SCERT ദേശീയ ശില്‍പശാല

കുരുന്നുകളുടെ ശൈശവകാല പരിചരണത്തെയും അറിവിന്‍റെ വിന്യാസത്തെയും കുറിച്ചുള്ള ഈ ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലെ സന്തോഷം ആദ്യം തന്നെ പങ്കുവയ്ക്കട്ടെ. ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഉതകുന്നതാണ് എസ് സി ഇ ആര്‍ ടിയുടെ ഈ ബൃഹത്തായ സംരംഭം.

ജനനം മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവുമാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ശൈശവകാല പരിചരണം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട സംഗതിയാണ്. എന്നിരിക്കിലും ബോധപൂര്‍വ്വമോ അല്ലാതെയോ പലപ്പോഴും സമൂഹം അവഗണിക്കുന്ന ഒന്നാണ് ഈ ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മനോഭാവം മനസ്സിലാക്കി അവരോടു പെരുമാറേണ്ടതിന്‍റെ ആവശ്യകത. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാലഘട്ടമാണിത്. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഈ ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ച എന്തുകൊണ്ടും അനുയോജ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

മൂന്നുവയസ്സിനു ശേഷമുള്ള കാലഘട്ടമാണല്ലോ ബാല്യം. നിലവിലെരീതി അനുസരിച്ച് പഠനം ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്. അത് വീട്ടില്‍ നിന്നാണ് സാധാരണ തുടങ്ങുന്നത്. ഈ ഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ സമയവും കളിപ്പാട്ടങ്ങളോടൊപ്പം ആയിരിക്കും ചെലവഴിക്കുക. വാക്കുകള്‍ ഉച്ചരിക്കല്‍, അന്തരീക്ഷത്തോട് ഇണങ്ങിച്ചേരല്‍, തലച്ചോറിന്‍റെ വളര്‍ച്ച, ശാരീരിക വളര്‍ച്ച തുടങ്ങി ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമേറിയ ഘട്ടവുമാണിത്. ഈ ഘട്ടത്തിലാണ് സാധാരണ നിലയില്‍ കുട്ടികള്‍ അങ്കണവാടികളിലോ പ്രീ-സ്കൂളുകളിലോ എത്തിപ്പെടുന്നത്. ചുറ്റുപാടുകളെ അറിയാനും സ്വയം വളരാനുമുള്ള അവസരങ്ങളാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ന്യായമായും ലഭിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങളില്‍ ഇപ്പറഞ്ഞ ഘടകങ്ങള്‍ക്ക് അനുസൃതമായ നിലയിലുള്ള പ്രവര്‍ത്തനങ്ങളാണോ നടക്കുന്നത് എന്ന കാര്യം ഗൗവരമായപരിശോധന അര്‍ഹിക്കുന്നതാണ്.

ഇതോടൊപ്പം പരിശോധിക്കേണ്ട പ്രധാന കാര്യം ഈ കുഞ്ഞുങ്ങളെ അവരുടെ ഭാവനയ്ക്കൊത്ത് നീങ്ങാന്‍ നമ്മള്‍ അനുവദിക്കുന്നുണ്ടോ എന്നതാണ്. ഒന്നും അടിച്ചേല്‍പിക്കാതെ അവരെ അവരുടേതായ രീതിയില്‍ ചിന്തിക്കാനും ഈ പ്രകൃതിയെ കാണാനും വിടുക എന്നതിനാവണം ഊന്നല്‍. അത് എങ്ങനെ ശാസ്ത്രീയമാക്കാം എന്നതാണ് ആലോചിക്കേണ്ടത്.

പൂക്കളെയും ശലഭങ്ങളെയും പൂത്തുമ്പികളെയും നിലാവിനെയും ഒക്കെ കുഞ്ഞുങ്ങള്‍ പരിചയപ്പെടട്ടെ. അതിനായി അവരെ ബാല്‍ക്കണികളില്‍നിന്ന് തുറസ്സുകളിലേക്ക് നയിക്കുകയാണ് ആവശ്യം. അല്ലാതെ നാലുചുവരുകള്‍ക്കുള്ളില്‍ അടച്ചിട്ട്, പഠിപ്പിക്കുക എന്ന പേരില്‍ പീഡിപ്പിക്കുകയല്ല. ഈ പ്രായത്തില്‍ അവരുടെ മനസ്സ് സ്വതന്ത്രമാകുമെങ്കില്‍ അവര്‍ നാളെ മൗലികമായി ചിന്തിക്കുന്ന പ്രതിഭകളായി വളരും. അത് എങ്ങനെ സാധിക്കാം എന്നതാവണം ഇതുപോലുള്ള ശില്‍പശാലകള്‍ ചര്‍ച്ച ചെയ്യേണ്ടത്.

കുടുംബങ്ങള്‍ ഒത്തൊരുമിച്ച് കഴിഞ്ഞിരുന്ന കാലത്തെന്നതുപോലെ സ്വന്തം വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് ഇപ്പോള്‍ സമൂഹവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ലഭിക്കുന്നില്ല. മാത്രമല്ല രക്ഷാകര്‍ത്താക്കള്‍ തൊഴില്‍തേടി പോകുന്നതോടെ കൂടുതല്‍ കുഞ്ഞുങ്ങളും അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍നിന്ന് അകന്നുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കുട്ടികളെ അങ്കണവാടികളിലോ സ്വകാര്യ പ്രീ-സ്കൂളുകളിലോ ഡേകെയര്‍ സെന്‍ററുകളിലോ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകും. യഥാര്‍ത്ഥത്തില്‍ ഈ കുട്ടികള്‍ ഈ പ്രായത്തില്‍ കഴിയേണ്ടത് അവരുടെ അച്ഛനമ്മമാരോടൊപ്പമാണ്. എന്നാല്‍, അത് സാധ്യമാക്കുന്നതല്ല നമ്മുടെ സാഹചര്യങ്ങള്‍.

അപ്പോള്‍ ചിന്തിക്കേണ്ടത് ഈ കുഞ്ഞുങ്ങള്‍ എവിടെയാണോ പകല്‍സമയം കഴിച്ചുകൂട്ടുന്നത് അവിടെ വീട്ടിലെ അന്തരീക്ഷവും സ്നേഹവാത്സല്യങ്ങളും എങ്ങനെ ഒരുക്കിക്കൊടുക്കാം എന്നതാണ്. ഇക്കാര്യം വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍പോലും വേണ്ടത്ര ശ്രദ്ധിക്കാറില്ല. സമൂഹത്തിന്‍റെ ശ്രദ്ധയും ഇതില്‍ വേണ്ടത്ര പതിയാറില്ല. ഇതുമൂലമുണ്ടാകുന്ന അനര്‍ത്ഥങ്ങള്‍ ഇടയ്ക്കിടെ പൊതുശ്രദ്ധയില്‍ ഇപ്പോള്‍ വരുന്നുണ്ട്. അതിലൊന്നാണ് ഒരു ഡേകെയര്‍ സെന്‍ററില്‍ അടുത്തയിടെ നടന്ന ബാലപീഡനം. ഞാന്‍ അതിന്‍റെ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല.

ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പം ഇന്നു നിലവിലില്ല. കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്രമായി വിഹരിക്കുന്നതിന് അവസരമൊരുക്കുന്നതിനു പകരം അവരെ തളച്ചിടുന്നതിനാണ് ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളും ശ്രമിക്കുന്നത്. അച്ചടക്കത്തോടെ അടങ്ങിയിരിക്കുന്ന കുട്ടിയാണ് മിടുക്കന്‍ എന്നാണിന്നു പറഞ്ഞുപഠിപ്പിക്കുന്നത്. ചെറിയ കുരുത്തക്കേടുകള്‍ക്കുപോലും ക്രൂരശിക്ഷാരീതികളാണ് ഇവിടങ്ങളില്‍ നല്‍കിവരുന്നത്. അടുത്തയിടെയാണ് യൂണിഫോം ധരിക്കാന്‍ വിട്ടുപോയതിന് ഒരു ചെറിയ പെണ്‍കുട്ടിയെ ആണുങ്ങളുടെ മൂത്രപ്പുരയില്‍ കൊണ്ടുനിര്‍ത്തിയ സംഭവം ഹൈദരാബാദില്‍നിന്ന് പുറത്തുവന്നത്. ഇത്തരം കടുത്ത സംഭവങ്ങളൊന്നും കേരളത്തിലുണ്ടാകുന്നില്ല. അത് കേരളത്തിലെ സാംസ്കാരിക പ്രബുദ്ധത കൊണ്ടാവാം. കര്‍ക്കശമായ നടപടി കേരളത്തിലുണ്ടാകുമെന്ന ഭയം കൊണ്ടുമാവാം. ചില്ലറ പരാതികള്‍ അങ്ങിങ്ങുനിന്നായി ലഭിക്കാറുണ്ട്. അവയ്ക്കുമേല്‍ ഗൗരവമായി തന്നെ പരിശോധിച്ച് നടപടിയെടുക്കാറുണ്ട്.

മുറപ്രകാരമുള്ള സ്കൂളുകളുടെ താഴേയ്ക്കുള്ള അനുബന്ധമെന്ന നിലയിലാണ് പലരും പ്രീ-സ്കൂളിനെ കാണുന്നത്. അതിനാലാകണം മിക്കയിടത്തും പിഞ്ചുകുഞ്ഞുങ്ങളുടെ പഠനത്തില്‍ ഈ ഘട്ടത്തില്‍ വലിയ നിര്‍ബന്ധബുദ്ധി കാക്കുന്നത്. അധ്യാപനവും പരീക്ഷകളും നിയമങ്ങളും യൂണിഫോമും ശിക്ഷാരീതികളും നടപ്പിലാക്കി ശൈശവത്തെത്തന്നെ പീഡനമാക്കുന്ന അവസ്ഥയാണുള്ളത്.

പഠനത്തെത്തന്നെ കുഞ്ഞുങ്ങള്‍ വെറുക്കുന്ന അവസ്ഥ ഈ ഘട്ടത്തില്‍ ചിലയിടത്തെങ്കിലും ഉണ്ടാകുന്നുണ്ട്. ഈ പ്രായത്തില്‍ കളിച്ചുചിരിച്ച് ഉല്ലസിക്കാന്‍, അതിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ കുട്ടികളെ വിടുകയാണ് വേണ്ടത്. ജീവിതവുമായി ബന്ധപ്പെട്ട ധാരണകള്‍ അവരില്‍ വികസിപ്പിക്കുന്നതിനൊ കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തുന്നതിനൊ ഉതകുന്ന പ്രവര്‍ത്തനങ്ങളെല്ലാം മാറ്റിവെച്ചല്ല പഠനമികവില്‍ കേന്ദ്രീകരിക്കേണ്ടത്. അപരിചതമായ ചുറ്റുപാടിലുള്ളതൊ അന്യഭാഷയിലുള്ളതൊ ആയ നഴ്സറി പദ്യങ്ങള്‍ കാണാതെ പഠിപ്പിക്കുക എന്നതിലാണ് പലരും കൂടുതല്‍ ശ്രദ്ധിക്കുന്നത്. അത് കേള്‍ക്കുന്നതിലാണ് ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും താല്‍പര്യവും. അതായത് എത്രയും നേരത്തെ തന്‍റെ കുട്ടി ഔപചാരിക വിദ്യാഭ്യാസത്തിന് തയ്യാറായാല്‍ അത്രയും നല്ലത് എന്ന തെറ്റിദ്ധാരണയാണ് പരക്കെ നിലനില്‍ക്കുന്നത്.

കുട്ടികള്‍ക്ക് മെച്ചപ്പെട്ട പ്രീ-സ്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഇപ്പോള്‍ പല രക്ഷകര്‍ത്താക്കളുടെയും ആഗ്രഹം. സ്കൂള്‍തലത്തില്‍ എത്തും മുമ്പുതന്നെ തന്‍റെ കുട്ടി ഇംഗ്ലീഷ് പദ്യങ്ങള്‍ ചൊല്ലണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലുമുണ്ട്. അതുകൊണ്ടുതന്നെ ശൈശവത്തിന്‍റെ കളിചിരികള്‍ നിഷേധിക്കപ്പെട്ട് വളരേണ്ട സ്ഥിതി കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്നുണ്ട്. അത്തരം അവസ്ഥകള്‍ ഭാവിയിലെ അവരുടെ വ്യക്തിത്വവികാസത്തെപ്പോലും വല്ലാതെ പ്രതികൂലമായി ബാധിക്കും എന്നതാണ് സത്യം.

രക്ഷിതാക്കളുടെ ഈ അമിതമായ ആകാംക്ഷയെയാണ് സ്വകാര്യ പ്രീ-സ്കൂള്‍ കേന്ദ്രങ്ങള്‍ ചൂഷണം ചെയ്യുന്നത്. ബാല്യത്തിന്‍റെ നിഷ്കളങ്കതകള്‍ ചവിട്ടിമെതിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന അവകാശ ലംഘനങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതിനെതിരെ മുഖംനോക്കാതെ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മാനുഷിക മൂല്യങ്ങള്‍ സ്വാംശീകരിക്കുവാനും അത് ജീവിതത്തിന്‍റെ ഭാഗമായി നിലനിര്‍ത്താനും സഹായകമായ കളികളും പ്രവര്‍ത്തനങ്ങളുമാകണം ശിശുകേന്ദ്രങ്ങളില്‍ ഉണ്ടാകേണ്ടത്. കാരണം അവിടെ എത്തുന്നവരില്‍ വ്യത്യസ്ത കുടുംബങ്ങളിലെ കുഞ്ഞുങ്ങളുണ്ടാകും. നിത്യവൃത്തിക്കായി രാപ്പകല്‍ കഷ്ടപ്പെടുന്നവരുടെ കുട്ടികള്‍ ഉണ്ടാകാം. സംഘര്‍ഷഭരിതമായ ഗൃഹാന്തരീക്ഷത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ഉണ്ടാകാം. മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ ഉണ്ടാകാം. ഇങ്ങനെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്ന കുഞ്ഞുങ്ങളുടെ സാമൂഹിക, ശാരീരിക, മാനസിക വികാസത്തിന് സഹായകമായ ഇടങ്ങളായി ഇവയെ മാറ്റാന്‍ തക്ക നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്.

കേരളത്തിലെ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ തികച്ചും ശിശു സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. അതിനുതകുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കുട്ടികള്‍ക്ക് എല്ലാതരത്തിലുമുള്ള സംരക്ഷണവും മാനസിക വികസനവും ഉറപ്പാക്കുന്നതിനുള്ള മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കാനാണ് കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ ദേശീയതല കൂടിച്ചേരല്‍ ഒരുക്കിയിട്ടുള്ളത്. നഴ്സറികളെയും ബാലവാടികളെയും അങ്കണവാടികളെയും സമാന സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങളെയും കുട്ടികളുടെ മാനസിക-ശാരീരിക-ബൗദ്ധിക വികാസനത്തിന് സജ്ജമാക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ശില്‍പശാലയില്‍ നിന്നും ഉരുത്തിരിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ ശില്‍പശാല ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി.