ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണം

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തിലേക്ക് മാറണം. ഇതിന് ശരിയായ ഇടപെടലും മാനദണ്ഡങ്ങളും വേണം. ചില സ്വകാര്യ പ്രീ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സുരക്ഷ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. പീഡനം നടത്തുന്ന കശ്മലന്‍മാര്‍ക്ക് കുഞ്ഞുങ്ങളെന്നോ പ്രായംചെന്നവരെന്നോ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്. സി. ഇ. ആര്‍. ടി സംഘടിപ്പിച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണവും ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാല്യകാലം ഏറെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തിലാണ് അംഗന്‍വാടികളിലും പ്രീസ്‌കൂളുകളിലും കുഞ്ഞുങ്ങളെത്തുന്നത്. നിലവിലെ രീതിയില്‍ മൂന്നു വയസിലാണ് പഠനം ആരംഭിക്കുന്നത്. ഈ സമയത്ത് കുട്ടികള്‍ കൂടുതലും കളിപ്പാട്ടങ്ങള്‍ക്കൊപ്പമാണ്. ചുറ്റുപാടുകളെ അറിഞ്ഞ് വളരാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാവണം. അംഗന്‍വാടികളിലും പ്രീസ്‌കൂളുകളിലും ഈ സാഹചര്യമുണ്ടോയെന്നത് പ്രധാനമാണ്. ഇത്തരം കേന്ദ്രങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് തടവറയാകരുത്. മുതിര്‍ന്നവരുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ അവരുടെ ഭാവനയ്ക്കനുസരിച്ച് വിടണം. ഈ ഘട്ടത്തില്‍ കുട്ടികളെ അടക്കിയിരുത്താനാണ് മുതിര്‍ന്നവര്‍ക്ക് താത്പര്യം. പ്രകൃതിയുടെ വൈവിദ്ധ്യം മനസിലാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരമുണ്ടാവണം. അടച്ചിട്ട മുറിക്കുപകരം തുറന്ന അന്തരീക്ഷം ഒരുക്കണം. അപ്പോഴാണ് കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനാവുക. കുഞ്ഞുന്നാളില്‍ കുറുമ്പ് കാട്ടുമ്പോള്‍ കുരുന്നുകള്‍ക്ക് കഠിന ശിക്ഷ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്തെയും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രീതിയെയും ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. അംഗന്‍വാടികളുടെയും പ്രീ സ്‌കൂള്‍ സംവിധാനങ്ങളുടെയും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അംഗന്‍വാടികളുടെ കെട്ടിലും മട്ടിലും മാറ്റമുണ്ടാവണമെന്നും ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജയിംസ് മാത്യു എം. എല്‍. എ, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ്. സി. ഇ. ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.