്ഥ! ഗൗരവമേറിയ രാഷ്ട്രീയപ്രശ്നങ്ങള്‍ പോലും നമ്മുടെ ചാനലുകള്‍ക്ക് ഹാസ്യപരിപാടിക്കുള്ള വകമാത്രമാണ്. അവയ്ക്കാണു വില്‍പനസാധ്യത എന്നതു കണ്ട് എല്ലാവരും ആ വഴിക്കു നീങ്ങുകയാണ്. എല്ലാംകൂടി മലീമസമായ അവസ്ഥയാണു പുതിയകാലത്ത് സാംസ്കാരികരംഗത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആധുനിക മാധ്യമങ്ങളും സാങ്കേതികവിദ്യകളും ഒക്കെയായി കാര്യമായി ബന്ധപ്പെടാത്ത നമ്മുടെ മുതിര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകരില്‍ പലര്‍ക്കും അപകടകരമായ ഈ സാഹചര്യത്തിന്റെ ഗൗരവം വേണ്ടത്ര ബോധ്യപ്പെട്ടിട്ടുണ്ടോ എന്നതു സംശയമാണ്.

ഇതിനൊക്കെ ബദലായ ഒരു സാംസ്കാരിക മുന്നേറ്റമാണ് ഇന്നത്തെ അടിയന്തരാവശ്യം. കുറച്ചു സമ്പാദ്യം ഉണ്ടായാലുടന്‍ അതെല്ലാം ചെലവാക്കി, കുറച്ചു കടവും വാങ്ങി ഒരു കൂറ്റന്‍ വീടു വെയ്ക്കുക എന്നതാണു പലരുടെയും ചിന്ത. അവരവരുടെ ആവശ്യത്തിനുള്ള വീടല്ല വെയ്ക്കുന്നത്. കടം വാങ്ങിയായാലും മുന്തിയ കാറും സുഖഭോഗങ്ങളും വിനോദങ്ങളും വാങ്ങി അവയില്‍ അഭിരമിക്കുകയാണ് സമൂഹത്തിലെ നല്ലൊരു വിഭാഗം. ഇതു രണ്ടും അല്ലെങ്കില്‍, പണം കയ്യിലുള്ള മിക്കവരും അതുകൊണ്ട് വിനോദം വിലയ്ക്കു വാങ്ങുകയാണ്. അതു ഞാന്‍ നേരത്തേ പറഞ്ഞതരം വിനോദമാണ്. പണംകൊണ്ട് എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. അതേസമയംതന്നെ, ആ പണം കൊടുത്തു വാങ്ങാന്‍, വായിക്കാന്‍, കാണാന്‍, ആസ്വദിക്കാന്‍, നല്ല കലാസാഹിത്യ സാംസ്കാരിക ഉല്‍പന്നങ്ങള്‍ വേണ്ടത്ര ഇല്ല എന്ന അവസ്ഥയും.

ആഗോളീകരണം സൃഷ്ടിച്ചിരിക്കുന്ന ഈ സ്ഥിതിവിശേഷത്തിലെ അപകടം തിരിച്ചറിഞ്ഞ് ഒരു ബദല്‍ സാംസ്കാരിക മുന്നേറ്റം സൃഷ്ടിക്കുകയും അതുവഴി ഒരു നവോത്ഥാനത്തിനു കളമൊരുക്കുകയും ചെയ്യേണ്ടത് അടിയന്തരാവശ്യമായിരിക്കുന്നു. അതു തിരിച്ചറിയുകയും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാന്‍ ബദ്ധശ്രദ്ധമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.

സാംസ്കാരിക രംഗത്തെ സര്‍ക്കാരിന്റെ മുതല്‍മുടക്ക് പലമടങ്ങു വര്‍ധിപ്പിക്കുക എന്നതാണു ലക്ഷ്യം. പ്രകടനപത്രികയില്‍ത്തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു. അതിനുള്ള പരിശ്രമങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. 2016-17ലെ ബജറ്റിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ത്തന്നെ സാംസ്കാരിക മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയാക്കിയിരുന്നു. 2017-18 ബജറ്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ 43 ശതമാനം അധികം വകയിരുത്തി. ഈ വര്‍ഷത്തെ വിഹിതം 131.43 കോടി രൂപയാണ്.

കൂടാതെ വിദ്യാഭ്യാസ ബജറ്റിന്റെ ഒരു ശതമാനം ലൈബ്രറികള്‍ക്കു ഗ്രാന്‍റായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്കുപുറമെ, സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റത്തിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്: എല്ലാ ജില്ലയിലും 40 കോടി രൂപ വീതം ചെലവില്‍ സാംസ്കാരിക സമുച്ചയങ്ങള്‍; സംസ്ഥാനത്ത് നൂറ് സിനിമാതീയറ്റര്‍ സമുച്ചയങ്ങള്‍; ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി; ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അന്താരാഷ്ട്രനിലവാരമുള്ള ഫിലിം സിറ്റി; നാടകത്തിനു സ്ഥിരം വേദി; ആയിരം യുവകലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് പദ്ധതി… അങ്ങനെ ഒട്ടേറെക്കാര്യങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്.

പ്രകടനപത്രികയുടെ പേരുതന്നെ ‘വേണം നമുക്കൊരു പുതുകേരളം; മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം’ എന്നാണ്. ഇതില്‍, പുതിയ കേരളമെന്ന സങ്കല്‍പം മുന്‍നിര്‍ത്തി 600 നിര്‍ദ്ദേശങ്ങളാണു മുഖ്യമായും മുന്നോട്ടുവെച്ചത്. ഇവയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തപ്പോള്‍ സംതൃപ്തിയും അഭിമാനവും തന്നെയാണു തോന്നിയത്. ഒട്ടുമിക്കതിന്റെയും പ്രവര്‍ത്തനം ആദ്യവര്‍ഷംതന്നെ തുടങ്ങാനും
മിക്കതും നല്ലയളവില്‍ മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രത്യേകത കാരണം ഇവയില്‍ പലതും ജനശ്രദ്ധയിലേക്ക് എത്തിയിട്ടില്ലെന്നു മാത്രം.
മുന്നോട്ടുപോകാതെ കിടന്ന അടിസ്ഥാനസൗകര്യ പദ്ധതികളില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുള്ള ചിലതിനു ഞാന്‍ നേരിട്ടുതന്നെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ജനങ്ങള്‍ക്കു സ്വീകാര്യമായ പുനരധിവാസ പാക്കേജുകള്‍ ആവിഷ്ക്കരിക്കുക വഴി ഇത്തരം പ്രൊജക്ടുകള്‍ക്ക് വളരെവേഗം ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നു.

എത്രയോ കാലമായി ഒരു പുരോഗതിയുമില്ലാതെ കിടന്ന ഗെയിലിന്റെ വാതകപപ്പുലൈന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനം വലിയൊരളവില്‍ മുന്നോട്ടുപോയിക്കഴിഞ്ഞു. പദ്ധതിയുടെ 503 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 453 കിലോമീറ്ററിലും ഭൂവിനിയോഗാവകാശം പൂര്‍ത്തിയായി. ഈ സര്‍ക്കാര്‍ വരുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ ഒരു കിലോമീറ്റര്‍ ഭൂമി പോലും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ 80ല്‍ 70 കിലോമീറ്ററിന്റെ നഷ്ടപരിഹാരം തിട്ടപ്പെടുത്തിക്കഴിഞ്ഞു. എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ പൈപ്പ്ലൈന്‍ ഇട്ടുതുടങ്ങി. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി മെട്രോ സമയബന്ധിതമായി തീര്‍ത്ത് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ 4000 മീറ്റര്‍ ആയി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളമായി ഇതു മാറുകയാണ്. ഇതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. കോഴിക്കോട് ലൈറ്റ് മെട്രോയുടെ പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞു. തിരുവനന്തപുരത്ത് പട്ടം, ശ്രീകാര്യം, ഉള്ളൂര്‍ എന്നിവടങ്ങളില്‍ മേല്‍പ്പാലത്തിന് ഈ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കിഫ്ബിയില്‍നിന്ന് 272 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ഥലമെടുപ്പു നടന്നുവരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും ഡിപ്പോയ്ക്ക് (യാര്‍ഡ്) സര്‍ക്കാര്‍ഭൂമി വിട്ടുനല്‍കി. നിലവിലുണ്ടായിരുന്ന ഈ പദ്ധതികള്‍ക്കു പുറമെ, ശബരിമല വിമാനത്താവളവും കൊച്ചിയിലെ ജലമെട്രോയും പോലെ പശ്ചാത്തലവികസനത്തിന്റെ കാര്യത്തില്‍ പല പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചു തുടക്കം കുറിച്ചു.

ഇവയ്ക്കു പുറമെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വികസന-ക്ഷേമമേഖലകളില്‍ ഉയര്‍ന്നുവന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അധികാരമേറ്റയുടന്‍ കൊണ്ടുവന്ന കടാശ്വാസ പദ്ധതി മുതല്‍ 900 കോടിയുടെ വിദ്യാഭ്യാസവായ്പാ ആനുകൂല്യപദ്ധതി വരെയുള്ള പല ആശ്വാസനടപടികളും എടുത്തുപറയേണ്ടതായുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ഷംതോറും ഉയര്‍ത്തുന്നതും അതു വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതും അടക്കമുള്ള ക്ഷേമവാഗ്ദാനങ്ങള്‍ മുന്‍ഗണനയോടെ പാലിക്കാന്‍ കഴിഞ്ഞു.

അഴിമതി കുറയ്ക്കാനും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനും ഏതാണ്ട് എല്ലാ വകുപ്പും ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇ-ഗവേണന്‍സ് കൂടുതല്‍ വിപുലപ്പെടുത്തുക വഴി ഇ-സ്റ്റാമ്പിങ് വരെ എത്തിനില്‍ക്കുന്ന ഒട്ടേറെ സേവനങ്ങള്‍ ജനങ്ങള്‍ക്കു പ്രദാനം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ തുറക്കുന്നതിനുമുമ്പുതന്നെ പുസ്തകം ലഭ്യമാക്കുന്ന രീതിയിലുള്ള ഭരണസംവിധാനത്തിന്റെ ചലനാത്മകതയും ഭാഷാസംരക്ഷണ നടപടികളും ഉള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട്. പരീക്ഷകളും ഫലപ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസത്തിലെ അടക്കം പ്രവേശനവുമൊക്കെ സമയബന്ധിതമായി നടന്നുതുടങ്ങിയിരിക്കുന്നു.

പൊതുവിദ്യാലയങ്ങളെ ഹൈട്ടെക്കാക്കി ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനും അതിനനുസൃതമായി പഠനരീതി ആധുനീകരിക്കാനും നടത്തുന്ന തീവ്രശ്രമം ദൂരവ്യാപകമായ നല്ല ഫലങ്ങള്‍ ലക്ഷ്യംവെച്ചുള്ളവയാണ്. മലയാളിക്ക് ഇന്നു പേടിസ്വപ്നമായിക്കൊണ്ടിരിക്കുന്ന ആരോഗ്യരക്ഷ പരാമാവധി ചെലവു കുറഞ്ഞതാക്കാനും മികച്ച വൈദ്യസഹായം സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും വരെ പ്രാപ്യമാക്കാനും പൊതു ആശുപത്രികളെ രോഗീസൗഹൃദവും ആധുനികവും ആക്കാനുമുള്ള നടപടി ഗണ്യമായി മുന്നേറിക്കഴിഞ്ഞു. ഇവയ്ക്കുള്ള മിഷനുകള്‍ പൂര്‍ണതോതിലേക്കു വളരുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗം കൈവരിക്കും.

ഹരിതകേരളം മിഷനിലൂടെ ശുചിത്വവും ജലസംരക്ഷണവും വിഷം കലരാത്ത പച്ചക്കറിയും യാഥാര്‍ത്ഥ്യമാകുന്നതോടെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യവും സുസ്ഥിതിയും ഉറപ്പാകും. ഇവ കേരളത്തിന്റെ വികസനത്തിനുള്ള മുന്നുപാധികള്‍കൂടി ആണെന്ന് ഓര്‍ക്കണം.

ഇത്തരത്തില്‍ നാമെല്ലാം ഏറെക്കാലമായി സ്വപ്നം കാണുന്ന ഒരു നവകേരളസൃഷ്ടി തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഞാന്‍ ഇതെല്ലാം വിശദീകരിച്ചത് ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടിയല്ല, മാധ്യമങ്ങള്‍ ഇവ പലതും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതിനാല്‍ മാത്രമാണ് നിങ്ങളെപ്പോലുള്ള പ്രഗത്ഭരുടെ മുമ്പാകെ ഇതെല്ലാം വിവരിക്കേണ്ടിവരുന്നത്.

ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. സംസാരിക്കാനല്ല, നിങ്ങളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനാണ് ഈ യോഗം. ഒരു സങ്കോചവും കൂടാതെ പറയാനുള്ളതെന്തും തുറന്നു പറയണം. സര്‍ക്കാരിനു വിമര്‍ശനങ്ങളോടു തുറന്ന മനസ്സാണുള്ളത്. ഒരു നല്ല ജനാധിപത്യസംസ്കാരവും അതില്‍ അധിഷ്ഠിതമായ സാര്‍വജനീനവും സമഗ്രവുമായ വളര്‍ച്ചയുമാണ് നമ്മള്‍ ലക്ഷ്യം വെയ്ക്കുന്നത്. അതിനുതകുന്ന വിലയേറിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങളോരോരുത്തര്‍ക്കും മുന്നോട്ടുവെയ്ക്കാനാകും എന്ന് എനിക്കുറപ്പുണ്ട്. അതിനായി നിങ്ങളോരോരുത്തരെയും