വേള്‍ഡ് സ്പേസ് വീക്ക്

ലോക ബഹിരാകാശ വാരാഘോഷങ്ങളുമായി ഈ വിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ട്. വിഎസ്എസ്സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആഘോഷവാരവുമായി ഇതര ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളായ എല്‍പിഎസ്സി, ഐഐഎസ്യു, ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ് എന്നിവയും കൈകോര്‍ക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്.

ലോകത്തിന്‍റെ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ആദ്യ ബഹിരാകാശ പേടകമാണല്ലോ സ്പുട്നിക് 1. 1957
ഒക്ടോബര്‍ 4ലെ അതിന്‍റെ വിക്ഷേപണസ്മരണകള്‍ മുന്‍നിര്‍ത്തിയാണ് നാം ഇപ്പോള്‍ ലോക ബഹിരാകാശവാരം ആഘോഷിക്കുന്നത്. യുഎന്‍ പൊതുസഭയുടെ തീരുമാനപ്രകാമാണ് എല്ലാ വര്‍ഷവും ഈ ആഘോഷം നടന്നുവരുന്നത്.

ബഹിരാകാശ ഗവേഷണവും അതിന്‍റെ ഫലങ്ങളും സമൂഹത്തിന് പൊതുവായി എങ്ങനെ പ്രയോജനപ്പെടുന്നുവെന്നതു സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ശാസ്ത്ര ഗവേഷണങ്ങളിലെ മുന്നേറ്റങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ബഹിരാകാശവാര ആഘോഷങ്ങളുടെ ലക്ഷ്യങ്ങള്‍. ലോക ബഹിരാകാശവാരം ഈ വര്‍ഷം ആഘോഷിക്കുന്നത് ബഹിരാകാശത്തെ, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പുതുമേഖലകളെ കണ്ടെത്തുക എന്ന പ്രത്യേക വിഷയത്തിലൂന്നിയാണ്.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള വര്‍ക്ക്ഷോപ്പ്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരങ്ങള്‍, ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം, റേഡിയോ-ടെലിവിഷന്‍ പരിപാടികള്‍, പൗരജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം, ശാസ്ത്രപ്രദര്‍ശനം എന്നിവ ഈ ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുവായി പറഞ്ഞാല്‍, ബഹിരാകാശ ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ അറിവിലേക്കു കൊണ്ടുവരിക എന്നതാണ് ലോക ബഹിരാകാശ വാരാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. സുസ്ഥിരവികസനത്തിന് ബഹിരാകാശത്തെ പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ജനപിന്തുണ ആര്‍ജിക്കുകയും ശാസ്ത്രവിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉത്സുകരാക്കുകയും ബഹിരാകാശ ഗവേഷണങ്ങളിലും പഠനങ്ങളിലും അന്തര്‍ദ്ദേശീയ സഹകരണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യവും ഇതിലുണ്ട്.

ബഹിരാകാശ ഗവേഷണരംഗത്ത് നമ്മുടെ രാജ്യത്തിന് വികസിത രാജ്യങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ അതിന് ഊര്‍ജം പകര്‍ന്നത് രാജ്യത്തിന്‍റെ തെക്കേയറ്റത്ത് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന വിഎസ്എസ്സി ആണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

ബഹിരാകാശ ഗവേഷണത്തിന്‍റെ ഫലമായി നാം വികസിപ്പിച്ചെടുത്ത സാറ്റ്ലൈറ്റുകള്‍ ഇന്ന് മനുഷ്യരുടെ നാനാതരത്തിലുള്ള ജീവിതത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു കാലത്ത് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റംസ് വിമാനങ്ങളുടെയും കപ്പലുകളുടെയും ഗതിനിയന്ത്രണങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മനുഷ്യരുടെ നിത്യജീവിതത്തില്‍ ആശയവിനിമയം, ബ്രോഡ്കാസ്റ്റിങ്, നാവിഗേഷന്‍, കൃഷി, പ്ലാനിങ്, വിഭവ കൈകാര്യം, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, പ്രകൃതി സംരക്ഷണം, പ്രകൃതിനിരീക്ഷണം, ദുരന്ത ലഘൂകരണം എന്നുവേണ്ട സമസ്തമേഖലകളിലും സാറ്റ്ലൈറ്റുകളുടെ സേവനം നാം ഉപയോഗപ്പെടുത്തുന്നു.

കേരളത്തെ സംബന്ധിച്ച് മത്സ്യബന്ധനത്തിനും ഭൂവിനിയോഗത്തിനും വനമേഖലയുടെ അതിര്‍ത്തി നിരീക്ഷണത്തിനും ജലസ്രോതസ്സുകളെ കണ്ടെത്തി ജലസേചനം സാധ്യമാക്കുന്നതിനും സാറ്റ്ലൈറ്റുകളുടെ സേവനം അനിവാര്യമായി വരുന്നു. നഗരവികസനം, ഭൂസര്‍വേ, കാലാവസ്ഥാ വ്യതിയാനങ്ങളുടെ വിലയിരുത്തല്‍, കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കൃഷി മുതലായ മേഖലകള്‍ ഇതിന്‍റെ പ്രയോജനം അനുഭവിക്കുന്നു. ഇപ്പോള്‍ ആശുപത്രികളെയും ചികിത്സാവിദഗ്ധരെയും ബന്ധിപ്പിച്ചുള്ള ടെലി മെഡിസിന്‍ ചികിത്സാസൗകര്യവും സാറ്റ്ലൈറ്റുകള്‍ നമുക്ക് സാധ്യമാക്കിത്തരുന്നു.

സംസ്ഥാന വിദൂര സംവേദന പരിസ്ഥിതികേന്ദ്രത്തിന്‍റെ (കെഎസ്ആര്‍ഇസി) മേല്‍നോട്ടത്തില്‍ രൂപപ്പെട്ടുവരുന്ന ഭൂവന്‍ പോര്‍ട്ടല്‍ ഇന്ത്യയുടെയും അയല്‍രാജ്യങ്ങളുടെയും സമസ്ത ഭൂവിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഗൂഗിളിന് സമാനമായ ഫീച്ചറുകളോടു കൂടിയാണ് ഈ വെബ്പോര്‍ട്ടല്‍ തയ്യാറാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്രയിക്കാവുന്ന ഒന്നായി ഇതു മാറുമെന്ന് ഉറപ്പാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും ഈ പോര്‍ട്ടല്‍ ആവശ്യമായി വരുന്നുണ്ട്. ജിഐഎസ് അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ കോറിഡോറുകള്‍, വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍, റെയില്‍വേ ലൈനുകള്‍, റോഡ്-ജലഗതാഗത പാതകള്‍ എന്നിവ നിരീക്ഷിക്കാനും സാറ്റ്ലൈറ്റ് സംവിധാനങ്ങള്‍ സംസ്ഥാനത്തിന് സഹായകരമാകുന്നു.
പ്രത്യേകിച്ച് എടുത്തുപറയേണ്ടത് അധികാരവികേന്ദ്രീകരണത്തിനുപോലും ഇപ്പോള്‍ ബഹിരാകാശ പേടകങ്ങള്‍ ലഭ്യമാക്കുന്ന വിവരങ്ങളെ അവലംബിക്കേണ്ടിവരുന്നു എന്നതാണ്.

ഗ്രാമീണമേഖലയുടെ വികസന പരിപാടികള്‍ രൂപപ്പെടുത്താനും നടപ്പാക്കാനുമായി ജനപ്രതിനിധികളെ സജ്ജരാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിനും വിഭവ ഭൂപടങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരേതര സംഘടനകളുടെയും അക്കാദമിക് വിദഗ്ധരുടെയും പങ്കാളിത്തത്തോടെ ഐഎസ്ആര്‍ഒ മുന്‍കൈയ്യെടുത്ത് രൂപീകരിക്കുന്ന ഇ പി ആര്‍ ഐ എസ് എന്ന പദ്ധതിയും കേരളത്തെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാകുമെന്നതില്‍ സംശയമില്ല.

ഇക്കാലത്ത് നാം ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം കേരള നിമയസഭയില്‍ പ്രതിപാദിച്ച ഒരു സംഭവം എക്കാലവും കേരളീയരായ നമ്മള്‍ക്ക് അഭിമാനകരമായ ഒന്നാണ്. വിഖ്യാത ശാസ്ത്രജ്ഞരായിരുന്ന ഡോ. ഹോമി ബാബയും പ്രൊഫ. വിക്രം സാരാഭായിയും ബഹിരാകാശ ഗവേഷണ സ്ഥാപനം സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലം തുമ്പയായിരുന്നു. ഭൂമധ്യ രേഖയോടുള്ള സാമീപ്യമായിരുന്നു തുമ്പ ഏറ്റവും അനുയോജ്യമായ സ്ഥലമെന്നു കണ്ടെത്താന്‍ കാരണം. പക്ഷേ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സ്ഥലത്ത് അന്ന് ബിഷപ്പ് ഹൗസും മഗ്ദലന മറിയത്തിന്‍റെ പള്ളിയുമാണ് സ്ഥിതിചെയ്തിരുന്നത്.

പ്രൊഫ. സാരാഭായി ഒരു ശനിയാഴ്ച ബിഷപ്പ് പീറ്റര്‍ ബര്‍ണാഡ് പെരേരയെ തുമ്പയിലെ ബിഷപ്പ് ഹൗസിലെത്തി കണ്ടു. അടുത്ത ദിവസം വരാനാണ് ബിഷപ്പ് പെരേര പ്രൊഫ. സാരാഭായിയോട് പറഞ്ഞത്. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാവേളയില്‍ ശാസ്ത്രവും ആത്മീയതയും മനുഷ്യരുടെ നډയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും വിഖ്യാത ശാസ്ത്രഞ്ജന്‍ പ്രൊഫ. വിക്രം സാരാഭായി പള്ളിയിലെത്തിയിരിക്കുന്നത് പള്ളിയും ബിഷപ്പ് ഹൗസും നില്‍ക്കുന്ന സ്ഥലം ബഹിരാകാശ ഗവേഷണത്തിന് വിട്ടുനല്‍കാനഭ്യര്‍ത്ഥിച്ചു കൊണ്ടാണെന്നും ബിഷപ്പ് പെരേര ഇടവകയിലെ ജനങ്ങളോട് പറഞ്ഞു. വിശ്വാസികള്‍ തങ്ങളുടെ സമ്മതം അറിയിച്ചത് ഉച്ചത്തിലുള്ള ആമേന്‍ ചൊല്ലലിലൂടെ ആയിരുന്നു. 1962ലായിരുന്നു ഈ സംഭവം.

എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ശാസ്ത്രപുരോഗതി മതത്തിനടക്കം മനുഷ്യര്‍ക്കാകെ ആവശ്യമായിരുന്നു. മനുഷ്യജീവിതം മുന്നോട്ടു നീങ്ങണമെങ്കില്‍ ശാസ്ത്രം വളരണമെന്ന് അവര്‍ക്കറിയാമായിരുന്നു. ബിഷപ്പ് പെരെരയെപ്പോലെ മാനവപുരോഗതി പ്രധാനമാണെന്നു കരുതിയ മതാധ്യക്ഷര്‍ക്ക് അങ്ങനെയേ നിലപാടെടുക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇന്ന്, ശാസ്ത്രത്തെ, ശാസ്ത്രബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഘടകങ്ങളാണോ സമൂഹത്തിന്‍റെ പൊതുബോധത്തില്‍ ഉണ്ടാകുന്നത് എന്ന് നാം ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. ശാസ്ത്രസത്യങ്ങളെ പിന്തള്ളുകയും മാനവരാശിയെ പിന്നോട്ടു നടത്തുകയും ചെയ്യുന്ന ആശയങ്ങളും ആചാരങ്ങളും ബോധപൂര്‍വ്വമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു.

ശാസ്ത്രപുരോഗതിയിലൂടെ സമൂഹം നേടിയ നേട്ടങ്ങള്‍ നേട്ടങ്ങളായിരുന്നില്ലെന്നും ശരിയായ നേട്ടങ്ങള്‍ അന്ധവിശ്വാസങ്ങളിലൊളിഞ്ഞിരിപ്പുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നു. ശാസ്ത്രത്തിന്‍റെ നേട്ടങ്ങളായ ഇലക്ട്രിക്-ഇലക്ട്രോണിക്സ് സങ്കേതങ്ങളെ പ്രതിമകളെ ചലിപ്പിക്കാനും രൂപങ്ങളെ സൃഷ്ടിക്കാനും അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുത്ത് വിസ്മയിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നു. സയന്‍സ് മാജിക്കാണെന്ന് പ്രഖ്യാപിക്കുന്നു.

അതേസമയം മാജിക് സയന്‍സാണെന്നും പറയുന്നു. ശാസ്ത്രത്തിലെ സുപ്രധാന നേട്ടങ്ങളെ തമസ്ക്കരിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുവരുന്നത്. ഇതുവരെ കണ്ടുപിടിച്ചതൊക്കെ കണ്ടുപിടുത്തങ്ങളാണോ എന്നു ചോദിക്കും. ഇത് പണ്ടേ ഇവിടെ ഉണ്ടായിരുന്നതല്ലേ എന്ന് ചോദിക്കും. വിമാനമോ? ഇവിടെ പണ്ടുതന്നെ പുഷ്പകവിമാനം ഉണ്ടായിരുന്നില്ലേ എന്നാണ് ചോദ്യം. പുഷ്പകവിമാനത്തില്‍ കയറി എത്രപേര്‍ ദുബായിയില്‍ ജോലി തേടി പോയിട്ടുണ്ട്? ശാസ്ത്രം പുരോഗതി പ്രാപിച്ച ഇക്കാലത്ത് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി അന്ധവിശ്വാസങ്ങളെ വളര്‍ത്തുകയാണ് ചിലര്‍ ചെയ്യുന്നത്. ഇതൊക്കെ നാം ചിന്തിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമായ
വിഷയങ്ങളാണ്.

ഈ കഴിഞ്ഞ ആഗസ്റ്റില്‍ മാര്‍ച്ച് ഫോര്‍ സയന്‍സ്چ എന്ന പേരില്‍ ശാസ്ത്രജ്ഞډാരുടെ കൂട്ടായ്മയും നമ്മുള്‍ കാണുകയുണ്ടായി. ശാസ്ത്രമുന്നേറ്റത്തെ തടയുന്ന സമീപനങ്ങള്‍ ഒഴിവാക്കാനും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നുത് തടയാനുമായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. ശാസ്ത്രവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക, നയപരമായ തീരുമാനങ്ങള്‍ ശാസ്ത്രീയ അടിസ്ഥാനത്തില്‍ മാത്രം കൈക്കൊള്ളുക, ശാസ്ത്രസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക എന്നിവയായിരുന്നു മാര്‍ച്ച് ഫോര്‍ സയന്‍സിന്‍റെ മുദ്രാവാക്യങ്ങള്‍. ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കുവേണ്ടി, ശാസ്ത്രഗവേഷണങ്ങള്‍ക്കുവേണ്ടി ശാസ്ത്രജ്ഞര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്ന അവസ്ഥ ഗൗരവത്തോടെ വീക്ഷിക്കേണ്ടതു തന്നെയാണ്. ശാസ്ത്രീയനേട്ടങ്ങള്‍ നിരാകരിച്ചുകൊണ്ടുള്ള രാഷ്ട്രീയനേട്ടങ്ങള്‍ ക്ഷണികമായിരിക്കുമെന്ന സത്യം ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇന്ത്യന്‍ ഭരണഘടനയുടെ 51-ാം വകുപ്പ് സൈന്‍റിഫിക് ടെമ്പര്‍, അതായത് ശാസ്ത്രയുക്തിബോധം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്നു. എന്നാല്‍, അന്ധവിശ്വാസങ്ങളെ കൊണ്ട് ശാസ്ത്രയുക്തിയെ പകരംവെയ്ക്കുന്ന ഒരു ഘട്ടത്തിലേയ്ക്കാണ് നാം എത്തിയിരിക്കുന്നത്. 20-ാം നൂറ്റാണ്ട് കടന്ന് 21-ാം നൂറ്റാണ്ടിലെത്തിയെന്നും രണ്ടാം സഹസ്രാബ്ദം കടന്ന് മൂന്നാം സഹസ്രാബ്ദത്തിലെത്തിയെന്നും ഒക്കെ നമ്മള്‍ അഭിമാനിക്കുന്നു. എന്നാല്‍, കാലത്തിന്‍റെ ഈ പുരോഗതിക്കനുസരിച്ച് നമ്മുടെ മനസ്സിന്,
ചിന്തയ്ക്ക്, ബോധത്തിന് പുരോഗതിയുണ്ടാകുന്നുണ്ടോ? അതോ നാം മുന്‍ നൂറ്റാണ്ടുകളിലെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും മനുഷ്യത്വമില്ലായ്മയിലേക്കും മടങ്ങിപ്പോവുകയാണോ? ഈ കാര്യം കൂടി ആലോചിച്ചുവേണം ഇതുപോലെയുള്ള വാരാചരണങ്ങള്‍ നടത്താന്‍ എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഈ ബഹിരാകാശവാരാചരണം ഞാന്‍ സന്തോഷത്തോടെ ഉദ്ഘാടനം ചെയ്യുന്നു.