സഹകരണ പരിശീലനകേന്ദ്രം ഉദ്ഘാടനം

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനപാലനവുമായി ബന്ധപ്പെട്ട ചടങ്ങാണിത്. സഹകരണ വകുപ്പിനെ ആധുനികവല്‍ക്കരിക്കും എന്നത് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അത് പടിപടിയായി യാഥാര്‍ഥ്യമാകുകയാണ്. മൂന്നു പരിപാടികളാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇന്‍റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍, ഓണ്‍ലൈന്‍ ഇലക്ഷന്‍ മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ എന്നിവയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനകേന്ദ്രവും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവ മൂന്നും വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ് എന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സാങ്കേതികവിദ്യകള്‍ അനുദിനം പുരോഗമിക്കുന്ന ഇക്കാലത്ത് കാലത്തിനൊപ്പം മുന്നേറിയില്ലെങ്കില്‍ സഹകരണമേഖല പിന്തള്ളപ്പെട്ടുപോകും. ഇത് തിരിച്ചറിഞ്ഞ് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് സഹകരണവകുപ്പ് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ സംരംഭങ്ങള്‍. സഹകരണവകുപ്പിന്‍റെ ആധുനികവല്‍ക്കരണത്തിനായി ഇന്‍റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റ് മാനേജ്മെന്‍റ് സിസ്റ്റം ഇപ്പോള്‍ മുതല്‍ നിലവില്‍ വരികയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിനും, നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കും.

രജിസ്ട്രേഷന്‍ ബൈലാ ഭേദഗതി, ഫണ്ട് മാനേജ്മെന്‍റ്, ഓണ്‍ലൈന്‍ ഇലക്ഷന്‍ മാനേജ്മെന്‍റ് എന്നിവയ്ക്ക് സഹായകരമായ സോഫ്റ്റ്വെയറുകളാണ് ഇപ്പോള്‍ പൂര്‍ണ്ണമായും വികസിപ്പിച്ചിട്ടുള്ളത്. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സഹകരണവകുപ്പില്‍ നിന്നുള്ള സേവനങ്ങളായ രജിസ്ട്രേഷന്‍, ബൈലാ ഭേദഗതി എന്നിവ വളരെ വേഗത്തിലും കാര്യക്ഷമമായും നിറവേറ്റാനാകും. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ബൈലാ ഭേദഗതി എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഏറെ കാലതാമസമുണ്ടാക്കുന്ന ബൈലാ ഭേദഗതിയുടെ നടപടിക്രമം സോഫ്റ്റ്വെയര്‍ സംവിധാനം വന്നതോടെ വളരെ വേഗത്തിലാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതുപോലെതന്നെ സംഘങ്ങളുടെ രജിസ്ട്രേഷന്‍ എന്ന സങ്കീര്‍ണമായ പ്രക്രിയയ്ക്കും സോഫ്റ്റ്വെയര്‍ പരിഹാരമാകും. രജിസ്ട്രേഷന്‍, ബൈലാ ഭേദഗതി എന്നിവയ്ക്കായി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനാകുമെന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

സഹകരണസ്ഥാപനങ്ങള്‍ക്കുള്ള ധനസഹായ വിതരണം, തിരിച്ചടവ് എന്നിവ വിലയിരുത്തുന്നതിനുള്ള ഫണ്ട് മാനേജ്മെന്‍റ് മൊഡ്യൂള്‍, ധനവിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ അവലോകനം ചെയ്യാന്‍ സഹായകരമാകും. ജനാധിപത്യസ്വഭാവമുള്ളവയാണ് സഹകരണ സ്ഥാപനങ്ങള്‍ എന്നതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ഇവിടെ സുതാര്യമാകേണ്ടതുണ്ട്. അതിന് ഓണ്‍ലൈന്‍ ഇലക്ഷന്‍ മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ സഹായകരമാകും. സംഘങ്ങള്‍ക്ക് ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാകും എന്നതിനാല്‍ ഓഫീസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും പിഴവുകള്‍ പരമാവധി ഒഴിവാക്കുന്നതിനും സാധിക്കും.

ആധുനികവല്‍ക്കരണം നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം ജീവനക്കാര്‍ക്ക് പുതിയ ടെക്നോളജികളില്‍ പ്രാവീണ്യം ഉണ്ടാകില്ല എന്നതാണ്. ആ അവസ്ഥ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അത് തിരിച്ചറിഞ്ഞാണ് ജീവനക്കാര്‍ക്ക് ആധുനിക സാങ്കേതികവിദ്യയിലുള്ള പരിശീലനം നല്‍കാനും, സഹകരണനിയമത്തില്‍ വേണ്ടത്ര അവബോധം ഉണ്ടാക്കുന്നതിനും സഹകരണവകുപ്പിന്‍റെ കീഴില്‍ പരിശീലനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. വകുപ്പിന്‍റെ വികാസത്തിനുതകുന്ന കാലോചിതമായ പരിശീലന പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഇത് നിങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പിലാക്കണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളെയും ഒരു ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയുക എന്നത്
നിസ്സാരമായ കാര്യമല്ല. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ പ്രാഥമിക കാര്‍ഷിക സഹകരണബാങ്കുകളിലും കോര്‍ബാങ്കിങ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം പൂര്‍ണ്ണമാക്കാനായില്ല എന്നത് പോരായ്മയാണ്. ഇനിയും കോര്‍ ബാങ്കിങ് സംവിധാനം നടപ്പിലാക്കാത്ത സംഘങ്ങള്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കണം. ഇത് നീട്ടിക്കൊണ്ടുപോകുന്ന പ്രവണത ഒരുതരത്തിലും അനുവദിക്കാനാകില്ല. കോര്‍ബാങ്കിങ് സംവിധാനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളില്‍ ജില്ലാ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.

കേരളത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ബ്ലേഡ് കമ്പനിക്കാരുടെയും വട്ടിപ്പലിശക്കാരുടെയും കഴുത്തറുപ്പന്‍ സമീപനങ്ങളില്‍ നിന്നും പാവപ്പെട്ട ജനങ്ങളെ രക്ഷിച്ചത് സഹകരണ മേഖലയാണ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് കൈത്താങ്ങായി സഹകരണ മേഖല ഇന്നും സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്. സേവനമേഖല എന്ന നിലയില്‍ മാത്രമല്ല തൊഴില്‍ മേഖല എന്ന നിലയിലും സഹകരണ മേഖലയ്ക്ക് മലയാളിയുടെ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഓരോ വകുപ്പിന്‍റെയും നിയന്ത്രണത്തിലുള്ള സംഘങ്ങളെടുത്താല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്‍കുന്നു എന്ന നിലയില്‍ നാടിന്‍റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം. ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം ഈ മേഖലയെ സംരക്ഷിക്കാന്‍ ഉതകുന്ന നടപടികളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. സ. ഇ കെ നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ കാലത്താണ് കേരള കോ-ഓപ്പറേറ്റീവ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചത്. സഹകരണമന്ത്രി എന്ന നിലയില്‍ അന്ന് നിയമഭേദഗതിക്ക് തുടക്കമിടാനായത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്.

സഹകരണ രംഗത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാല്‍വെയ്പായിരുന്നു അത്. സഹകരണമേഖലയെ ആധുനികവല്‍ക്കരിച്ചതും, പുതിയ കാലത്തിന്‍റെ വെല്ലുവിളിയെ അതിജീവിക്കാവുന്ന തരത്തിലേക്ക് ആ മേഖലയെ ഉയര്‍ത്തിയതും ഈ നിയമമായിരുന്നു. നേട്ടങ്ങളാകെ സമാഹരിച്ചുകൊണ്ടും കോട്ടങ്ങളുണ്ടാവാനുള്ള സാധ്യതകളെപ്പോലും ഒഴിവാക്കിക്കൊണ്ടും സഹകരണമേഖലയെ ഫലപ്രദമായി ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ഈ സര്‍ക്കാര്‍. ഈ ശ്രമങ്ങള്‍ കേരള ബാങ്കിന്‍റെ രൂപീകരണം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

നോട്ടുപ്രതിസന്ധിയുടെ ഘട്ടം വന്നപ്പോള്‍ അതിനെ മറികടക്കാന്‍ ഭാവനാപൂര്‍ണമായി സഹകരണ ബാങ്കിനെ പുനര്‍സജ്ജീകരിക്കുകയാണ് ഗവണ്‍മെന്‍റ് ചെയ്തത്. നോട്ട് പ്രതിസന്ധിക്കു ബദലായി പണമിടപാടിന് ആര്‍ ടി ജി എസ്, നെഫ്റ്റ്, കൂപ്പണ്‍സ് തുടങ്ങിയവ ഉപയോഗപ്പെടുത്തി. ആ ഘട്ടത്തില്‍ ജനങ്ങള്‍ക്കുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സഹകരണവായ്പകളില്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചു. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളില്‍നിന്നും നല്‍കുന്ന വായ്പകളുടെ പരിധി വര്‍ധിപ്പിച്ചു. സഹകരണ കുടിശിക നിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി.

ഇതുപോലെയുള്ള ഫലപ്രദമായ ഇടപെടലുകള്‍ കൊണ്ടാണ് നോട്ട് പ്രതിസന്ധിയുടെ ഭാഗമായി രാജ്യത്തെയാകെ ഗ്രസിച്ച മാന്ദ്യത്തെ നമുക്ക് വലിയൊരു പരിധിവരെ ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.കേരളത്തിലെ സഹകരണമേഖലയുടെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള ശ്രമങ്ങളാണ് നോട്ട് പ്രതിസന്ധിയുടെ ഘട്ടത്തില്‍ കേന്ദ്രം തുടര്‍ച്ചയായി കൈക്കൊണ്ടത്.

സഹകരണബാങ്കുകള്‍ക്ക് അവകാശപ്പെട്ട ധനവിനിമയ അവകാശങ്ങളെപ്പോലും വിലക്കുകയാണ് അന്ന് ചെയ്തത്. ജനങ്ങള്‍ സഹകരണമേഖലയെ വിട്ട് ന്യൂ ജനറേഷന്‍ കമേഴ്ഷ്യല്‍ ബാങ്കുകളിലേക്ക് പോകുമെന്ന് ഉറപ്പുവരുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് അന്ന് നടന്നത്. സഹകാരികളുടെയും ജനങ്ങളുടെയാകെയും ഇച്ഛാശക്തിയോടെയുള്ള ചെറുത്തുനില്‍പ്പ് കൊണ്ടുമാത്രമാണ് സഹകരണമേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ അന്ന് വിജയിച്ചത്.

ജനങ്ങള്‍ക്കായി നടത്തിവരുന്ന ക്ഷേമസഹായ പ്രവര്‍ത്തനങ്ങളില്‍നിന്നു നമ്മുടെ സഹകരണമേഖല പിډാറണമെന്നും വായ്പ കൊടുക്കല്‍ മാത്രമേ പാടുള്ളു എന്നുമായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഇത് നമ്മുടെ ഗ്രാമീണ മേഖലയില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഇടപാടുകാര്‍ക്കു തങ്ങളുടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവാദമുണ്ടായിരുന്നുവെങ്കിലും പണം നല്‍കാന്‍ സംഘങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. കാരണം, സഹകരണ ബാങ്കുകള്‍ക്ക് അതിനു വേണ്ടത്ര പണം ബാങ്കുകള്‍ നല്‍കിയിരുന്നില്ല. അതിന് കേന്ദ്രം ബാങ്കുകളെ അനുവദിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. സാധാരണ പൗരരെപ്പോലെയാണു സഹകരണ ബാങ്കിനെയും അവര്‍ കണ്ടത്. കേരളം ഒറ്റക്കെട്ടായാണ് ഇതിനെയൊക്കെ അന്ന് നേരിട്ടത്.

വിലക്കയറ്റത്തിനെതിരായുള്ള ഇടപെടല്‍ സഹകരണ പ്രസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. അരിയുടെ വിലക്കയറ്റം തടയുന്നതിന് മാതൃകാപരമായി അരിക്കടകള്‍ തുടങ്ങിയതും, ഓണച്ചന്തകള്‍ വഴി കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ നല്‍കാനായതുമെല്ലാം സഹകരണപ്രസ്ഥാനത്തിന് നവജീവന്‍ പകര്‍ന്ന നടപടികളായിരുന്നു.

സഹകരണ പ്രസ്ഥാനങ്ങളെ തളര്‍ത്താനുള്ള നടപടികളാണ് രാജ്യം ഭരിക്കുന്നവര്‍ നടപ്പിലാക്കിവരുന്നത്. കേരളത്തിലെ ജനങ്ങള്‍ ജീവനും അധ്വാനവും നല്‍കി വളര്‍ത്തിയ സഹകരണ സ്ഥാപനങ്ങളില്‍ എന്തോ അരുതാത്തത് നടക്കുന്നൂവെന്ന തരത്തിലാണ് അടുത്തകാലത്തായി ചിലഭാഗങ്ങളില്‍ നിന്നും വ്യാഖ്യാങ്ങള്‍ ഉണ്ടായത്. എന്നാല്‍, അതിനെയെല്ലാം ഒറ്റക്കെട്ടായി നിന്ന് അതിജീവിയ്ക്കാന്‍ നമുക്ക് സാധിച്ചു.

കേരള ബാങ്ക് നിലവില്‍ വരുന്നതോടെ സഹകരണമേഖലയുടെ മുഖച്ഛായ തന്നെ ആധുനികതയുടേതായി മാറും. സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും അത്യാധുനികമായ ഒരൊറ്റ ബാങ്കിങ് സംവിധാനത്തിലാക്കുക എന്ന ലക്ഷ്യം കേരള ബാങ്കിലൂടെ കൈവരിക്കാനാണ് പോകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം കേരള സഹകരണ ബാങ്ക് യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ആ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ സഹകരണ വകുപ്പിന്‍റെ ഈ ആധുനീകരണ നടപടികള്‍ക്ക് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വ്വം ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.