ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പാരമ്പര്യത്തെയും സംസ്‌കാരത്തെയും പറ്റി അവബോധം ഉണ്ടാക്കി കുട്ടികളുടെ ഭാവനയും സങ്കല്‍പശേഷിയും വര്‍ധിപ്പിക്കുന്ന രചനകള്‍ കൂടുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ പ്രകാശനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ സാംസ്‌കാരിക ഉന്നമനവും, ഭാഷാസ്വാധീനവും വളര്‍ത്തുന്ന രചനകള്‍ കൂടുതലുണ്ടാകാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുണ്ടാകണം. ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വായ്‌മൊഴി പാരമ്പര്യത്തിലെയും നാടോടി സാഹിത്യത്തിലെയും കഥകളുടെയും പാട്ടുകളുടെയും അനുഭവം വരുംതലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനാകണം. തലമുറകളായി കൈമാറി വരികയും പിന്നീട് വരമൊഴിയായി പകര്‍ത്തപ്പെടുകയും ചെയ്ത അത്തരം പാട്ടുകളും കഥകളും സ്‌നേഹിക്കാനും മനസിലാക്കാനും കുട്ടികളെ പ്രാപ്തമാക്കും. ഇത്തരം പാട്ടുകള്‍ നന്നായി പാടിപ്പിച്ച് സി.ഡിയാക്കി സംരക്ഷിക്കാനും ശ്രമിക്കണം. ഇക്കാര്യത്തില്‍ സാമ്പത്തിക വൈഷമ്യം ഉണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് കരുതേണ്ടതില്ല. കുട്ടികളുടെ സര്‍വതോന്‍മുഖമായ സാംസ്‌കാരിക വികസനത്തിന് മുന്‍കൈയെടുക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്‍കൈ എടുക്കാനാകും.

സ്വന്തം ഭാഷയില്‍ അഭിമാനിക്കാനാവാത്ത, ആത്മാഭിമാനമില്ലാത്ത, തലമുറയായി നമ്മുടെ പുതുതലമുറ മാറാന്‍ പാടില്ല. മലയാളത്തെ സ്‌നേഹിക്കുന്ന മനസ് നാട്ടിലാകെ ഉണ്ടാകണം. മലയാളം ഇംഗ്‌ളീഷിനേക്കാള്‍ മോശമെന്ന് ധരിക്കുന്നവര്‍ ഇപ്പോഴും നാട്ടിലുണ്ട്. അതുകൊണ്ടാണ് മലയാളമെന്ന മാതൃഭാഷ ഒഴിവാക്കപ്പെടുന്ന അവസ്ഥ അനുവദിക്കാനാവില്ല എന്ന് തീരുമാനിച്ച് ഒന്നാം ഭാഷയാക്കിയത്. സര്‍ക്കാര്‍ ഉത്തരവിറക്കിയതുകൊണ്ടു മാത്രം ഇത് പൂര്‍ണമാകില്ല.

നാലു മുതല്‍ 17 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന്റെ പ്രത്യേകത കണക്കിലെടുത്തുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം. നമ്മുടെ ഇളംതലമുറയെക്കുറിച്ച് കരുതലുള്ള എഴുത്തുകാരില്‍നിന്ന് കൂടുതല്‍ ബാലസാഹിത്യരചനകള്‍ സൃഷ്ടിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രയത്‌നം കൂടിയുെണ്ടങ്കില്‍ സാധിക്കും. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആധുനികത വളരുന്നതിനൊപ്പം മാനവികതയും വളരാനുതകുന്ന ആശയലോകം വായനയിലൂടെ സൃഷ്ടിക്കാന്‍ പുസ്തകങ്ങള്‍ക്കാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്ര സാങ്കേതികത വളരുമ്പോള്‍ മനസ് മണ്ണിലേക്കിറങ്ങിവേണം ആ വളര്‍ച്ച സ്വായത്തമാക്കാന്‍. അങ്ങനെയൊരു സാഹചര്യമൊരുക്കാനായാല്‍ പുതുതലമുറ കൂടുതല്‍ ശക്തരാകുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസിനു താഴെയുള്ള കുട്ടികള്‍ ആദ്യം പഠിക്കുന്നത് മലയാളമാക്കാന്‍ നടപടി വേണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന സുഗതകുമാരി പറഞ്ഞു. പ്ലേ സ്‌കൂളുകളെന്ന കളിവീടുകളില്‍ മലയാളം ഒഴിവാക്കുന്നത് തടയണം. മലയാളം ഒന്നാംഭാഷയാക്കാനും കൃഷിക്ക് പ്രാധാന്യം നല്‍കാനും നടപടിയെടുത്ത സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും സുഗതകുമാരി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം വി.എന്‍. മുരളി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ പ്രകാശനം ചെയ്ത പുസ്തകങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ പുസ്തകപരിചയം നടത്തി. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും, ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി. രാധാകൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു.

ഇളങ്കോ അടികള്‍ (പൂയപ്പിള്ളി തങ്കപ്പന്‍), അയ്യന്‍കാളിക്കഥകള്‍ (പീറ്റര്‍ കുരിശിങ്കല്‍), ഒരു അറബിക്കഥ (എന്‍.പി ഹാഫിസ് മുഹമ്മദ്), കളിപ്പിള്ള (ആര്യനാട് സത്യന്‍), ഉപ്പും നെല്ലും (എന്‍.പി. മുഹമ്മദ്), സ്വാതി തിരുനാള്‍ (ലക്ഷ്മി ദേവ്‌നാഥ്), കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി (സിപ്പി പള്ളിപ്പുറം), നന്മമരം (പായിപ്ര രാധാകൃഷ്ണന്‍), കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ (ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍), പിന്നാമ്പുറത്തെ പെരുമ്പാമ്പും മറ്റു കഥകളും (ബീനാ തോമസ്/മോഹനകുമാരി), മഹാകവികളുടെ ബാലകവിതകള്‍ (ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍), കുഞ്ഞായന്റെ കുസൃതികള്‍ (വി.പി. മുഹമ്മദ്), മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി (ബക്കര്‍ മേത്തല), അതിരസികന്‍ മുല്ലാക്കഥകള്‍ (രാജന്‍ കോട്ടപ്പുറം), പത്തു നാടോടിക്കഥകള്‍ (ഡോ. മുഞ്ഞിനാട് പത്മകുമാര്‍), എ.പി.ജെ അബ്ദുല്‍ കലാം (പ്രൊഫ. എസ്. ശിവദാസ്), ഓലപ്പൂക്കള്‍ (വിനോദ് വൈശാഖി), പരീക്ഷിത്തു തമ്പുരാന്‍ (വി. രാധാകൃഷ്ണന്‍), ജീവന്റെ വില (കിളിരൂര്‍ രാധാകൃഷ്ണന്‍), സച്ചിന്‍ വിജയഗാഥ (സെനല്‍ ജോസ്), സൗരോര്‍ജ്ജത്തിന്റെ കഥ (അരവിന്ദ് ഗുപ്ത /വൈശാഖന്‍ തമ്പി), ഇന്ദ്രജാലക്കഥകള്‍ (ചന്ദ്രസേനന്‍ മിതൃമ്മല), അക്യുവിന്റെ കഥ (പി. വിശ്വനാഥന്‍), കൊച്ചുരാജകുമാരന്‍ (ഡോ. കെ.എം. ജോര്‍ജ്), ഭൂമി ഉണ്ടായതെങ്ങനെ (പ്രൊഫ. കെ. പാപ്പൂട്ടി) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.