സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരി ‘കുടുംബശ്രീ സ്‌കൂള്‍’ ഉദ്ഘാടനം ചെയ്തു

സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരത്തില്‍ വളര്‍ച്ചനേടാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരിയായ ‘കുടുംബശ്രീ സ്‌കൂളി’ന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അംഗങ്ങളുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം. നമ്മള്‍ ജീവിക്കുന്ന പ്രദേശത്തെ കുടുംബങ്ങളെപ്പറ്റി കൃത്യമായ ധാരണ വേണം. കണ്‍മുന്നിലുള്ള അവശരെ സഹായിക്കേണ്ട സാമൂഹ്യബാധ്യത കൂടിയുണ്ട്. ഭക്ഷണമോ, സഹായമോ വേണമെന്നുള്ളവര്‍ നമ്മുടെ മുന്നിലുണ്ടെങ്കില്‍ അത് ശരിയായി തിരിച്ചറിയാനാകണം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാകണം. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനായാലേ സാമൂഹ്യസേവന പ്രക്രിയ പൂര്‍ത്തിയാകൂ. സര്‍ക്കാരും വകുപ്പുകളും ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ മനസിലാക്കി എന്താണ് ചെയ്യാന്‍ കഴിയുക എന്ന് നോക്കണം. ഓരോ വീട്ടിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അത് കൃത്യമായി എത്തിക്കേണ്ടിടത്ത് എത്തിക്കാനുമാകണം.

ചില വലിയ മാതൃകകള്‍ സൃഷ്ടിച്ച് വിശ്വാസമുണ്ടാക്കാനായതിനാല്‍ കുടുംബശ്രീക്ക് കൂടുതല്‍ ചുമതലകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മികവില്‍ കുറവുവരാതെ കൃത്യമായി നിറവേറ്റാനാകുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ ശ്രദ്ധിക്കണം. പല യൂണിറ്റുകള്‍ക്കും വലിയതോതിലുള്ള ഉത്പാദനപ്രക്രിയക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഫലപ്രദമായി വിപണനം ചെയ്യുന്നവരുമുണ്ട്. കൃത്യമായ പരിപാടികളോടെ പോയാല്‍ എല്ലാവര്‍ക്കും നല്ലരീതിയില്‍ വിപണനം സാധ്യമാകും. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത വിശ്വാസ്യത കുടുംബശ്രീയുടെ പ്രധാന ഘടകമാണ്.

കുടുംബശ്രീയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ എല്ലാവര്‍ക്കും. അതേസമയം, ആ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ അതിനെ നേരിടാന്‍ കഴിയണം. അതിനായി എപ്പോഴും സ്വയംപരിശോധന വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വിളപ്പില്‍ പഞ്ചായത്തില്‍പ്പെട്ട ശാന്തി കുടുംബശ്രീ പ്രസിഡന്റ് ദീപ അധ്യക്ഷയായി. ഐക്യത കുടുംബശ്രീ അംഗം സുനിതകുമാരി, ശാന്തി കുടുംബശ്രീ അംഗം റീന എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷയുമായ ഡോ. ടി.എന്‍. സീമ, നേമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാദേവി, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വിജയരാജ്, ജില്ലാ പഞ്ചായത്തംഗം ശോഭനകുമാരി, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു തുടങ്ങിയവര്‍ സംബന്ധിച്ചു. ഐക്യത കുടുംബശ്രീ പ്രസിഡന്റ് ബീന വി. ഭാസി സ്വാഗതവും, അംഗം റ്റി. എസ്. അനു നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ് കുടുംബശ്രീ സ്‌കൂള്‍ വഴി ലക്ഷ്യമിടുന്നത്.

വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ വിദഗ്ധര്‍, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും പരിശീലനം നല്‍കുക. കൂടാതെ ഒരു വാര്‍ഡില്‍ നിന്നും ആറ് റിസോഴ്‌സ് പേഴ്‌സണ്‍മാരെയും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ആറ് ആഴ്ചകളിലായാണ് പരിശീലനം. സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും.