കയര്‍ കേരള 2017

നമ്മുടെ നാടിന് അഭിമാനിക്കാന്‍ വകതരുന്ന ഒരു പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരാണ് കയര്‍ത്തൊഴിലാളികള്‍. ദേശീയ സ്വാതന്ത്ര്യസമരത്തിലടക്കം വലിയ സാന്നിധ്യമായിരുന്നിട്ടുണ്ട് അവര്‍. അതുകൊണ്ടുതന്നെയാണ്, ഈ ആലപ്പുഴയുടെ മണ്ണില്‍ നിന്നുകൊണ്ട് വയലാര്‍ രാമവര്‍മ അവരെക്കുറിച്ച് ഹൃദയാവര്‍ജകമായി ഇങ്ങനെ കവിതയെഴുതിയത്.
‘കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്വലസമരകഥ;
അതു പറയുമ്പോള്‍ എന്നുടെ
നാടിന്നഭിമാനിക്കാന്‍ വകയില്ലേ’
എന്നു തുടങ്ങുന്ന ആ വയലാര്‍ കവിതയിലൂടെയാണ് കയര്‍ത്തൊഴിലാളികളെക്കുറിച്ച്, അവരുടെ സമരങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ആ വയലാറിന്‍റെ നാട്ടിലാണല്ലോ ഇന്ന് കേരളത്തിന്‍റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കയര്‍വ്യവസായത്തിന്‍റെ വിപുലമായ സാധ്യതകള്‍ വിളംബരം ചെയ്യുന്ന ‘കയര്‍ കേരള 2017’ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട ‘കയര്‍ കേരള’ എന്ന പരിപാടി ഇന്ന് സാര്‍വദേശീയതലത്തില്‍ പ്രാധാന്യമുള്ള ഒരു വലിയ സംഗമ സമ്മേളനമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ കയര്‍മേഖലയുമായി ബന്ധപ്പെട്ട വിപുലമായ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഈ സംഗമത്തിലെ നിര്‍ദ്ദേശങ്ങള്‍ കയര്‍ രംഗത്തിന്‍റെ പരിഷ്ക്കരണ കാര്യങ്ങള്‍ക്ക് കാര്യമായ തോതില്‍ ഉപകാരപ്പെടുമെന്ന കാര്യം നിസ്തര്‍ക്കമാണ്.

ഇത്തവണ കയര്‍കേരളയുടെ കേന്ദ്രപ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ‘കയര്‍-പൈതൃകവും നവീകരണവും’ എന്നതാണ്. അതാകട്ടെ ഏറെ പ്രസക്തവുമാണ്. ഒരുകാലത്ത് കേരളത്തിലെ തീരപ്രദേശത്തെ 250 വില്ലേജുകളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്നു കയര്‍വ്യവസായം. പച്ചത്തൊണ്ട് കായലില്‍ ഇട്ട് മാസങ്ങളോളം അഴുക്കിയശേഷം തൊഴിലാളികള്‍ അത് തല്ലി ചകിരിയാക്കുന്ന പ്രക്രിയ നമ്മുടെ തീരപ്രദേശത്തെ നിത്യകാഴ്ചയായിരുന്നു.

ഒന്നരലക്ഷത്തോളംപേര്‍ പൂര്‍ണ്ണമായും, ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകള്‍ ഭാഗികമായും, ഉപജീവനം തേടുന്ന പരമ്പരാഗത വ്യവസായമായിരുന്നു കയര്‍ മേഖല. അതുകൊണ്ടായിരുന്നു പരമ്പരാഗത മേഖലയില്‍ മുന്തിയ പ്രാധാന്യം കയറിന് ലഭിച്ചിരുന്നതും. എന്നാല്‍, കേരളത്തിന്‍റെ മാത്രം കുത്തകയായിരുന്ന ഈ വ്യവസായത്തിനു 1980കളോടെ ക്ഷീണം സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ മേഖലയിലേയ്ക്കുള്ള യന്ത്രവല്‍ക്കരണത്തിന്‍റെ കടന്നുവരവും നാളികേര ഉല്‍പാദനത്തില്‍ കേരളത്തിന് സംഭവിച്ച ഇടിവും ഇതിനു പ്രധാന കാരണങ്ങളാണ്.

1980കളുടെ അവസാനത്തോടെയാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്, പച്ച-ഉണക്ക തൊണ്ടുകള്‍ തല്ലാനുള്ള യന്ത്രങ്ങള്‍ നിര്‍മിച്ച് കയര്‍ വ്യവസായത്തിലേക്ക് കടന്നുവന്നത്. മാത്രമല്ല, നാളികേര ഉല്‍പാദനത്തിലും അവര്‍ കേരളത്തെ പിന്‍തള്ളി. ലഭ്യമാകുന്ന തൊണ്ടുമുഴുവന്‍ യന്ത്രത്തില്‍ തല്ലി ചകിരിയാക്കി, കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങള്‍ക്കും ചൈന പോലുള്ള വിദേശ രാജ്യങ്ങളിലേക്കും അവര്‍ കയറ്റുമതി ചെയ്തു. അങ്ങനെ ‘കേരം തിങ്ങും കേരള നാടിനു’ കയര്‍പിരിക്കാന്‍ തമിഴ്നാട് ഉല്‍പ്പാദിപ്പിക്കുന്ന ചകിരിയെ ആശ്രയിക്കേണ്ട നില വന്നു.

തൊണ്ടിന്‍റെ ലഭ്യതക്കുറവും, ചകിരിയാക്കുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും കയര്‍വ്യവസായ രംഗത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കി. പരമ്പരാഗത തൊഴിലാളികളില്‍ പലരും ഈ തൊഴില്‍ ഉപേക്ഷിച്ചുപോയി. അധ്വാനത്തി നനുസൃതമായ വേതനം ലഭിക്കാത്തതും സ്ഥിരമായ തൊഴില്‍ ലഭിക്കാത്തതും ഈ വ്യവസായത്തെ അനാകര്‍ഷകമാക്കി. തൊണ്ടുതല്ലും കയര്‍പിരിയും ചില മേഖലയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷമായി. അങ്ങനെ ഒന്നരലക്ഷത്തിന്‍റെ സ്ഥാനത്ത് കയര്‍മേഖലയില്‍ ഇപ്പോള്‍ 75,000ഓളം തൊഴിലാളികള്‍ മാത്രമായിചുരുങ്ങി.

ഈ സാഹചര്യം പരിഗണിച്ച്, കേരളത്തിന്‍റെ മണ്ണില്‍ കയര്‍ വ്യവസായം അന്യംനിന്നു പോകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നത്. ഇതിന്‍റെ ഭാഗമായാണ് കയര്‍വ്യവസായ രംഗത്ത് ആധുനികവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. ശാസ്ത്രസാങ്കേതിക സംവിധാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേതടക്കമുള്ള സാങ്കേതികവിദഗ്ധരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.

സാങ്കേതികവിദ്യയുടെ ഉപയോഗം അഭ്യസ്തവിദ്യരായ നമ്മുടെ പുതുതലമുറയെ കൂടി ഈ വ്യവസായത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കും. സാങ്കേതിക പരിജ്ഞാനമുള്ള നമ്മുടെ യുവതലമുറ ഈ വ്യവസായത്തിലേക്ക് ധാരാളമായി കടന്നുവരുന്നുണ്ട് എന്നത് ആശാവഹമാണ്. ഇവരുടെ അറിവും കഴിവും ഉപയോഗപ്പെടുത്തി കയര്‍മേഖലയില്‍ വൈവിധ്യവല്‍ക്കരണവും
നവീകരണവും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കയര്‍ വ്യവസായ രംഗത്തെ പ്രതിസന്ധിമൂലം മറ്റു തൊഴിലുകള്‍ തേടി പോയവരെക്കൂടി തിരികെ കൊണ്ടുവന്ന് കയര്‍മേഖലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഒപ്പം സമഗ്രമായ യന്ത്രവല്‍ക്കരണത്തിലൂടെ കയര്‍ മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കും. കയര്‍ സഹകരണസംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. പരമ്പരാഗതമായി കയര്‍വ്യവസായ
രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമേകാനും പുതിയ തലമുറയെ കയര്‍ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും.

പരമ്പരാഗത റാട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് തൊഴിലാളികളെ മാറ്റുന്നതാണ് നവീകരണത്തില്‍ പ്രധാനം. അടുത്ത മൂന്നുവര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ കയര്‍ തൊഴിലാളികളേയും ഇലക്ട്രോണിക് റാട്ടിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സഹകരണസംഘങ്ങള്‍ വഴി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് റാട്ടുകളും അതുപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇവിടെ ഒരുകാര്യം ചുണ്ടിക്കാട്ടാന്‍ ഞാനഗ്രഹിക്കുന്നു. കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കയര്‍ സംഘങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. വിപണിയിലെ ആവശ്യത്തിനനുസൃതമായ നിലയില്‍ വൈവിധ്യപൂര്‍ണ്ണമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഏറെ മത്സരമുള്ള ഒരു വിപണിയാണ് കയര്‍മേഖല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.
കയര്‍ വ്യവസായമടക്കമുള്ള പരമ്പരാഗത വ്യവസായമേഖലകള്‍ സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഓരോ വ്യവസായത്തിലെയും മൂര്‍ത്തമായ സാഹചര്യം പരിശോധിച്ച് അവയുടെ വികസനത്തിനാവശ്യമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും.

കൈത്തറി മേഖലയിലെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ച് സ്കൂള്‍ യൂണിഫോമിന് വിതരണം ചെയ്യുന്ന പദ്ധതിയെ ഇത്തരത്തില്‍ ഒന്നായിവേണം വിലയിരുത്താന്‍. നിലവിലുള്ള കൈത്തറിത്തൊഴിലാളികള്‍ക്ക് മിനിമം 200 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കശുവണ്ടി വ്യവസായത്തില്‍ മിനിമം തൊഴില്‍ ഉറപ്പുവരുത്തുന്നതിനുവേണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് നേരിട്ട് കശുവണ്ടി വാങ്ങുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്പനിക്കു തന്നെ രൂപം നല്‍കിയ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. ഓരോ പരമ്പരാഗത വ്യവസായത്തിലും ഫലപ്രദമായി ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഇതേരീതിയില്‍ പരമ്പരാഗത കയര്‍ത്തൊഴിലാളികള്‍ക്ക് മിനിമം 200 ദിവസം തൊഴില്‍ ഉറപ്പാക്കത്തക്ക നിലയിലുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനായി ഒരു സമഗ്രപരിപാടിയ്ക്ക് കയര്‍ വ്യവസായത്തിലും രൂപം നല്‍കിയിട്ടുണ്ട്. അതാണ് രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ സ്കീം. ആകെ 1400 കോടിയില്‍പ്പരം രൂപ ചെലവുവരുന്ന ഈ പദ്ധതിക്കായി 1200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുക എന്‍സിഡിസി നല്‍കും.

ചകിരി ഉല്‍പാദനം, കയര്‍പിരി, ഉല്‍പന്ന നിര്‍മാണം എന്നീ മൂന്നു മേഖലകളിലെ യന്ത്രവല്‍ക്കരണത്തിനും ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിനും വേണ്ടിയാണ് ഈ തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ഏറ്റവും വലിയതുക നീക്കിവെക്കുന്നത് പരമ്പരാഗത മേഖലയിലെ തൊഴിലാളി പിരിക്കുന്ന കയറും കയര്‍ ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള വിപണനശൃംഖലയ്ക്കു രൂപം നല്‍കുന്നതിനും റിബേറ്റ് നല്‍കുന്നതിനുമാണ്.

ഈ പരമ്പരാഗത വ്യവസായത്തിന്‍റെ നവീകരണത്തിനുള്ള ഇടതുപക്ഷ ബദലാണ് രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ സ്കീം. സമ്പൂര്‍ണ്ണമായ യന്ത്രവല്‍ക്കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. യന്ത്രവല്‍ക്കരണമെന്നു കേള്‍ക്കുമ്പോള്‍ പരമ്പരാഗത തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ല. പരമ്പരാഗത രീതിയില്‍ തൊഴിലെടുക്കുന്നവരെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടുള്ള ഒരു നവീകരണ പദ്ധതിയാണിത്. പരമ്പരാഗതരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ മുഴുവന്‍ സര്‍ക്കാര്‍ കയര്‍ഫെഡ് വഴി സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും അവകാശങ്ങളും പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ പദ്ധതി നടപ്പാക്കുക എന്നറിയിക്കട്ടെ.

കയര്‍ വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിന് ചകിരി ഉല്‍പാദനത്തിലെ സ്വയംപര്യാപ്ത അനിവാര്യമാണ്. നാളികേര ഉല്‍പാദനമേഖലകളില്‍ ചകിരി ഉല്‍പാദിപ്പിക്കാനുള്ള യന്ത്രവല്‍കൃത യൂണിറ്റുകള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. അതിനാവശ്യമായ തൊണ്ട് സംഭരിക്കുന്നതിന് കര്‍ഷകരെക്കൂടി ഇതില്‍ പങ്കാളികളാക്കും. നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടല്ലാതെ തൊണ്ടിന്‍റെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. അതുകൊണ്ട് തന്നെ ഇതിന്‍റെ നിര്‍വഹണം കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കുകൂടി ഉത്തേജകമാകുമെന്നു കരുതാം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച ‘കയര്‍ കേരള’ ഏറ്റവും പ്രധാനപ്പെട്ട സ്വാഭാവിക നാരുല്‍പ്പന്ന മേളകളില്‍ ഒന്നായി വളര്‍ന്നിട്ടുണ്ട്. ‘കയര്‍ കേരള’യുടെ ഏഴാം പതിപ്പിനാണ് ഇന്നിവിടെ തുടക്കമാകുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികളും ഇരുന്നൂറോളം ആഭ്യന്തര പ്രതിനിധികളുമാണ് ഇത്തവണത്തെ ‘കയര്‍ കേരള’യില്‍ എത്തുന്നത്. ആഭ്യന്തര വിപണിയെയും ഉപയോഗത്തെയും കൂടി ഉന്നംവെയ്ക്കുന്നുവെന്നതാണ് ഇത്തവത്തെ മേളയുടെ പ്രത്യേകത. ഹരിതകേരളാ മിഷന്‍റെ ഭാഗമായി മണ്ണ്, ജലം എന്നിവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ തിട്ട സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും ഇതിനെ തൊഴിലുറപ്പ് പദ്ധതിയുമായി കണ്ണിചേര്‍ക്കുന്നതിനുമുള്ള പരിശ്രമമാണ് ശ്രദ്ധേയമായ ഒരു കാര്യം. സംസ്ഥാനത്ത് നൂറിലധികം കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം മണ്ണ്-ജല സംരക്ഷണത്തിനുവേണ്ടി വാങ്ങുന്നതിനുള്ള കരാറില്‍ സംസ്ഥാനത്തെ 671 ഗ്രാമപഞ്ചായത്തുകള്‍ ഇവിടെ വെച്ച് ധാരണാപത്രം ഒപ്പിടുകയാണ്.

ചെറിയ കാര്യമല്ലിത്. ചകിരി മേഖല, കയര്‍പിരി മേഖല, കയര്‍ ഉല്‍പ്പന്ന മേഖല എന്നിവിടങ്ങളില്‍ ഇതുവഴി വമ്പിച്ച തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇത്തരത്തില്‍ കൃത്യമായ ആസൂത്രണത്തോടെ ഈ മേഖലയെ ഒന്നാകെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിനെ നാടിന്‍റെ മൊത്തം വികസനപ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുപോകുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മുടെ തൊഴിലാളികളുടെയും സഹകരണ സംഘങ്ങളുടെയും സഹകരണത്തോടൊപ്പം രാജ്യാന്തര വ്യാപാര സമൂഹത്തിന്‍റെ കൂടെ പിന്തുണ ഇക്കാര്യത്തില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. അതിനുള്ള തുടക്കമാകാന്‍ കയര്‍കേരള 2017ന് കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വ്വം ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി.