വന്യജീവി വാരാഘോഷം 2017

വന്യജീവി വാരാഘോഷത്തിന്‍റെ സമാപനസമ്മേളനം സന്തോഷപൂര്‍വം ഉദ്ഘാടനം ചെയ്തതായി അറിയിക്കട്ടെ. നാം അധിവസിക്കുന്ന ഭൂമിയിലെ ഓരോ ജീവജാലവും വേറിട്ടതും വിലപ്പെട്ടതുമാണ്. വൃക്ഷലതാതികള്‍, പക്ഷികള്‍, മൃഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ അവരുടേതായ പങ്കുണ്ട്. സന്തുലിതമായ ഈയൊരു സ്ഥിതിയാണ് ഭൂമിയെ ചൈതന്യവത്താക്കുന്നത്. അതില്‍ വന്യജീവികള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്.

വനത്തേയും വന്യജീവികളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, ഇക്കാര്യത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടു മുതല്‍ ഒരാഴ്ചക്കാലം നാം വന്യജീവിവാരമായി ആചരിക്കുന്നത്. ഭൂമിയുടെ ജൈവ മണ്ഡലത്തിലുള്ള മെരുക്കിവളര്‍ത്തുന്നതല്ലാത്ത ജന്തുക്കളെയും കൃഷി ചെയ്ത് പരിപാലിക്കുന്നതല്ലാത്ത മരങ്ങള്‍ ഉള്‍പ്പെടെയുള്ളവയെയുമാണ് വന്യജീവികള്‍ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. നമ്മുടെ അമൂല്യപൈതൃകമായ ജൈവ വൈവിധ്യത്തിന്‍റെ അവിഭാജ്യഘടകം തന്നെയാണ് വന്യജീവികള്‍.

ഭൂമിയില്‍ മനുഷ്യനോടൊപ്പം സഹവസിക്കുന്ന ജീവികളുടെ കൃത്യമായ എണ്ണം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പുതിയ ഇനങ്ങളെ കണ്ടെത്തുന്നതിലൂടെ നമ്മുടെ അറിവ് അപൂര്‍ണ്ണമാണെന്നും, ഇനിയും അറിയാനുണ്ടെന്നുമാണ് മനസ്സിലാക്കേണ്ടത്. പൊതുവേ പറഞ്ഞാല്‍ വന്യജീവികളുടെ സംഖ്യ ധ്രുവപ്രദേശങ്ങളില്‍ കുറവും, ഭൂമധ്യരേഖക്ക് സമീപമുള്ള ഉഷ്ണ മേഖലയില്‍ കൂടുതലുമാണ്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ വൈവിധ്യസമൃദ്ധമായ വലിയ രാജ്യങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ഈ മേഖലയിലാണ്.

ഇന്ത്യയില്‍ തന്നെ വന്യജീവി വൈവിധ്യം ഏറ്റവും കൂടുതല്‍ കാണുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമ ഘട്ടമേഖല. ഉയര്‍ച്ച താഴ്ചകളുടേതായ ഈ ഭൂമിയില്‍ നിന്നാണ് നമ്മുടെ നാല്‍പ്പത്തി നാല് നദികളും ഉത്ഭവിക്കുന്നത്. ജൈവസമ്പന്നമായ വനപ്രദേശങ്ങളും പച്ചപ്പുനിറഞ്ഞ കുന്നുകളും, മലകളും കാവുകളും കൊണ്ടനുഗ്രഹീതമായ ഇടനാടും, കണ്ടല്‍വന സമൃദ്ധമായ തീരപ്രദേശവും, തണ്ണീര്‍ത്തടങ്ങളും ജൈവവൈവിധ്യത്തിന്‍റെ മാറ്റ് കൂട്ടുന്നു. ഈ സമൃദ്ധി പരിപോഷിപ്പിക്കുന്നത് ആ പ്രദേശത്തെ വ്യത്യസ്ഥങ്ങളായ ആവാസവ്യവസ്ഥകളാണ്.

ഇതിനുപുറമെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികളും തോടുകളും പുഴകളും ആകട്ടെ, മത്സ്യങ്ങളുള്‍പ്പെടെയുള്ള ജലജന്യ ജീവികളാല്‍ സമ്പന്നവുമാണ്. ഇന്ത്യയുടെ വന്യജീവി വൈവിധ്യം ഇനിയും പൂര്‍ണ്ണമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല എന്നാണ് ചില സമീപകാല പഠനങ്ങള്‍ നല്‍കുന്ന സൂചന. ഏറ്റവും ഒടുവിലത്തെ വന്യജന്തു, സസ്യ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇഴജന്തുക്കള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ തുടങ്ങി 313 വന്യജന്തുക്കളേയും 319 ഇനം സസ്യങ്ങളേയുമാണ് പുതുതായി കണ്ടെത്താന്‍ കഴിഞ്ഞത്. ഇതില്‍ 18 ശതമാനത്തേയും കണ്ടെത്തിയത് കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ട വനങ്ങളിലാണെന്ന കാര്യത്തില്‍ നമുക്കഭിമാനിക്കുവുന്നതാണ്.

ഒരുവശത്ത് പുതിയ ഇനങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനോടൊപ്പം, മറുവശത്ത് ചിലയിനങ്ങള്‍ ഇല്ലാതാകുകയും കുറഞ്ഞുവരികയും ചെയ്യുന്നത് നമ്മുടെ ജൈവസമ്പന്നതയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഒരു കാലത്ത് കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ വളരെ സാധാരണമായി കണ്ടിരുന്ന ഉപ്പുമുതല മനുഷ്യന്‍റെ വേട്ടയാടല്‍മൂലം ഏതാണ്ട് വംശമറ്റുപോയി എന്നു കരുതണം. സസ്തനികളില്‍ മലബാര്‍വെരുക്, തുരുമ്പ്പുള്ളിപൂച്ച എന്നിവയും പക്ഷികളില്‍ കഴുകന്‍ വര്‍ഗവും വംശനാശ ഭീഷണി നേരിടുന്നു. കേരളത്തില്‍ പതിനഞ്ചു വര്‍ഷം മുമ്പുവരെ കാണാമായിരുന്ന ചില ജീവജാലങ്ങളില്‍ പലതിനേയും ഇന്ന് നമുക്ക് കാണാനാകുന്നില്ല. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ജനസംഖ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച, വനപ്രദേശങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കല്‍, തണ്ണീര്‍ത്തടങ്ങളുടെയും പുല്‍മേടുകളുടെയും നാശം, കാട്ടുതീ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിനാശം തുടങ്ങിയവ ഇതില്‍ ചിലതുമാത്രം.വന്യജീവികളെ അവയുടെ കൊമ്പ്, തോല്‍, മാംസം എന്നിവയ്ക്കായി കൊന്നൊടുക്കി ദേശീയ അന്തര്‍ദേശീയ തലത്തില്‍ നടത്തുന്ന വ്യാപാരവും മറ്റൊരു വലിയ ഭീഷണിയാണ്. ഇതു തടയാന്‍ നിയമങ്ങള്‍ നിരവധിയുണ്ടെങ്കിലും അതു മാത്രം മതിയാവില്ല. വനമെന്ന തുറന്നുകിടക്കുന്ന ഈ അക്ഷയഖനിക്ക് ശക്തമായ സംരക്ഷണം വേണം. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം പോരാ, ജനങ്ങളുടെ പിന്തുണകൂടി വേണം.

വന്യജീവി സംരക്ഷണത്തില്‍ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാത്യകയാണ്. കേരളത്തിലെ ഭൂവിസ്തൃതിയില്‍ 29.1 ശതമാനമാണ് വനഭൂമിയുള്ളത്. ജനസാന്ദ്രതയുടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ആകെയുള്ള വനഭൂമിയുടെ 28 ശതമാനവും നാം വനങ്ങള്‍ക്കും വന്യജീവികള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്നു. ദേശീ യോദ്യാനങ്ങള്‍, വന്യജീവിസങ്കേതങ്ങള്‍, കമ്യൂണിറ്റി റിസര്‍വ്വുകള്‍ ഉള്‍പ്പെടെ 23 അഭയകേന്ദ്രങ്ങളാണ് നാം വന്യജീവികള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.

പെരിയാറും പറമ്പിക്കുളവും കടുവാസംരക്ഷണത്തിനായുള്ള റിസര്‍വ്വുകളാണെങ്കില്‍ ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സ്വപ്നഭൂമിയാണ്. പക്ഷികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള തട്ടേക്കാട് ഇന്ന് ലോകപ്രസിദ്ധമാണ്. നീര്‍പക്ഷികളുടെ സംരക്ഷണ കേന്ദ്രമാണ് എറണാകുളത്തെ മംഗളവനം. തെക്കേ ഇന്ത്യയില്‍ ഒരു പൂവിന്‍റെ സംരക്ഷണത്തിനുവേണ്ടി മാത്രം സൃഷ്ടിച്ചിരിക്കുന്ന സങ്കേതമാണ് കുറുഞ്ഞിമല വന്യജീവി സങ്കേതം. ദേശീയപക്ഷി കൂടിയായ മയിലിനുവേണ്ടിയുള്ള അഭയാരണ്യം പാലക്കാട്ടെ ചൂലന്നൂരാണ്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിനെക്കുറിച്ച് ഇവിടെ വന്നെത്തിയിട്ടുള്ള നിങ്ങളോട് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ഇവയൊക്കെ വന്യജീവി സംരക്ഷണത്തില്‍ കേരളം കാണിക്കുന്ന ശുഷ്കാന്തിയുടെ മികവാര്‍ന്ന ഉദാഹരണങ്ങളാണ്.

വന്യജീവികള്‍ കാട്ടില്‍ മാത്രമല്ല നമ്മുടെ നാട്ടിലെ കാവുകളിലും, കുന്നുകളിലും തീരപ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളിലും ഒക്കെയുണ്ട്. കുറുനരിയും മാക്കാനും കുരങ്ങും വെരുകും ഒക്കെ ഇവിടെ ഒരു കാലത്ത് ധാരാളമായി കണ്ടിരുന്നു. കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഹരിതകേരളം മിഷനില്‍ നമ്മുടെ സ്വാഭാവിക ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും, നാട്ടിലെ ജൈവപ്രകൃതി കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ വീണ്ടെടുക്കലിന്‍റെ നിറവില്‍ കേരളത്തിന്‍റെ ജൈവ പ്രകൃതിയെ ഒന്നാകെ ഒരു പരിക്കും കൂടാതെ വരുംതലമുറക്ക് കൈമാറുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

ഇക്കോ-ടൂറിസമാണ് വന്യജീവി സംരക്ഷണത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പ്രധാന മേഖല. വനങ്ങളേയും വന്യജീവികളേയും നേരിട്ടു കണ്ട് ആസ്വദിക്കുന്നതിനും അതിലൂടെ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നതിനും ഇക്കോ-ടൂറിസം വഹിക്കുന്ന പങ്ക് ചെറുതല്ല. കേരളത്തിലെ ഇക്കോ-ടൂറിസം കേന്ദ്രങ്ങളുടെ നടത്തിപ്പില്‍ വനാശ്രിത സമൂഹത്തിന്‍റെ പങ്ക് എടുത്തുപറയേണ്ട ഒന്നാണ്. ഇതിലൂടെ അവര്‍ക്ക് തൊഴില്‍ നേടുവാനും ഒപ്പം വന-വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യം പകര്‍ന്നു നല്‍കുവാനും കഴിയുന്നു. ഇതിനായി നിലവില്‍ 60 ഇക്കോ-ടൂറിസം കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.

കേരളത്തിലെ ജനസാന്ദ്രതമൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം. കാട് വന്യജീവികളുടെ ആവാസഭൂമിയാണ്. നാം നിശ്ചയിക്കുന്ന വനാതിര്‍ത്തികള്‍ മനസ്സിലാക്കാനുള്ള കഴിവ് വന്യമൃഗങ്ങള്‍ക്കില്ല. നിര്‍ഭാഗ്യവശാല്‍ അത് തിരിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്കുമില്ല. ഇതാണ് പലപ്പോഴും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്വ ഴിവെയ്ക്കുന്നത്.

സമീപകാലത്ത് പാലക്കാട് വനമേഖലയില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങി ഭീതി പരത്തിയ കാര്യം നാം കണ്ടതാണ്. വിശാലമായ വനമേഖലകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴികളും ഉണ്ടെങ്കില്‍ മാത്രമേ ആനയെ പോലുള്ള സസ്യഭുക്കുകള്‍ക്ക് ആവശ്യത്തിന് ആഹാരവും കുടിവെള്ളവും ലഭ്യമാകുകയുള്ളൂ. ഇത്തരം പരിമിതികളാല്‍ സഹികെട്ടുപോകുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് അവ പലപ്പോഴും മനുഷ്യവാസമുള്ളിടത്തേയ്ക്ക് കടന്നുകയറി കൃഷി നശിപ്പിക്കാനും മനുഷ്യരെ ആക്രമിക്കുവാനും ഒരുമ്പെടുന്നത്. കടുവകളുടെ കാര്യവും ഇതില്‍നിന്നും വ്യത്യസ്തമല്ല. ആഹാര ലഭ്യതയില്‍ വരുന്ന കുറവാണ് അവയെയും ഈയൊരു സാഹചര്യത്തിന് പ്രേരിപ്പിക്കുന്നത്.

ഇതിനൊക്കെ പരിഹാരം കാണുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സോളാര്‍ ഫെന്‍സിങ്. ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിനു പുറത്തേയ്ക്കിറങ്ങുന്നത് തടയുവാന്‍ വളരെ സുരക്ഷിതമായ ഈ മാര്‍ഗം പ്രയോജനപ്പെടുത്തിവരുന്നു. ആന പ്രതിരോധ കിടങ്ങുകളുടെ നിര്‍മാണം, ആനകള്‍ക്കായി റേഡിയോ കോളറിങ്, പ്രശ്നക്കാരായ കാട്ടാനകളുടെ പുനരധിവാസം, വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അപ്പപ്പോള്‍ തന്നെ കൈമാറുന്നതിനുള്ള എസ്എംഎസ് അലേര്‍ട്ട് സംവിധാനം, ക്യാമറാ ട്രാപ്പ്, ത്വരിതകര്‍മ്മ സേനകളുടെ രൂപീകരണം എന്നിവവയൊക്കെ ഈ മേഖലയില്‍ വിജയകരമായി നടപ്പിലാക്കിവരികയാണ്.

ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രശ്നാധിഷ്ഠിത പ്രദേശങ്ങളില്‍ ജനജാഗ്രതാ സമിതികളും രൂപീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ കുടിവെള്ള-ഭക്ഷണപ്രശ്നം പരിഹരിക്കുന്നതിനായി കാട്ടിനുള്ളില്‍ ചെക്ക്ഡാമുകളുടെ നിര്‍മാണവും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കലും പുരോഗമിച്ചുവരുന്നു.കോട്ടൂരില്‍ ആനപുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതിനായി 105 കോടി രൂപ 2017-18ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധമായ ഇത്തരത്തില്‍ ഒരു കേന്ദ്രം ശ്രീലങ്കയിലെ പിന്നാവാല എന്ന സ്ഥലത്ത് 1975 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഏതാണ്ട് 80ല്‍പരം ആനകളുണ്ട്. മുറിവേറ്റതും ഒറ്റപ്പെട്ടതും അപകടത്തില്‍പ്പെട്ട് ഉപേക്ഷിക്കപ്പെട്ടതുമായ കാട്ടാനകളുടെ പുനരധിവാസ കേന്ദ്രമാണത്.

കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കാട്ടാനകളെ ചിലപ്പോള്‍ മയക്കുവെടിവെച്ച് പിടിക്കേണ്ടിവരും. ഇവയില്‍ പലതിനെയും വനമേഖലയില്‍ തുറന്നുവിടുന്നതിന് പല കാരണങ്ങളാലും സാധിക്കാത്ത അവസ്ഥയാണ്. അതുപോലെ, ഉപേക്ഷിക്കപ്പെടുന്നതോ ക്രൂരതയ്ക്കിരയാകുന്നതോ ആയ നാട്ടാനകളെയും
പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഈ ഉദ്ദേശ്യത്തോടെയാണ് ഇവിടെ ആന പുനരധിവാസകേന്ദ്രം ആരംഭിക്കുന്നത്. ആനകളെപ്പറ്റിയുള്ള പഠന-ഗവേഷണ കേന്ദ്രം, മ്യൂസിയം, സന്ദര്‍ശകര്‍ക്കായുള്ള സൗകര്യങ്ങള്‍, ആനകളുടെ സാമൂഹ്യജീവിതത്തിന് സഹായകരമായ സൗകര്യങ്ങള്‍ എന്നിവ ഈ കേന്ദ്രത്തിലുണ്ടാകും. അതിന്‍റെ നിര്‍മാണം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. കോട്ടൂര്‍ മേഖലയുടെ സമഗ്ര വികസനത്തിനും പുതിയ തൊഴിലവസരങ്ങള്‍ക്കും ഈ പദ്ധതി വഴിയൊരുക്കും.

ഭൂമിയിലെ എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. മനുഷ്യരെപോലെ വന്യജീവികളും ഈ ഭൂമിയുടെ അവകാശികള്‍ തന്നെയാണ്. അവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് വനം വകുപ്പിന്‍റെ മാത്രം ചുമതലയല്ല. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ പൊതുസമൂഹത്തിനും വലിയ പങ്കുവഹിക്കാനുണ്ട്. കാലികപ്രസക്തി ഏറെയുള്ള ഈ വിഷയത്തില്‍ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് നാം വന്യജീവിവാരം ആചരിച്ചുവരുന്നത്.

വന്യജീവികളെ സംരക്ഷിക്കേണ്ടത് പൗരന്‍റെ കടമയാണെന്ന് നമ്മുടെ ഭരണഘടനയുടെ മൗലിക കര്‍ത്തവ്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്വബോധമുള്ള ഏതു പൗരനും കര്‍ത്തവ്യം നിര്‍വഹിക്കും എന്നതില്‍ സംശയമില്ല. ഈ വിഷയത്തില്‍ ഇന്ന് മാധ്യമങ്ങളും പരിസ്ഥിതി സംഘടനകളും ഉത്തരവാദിത്വമുള്ള പൗരډാരും പുലര്‍ത്തുന്ന ജാഗ്രത ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. വന്യജീവി വാരാഘോഷവും ഇതുപോലുള്ള മറ്റു പരിപാടികളും ഈ രംഗത്ത് പുത്തന്‍ക്കാഴ്ചപ്പാടും പുതിയ ദിശാബോധവും നല്‍കട്ടെയെന്ന് ആശംസിക്കുന്നു. നന്ദി.