ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഷേക്ക് സുല്‍ത്താന്റെ സന്ദര്‍ശനം

ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷേക്ക് സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡീലിറ്റ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷേക്ക് സുല്‍ത്താന് ഡീലിറ്റ് ബിരുദം നല്‍കിയതിലൂടെ ഏറെ നാളത്തെ കടമാണ് വീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയരെ സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരി അചഞ്ചലമായ സൗഹൃദത്തിന്റെയും അതിരുകളില്ലാത്ത ആതിഥ്യത്തിന്റെയും പ്രതീകമാണ്. യു. എ. ഇയിലെ ജനസംഖ്യയില്‍ 42 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ പകുതിയും മലയാളികളാണ്. കേരളവും ഷാര്‍ജയുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വര്‍ഷങ്ങള്‍ കഴിയും തോറും ഈ ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഇതില്‍ ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ണ്ണായക പങ്കുണ്ട്.

ഈ അവസരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കും അഭിമാനിക്കാം. വിദ്യാഭ്യാസവും കഴിവുമുള്ള മനുഷ്യശക്തിയെ യു. എ. ഇയ്ക്ക് നല്‍കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങി ഗള്‍ഫ് രാജ്യത്തെത്തിയവര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ഷാര്‍ജ നേടിയിട്ടുള്ള പുരോഗതിക്ക് രാജ്യം ഷേക്ക് സുല്‍ത്താനോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ഷവും നടക്കുന്ന ഷാര്‍ജ പുസ്തകമേള ആ രാജ്യത്തിന്റെ സാംസ്‌കാരിക ബോധശക്തിയുടെയും ഊര്‍ജസ്വലതയുടെയും ഏറ്റവും മികച്ച ഉദാഹരണമാണ്. കലയോടും സംസ്‌കാരത്തോടുമുള്ള അഭിനിവേശമാണ് കേരളത്തെയും ഷാര്‍ജയെയും ഒരുമിപ്പിക്കുന്ന മറ്റൊരു പ്രത്യേകത. സമൂഹം നേരിടുന്ന ഭീഷണികളെക്കുറിച്ച് കലാമേഖല ജാഗ്രത പുലര്‍ത്തണമെന്ന് ബോധ്യമുള്ള വ്യക്തിയാണ് മികച്ച നാടക രചയിതാവു കൂടിയായ ഷേക്ക് സുല്‍ത്താനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഷേക്ക് സുല്‍ത്താന്റെ കാഴ്ചപ്പാട് ലളിതവും സുന്ദരവുമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല പ്രോചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ വിശാലമായ മാറ്റങ്ങള്‍ക്ക് കേരളം തുടക്കമിട്ട സാഹചര്യത്തില്‍ ഷേക്ക് സുല്‍ത്താന്റെ സാന്നിധ്യം ആവേശമുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.