ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് രാജകീയ വരവേല്‍പ്പ്

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി. തലസ്ഥാനത്ത് പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമൊരുക്കി. മുഖ്യമന്ത്രിയുടെ പത്‌നി കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വൈകിട്ട് 3.15ന് എത്തിയ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടിയാണ് വരവേറ്റത്. വിമാനത്താവളത്തില്‍ അദ്ദേഹം പോലീസ് സംഘത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറില്‍ അഭിവാദ്യം സ്വീകരിച്ചു. മന്ത്രിമാരായ ഡോ. കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, യു.എ.ഇയിലെ ഇന്ത്യന്‍ അമ്പാസഡര്‍ നവ്ദീപ് സിംഗ് സൂരി, ഇന്ത്യയിലെ യു.എ.ഇ അമ്പാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷേക് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരി ഓഫീസ് ചെയര്‍മാന്‍ ഷേക് സലീം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, ഗവ. റിലേഷന്‍സ് വകുപ്പ് ചെയര്‍മാന്‍ ഷേക് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, കള്‍ചറല്‍ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, പ്രോട്ടോക്കോള്‍-ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയര്‍മാന്‍ ഒബൈദ് സലീം അല്‍ സാബി, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ഖലാഫ്, മീഡിയ കണ്ടിജന്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് സലീം അല്‍ ബൈറാഖ്, എം.എ. യുസഫലി, ഇന്ത്യന്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കാഞ്ഞു തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു. മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിമാനത്താവളത്തില്‍നിന്ന് കോവളത്തെ ഹോട്ടല്‍ ലീല റാവിസിലെത്തിയ സുല്‍ത്താന് ഗംഭീര സ്വീകരണം നല്‍കി.

ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ 10.55 ന് രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി രാജ്ഭവനില്‍ ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12.45 ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. വൈകിട്ട് 6.30ന് കോവളം ഹോട്ടല്‍ ലീലാ റാവിസില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.

നാളെ (സെപ്റ്റംബര്‍ 26) രാവിലെ 10.25 ന് ക്‌ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 11 മണിക്ക് രാജ്ഭവനിലേക്ക് തിരിക്കും. 11.15 ന് രാജ്ഭവനിലെത്തുന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കും.’സുല്‍ത്താനും ചരിത്ര രേഖകളും’ എന്ന വിഷയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് വഴുതയ്ക്കാട് ഹോട്ടല്‍ താജ് വിവാന്റയില്‍ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും.തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് 27ന് സ്വകാര്യസന്ദര്‍ശനത്തിനായി കൊച്ചിയിലെത്തുന്ന അദ്ദേഹം വൈകിട്ട് തിരിച്ചുപോകും.