മന്ത്രിസഭാ തീരുമാനങ്ങള്‍  19/07/2017

ശബരിമല വിമാനത്താവളം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും. സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്. ഇവിടെ 2263 ഏക്കര്‍ ഭൂമിയുണ്ട്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് ശബരിമലയിലേക്ക് നാല്പത്തിയെട്ട് കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കിലോമീറ്റര്‍ ദൂരമുണ്ട്.

നിയമസഭാസമ്മേളനം

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍

 • ജി രാജേന്ദ്രനെ (തിരുവനന്തപുരം) നിലവിലുളള ഒഴിവില്‍ പി.എസ്.സി. അംഗമായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
 • സപ്ലൈക്കോ സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷിന് കൊച്ചി സ്മാര്‍ട് സിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
 • കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന ഷര്‍മിള മേരി ജോസഫിനെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായും ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറിയായും നിയമിക്കാന്‍ തീരുമാനിച്ചു.
 • സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്റ്റര്‍ ഗോപാലകൃഷ്ണന് തിരുവനന്തപുരം സ്മാര്‍ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
 • ആര്‍.എം.എസ്.എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റര്‍ ആര്‍. രാഹുലിന് കെ.റ്റി.ഡി.എഫ്.സി മാനേജിംഗ് ഡയറക്റ്ററുടെ അധികച്ചുമതല നല്‍കാന്‍ തീരുമാനിച്ചു.
 • ഉല്പാദകരാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി സംഭരിക്കുന്നതിന് രൂപീകരിക്കുന്ന പ്രത്യേകോദ്ദേശ കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി റിട്ടയേര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യനെ നിയമിച്ചു.

ശമ്പളപരിഷ്കരണം

കേരള ഡെന്റല്‍ കൗണ്‍സിലിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

 • സബോര്‍ഡിനേറ്റ് ജുഡിഷ്യറിയില്‍ കീഴ്ക്കോടതികളിലും സബ്കോടതികളിലുമായി 460 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതി ആവശ്യപ്പെട്ട തസ്തികകളില്‍ ആദ്യഘട്ടമായാണ് 460 എണ്ണം അനുവദിച്ചത്.
 • വിഴിഞ്ഞം പുനഃരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ പത്ത് തസ്തികകള്‍ അനുവദിച്ചു.
 • കേരള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍റെ ഓഫീസിലേക്ക് നാല് തസ്തികകള്‍ അനുവദിച്ചു.
 • തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ അക്കാദമിയില്‍ പുതുതായി ഇരുപത്തിരണ്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 • മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തില്‍ ആലത്തിയൂര്‍ ആസ്ഥാനമായി ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി പത്ത് തസ്തികകള്‍ സൃഷ്ടിച്ചു.
 • കേരള അഡ്മിനിസ്റ്റ്രേറ്റീവ് റ്റ്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിലേക്ക് മുപ്പത്തിയേഴ് തസ്തികകള്‍ സൃഷ്ടിച്ചു.
 • പെന്‍ഷന്‍ വര്‍ദ്ധനവ്

  പി.എസ്.സി. മുന്‍ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക സേവനത്തിന് അടിസ്ഥാന ശമ്പളത്തിന്റെ 7.5 ശതമാനം എന്ന നിരക്കില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. നിലവില്‍ ഒരു വര്‍ഷത്തെ സേവനത്തിന് അഞ്ച് ശതമാനം എന്നതാണ് നിരക്ക്. പരമാവധി പെന്‍ഷന്‍ അടിസ്ഥാനശമ്പളത്തിന്റെ അമ്പത് ശതമാനം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ അര്‍ഹതയ്ക്ക് രണ്ടു വര്‍ഷത്തെ മിനിമം സേവനം ഉണ്ടായിരിക്കണം. മിനിമം പെന്‍ഷന് മുപ്പത് ശതമാനം എന്ന നേരത്തെയുളള വ്യവസ്ഥ ഒഴിവാക്കി.

  സ്ഥലം അനുവദിച്ചു

 • വനിത പോലീസ് ബറ്റാലിയന് ആസ്ഥാനം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം മേനംകുളം വില്ലേജിലെ സിഡ്കോയുടെ കൈവശമുളള മുപ്പത് ഏക്കര്‍ ഭൂമിയില്‍ പത്ത് ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു.
 • മലപ്പുറം ജില്ലാ പി.എസ്.സി. ഓഫീസ് നിര്‍മിക്കുന്നതിന് റെവന്യൂ വകുപ്പിന്റെ മുപ്പത് സെന്റ് സ്ഥലം വ്യവസ്ഥകള്‍ക്കു വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.
 • ധനസഹായം

 • മലപ്പുറം മങ്കട മദാരി വീട്ടില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ ഫാത്തിമ ഹന്നയുടെ (11) ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
 • തൃശ്ശൂര്‍ കുണ്ടന്നൂര്‍ കാരുമുക്കില്‍ വീട്ടില്‍ സൂധീര്‍ബാബുവിന്റെ മകള്‍ ലക്ഷമിയുടെ (14) ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
 • തൃശ്ശൂര്‍ ദേശമംഗലം പുത്തന്‍പീടികയില്‍ വീട്ടില്‍ നിഷാദിന്റെ മകള്‍ നിസല ഫര്‍ഹീന്റെ (3) ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
 • പാലക്കാട് തെക്കേദേകം കണക്കന്‍പാറ വീട്ടില്‍ കാജാഹൂസൈന്റെ മകന്‍ അന്‍സിലിന്റെ (8) ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
 • ആലപ്പുഴ നൂറനാട് പണയില്‍ സുനിത ഭവനത്തില്‍ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരണപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ നിരാലംബരായ മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രായപൂര്‍ത്തിയാകുന്നതുവരെ തുക ബാങ്കില്‍ നിക്ഷേപിക്കും.
 • താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്കു കുറുകെ പതിമൂന്ന് കോടി രൂപ ചെലവില്‍ പാലം നിര്‍മിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കിയാണ് പ്രവൃത്തി നടത്തുക.