ശബരിമലയിലെ മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണം

ശബരിമല മണ്ഡല മകരവിളക്ക് മഹോത്‌സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ശബരിമല ഉത്‌സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു.

വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്‌ടോബര്‍ 15നകം നല്‍കും. കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ദേവസ്വം, ധന വകുപ്പ് സെക്രട്ടറിമാരെ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുപ്പത്തിയേഴ് ഇടത്താവളങ്ങള്‍ വികസിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം പത്ത് ഇടത്താവളങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 145 കോടി രൂപയാണ് ഇടത്താവള വികസനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം കൂടി ചേരുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ പോലീസ്, ഫയര്‍ഫോഴ്‌സ്, വനം, ദേവസ്വം വകുപ്പുകളുടെ സംയുക്ത യോഗം വനം, ദേവസ്വം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരും. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രവൃത്തികളെല്ലാം സമയബന്ധിതമായി ഇത്തവണയും നടത്തും. സര്‍ക്കാര്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ശബരിമല മുന്നൊരുക്കം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് തുക നീക്കി വയ്ക്കുകയും പ്രവൃത്തികള്‍ മുന്‍കൂട്ടി നിശ്ചയിച്ച് പണി തുടങ്ങുകയും ചെയ്തതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റി ഒക്‌ടോബര്‍ 15നകം വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. 157 കിയോസ്‌കുകളും 379 പൈപ്പുകളുമാണ് സ്ഥാപിക്കുക. തീര്‍ത്ഥാടകര്‍ക്ക് ചൂടു വെള്ളവും തണുത്ത വെള്ളവും പുതിയതായി ലഭിക്കുന്ന 20 കിയോസ്‌കുകള്‍ പ്രത്യേകം സ്ഥാപിക്കും. എരുമേലി ശുദ്ധജല പ്ലാന്റ് ഒക്‌ടോബറോടെ സജ്ജമാകും. കെ. എസ്. ആര്‍. ടി. സിയുടെ 400 ബസുകള്‍ സീസണില്‍ സര്‍വീസ് നടത്തും. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. 140 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ 31നകം റോഡുകളുടെ പണി പൂര്‍ത്തിയാകും. സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടം നവംബര്‍ മൂന്നിന് സജ്ജമാകും. ഡോക്ടര്‍മാരുടെ നിയമനം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 400 കിലോമീറ്റര്‍ ചുറ്റളവില്‍ 20 സ്‌ക്വാഡുകള്‍ പട്രോളിംഗ് നടത്തും.

ശരണപാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് പോലീസും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപടി സ്വീകരിക്കും. പോലീസിന്റെ മെസ് ഹാള്‍ പണിയുന്നതിന് ദേവസ്വം സ്ഥലം അനുവദിക്കണമെന്നും പോലീസുകാര്‍ക്ക് താമസിക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം വേണമെന്നും ഡി. ജി. പി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ പത്ത് മുതല്‍ 12 ശതമാനം വരെ വര്‍ദ്ധനവാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അരവണ നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേവസ്വം അംഗം അജയ് തറയില്‍ പറഞ്ഞു. കടകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ആവശ്യപ്പെട്ടു. പമ്പ കെ. എസ്. ആര്‍. ടി. സി സ്റ്റാന്‍ഡ്, ഹില്‍ ടോപ് എന്നിവിടങ്ങളില്‍ ഫയര്‍ ഹൈഡ്രേറ്റുകളും സന്നിധാനത്തുള്ളതിന് സമാനമായി പമ്പയില്‍ കേന്ദ്രീകൃത എല്‍. പി. ജി ഗോഡൗണും സ്ഥാപിക്കണം. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശബരിമലയിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും. പി. ആര്‍. ഡിയുടെ നേതൃത്വത്തില്‍ പത്ര, ടി. വി മാദ്ധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്ലാസ്റ്റിക്കിനെതിരെ പ്രചരണം നടത്തും. പി. ആര്‍. ഡിയുടെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കും.

പമ്പയിലും സന്നിധാനത്തും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. വൈദ്യുതി വകുപ്പ് ഒക്‌ടോബര്‍ 20 നകം പണി പൂര്‍ത്തിയാക്കും. തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് റെയില്‍വെ പരിഗണിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ലീഗല്‍ മെട്രോളജിയുടെ നാല് സ്‌ക്വാഡുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാബ് പമ്പയിലുണ്ടാവും. കുടിവെള്ളത്തിന്റെ നിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ടാവും.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, എം. എം. മണി, തോമസ് ചാണ്ടി, ജി. സുധാകരന്‍, കെ. കെ. ശൈലജ ടീച്ചര്‍, കെ. രാജു, മാത്യു ടി. തോമസ്, എം. എല്‍. എമാരായ രാജു എബ്രഹാം, ജയരാജ്, പി. സി. ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍നായര്‍, അടൂര്‍ പ്രകാശ്, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ സിരിഗജന്‍, ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.