ശിശുക്ഷേമ സമിതി

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍, ക്രെഷ് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ശിശുക്ഷേമസമിതിക്ക് കീഴില്‍ അങ്കണവാടി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 10 ജില്ലകളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പിണറായിയിലെ അങ്കണവാടി പരിശീലന കേന്ദ്രത്തിനായി സര്‍ക്കാരിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടുകൂടി പുത്തന്‍കണ്ടത്ത് നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അശരണരായ കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റാനുതകുന്ന സഹായങ്ങള്‍ ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് ശിശുക്ഷേമസമിതി നിറവേറ്റുന്നത്. ജില്ലാ ശിശുക്ഷേമസമിതിയുടെ ഓഫീസ്, ദത്തെടുക്കല്‍ കേന്ദ്രം, അങ്കണവാടി പരിശീലനം തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്രത്തില്‍ ആരംഭിക്കാനിരിക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇതൊക്കെത്തന്നെ ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമിതിയുടെ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും.

കുഞ്ഞുങ്ങളെ ദത്തെടുക്കല്‍ വളരെ സങ്കീര്‍ണമായ നിയമക്രമങ്ങളോടു കൂടിയ ഒന്നാണെന്നാണ് അറിയുന്നത്. ഈ സങ്കീര്‍ണതയില്‍ മനംമടുത്ത് ദത്തെടുക്കല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോകുന്നവര്‍ പോലുമുണ്ടത്രെ. കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ എങ്ങനെ ലളിതവല്‍ക്കരിക്കാമെന്ന് ബന്ധപ്പെട്ടവര്‍
ആലോചിക്കണം എന്ന് അഭ്യര്‍ഥിക്കട്ടെ.

നിരാലംബരായ കുഞ്ഞുങ്ങള്‍ക്ക് ജീവിതം നല്‍കാന്‍ ആരെങ്കിലുമൊക്കെ മുമ്പോട്ടുവരുമ്പോള്‍ അത് ആ കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കാന്‍ പാടില്ല. ഇത്തരമൊരു സമീപനത്തോടുകൂടിയാവണം ദത്തെടുക്കല്‍ പ്രക്രിയ പുതുക്കേണ്ടത്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും അശരണര്‍ക്കും ഒക്കെ പ്രത്യേക പരിഗണന നല്‍കണം എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. അതുകൊണ്ടുതന്നെയാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരു പ്രത്യേക വകുപ്പ് ഏര്‍പ്പെടുത്തണം എന്ന ആശയം ഞങ്ങള്‍ മുന്നോട്ടുവെച്ചത്. പ്രകടന പത്രികയിലൂടെ ഞങ്ങള്‍ അത് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയൊരു പ്രത്യേക വകുപ്പ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്രയേറെ പ്രാധാന്യം നല്‍കുന്നതു കൊണ്ടുതന്നെ, ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ട്.

സമിതിയുടെ നേതൃത്വത്തിലുള്ള ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ ഒട്ടേറെ കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകരുന്നത്. അശരണരായ പിഞ്ചുകുഞ്ഞുങ്ങളെ സ്വീകരിച്ച് വളര്‍ത്തുവാന്‍ ആരംഭിച്ച അമ്മത്തൊട്ടില്‍ എന്ന സംരംഭത്തിലൂടെ 220 കുട്ടികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് സമിതിയുടെ സുരക്ഷ അനുഭവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും സുതാര്യവുമാണ്. എന്നാല്‍, അതിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മെച്ചപ്പെട്ടതാണ് എന്നു കരുതി വിശ്രമിക്കാന്‍ നമുക്കാവില്ല. അവ എങ്ങനെ ഇനിയും മെച്ചപ്പെടുത്താം എന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

ഇപ്പോഴത്തെ നേതൃത്വം അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നതില്‍ എനിക്ക് സംശയമില്ല. ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സൂചിപ്പിച്ചല്ലോ? അത്തരത്തില്‍ മാതൃകാപരമായി 1975ല്‍ ആരംഭിച്ചതാണ് ചേരി പ്രദേശങ്ങളിലെ നിര്‍ധനരായ തൊഴിലാളികളുടെ മക്കളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ക്രഷ് പ്രോഗ്രാം. നിലവില്‍ 14 ജില്ലകളിലായി 220 ക്രഷുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതുകൂടാതെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി തൃശൂര്‍ ചെമ്പുകാവിലെ സ്പെഷ്യല്‍ സ്കൂള്‍, തിരുവനന്തപുരത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ലൈബ്രറി, ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് ഡോള്‍ മ്യൂസിയം, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയൊക്കെ സമിതിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ പല മേഖലകളിലെ ഇടപെടലുകളിലൂടെ നമ്മുടെ നാട്ടിലെ അശരണരായ കുഞ്ഞുങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

2016 ഡിസംബര്‍ 30നാണ് ശിശുക്ഷേമ സമിതിയുടെ പുതിയ ഭരണസമിതി നിലവില്‍വന്നത്. മുമ്പ് സൂചിപ്പിച്ചവയ്ക്കു പുറമെ മറ്റു നിരവധി പദ്ധതികളും സമിതിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്താന്‍ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത്. 4 ജില്ലകളില്‍ കൂടി അങ്കണവാടി ട്രെയിനിങ് സെന്‍ററുകള്‍ ആരംഭിക്കേണ്ടതുണ്ട്. കാലതാമസം കൂടാതെ അവ ആരംഭിക്കാന്‍ നമുക്ക് കഴിയണം.
ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും എന്ന് ഈയവസരത്തില്‍ ഉറപ്പു നല്‍കുകയാണ്.

കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ വ്യക്തിത്വമുണ്ടെന്നും ഓരോ കുഞ്ഞും വ്യത്യസ്തരാണെന്നുമുള്ള ബോധ്യം അവരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാവണം. കുഞ്ഞുങ്ങള്‍ക്ക് അവകാശങ്ങളുണ്ട് എന്നതും നാം മറക്കരുത്. നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനുമാണ് എപ്പോഴും നാം പ്രവര്‍ത്തിക്കേണ്ടത്.

കുഞ്ഞുങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനം അവകാശാധിഷ്ഠിതമാണെന്ന് നാം മറക്കരുത്. അതായത്, ശിശുക്ഷേമ സമിതിയിലൂടെ നമ്മള്‍ ചെയ്യുന്നതൊക്കെ കുഞ്ഞുങ്ങളോടുള്ള ഔദാര്യമല്ല മറിച്ച് അതവരുടെ അവകാശമാണെന്നുള്ള ഉത്തമ ബോധ്യം നമുക്കുണ്ടായിരിക്കണം.

കുട്ടിക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്താണ് നാം ജിവിക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ല എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ടല്ലൊ. കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം ഉണ്ടാകുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം എന്ന് ഓര്‍മപ്പെടുത്താന്‍ കൂടി ഈയവസരം വിനിയോഗിക്കുകയാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ശിശുക്ഷേമസമിതിക്കാവണം എന്നു കൂടി സൂചിപ്പിച്ചുകൊണ്ട് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.