മന്ത്രിസഭാ തീരുമാനങ്ങള്‍ 05/07/2017

കേരള അഡ്മിനിസ്റ്റ്രേറ്റീവ് ട്രൈബ്യൂണലിന്റെ കീഴിലുള്ള സര്‍വീസുകളെ സംബന്ധിച്ച ചുമതലകള്‍ കേരള പബ്ലിക്‍ സര്‍വീസ് കമ്മീഷന്‍ നിര്‍വ്വഹിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ട്രൈബ്യൂണലിന്‍റെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും നേരിട്ട് നിയമിക്കുന്നതിനുള്ള അധികാരം ഇതനുസരിച്ച് പി.എസ്.സിക്ക് ആയിരിക്കും.

നെല്ല് സംഭരണം നടത്തുന്ന മില്ലുടമകള്‍ക്ക് നല്‍കുന്ന പ്രോസസ്സിംഗ് ചാര്‍ജ് ക്വിന്‍റലിന് 190 രൂയില്‍നിന്ന് 214 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

എയ്ഡഡ് മേഖലയില്‍ മൂന്ന് പുതിയ കോളേജുകള്‍ അനുവദിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.
1. ബിഷപ്പ് യേശുദാസന്‍ സി.എസ്.ഐ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, മുളയറ, തിരുവനന്തപുരം.
2. കാസര്‍കോട് ബജാമോഡല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ്.
3. ശബരീശ കോളേജ്, മുരുക്കുംവയല്‍, മുണ്ടക്കയം.

2016-17 അദ്ധ്യയന വര്‍ഷം ഏറ്റവും കുറഞ്ഞത് 50 വിദ്യാര്‍ത്ഥികളില്ലാത്ത 63 ഹയര്‍സെക്കന്‍ററി ബാച്ചുകളില്‍ 2017-18 അദ്ധ്യയനവര്‍ഷത്തേയ്ക്കുമാത്രമായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഒരു ബാച്ചില്‍ 40 കുട്ടികളെങ്കിലുമില്ലെങ്കില്‍ സ്ഥിരം അദ്ധ്യാപകരെ നിയമിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്.

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ മാനദണ്ഡം പാലിക്കുന്നതിന് തിരുവനന്തപുരം തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ 23 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

നിലമ്പൂര്‍, ദേവികുളം ആദിവാസി മേഖലകളില്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് ജനമൈത്രി എക്സൈസ് കോഡില്‍ 20 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ആയിരം രൂപ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ 21.01.2017 മുതല്‍ പുതുതായി കര്‍ഷകപെന്‍ഷന് അര്‍ഹരാകുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

മഹാകവി ജി. ശങ്കരക്കുറുപ്പിന് സ്മാരകം നിര്‍മ്മിക്കുന്നതിന് കൊച്ചിയില്‍ 25 സെന്‍റ് സ്ഥലം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുന്നതിനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യും.

സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി പോസ്റ്റില്‍ 345 തസ്തിക സൃഷ്ടിച്ച് വിവിധ സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താന്‍ തീരുമാനിച്ചു. ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ആയിരിക്കും നിയമനം നടത്തുക.

കര്‍ഷക ക്ഷേമ വകുപ്പിലെ സീനിയര്‍ അഡീഷണല്‍ കൃഷി ഡയറക്ടര്‍ പി.ഷീലയ്ക്ക് പ്രമോഷന്‍ നല്‍കി കൃഷി (പിപിഎം സെല്‍) ഡയറക്ടര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു.

ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് ഡയറക്ടറായി നിമയിക്കാന്‍ തീരുമാനിച്ചു. പകരം വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ ദേവികുളം സബ് കലക്ടര്‍ ആയി നിയമിക്കും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍മാലിക്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. പ്ലാനിംഗ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. പട്ടികജാതി വകുപ്പ് ഡയറക്ടര്‍ പുകഴേന്തിയെ മില്‍മ എം.ഡി.ആയി നിയമിക്കാന്‍ തീരുമാനിച്ചു.

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍റ്ലൂം ടെക്നോളി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പുതുതായി രൂപീകൃതമായ ആന്തൂര്‍ നഗരസഭയില്‍ എട്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.