മന്ത്രിസഭാ തീരുമാനങ്ങള്‍  23/08/2017

 • കാസര്‍കോട് ജില്ലയില്‍ സാമൂഹ്യസുരക്ഷാമിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4675 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
 • പ്രവര്‍ത്തനരഹിതമായ ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.
 • സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ പഞ്ചായത്തില്‍ ചീങ്ങേരി എക്സ്റ്റന്‍ഷന്‍ ഫാമിലെ 31 ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
 • സര്‍വീസില്‍ നിന്നും വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുളള സ്പെഷ്യല്‍ പേയ്ക് 01-11-1999 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചു.

 • ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്റ്റ്രിക്കല്‍ കമ്പനിയിലെ ഓഫീസര്‍മാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
 • ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് റോഡുകള്‍ നന്നാക്കുന്നതിന് 140 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
 • സംസ്ഥാനത്തെ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയില്‍ വരുന്ന സംസ്ഥാന പാതയുടെ ഭാഗങ്ങള്‍ (ബൈപ്പാസ് ഉള്‍പ്പെടെ) ഡീ-നോട്ടീഫൈ ചെയ്ത് സംസ്ഥാന പാതയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. ഹൈവെ പ്രൊട്ടക്ഷന്‍ ആക്റ്റ്, 1999 പ്രകാരമാണ് പാതകള്‍ ഡീ-നോട്ടിഫൈ ചെയ്യുന്നത്. ഡീ-നോട്ടിഫൈ ചെയ്യുമ്പോള്‍ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറും. നഗരസഭകളുടെ പരിധിയില്‍വരുന്ന പാതകളുടെ പരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും എന്നത് കണക്കിലെടുത്താണ് തീരുമാനം.
 • പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹഡ്കോയ്ക്ക് നല്‍കാനുളള കുടിശ്ശിക ധനകാര്യവകുപ്പ് നിര്‍ദേശിച്ച പാക്കേജ് പ്രകാരം കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഹഡ്കോയ്ക്ക് 250 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്. അത് ഗഡുക്കളായി 2019 മാര്‍ച്ച് 31നു മുമ്പ് കൊടുത്തുതീര്‍ക്കാനാണ് തീരുമാനം. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന വിഷയം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശപ്രകാരം സഹകരണ മെഡിക്കല്‍ കോളേജിനെ തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്റര്‍ മാതൃകയില്‍ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുളള നടപടികളുടെ ഭാഗമായാണ് ഹഡ്കോയ്ക്കുളള കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത്.
 • കെ.എസ്.ഐ.ഡി.സി. വഴി നടപ്പിലാക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്‍ രണ്ടാംഘട്ട പദ്ധതിക്ക് 140 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചു.
 • കെ.എസ്.ആര്‍.റ്റി.സിക്ക് 900 ഡീസല്‍ ബസ്സുകള്‍ വാങ്ങുന്നതിന് കിഫ്ബിയില്‍നിന്നും തുക അനുവദിക്കാന്‍ തീരുമാനിച്ചു.
 • തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ 20 സെന്റ് പുറമ്പോക്ക് ഭൂമി കേരള ലൈബ്രറി കൗണ്‍സിലിന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്നതിന് 1000 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
 • പേരാമ്പ്ര സര്‍ക്കാര്‍ ഐ.റ്റി.ഐയില്‍ മെക്കാനിക്‍ മോട്ടോര്‍ വെഹിക്കിള്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ റ്റ്രേഡുകളുടെ രണ്ടു യൂണിറ്റ് വീതം അനുവദിക്കാനും 11 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
 • ശ്രീറാം സാംബശിവ റാവുവിനെ കോട്ടയം ജില്ലാ കലക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു. കോട്ടയം കലക്റ്ററായി നിയമിതയായ നവജോത് ഖോസ ചികിത്സാര്‍ത്ഥം അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് ഈ നിയമനം.