മമ്പറം ഹയര്‍സെക്കന്‍ററി സ്കൂള്‍

അങ്ങേയറ്റം അഭിമാനത്തോടെയാണ് മമ്പറം ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ഈ വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. അതിനു കാരണം നിങ്ങള്‍ക്കറിയാം. ഈ വിദ്യാലയം ഇന്ന് അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്.

അതിന്‍റെ ആദ്യഘട്ടമായി പതിനഞ്ചോളം ഡിജിറ്റല്‍ ക്ലാസ് മുറികളും ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുകളുമാണ് ഇന്നിവിടെ കുട്ടികള്‍ക്കായി
ഒരുക്കിയിട്ടുള്ളത്. തലശേരി താലൂക്കിലെ ഏറ്റവും വലിയ സ്കൂളുകളില്‍ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം. 1980ല്‍ ശ്രീ. മമ്പറം മാധവന്‍റേയും ശ്രീ. വി നാരായണന്‍റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് സ. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അനുവദിച്ച വിദ്യാലയമാണ് ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നത്. 220 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നിപ്പോള്‍ 2600ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വലിയ സ്കൂളായി മാറി എന്നത് അഭിമാനകരമായ കാര്യമാണ്.

തികഞ്ഞ അച്ചടക്കബോധവും പഠനാന്തരീക്ഷവും ഇല്ലാതെ ഒരു സ്കൂളും ഈ രീതിയില്‍ വളരുകയില്ല. അതുകൊണ്ടുതന്നെ ഈ ഹയര്‍ സെക്കന്‍ററി വിദ്യാലയത്തിലെ ഗുരുനാഥര്‍ തങ്ങളുടെ കര്‍മമണ്ഡലത്തില്‍ നിതാന്ത ജാഗ്രതയും കര്‍ത്തവ്യബോധവും പുലര്‍ത്തുന്നു
എന്നാണ് മനസ്സിലാക്കേണ്ടത്. പരീക്ഷകളിലെ വിജയത്തില്‍ മാത്രമല്ല അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും നല്ല ചരിത്രമാണ് ഈ സ്കൂളിനുള്ളത്. ഇതൊക്കെ തെളിയിക്കുന്നത് ഇന്നാട്ടിലെ മികവിന്‍റെ കേന്ദ്രമാണ് മമ്പറം സ്കൂള്‍ എന്നുതന്നെയാണ്.

ഇന്ന് വിദ്യാഭ്യാസരംഗം ഒട്ടേറെ വെല്ലുവിളികള്‍നേരിടുകയാണ്. ചരിത്രപാഠങ്ങളെ തിരുത്താനും കുട്ടികളെ വര്‍ഗീയമായി വേര്‍തിരിക്കാനും ലക്ഷ്യമിട്ട് ദേശീയതലത്തില്‍ തന്നെ ചിലര്‍ നടത്തുന്ന ഇടപെടലുകളാണ് അതില്‍ ഏറ്റവും പ്രധാനം. രാജ്യത്താകമാനം ഇത്തരം സമീപനങ്ങള്‍ക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഡോ. കെ എന്‍ പണിക്കര്‍, റോമിലാ ഥാപ്പര്‍, സുമിത് സര്‍ക്കാര്‍ തുടങ്ങിയ പ്രമുഖര്‍ തന്നെ അതിന്‍റെ മുന്‍നിരയിലുണ്ട്. ഞാനതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ഒരു പൊതുപ്രവണത നിലനില്‍ക്കുന്നുണ്ട്. ഒരു കൂട്ടര്‍ക്ക് വിദ്യാഭ്യാസം ഏറെ ചെലവേറിയതാകുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് അത് അപ്രാപ്യമാകുന്ന നിലയുണ്ട്. ഇത്തരമൊരു ദുഃസ്ഥിതിയില്‍ നിന്നും സാധാരണക്കാര്‍ക്ക് രക്ഷ കിട്ടണമെങ്കില്‍, അവര്‍ക്ക് നീതി ഉറപ്പാക്കണമെങ്കില്‍ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടണം. ഈ തിരിച്ചറിവാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിക്കു രൂപം കൊടുക്കാന്‍ സര്‍ക്കാരിനെ
പ്രേരിപ്പിച്ചത്.

ഇതിന്‍റെ ആദ്യ പടിയായിട്ടാണ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ ഹൈസ്കൂളുകളെ വീതം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്ക് തുടക്കം കുറച്ചത്. വിദ്യാഭ്യാസം ബിഗ് ബിസിനസ് ആവുന്ന പ്രവണതയ്ക്ക് ഇത് വലിയതോതില്‍ കടിഞ്ഞാണിടും. പൊതു വിദ്യാലയങ്ങള്‍ ഉന്നതമായ നിലവാരത്തില്‍ നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് അത് കൂടുതല്‍ സ്വീകാര്യമാകും. പൊതുവിദ്യാഭ്യാസത്തിന്‍റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ അത് ഉപകരിക്കും. ഇന്ത്യയില്‍ മലയാളിയേയും കേരളത്തേയും വേറിട്ടതാക്കുന്നത് സാര്‍വത്രിക വിദ്യാഭ്യാസത്തിന്‍റെ സന്നിധ്യമാണ്. ജാതിയുടേയും മതത്തിന്‍റേയും പേരില്‍ അക്ഷരമഭ്യസിക്കാന്‍ അനുവാദമില്ലാതിരുന്ന ഇന്നാട്ടിലെ അടിയാന്‍റെയും കുടിയാന്‍റേയും അധഃസ്ഥിതന്‍റേയും മക്കള്‍ക്ക് അത്
സാധ്യമാക്കുന്നതിനായി പരിശ്രമിച്ച സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ നാടാണ് നമ്മുടേത്. ആ പ്രക്രിയയെ ഊര്‍ജിതപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോയ രാഷ്ട്രീയ ചരിത്രമാണ് നമ്മുടേത്.

അതൊക്കെയാണ് കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പ്രക്രിയ്ക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസരംഗത്തിന് മിഷണറിമാരും സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടനകളും നല്‍കിയ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. ഇ എം എസ് സര്‍ക്കാര്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്കാരമാണ് കേരളത്തിന്‍റെ വിദ്യാഭ്യാസ കുതിച്ചുചാട്ടത്തിന് കരുത്തും വേഗതയും നല്‍കിയത്. പഠിക്കുന്നവനും പഠിപ്പിക്കുന്നവനും ആത്മാഭിമാനമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. അധ്യാപകസമൂഹത്തെ മാനേജ്മെന്‍റുകളുടെ ചൂഷണത്തില്‍നിന്ന് മോചിപ്പിച്ചെടുക്കാന്‍ സാധിച്ചു. അധ്യാപനം അന്തസ്സുള്ള സേവനമാണെന്ന ചിന്ത പുനഃസ്ഥാപിക്കാന്‍ അതിനു സാധിച്ചു. പൊതുവിദ്യാഭ്യാസത്തെ കേരളസമൂഹം നെഞ്ചേറ്റിയതാണ് പിന്നീടിങ്ങോട്ടുള്ള ചരിത്രം.

എന്നാല്‍, എല്ലാം ലാഭത്തിനു വേണ്ടിയെന്ന ബിസിനസ് സങ്കല്‍പത്തിലേക്ക് വിദ്യാഭ്യാസം കൂടി ഒതുക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് പൊതുവിദ്യാഭ്യാസത്തിന്‍റെ നിറം മങ്ങിത്തുടങ്ങിയത്. പൊതുവിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കുകയും അതുവഴി കേരളത്തിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കുകയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ നാടിന്‍റെ ഉള്ളറിയുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. അതുകൊണ്ടാണ് തങ്ങളുടെ മക്കള്‍ ഈ സാംസ്കാരിക അന്തരീക്ഷത്തില്‍ വളരണമെന്നും പഠിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നത്. താന്‍ പിച്ചവച്ച മണ്ണിലൂടെ വേണം മക്കളും നടക്കേണ്ടതെന്ന് അവര്‍ ചിന്തിക്കുന്നത്. ഇവിടുത്തെ പ്രകൃതിയാണ് വരുംതലമുറയുടെ ഏറ്റവും വലിയ പാഠപുസ്തകം. ആ നിലയ്ക്ക് നമ്മുടെ കുരുന്നുകള്‍ക്ക് നന്നായി വളരാനും നന്നായി പഠിക്കാനും പരിസരവും കലാലയവും ഒരുപോലെ മികവുറ്റതാക്കിയേ മതിയാകൂ.

പണമുള്ളവരുടെ മക്കള്‍ക്ക് കിട്ടുന്ന എല്ലാ വിദ്യാഭ്യാസ സൗകര്യങ്ങളും പണമില്ലാത്തവരുടെയും മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതുറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. വിദ്യാഭ്യാസരംഗത്ത് രണ്ടുതരം പൗരډാര്‍ വേണ്ട. ഉയര്‍ന്ന നിലവാരമെന്നത് കാശുള്ളവനു മാത്രം കരഗതമാകുന്ന ഒരു അപൂര്‍വ നിധിയാവണ്ട. ഈ ചിന്തയോടെയാണ് പൊതു വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ഇവിടുത്തെ ജനങ്ങള്‍ എപ്രകാരമാണ് ഈ വിദ്യാലയത്തെ സ്നേഹിക്കുന്നതെന്ന് എനിക്കറിയാം. പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി
കക്ഷിരാഷ്ട്രീയത്തിനതീതമായി സമയവും സമ്പത്തും സേവനവും നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരുദ്ദേശിക്കുന്ന പദ്ധതികള്‍ നൂറുമേനി വിളയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇത്തരം പ്രവര്‍ത്തനങ്ങളിലൊക്കെയുള്ള പങ്കാളിത്ത മനോഭാവത്തോടെയാണ് സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോളും ജൈവവൈവിധ്യ ഉദ്യാനങ്ങളും ഒക്കെ രൂപപ്പെടേണ്ടത്. സ്കൂള്‍ പരിസരം പ്ലാസ്റ്റിക്-മാലിന്യ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേരേണ്ടതുണ്ട്. അങ്ങനെയാണ് പൊതുവിദ്യാലയങ്ങളില്‍ നിന്നും ചവറുകൂമ്പാരങ്ങള്‍ പടിയിറക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കേണ്ടത്. ഇതൊരു തുടര്‍പ്രവര്‍ത്തനമായിത്തന്നെ കണക്കാക്കണം.

സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കടുത്ത ജാഗ്രതയും ഇടപെടലും വേണം. ഇത്തരത്തിലുള്ള പുതിയ അന്തരീക്ഷത്തിലാണ് വിദ്യാഭ്യാസത്തിന്‍റെ ജനകീയവല്‍ക്കരണവും ജനാധിപത്യവല്‍ക്കരണവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ സ്കൂളിന്‍റെ നടത്തിപ്പും പുരോഗതിയും ഉറപ്പുവരുത്തുന്നതില്‍ ഇവിടുത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളുമൊക്കെ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരെയെല്ലാം ഈയവസരത്തില്‍ അഭിനന്ദിക്കുന്നു. ഇവിടെ മാത്രമല്ല തങ്ങളുടെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് അതത് പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടായി യത്നിക്കണമെന്നാണ് എനിക്ക് ഓര്‍മിക്കാനുള്ളത്.

സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ട് ഭൗതിക സാഹചര്യങ്ങളും മറ്റുമാണ് മെച്ചപ്പെടുക. ഇവിടുത്തെ അക്കാദമിക നിലവാരമുയര്‍ത്തേണ്ടത് അധ്യാപകരുടേയും രക്ഷിതാക്കളുടേയും ഉത്തരവാദിത്വമാണ്. പഠനനിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്നും കഠിനാധ്വാനം ആവശ്യമാണ്. സര്‍ക്കാര്‍ സ്കൂളില്‍ എങ്ങനെ പഠിപ്പിച്ചാലും മതി എന്ന മനോഭാവം മാറണം. പഠനം മാത്രമല്ല പഠിപ്പിക്കലും വിലയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. ഇന്ന് നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഈ വിദ്യാലയത്തിന്‍റെ നാളത്തെ ചരിത്രം എന്ന് തിരിച്ചറിയണം.

ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഈ നിലയിലെത്തിയത് അതത് കാലത്ത് പൊതുസമൂഹം നടത്തിയ അര്‍പ്പണ മനോഭവത്തോടെയുള്ള ഇടപെടലിന്‍റെ ഫലമാണെന്ന് മറക്കരുത്. അത് മുന്നോട്ടു കൊണ്ടുപോകാന്‍ ഏവരും പരിശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വം ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി.