സ്വാതന്ത്ര്യദിന പ്രസംഗം 2017

രാജ്യത്തിന്‍റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍.

സ്വാതന്ത്ര്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടാനുള്ളതു തന്നെയാണ്. ആഹ്ലാദാഭിമാനങ്ങളോടെ തന്നെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. അത് അങ്ങനെ തന്നെയാണ് ആവേണ്ടതും. എന്നാല്‍, ഈ സ്വാതന്ത്ര്യദിന ഘട്ടത്തില്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു സങ്കടം കൂടി പടരുന്നുണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ. എഴുപതില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു എന്നത് ഏത് പൗരനെയാണ് സങ്കടപ്പെടുത്താതിരിക്കുന്നത്. നഷ്ടം നഷ്ടം തന്നെയാണ്. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടം. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാവട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിനാചരണം.

നമ്മുടെ മാതൃഭൂമിയായ ഇന്ത്യ വിദേശഭരണത്തില്‍ നിന്നും വിമോചിതമായിട്ട് ഇന്നേക്ക് എഴുപതു വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. 1947 ആഗസ്റ്റ് 15നുമുമ്പ് നൂറ്റാണ്ടുകള്‍ നീണ്ട ഒരു യാതനാപര്‍വ്വം നമുക്കുണ്ടായിരുന്നു. വൈദേശികാധിപത്യത്തില്‍ കൊടിയ ചൂഷണങ്ങള്‍ക്ക്
വിധേയമായി നരകയാതനയില്‍ കഴിഞ്ഞിരുന്ന ഒരു ജനത അഭിമാനബോധത്തോടെ തലയുയര്‍ത്തി നിന്ന് ഒരുമയോടെ പടപൊരുതിയതിന്‍റെ ഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്.

വിവിധ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടം മാത്രമായിരുന്നു ഒരിക്കല്‍ ഇന്ത്യ. അതിലെ വിവിധ മതങ്ങളിലും ജാതികളിലുംപെട്ട മനുഷ്യര്‍ അവരുടെ ഭാഷാഭേദങ്ങളും ആചാരഭേദങ്ങളും സംസ്കാരഭേദങ്ങളും ഭക്ഷണഭേദങ്ങളും എല്ലാം മറന്ന് ഒരുമിച്ച് ഒരു വികാരമായി, ഇന്ത്യാക്കാരായി മാറി. അവര്‍ ഒരേ മനസ്സോടെ “ഇതാ ഇന്ത്യ” എന്ന് വിളിച്ചു പറഞ്ഞത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്‍റെ മുഖ്യധാരയില്‍
വെച്ചാണ്.

ഇന്ത്യ എന്‍റെ നാടാണ് എന്നും പൂര്‍ണ സ്വാതന്ത്ര്യം എന്‍റെ അവകാശമാണെന്നും ഇന്ത്യാക്കാര്‍ വിളിച്ചുപറഞ്ഞത് വിവിധ ഭാഷകളിലായിരുന്നു. വിവിധ ദേശങ്ങളില്‍ വസിക്കുന്നവര്‍ക്കും വിവിധ വേഷങ്ങള്‍ ധരിക്കുന്നവര്‍ക്കും വിവിധ ഭക്ഷണം കഴിക്കുന്നവര്‍ക്കും ഇന്ത്യ ഒരു പൊതുവികാരമായതും തങ്ങള്‍ ഒരു രാഷ്ട്രത്തിലെ ജനതയാണെന്നും ഒരുമിച്ചു നില്‍ക്കേണ്ടവരാണെന്നും ബോധ്യം വന്നതും സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രപന്ഥാവില്‍ വെച്ചാണ്. ജാതിക്കും മതത്തിനും ഭാഷക്കും അപ്പുറത്തുള്ള ജനാധിപത്യബോധത്തോടെയും സ്വാതന്ത്ര്യവാഞ്ഛയോടെയുമാണ് ജനങ്ങള്‍ ഒത്തുചേര്‍ന്ന് ഈ രാഷ്ട്രത്തിന്‍റെ ഉദയം കുറിച്ചത്.

അത്തരത്തില്‍ മതേതരമൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത, സങ്കുചിത മതദേശീയതയുടെയും മതവിദ്വേഷത്തിന്‍റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോകാന്‍ പാടില്ല. വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ ദേശീയത. ഏകത്വം കൊണ്ട് ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ശിഥിലമായിപ്പോവുന്നത് ദേശീയതയാണ്; ദേശീയ ഐക്യബോധമാണ്. വൈവിധ്യത്തെ വൈവിധ്യമായിത്തന്നെ നിലനില്‍ക്കാന്‍ അനുവദിച്ചതാണ് ദേശീയപ്രസ്ഥാനത്തിന്‍റെ ഏറ്റവും വലിയ വിജയം. വൈവിധ്യത്തിലെ ഏകത്വം എന്ന സൂത്രവാക്യം രൂപപ്പെട്ടുവന്നതുപോലും അത്തരമൊരു ദേശീയബോധത്തില്‍ നിന്നാണ്.

ദേശീയത ആയാല്‍ പോലും അത് സങ്കുചിതമായ വികാരങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതായാല്‍ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുക. സാര്‍വലൗകികമായ വീക്ഷണത്തോടെയാവണം ദേശീയത വളര്‍ന്നുവരേണ്ടത്. ലോകമേ തറവാട് എന്ന വിശാല വീക്ഷണത്തോടെയുള്ള ദേശാഭിമാനം. അതാണുണ്ടാവേണ്ടത്. ഏതെങ്കിലും പ്രത്യേക അടയാളത്തിന്‍റെയോ, ആചാരത്തിന്‍റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യബോധത്തിലേക്കു നയിക്കില്ല. ഭിന്നിപ്പിക്കാനേ അതു വഴിവെക്കു.

ആത്മാഭിമാനത്തിലധിഷ്ഠിതമായതും വിശാലമാനവികതയിലൂന്നിയതും എല്ലാ ധാരകളെയും ഉള്‍ക്കൊള്ളുന്നതുമായ ദേശീയബോധമാണ് വേണ്ടത്. സങ്കുചിത വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ദേശീയബോധം സാര്‍വദേശീയബോധത്തിനും മാനവികതാബോധത്തിനും
എതിരാണ്. വ്യത്യസ്തങ്ങളായ ചിന്താധാരകളെയും വിശ്വാസ ധാരകളെയും സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്നതും മതനിരപേക്ഷമായ അന്തരീക്ഷത്തില്‍ അവയ്ക്കെല്ലാം നിലനില്‍ക്കാന്‍ അവസരം നല്‍കുന്നതുമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടേണ്ടത്.

നാമേവരും ആദരിക്കുന്നതും നേഞ്ചിലേറ്റുന്നതുമായ ദേശീയഗാനത്തിന്‍റെ രചയിതാവായ നമ്മുടെ ദേശീയ മഹാകവി ടാഗോര്‍, ദേശീയതയെയും ദേശസ്നേഹത്തെയും പറ്റി പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. “ദേശാഭിമാനം എന്നത് ആത്മീയതയുടെ അഭയസ്ഥാനമല്ല; മാനവികതയുടെ അഭയസ്ഥാനമാണ് ദേശാഭിമാനം” എന്നാണദ്ദേഹം പറഞ്ഞത്. ടാഗോര്‍ മാത്രമല്ല, നമ്മുടെ ദേശീയ നേതാക്കളും കവികളും സാംസ്കാരിക നായകരുമെല്ലാം സങ്കുചിതമായ ദേശീയതയ്ക്കോ മതാധിഷ്ഠിത ദേശീയതക്കോ എതിരായിരുന്നു. ലോകമാകെ ഒരു കൂടാണെന്നു സങ്കല്‍പിച്ചവരായിരുന്നു.

മഹാത്മജിയും സുഭാഷ്ചന്ദ്രബോസും അബ്ദുള്‍ കലാം ആസാദും അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്റുവും എ കെ ജിയും ഇ എം എസും മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബും എല്ലാം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഒരു
ദേശീയതയാണ് ഉയര്‍ത്തിപ്പിടിച്ചത്. ആ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമം ഏതു ഭാഗത്തു നിന്നുണ്ടായാലും ആത്മാഭിമാനമുള്ള, രാജ്യസ്നേഹികളായ നാം ആ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം.

ദേശീയതയെന്നാല്‍ അന്യമത വിദ്വേഷമോ, അപര വിദ്വേഷമോ, അന്യരാജ്യ ശത്രുതയോ അല്ല. ഏകശിലാ രൂപത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥിതിയല്ല. ലോകമാനവികതയിലൂന്നിയ ബഹുസ്വര സമൂഹമാണ് നമ്മുടേത്. അങ്ങനെ ആയിരിക്കുകയും വേണം.

സ്വാതന്ത്ര്യലബ്ധിക്കുശേഷം നാം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. പഞ്ചവത്സര പദ്ധതികള്‍ ആവിഷ്ക്കരിച്ച് രാജ്യത്തിന്‍റെ വികസനം ആസൂത്രണം ചെയ്തു. സാമ്രാജ്യത്വവിരുദ്ധ മനസ്സുള്ള മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഖന വ്യവസായങ്ങള്‍ കരുപ്പിടിപ്പിച്ചു. കാര്‍ഷികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രതിരോധ മേഖലയിലും വ്യോമയാനരംഗത്തും ബഹിരാകാശ ഗവേഷണത്തിലും ശാസ്ത്ര സാങ്കേതിക മേഖലയിലും നാം വലിയ മുന്നേറ്റമാണ് നടത്തിയത്. ആ പ്രക്രിയയില്‍ സാര്‍വ്വദേശീയരംഗത്ത് ചേരിചേരാപ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രമായി നാം ഒരിക്കല്‍ മാറി.

ദേശീയപ്രസ്ഥാനത്തിന്‍റെ ചൂരും ചൂടും ഏറ്റ് ഉയര്‍ന്നുവന്ന വലിയ രാഷ്ട്രനേതാക്കള്‍ നമ്മുടെ സമൂഹത്തെ നയിച്ചു. ലോകത്തിലെ ഏറ്റവും
വലിയ ജനാധിപത്യരാഷ്ട്രമെന്ന ഖ്യാതി നമുക്ക് ലഭിച്ചു. ദേശീയപ്രസ്ഥാനം ഉയര്‍ത്തിവിട്ട പുതിയ മാനവികതാബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് നാം ഒരു സ്വതന്ത്ര-മതേതര-ജനാധിപത്യ-പരമാധികാര രാഷ്ട്രമായി മാറിയത്. ലോകത്തിലെ ഏറ്റവും വലുതും സക്രിയവുമായ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ മുന്നേറി.

പക്ഷേ, ആഗ്രഹിച്ചതെല്ലാം നേടാന്‍ നമുക്കായിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. മഹാത്മാഗാന്ധിയുടെ ജീവിതോദ്ദേശമായിരുന്നു
“എല്ലാ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ തുടച്ചുമാറ്റുക” എന്നത്. എന്നാല്‍, മഹാത്മാഗാന്ധിയുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ
എഴുപതു വര്‍ഷം തികയുന്ന ഘട്ടത്തിലും നമുക്ക് സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ ചില വിഭാഗങ്ങളുടെയെങ്കിലും കണ്ണുനീര്‍ വര്‍ധിച്ചുവരുന്നതായാണ് ഈ നാളുകളില്‍ കണ്ടുവരുന്നത്. ഇതിനെക്കുറിച്ച് നമ്മുടെ ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിക്കു പോലും ഒരു പരാമര്‍ശം നടത്തേണ്ടിവന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ചില വിഭാഗങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്നും അത് വര്‍ധിച്ചുവരുന്നുവെന്നും ബംഗളൂരുവിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നടത്തിയ
പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദളിതരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇത്തരം ഭീതികള്‍ അകറ്റാന്‍ വിഭാഗീയതയെ അതിജീവിക്കാന്‍ കഴിയുന്ന മൈത്രി ഒരു ദേശീയമൂല്യമായി അടിയന്തരമായും ഊട്ടിയുറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടനയില്‍ പറയുന്ന സാഹോദര്യം പുലരാന്‍ നേതാക്കള്‍ യത്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ അനുഭവത്തില്‍ നിന്നുകൊണ്ട് അദ്ദേഹം സൂചിപ്പിച്ച കാര്യങ്ങള്‍ അധികാരത്തിന്‍റെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍, ഏറെ നിര്‍ഭാഗ്യകരമായ കാര്യം ഉത്തരവാദപ്പെട്ടവര്‍ പോലും അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതാണ് പിന്നീട് കണ്ടത് എന്നതാണ്.

എല്ലാവര്‍ക്കും ആഹാരവും എല്ലാവര്‍ക്കും വസ്ത്രവും എല്ലാവര്‍ക്കും ശുചിമുറിയും എല്ലാവര്‍ക്കും തൊഴിലും കൊടുക്കാനുള്ള രാഷ്ട്രത്തിന്‍റെ ഉത്തരവാദിത്വം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം അറിഞ്ഞാല്‍ മാത്രം പോര; ഇക്കാര്യത്തില്‍ ഇനിയും ഏറെ ദൂരം യാത്ര ചെയ്യാനുണ്ടെന്നത് ഓര്‍ക്കുക കൂടി വേണം.

ഇന്ത്യന്‍ ജനസാമാന്യത്തിന്‍റെ ബഹുഭൂരിപക്ഷവും കര്‍ഷകരാണ്. മറ്റുള്ളവരുടെ വയറുനിറയ്ക്കാന്‍ കഷ്ടപ്പെടുന്ന രാജ്യത്തെ കര്‍ഷകരുടെ വയര്‍ നിറയുന്നില്ല എന്നു മാത്രമല്ല, കര്‍ഷകര്‍ക്ക് ജീവിക്കാന്‍പോലും സാധ്യമല്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്താകമാനം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം മൂന്നുലക്ഷത്തിനും മേലെയാണെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇതിനാധാരമായ നയങ്ങള്‍ എന്താണെന്ന് പരിശോധിച്ച് തിരുത്താന്‍ നമുക്കാവണം.

രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്ക് ഗുരുതരമായി കുറയുന്നതും വിലക്കയറ്റം രൂക്ഷമാകുന്നതും മനുഷ്യജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. നവ
ഉദാരീകരണത്തിന്‍റെയും കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്‍റെയും പ്രതികൂല പശ്ചാത്തലത്തില്‍ നമുക്ക് ഇനിയും എങ്ങനെയാണ് മുന്നേറാനാവുക എന്നതു പരിശോധിക്കപ്പെടണം.

നമ്മുടെ ഭരണനിര്‍വ്വഹണ മേഖലകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതി പുരോഗതിയെ പിന്നോട്ടുവലിക്കുന്നതാണ്. രാഷ്ട്രീയതലത്തിലായാലും ഉദ്യോഗസ്ഥതലത്തിലായാലും അഴിമതി ഒരു ശാപമാണ്. അതിനെ ശക്തമായി ചെറുക്കാന്‍ നമുക്കാവണം. ചില രാഷ്ട്രീയ പാര്‍ടികള്‍ തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുപോകുന്ന കാഴ്ച ഒട്ടും ആശാസ്യമല്ല. ഈ സര്‍ക്കാര്‍ സാമൂഹിക രംഗങ്ങളിലെ ജീര്‍ണ്ണതകളില്‍ നിന്ന് കേരളത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്.

എങ്കിലും സര്‍ക്കാരിന് നിയന്ത്രിക്കാനാവാത്ത മേഖലകളില്‍ അതുണ്ടാവുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.വര്‍ഷങ്ങളായി തളര്‍ന്നുകിടന്ന പശ്ചാത്തല സൗകര്യവികസന മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന കടമയായിരുന്നു സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്ന മറ്റൊന്ന്. ഭരണസംവിധാനത്തെ ഊര്‍ജസ്വലമാക്കി അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്ത് മുന്നോട്ടു പോവുകയാണ്.

പൊതുഖജനാവിലെ മാത്രം വരവുകൊണ്ട് നമ്മുടേതു പോലുള്ള ഒരു സംസ്ഥാനത്തിന്‍റെ ഭാവി വികസനം കരുപിടിപ്പിക്കാനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ബജറ്റിനു പുറത്ത് ധനസമാഹരണം നടത്തി വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിഫ്ബി വഴി ധനസമാഹരണം നടത്തി നിരവധി വന്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ പ്രശസ്തിയാര്‍ജിച്ച കേരള വികസന മാതൃക ഇനിയും മുമ്പോട്ടു കൊണ്ടുപോകണം. ഇതു മനസ്സിലാക്കി കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെ നാലു മിഷനുകള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാരിനായിട്ടുണ്ട്.

കേരളത്തിന്‍റെ മനസ്സും പ്രകൃതിയും കുടിവെള്ളവും സംരക്ഷിക്കുന്നതിനും മാലിന്യനിര്‍മാര്‍ജനത്തിനും കാര്‍ഷിക മുന്നേറ്റത്തിനുമായി സ്ഥാപിക്കപ്പെട്ട ഹരിതകേരളം മിഷന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്നു. മിഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ ‘മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം’ എന്ന പദ്ധതി ആരംഭിക്കുകയാണ്. കേരളസംസ്ഥാനം പരിപൂര്‍ണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബഹുജനപ്രസ്ഥാനങ്ങളും അതിവേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍
നടത്തേണ്ടതുണ്ട്. ഇതിലേയ്ക്കായി സൂക്ഷ്മതലം മുതല്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള സംഘടനാ സംവിധാനവും, മാലിന്യസംസ്കരണത്തിന് സഹായകമായ വിവിധ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നു.

എല്ലാവര്‍ക്കും കിടപ്പാടവും ജീവിതോപാധിയും നല്‍കാന്‍ കഴിയുന്ന തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടേത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ്. വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പ്രവര്‍ത്തനവും ഒരു ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യപരിപാലന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചും കേരളത്തിന്‍റെ ആരോഗ്യമേഖല സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള ആര്‍ദ്രം മിഷനും ഉര്‍ജസ്വലമായി മുമ്പോട്ടുപോവുകയാണ്. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും 45,000 ഹൈടെക് ക്ലാസ് റൂമുകള്‍ നിര്‍മിച്ചും അധ്യാപന/പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും വിദ്യാഭ്യാസമേഖലയും മുന്നേറ്റത്തിന്‍റെ പാതയിലാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമാകാന്‍ നമുക്ക് കഴിഞ്ഞു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും കഴിഞ്ഞു.

ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി എന്നീ മേഖലകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു.
നിയമവും നീതിന്യായവും അതിന്‍റെ പണി കൃത്യമായി ചെയ്യുന്നുണ്ട്. സാംസ്കാരിക മേഖലയിലും തൊഴില്‍മേഖലയിലും ശക്തമായ ഉണര്‍വ്വ് ദൃശ്യമായിട്ടുണ്ട്. ശാസ്ത്രസാങ്കേതികം, ടൂറിസം, നിയമം, റവന്യൂ, പൊതുവിതരണം, ഗതാഗതം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്.

നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ പുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പേ എത്തിച്ച സര്‍ക്കാരാണിത്. എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂണിഫോമും അതുവഴി കൈത്തറി തൊഴിലാളികള്‍ക്ക് തൊഴിലും നല്‍കാന്‍ കഴിയുന്നുണ്ട്. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന
വിഭാഗങ്ങള്‍ക്കാകെ ആശ്വാസമേകാന്‍ സര്‍ക്കാരിനായിട്ടുണ്ട്. വലിയ തോതിലുള്ള വികസനവും സര്‍വ്വ മേഖലയിലുമുള്ള വലിയ മുന്നേറ്റവും നമുക്ക് ആര്‍ജിക്കേണ്ടതായിട്ടുണ്ട്.

മുഴുവന്‍ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചുകൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും
പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാം. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം.

സ്വാതന്ത്ര്യദിനാശംസകള്‍…